Image

എന്റെ സഹോദരന്‍ പാപ്പാ; പുസ്‌തകപ്രകാശനം സെപ്‌റ്റംബര്‍ 12 ന്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 06 September, 2011
എന്റെ സഹോദരന്‍ പാപ്പാ; പുസ്‌തകപ്രകാശനം സെപ്‌റ്റംബര്‍ 12 ന്‌
ബര്‍ലിന്‍: ആഗോള കത്തോലിക്കാസഭയുടെ തലവന്‍ ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പ്പാപ്പായെപ്പറ്റി ജ്യേഷ്‌ഠ സഹോദരന്‍ മോണ്‍.ജോര്‍ജ്‌ റാറ്റ്‌സിംഗര്‍ വിവരിയ്‌ക്കുന്ന പുസ്‌തകം പ്രകാശനത്തിന്‌ തയ്യാറായി. എന്റെ സഹോദരന്‍ പാപ്പാ എന്ന ശീര്‍ഷകത്തോടുകൂടി തയ്യാറാക്കിയ പുസ്‌കത്തില്‍ ഇരുവരുടെയും ചെറുപ്പകാലത്തെ ജീവിതവും, കുടുംബന്ധങ്ങളിലെ കുസൃതികളും, മരിച്ചുപോയ ഏക സഹോദരിയെക്കുറിച്ചുള്ള ഓര്‍മ്മകളും ഒക്കെയാണ്‌ പ്രതിപാദിയ്‌ക്കുന്നത്‌. കൂടാതെ രണ്‌ടാം ലോകമഹായുദ്ധകാലത്ത്‌ ഇരുവരും നടത്തിയ നിര്‍ബന്ധിത സൈനികസേവനവും ആഖ്യായന വിഷയമാക്കിയിട്ടുണ്‌ട്‌.

എണ്‍പത്തിയേഴുകാരനും റെയ്‌ഗന്‍സ്‌ബുര്‍ഗ്‌ കത്തിഡ്രലിലെ മുന്‍ ബാന്റ്‌മാസ്റ്ററായ മോണ്‍. ജോര്‍ജ്‌ റാറ്റ്‌സിംഗര്‍ ഏഴുതിയ ഈ പുസ്‌കത്തിന്‌ 256 പേജുകളുണ്‌ട്‌. ചെറുപ്പകാലമുള്‍പ്പടെ മധുരസ്‌മരണകള്‍ അനുസ്‌മരിപ്പിയ്‌ക്കുന്ന ഏതാണ്‌ട്‌ നാല്‍പ്പതോളം ജീവനുള്ള ദൃശ്യങ്ങളും പുസ്‌തകത്തില്‍ ആലേഖനം ചെയ്‌തിട്ടുണ്‌ട്‌. ചരിത്രകാരനും ജേര്‍ണലിസ്റ്റുമായ ഡ്യൂസ്സല്‍ഡോര്‍ഫിലെ മിഷായേല്‍ ഹെസെമാന്റെ സഹായം ഇക്കാര്യത്തില്‍ മോണ്‍സിഞ്ഞോറിനു ലഭിച്ചിരുന്നു.

ആകര്‍ഷകമായ പുറംചട്ടയോടുകൂടി ജര്‍മന്‍ ഭാഷയില്‍ പ്രസിദ്ധീകരിയ്‌ക്കുന്ന പുസ്‌തകം സെപ്‌റ്റംബര്‍ 12 ന്‌ ബര്‍ലിനിലാവും പ്രകാശനം ചെയ്യുക. മ്യൂണിക്കിലെ ഹെര്‍ബിഷ്‌ എന്ന പ്രസാധകരാണ്‌ പുസ്‌തകം പുറത്തിറക്കുന്നത്‌. 19,99 യൂറോയാണ്‌ പുസ്‌തകത്തിന്റെ വില. വൈദികപട്ടം സ്വീകരിച്ചതിന്റെ 60ാം വര്‍ഷം ഇക്കഴിഞ്ഞ നാളില്‍ ഇരുവരും ആഘോഷിച്ചിരുന്നു.1951 ജൂണ്‍ 29 നാണ്‌ ഇരുവരും പൗരോഹിത്യം സ്വീകരിച്ചത്‌.

ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പ്പാപ്പായുടെ ജന്മനാട്‌ സന്ദര്‍ശനത്തിന്റെ മുന്നോടിയായി പുറത്തിറക്കുന്ന പുസ്‌തകത്തിന്‌ ഇതിനോടകം വിവിഐപി പരിഗണന ലഭിച്ചു കഴിഞ്ഞു. സെപ്‌റ്റംബര്‍ 22 ന്‌ ആരംഭിയ്‌ക്കുന്ന പേപ്പല്‍ വിസിറ്റ്‌ ബര്‍ലിന്‍, എര്‍ഫുര്‍ട്ട്‌, ഫ്രൈബുഗ്‌ എന്നീ നഗരങ്ങളിലാണ്‌ നടത്തുന്നത്‌. മാര്‍പ്പാപ്പായായതിനു ശേഷം ആദ്യമായി ബര്‍ലിന്‍ സന്ദര്‍ശിയ്‌ക്കുന്ന പാപ്പാ സെപ്‌.22 ന്‌ ജര്‍മന്‍ പാര്‍ലമെന്റില്‍ പ്രസംഗിയ്‌ക്കും. 25 ന്‌ സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പ്പാപ്പാ റോമിന്‌ മടങ്ങും.
എന്റെ സഹോദരന്‍ പാപ്പാ; പുസ്‌തകപ്രകാശനം സെപ്‌റ്റംബര്‍ 12 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക