Image

ജോസ്‌ ചുമ്മാര്‍ കോരക്കുടിലില്‍ ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി

ജോയിച്ചന്‍ പുതുക്കുളം Published on 07 September, 2011
ജോസ്‌ ചുമ്മാര്‍ കോരക്കുടിലില്‍ ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി
ന്യൂയോര്‍ക്ക്‌: ഫോമാ ന്യൂയോര്‍ക്ക്‌ മെട്രോ റീജിയന്‍ വൈസ്‌ പ്രസിഡന്റായി ഇപ്പോള്‍ സേവനം അനുഷ്‌ഠിക്കുന്ന ജോസ്‌ ചുമ്മാര്‍ കോരക്കുടിലില്‍ ഫോമയുടെ അടുത്ത നാഷണല്‍ വൈസ്‌ പ്രസിഡന്റായി മത്സരിക്കുന്നു.

കഴിഞ്ഞ ആറുവര്‍ഷക്കാലം കേരള സെന്ററിന്റെ പ്രസിഡന്റുപദം അലങ്കരിച്ച ജോസ്‌ ചുമ്മാര്‍ ന്യൂയോര്‍ക്കിലേയും സമീപ പ്രദേശങ്ങളിലേയും സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. ഈ കാലയളവില്‍ കേരളാ സെന്ററിന്റെ കടബാധ്യതകള്‍ ലഘൂകരിച്ച്‌ ഭദ്രത ഉറപ്പുവരുത്തിയതിനോടൊപ്പം മറ്റ്‌ സംഘടനകളുമായി കൈകോര്‍ത്തുനിന്ന്‌ പല സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുവാന്‍ കഴിഞ്ഞതില്‍ ജോസ്‌ ചുമ്മാര്‍ വളരെയധികം സന്തുഷ്‌ടനാണ്‌.

കേരളാ സെന്ററിന്റെ നേതൃത്വത്തില്‍ കേരളത്തിലെ നിര്‍ധനരായ കുടുംബങ്ങളെ സഹായിക്കുവാന്‍ ജോസ്‌ ചുമ്മാര്‍ രൂപംകൊടുത്ത സമൂഹ വിവാഹ പദ്ധതി കേരളത്തിലെ ഉഴവൂരില്‍ വെച്ച്‌ വന്‍വിജയമായി നടത്തപ്പെടുകയുണ്ടായി. കേരള സമാജത്തിന്റെ മുപ്പതാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചത്‌ ജോസ്‌ ചുമ്മാര്‍ അതിന്റെ പ്രസിഡന്റായിരുന്നപ്പോഴാണ്‌.

ന്യൂയോര്‍ക്കിലെ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ സെക്രട്ടറിയും പ്രസിഡന്റുമായിട്ടുള്ള ജോസ്‌ ചുമ്മാര്‍ കെ.സി.സി.എന്‍.എയുടെ നാഷണല്‍ ജനറല്‍ സെക്രട്ടറിയായിരുന്നപ്പോഴാണ്‌ ഷിക്കാഗോയില്‍ വെച്ച്‌ നടന്ന ആദ്യത്തെ ക്‌നാനായ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കപ്പെട്ടത്‌. 2003-ല്‍ ന്യൂജേഴ്‌സിയില്‍ വെച്ച്‌ നടന്ന സീറോ മലബാര്‍ കണ്‍വെന്‍ഷന്റെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ചെയര്‍മാനായി സേവനമനുഷ്‌ഠിക്കാനും ജോസ്‌ ചുമ്മാറിന്‌ അവസരം ലഭിക്കുകയുണ്ടായി.

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററിന്റെ നാഷണല്‍ കമ്മിറ്റിയംഗമായ ജോസ്‌ ചുമ്മാര്‍, അമേരിക്കയിലെ ആദ്യത്തെ സാംസ്‌കാരിക സംഘടനയായ കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി മെമ്പറായും ചെയര്‍മാനായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഫോമാ മെട്രോ എമ്പയര്‍ റീജിയന്‍ സംയുക്തമായ 2009-ല്‍ നടത്തിയ റീജിയണല്‍ കണ്‍വെന്‍ഷന്റെ ചെയര്‍മാന്‍ ജോസ്‌ ചുമ്മാര്‍ ആയിരുന്നു.

ഓഗസ്റ്റ്‌ 25-ന്‌ കൂടിയ ന്യൂയോര്‍ക്ക്‌ മെട്രോ റീജിയന്‍ കമ്മിറ്റിയുടേയും അസോസിയേഷന്‍ ഭാരവാഹികളുടേയും യോഗത്തില്‍ ജോസ്‌ ചുമ്മാര്‍ ഫോമയുടെ അടുത്ത നാഷണല്‍ വൈസ്‌ പ്രസിഡന്റായി നില്‍ക്കുവാന്‍ ഐക്യകണ്‌ഠ്യേന നാമനിര്‍ദേശം ചെയ്യുകയുണ്ടായി. സാമൂഹിക സാംസ്‌കാരിക സാമുദായിക സംഘടനാ പ്രവര്‍ത്തനങ്ങളില്‍ രണ്ടു പതിറ്റാണ്ടുകളായി സജീവ രംഗത്തുള്ള ജോസ്‌ ചുമ്മാര്‍ ഫോമയുടെ നാഷണല്‍ എക്‌സിക്യൂട്ടീവിലേക്ക്‌ മത്സരിക്കുന്നത്‌ ആദ്യമായിട്ടാണ്‌. അനുസ്യൂതം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫോമയുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കാന്‍ 2012 -ലെ നാഷണല്‍ കമ്മിറ്റിയില്‍ വൈസ്‌ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ എല്ലാവരുടേയും സഹകരണങ്ങള്‍ ജോസ്‌ ചുമ്മാര്‍ അഭ്യര്‍ത്ഥിക്കുന്നു.
ജോസ്‌ ചുമ്മാര്‍ കോരക്കുടിലില്‍ ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക