Image

കൂനന്‍ കുരിശു സത്യം മുന്നൂറ്റിയറുപതാം വാര്‍ഷികം (ഫാ. ജോസഫ്‌ വര്‍ഗീസ്‌)

Published on 19 January, 2013
കൂനന്‍ കുരിശു സത്യം മുന്നൂറ്റിയറുപതാം വാര്‍ഷികം (ഫാ. ജോസഫ്‌ വര്‍ഗീസ്‌)
2013 ജനുവരി 16 തീയതി (മകരം3) ചരിത്രപ്രധാനമായ കൂനന്‍ കുരിശു സത്യത്തിന്റെ ഓര്‍മ്മ പുതുക്കുകയാണല്ലോ. കേരളത്തിലെ സുറിയാനി ക്രിസ്‌ത്യാനികളില്‍ ഒരു വിഭാഗം ഈ സംഭവത്തെ 'വിദേശാനുകരണത്തിനെതിരെയുള്ള സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കുവാന്‍ അടുത്തിട ചില ശ്രമങ്ങള്‍ നടത്തുകയുണ്ടായി. കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം, കൂനന്‍ കുരിശു സമരം പോര്‍ച്ചുഗീസുകാര്‍ക്കെതിരായുള്ള സുറിയാനിക്കാരുടെ പ്രതിഷേധം ആയിരുന്നെന്നും, അത്‌ മാര്‍പ്പാപ്പക്കോ റോമാക്കാര്‍ക്കെതിരായോ ആയിരുന്നതല്ല എന്നുമാണ്‌. ഈ കേന്ദ്രങ്ങളുടെ അഭിപ്രായമനുസരിച്ച്‌ മലങ്കര നസ്രാണികള്‍ക്കിടയില്‍ ഉടലെടുത്തിരുന്ന ഭിന്നതയില്‍ പ്രബലവിഭാഗം നിക്ഷ്‌പക്ഷമായ നിലപാട്‌ സ്വീകരിക്കുകയും ഒരു വിഭാഗം സഭാംഗങ്ങള്‍ ലാറ്റിന്‍ ബിഷപ്പുമാരുടെ സ്വാധീനതയാല്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയും ചെയ്‌തു.

എന്നാല്‍ വസ്‌തുനിഷ്‌ഠമായ ചരിത്ര പഠനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇതില്‍ നിന്നും വളരെ വ്യത്യസ്‌തമാണ്‌. മലങ്കരയിലെ സെന്റ്‌ തോമസ്‌ നസ്രാണികള്‍ നൂറ്റാണ്ടുകളായി തങ്ങള്‍ വിശ്വസിച്ചു പോന്ന സുറിയാനി സഭയുടെ വിശ്വാസങ്ങളിലും പാരമ്പര്യങ്ങളിലും അടിയുറച്ചു നില്‍ക്കാന്‍ ആഗ്രഹിക്കുകയും ജസ്യൂട്ട്‌ പുരോഹിതന്മാരും ലാറ്റിന്‍ ബിഫന്മാരും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച നവീന വിശ്വാസാചാരങ്ങളെ അംഗീകരിക്കുവാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയിലെ റോബര്‍ട്ട്‌ എറിക്‌ ഫ്രിക്കെന്‍ബെര്‍ഗ്‌ അടുത്തിട പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ കൂനന്‍ കുരിശു സത്യത്തിന്റെ പ്രാധാന്യവും മലങ്കരയിലെ സെന്റ്‌ തോമസ്‌ നസ്രാണികളും സുറിയാനി സഭയുമായി നൂറ്റാണ്ടുകളായുള്ള ബന്ധവും സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നുണ്ട്‌.

പോര്‍ച്ചുഗീസ്‌ നാവികനായിരുന്ന വാസ്‌കോഡ ഗാമ 1498ല്‍ മലബാറില്‍ എത്തിയതോടുകൂടിയാണ്‌ കത്തോലിക്ക വിശ്വാസത്തിന്റെ സ്വാധീനം മലന്‌കരയില്‍ വെരൂന്നിത്തുടങ്ങിയത്‌. ആദ്യകാലങ്ങളില്‍ ലാറ്റിന്‍ പുരോഹിതന്മാര്‍ പോര്‍ച്ചുഗീസുകാരുടെ സഹായത്തോടുകൂടി തീരദേശങ്ങളിലെ പാവപ്പെട്ട ജനങ്ങളുടെ ഇടയില്‍ സുവിശേഷ പ്രവര്‍ത്തനം കേന്ദ്രീകരിക്കുകയും, അനേകരെ ലാറ്റിന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ക്കുകയും ചെയ്‌തു. കാലക്രമേണ കേരളത്തിലെ പുരാതന സുറിയാനി ക്രിസ്‌ത്യാനികളെയും കത്തോലിക്ക വിശ്വാസത്തില്‍ ചേര്‍ക്കാന്‍ ശ്രമം തുടങ്ങുകയും അതിലേക്കായി അവിഹിതമായ മാര്‍ഗ്ഗങ്ങളും അവലംബിക്കുകയും ചെയ്‌തു.

ഈ ശ്രമങ്ങള്‍ക്ക്‌ ആക്കം കൂട്ടാനായി ഗോവയിലെ അന്നത്തെ കത്തോലിക്ക ആര്‍ച്ച്‌ ബിഷപ്പ്‌ മേന്‍സിസ്‌ കേരളത്തില്‍ എത്തുകയും, പോര്‍ച്ചുഗീസ്‌ ഭടന്മാരുടെ അകമ്പടിയോടും, തദ്ദേശ ഭരണാധികാരികളുടെ സഹായത്തോടുംകൂടി 1599 ജൂണ്‍ മാസം 20നു വിവാദപൂര്‍ണ്ണമായ ഉദയംപേരൂര്‍ സുന്നഹദോസ്‌ വിളിച്ചു ചേര്‍ക്കുകയും ഉണ്ടായി. സുറിയാനി സഭയില്‍ ഉപയോഗിച്ചുവന്നിരുന്ന സുറിയാനി ആരാധന ക്രമങ്ങളും, ചരിത്ര രേഖകളും, വിശ്വാസ സംബന്ധമായ രേഖകളും അഗ്‌നിക്കിരയാക്കുകയും ഇതുവഴി സഭയുടെ വിശ്വാസാചാരാനുഷ്‌ഠാനങ്ങളും മുന്‍കാല ചരിത്രവും തിരുത്തിയെഴുതുവാനുള്ള ശ്രമം തുടങ്ങുകയും ചെയ്‌തു.

അധികാരത്തിന്റെയും ശക്തിയുടെയും മുഷ്ടി ഉയര്‍ത്തിക്കാട്ടി ഭയപ്പെടുത്തിയ സുറിയാനി സഭാംഗങ്ങളെ ബലമായി കത്തോലിക്ക വിശ്വാസത്തില്‍ ചേര്‍ക്കുകയും ചെയ്‌തു. മലങ്കരയിലെ സുറിയാനി ക്രിസ്‌ത്യാനികള്‍ റോമന്‍ കത്തോലിക്ക ബിഷപ്പുമാരുടെ കീഴില്‍ അടിമത്വവും അപമാനവും സഹിച്ചു കഴിയേണ്ട കാലഘട്ടമായിരുന്നു ഇത്‌. റോമന്‍ കത്തോലിക്ക ആധിപത്യത്തില്‍ വീര്‍പ്പുമുട്ടിയിരുന്ന മലങ്കര സുറിയാനി സഭ അന്ത്യോഖ്യ സിംഹാസനത്തിലേക്ക്‌ സഹായത്തിനായി അഭ്യര്‍ത്ഥിച്ചിരുന്നു. തോമസ്‌ അര്‍ക്കിദിയാക്കോന്റെ അപേക്ഷയനുസരിച്ചു അന്ത്യോഖ്യ പാത്രിയര്‍ക്കീസ്‌ മോറാന്‍ മാര്‍ ഇഗ്‌നാത്തിയോസ്‌ അഹത്തള്ള ബാവാ ഇന്ത്യയിലേക്ക്‌ തിരിക്കുകയും 1650ല്‍ സൂററ്റില്‍ എത്തുകയും ചെയ്‌തു. സൂററ്റില്‍ നിന്ന്‌ അദ്ദേഹം എങ്ങനെ മൈലാപ്പൂരില്‍ എത്തിയെന്നതിനെ കുറിച്ച്‌ വിഭിന്നമായ അഭിപ്രായങ്ങളുണ്ട്‌. അദ്ദേഹത്തെ പോര്‍ച്ചുഗീസുകാര്‍ അറസ്റ്റ്‌ ചെയ്‌തു മൈലാപ്പൂരില്‍ എത്തിച്ചുവെന്നും, അതല്ല ബാവാ മറ്റു മാര്‍ഗ്ഗങ്ങളില്‍ക്കൂടി (ഡച്ചുകാരുടെ സഹായത്തോടെ എന്നുള്ളത്‌ ഒരു സാധ്യതയാണ്‌) എത്തിച്ചേര്‍ന്നു എന്നുള്ളതാണ്‌ മറുവാദം. എങ്ങനെയായാലും മൈലാപ്പൂരില്‍ എത്തിയ അദ്ദേഹം കത്തോലിക്കരുടെ മൈലാപ്പൂര്‍ സെമിനാരിയിലാണ്‌ എത്തപ്പെട്ടത്‌. ഇവിടെനിന്നും പോര്‍ച്ചുഗീസ്‌ സൈനീകര്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തു ഗോവയിലെ കത്തോലിക്കാ സഭാ കോടതിയിലേക്ക്‌ കൊണ്ടുപോകുന്ന വഴി കൊച്ചിയിലെത്തി. ബന്ധനസ്ഥനായ അഹത്തള്ള പാത്രിയര്‍ക്കീസ്‌ കൊച്ചി തുറമുഖത്തുണ്ടെന്നുള്ള വളരെവേഗം സുറിയാനി സഭാ കേന്ദ്രങ്ങളില്‍ പരക്കുകയും എങ്ങനെയും അദ്ദേഹത്തെ പറങ്കികളില്‍ നിന്നും രക്ഷപെടുത്തണമെന്നു തീരുമാനിക്കുകയും ചെയ്‌തു.

തോമസ്‌ അര്‍ക്കിദിയാക്കോന്റെ നേതൃത്വത്തില്‍ ഏകദേശം 25000ഓളം സുറിയാനിക്കാര്‍ കൊച്ചിക്കോട്ടയിലേക്ക്‌ മുന്നേറി. അവിടെയെത്തിയ അവരെ എതിരേറ്റ ഞെട്ടിപ്പിക്കുന്നതും ദു:ഖകരവുമായ വാര്‍ത്ത അഹത്തള്ള ബാവയെ പറങ്കികള്‍ അറബിക്കടലില്‍ മുക്കിക്കൊന്നു എന്നുള്ളതാണ്‌. രോഷാകുലരായ സുറിയാനിക്കാര്‍ ഒത്തൊരുമിച്ചു അന്നവിടെ വെച്ചൊരു തീരുമാനമെടുത്തു. പറങ്കികളും അവര്‍ പ്രതിധാനം ചെയ്യുന്ന റോമന്‍ കത്തോലിക്ക സഭയുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിക്കുക! പ്രതിസന്ധിയില്‍ കുരിശിനെ അഭയപ്പെടുക! മട്ടാഞ്ചേരിയിലെ കല്‍ക്കുരിശില്‍ നീളമുള്ള വടം കെട്ടി എല്ലാവരും അതില്‍ പിടിച്ചു പ്രതിജ്ഞയെടുത്തു, റോമന്‍ കത്തോലിക്ക സഭയുമായുള്ള സകല ബന്ധങ്ങളും, തങ്ങളും തങ്ങളുടെ സന്തതി പരമ്പരകളും ഇതോടെ അവസാനിപ്പിച്ചിരിക്കുന്നു. 'കൂനന്‍ കുരിശു സത്യം' എന്നറിയപ്പെടുന്ന ഈ 1653 മകരം 3നു ആയിരുന്നു. 53 വര്‍ഷത്തെ റോമന്‍ / പോര്‍ച്ചുഗീസ്‌ ആധിപത്യത്തിന്‌ ഇതോടെ തിരശീല വീണു.

മലങ്കര സഭയിലേക്ക്‌ മേല്‌പ്പട്ടക്കാരെ അയയ്‌ക്കുന്നതിനുവേണ്ടി അന്ത്യോഖ്യാ സിംഹാസനത്തിലേക്ക്‌ അര്‍ക്കിദിയാക്കോന്‍ നിരന്തരമായി അപേക്ഷിച്ചുകൊണ്ടിരുന്നു. ഇതനുസരിച്ച്‌ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്‌ യെരുശലേമിലെ മാര്‍ ഗ്രിഗോറിയോസ്‌ അബ്ദല്‍ ജലീല്‍ ബാവയെ 1665ല്‍ മലങ്കരയിലെക്കു അയച്ചു. അന്ത്യോഖ്യായും മലങ്കരസഭയുമായുള്ള ഏകദേശം 150 വര്‍ഷങ്ങളായി വിച്ഛേദിക്കപ്പെട്ടു കിടന്നിരുന്ന ബന്ധം മാര്‍ ഗ്രിഗോറിയോസിന്റെ വരവോടുകൂടി പുനസ്ഥാപിതമായി.മാര്‍ തോമ അര്‍ക്കിദിയാക്കോനും, മലങ്കര സഭയും ആഹ്‌ളാദത്തോടുകൂടി അദ്ദേഹത്തെ സ്വീകരിച്ചു. മാര്‍ ഗ്രിഗോറിയോസ്‌ ബാവ അര്‍ക്കിദിയാക്കോനെ മാര്‍ തോമ ഒന്നാമന്‍ എന്നപേരില്‍ മെത്രാപ്പോലീത്തയായി വാഴിച്ചു. ഒരിക്കല്‍ കൂടി മലങ്കര സഭ പ. അന്ത്യോഖ്യ സുറിയാനി സഭയുടെ അഭിഭാജ്യ ഘടകമായിത്തീര്‍ന്നു. മാര്‍ ഗ്രിഗോറിയോസ്‌ ബാവ സുറിയാനി സഭയുടെ വിശ്വാസ സംഹിതകളും, ആരാധനാ രീതികളും, ആചാരാനുഷ്‌ഠാനങ്ങളും മലങ്കര സഭയില്‍ വീണ്ടും നടപ്പിലാക്കി. 'സ്വതന്ത്ര സഭ' വാദങ്ങളും, വിഘടന ചിന്താഗതികളും ശക്തിപ്പെട്ടുവരുന്ന ഈ കാലഘട്ടത്തില്‍ മലങ്കര സുറിയാനി ഓര്‍ത്തോഡോക്‌സ്‌ സഭയും, പ. അന്ത്യോഖ്യാ സിംഹാസനവുമായുള്ള ബന്ധം ശക്തീകരിക്കുവാനും, പാത്രിയര്‍ക്കീസ്‌ ബാവയോടുള്ള വിധേയത്വവും അനുസരണയും ആവര്‍ത്തിച്ചു പ്രഖ്യാപിക്കാനുള്ള അവസരമായിട്ടാണ്‌ കൂനന്‍ കുരിശു സത്യത്തിന്റെ 360-ാം വാര്‍ഷികം അനുസ്‌മരിക്കേണ്ടത്‌.
കൂനന്‍ കുരിശു സത്യം മുന്നൂറ്റിയറുപതാം വാര്‍ഷികം (ഫാ. ജോസഫ്‌ വര്‍ഗീസ്‌)കൂനന്‍ കുരിശു സത്യം മുന്നൂറ്റിയറുപതാം വാര്‍ഷികം (ഫാ. ജോസഫ്‌ വര്‍ഗീസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക