Image

പരസ്യം വാര്‍ത്തകളായി വേഷം മാറുമ്പോള്‍

Published on 20 January, 2013
പരസ്യം വാര്‍ത്തകളായി വേഷം മാറുമ്പോള്‍
മലയാളം പത്രം, കേരള എക്‌സ്‌പ്രസ്‌, മലയാളി സംഗമം,മലയാളം വാര്‍ത്ത, ആഴ്‌ചവട്ടം എന്നീ പത്രങ്ങള്‍ ചേര്‍ന്നിറക്കുന്ന പ്രസ്‌താവന

എന്താണ്‌ വാര്‍ത്ത? എന്താണ്‌ പരസ്യം?

ലളിതമായി പറഞ്ഞാല്‍ ജനങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന വിവരങ്ങളാണ്‌ വാര്‍ത്ത. പരസ്യമാകട്ടെ കച്ചവട താല്‍പ്പര്യത്തോടെയുളള വിവരങ്ങളും. അത്‌ എപ്പോഴും ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവയാകണമെന്നില്ല.

നവമാധ്യമങ്ങളുടെ കുത്തൊഴുക്കില്‍ അമേരിക്കയില്‍ വാര്‍ത്തയും പരസ്യവും തമ്മിലുളള അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്ന സ്‌ഥിതിയുണ്ട്‌. രണ്ടു കൂട്ടരെയാണ്‌ ഇത്‌ ദോഷമായി ബാധിക്കുന്നത്‌. ഒന്ന്‌ വാര്‍ത്ത മാത്രം അറിയാനാഗ്രഹിക്കുന്ന പൊതുജനം. രണ്ട്‌ മാധ്യമ സ്‌ഥാപനങ്ങള്‍. പത്രമോ ടി.വിയോ മാത്രമല്ല ഇന്റര്‍നെറ്റിലൂടെയുളള വെബ്‌സൈറ്റുകളെയും ഇതു ദോഷമായി ബാധിക്കുന്നു.

അച്ചടി മാധ്യമങ്ങള്‍, ടി.വി തുടങ്ങിയ ദൃശ്യ മാധ്യമങ്ങള്‍, ഇന്റര്‍നെറ്റിലെ വെബ്‌സൈറ്റുകള്‍ എന്നിവ തമ്മിലുളള മത്സരം പരസ്യക്കാര്‍ ഒരവസരമായി മുതലെടുക്കുന്ന കാഴ്‌ച അമേരിക്കയില്‍ കാണാം. പരസ്യമായി പ്രസിദ്‌ധീകരിക്കേണ്ട കാര്യങ്ങള്‍ അവര്‍ വാര്‍ത്തയായി ജനങ്ങളിലേക്ക്‌ അടിച്ചേല്‍പ്പിക്കുന്നു. അവര്‍ക്കത്‌ നേട്ടമാകുമ്പോള്‍ ഇവിടെയുളള എല്ലാത്ത രം മാധ്യമങ്ങളുടെയും നിലനില്‍പ്പിനെ തന്നെ അതു ബാധിക്കുന്നു. ഒരു മാധ്യമത്തില്‍ വാര്‍ത്ത വന്നില്ലെങ്കില്‍ മറ്റൊന്നില്‍ ഞങ്ങള്‍ കൊടുത്തുകൊളളാം എന്ന ചിന്താഗതി മൂലം ഒരുത്തര്‍ക്കും ഒന്നും കിട്ടാത്ത അവസ്‌ഥയും; മലയാള മാധ്യമ പ്രവര്‍ത്തനം ക്രമേണ ഇല്ലാതാകുന്ന അവസ്‌ഥയാണ്‌ അതു സൃഷ്‌ടിക്കുക.

സ്‌റ്റേജ്‌ ഷോകളുടെ കാര്യമെടുക്കാം. പണം മുടക്കിയാണ്‌ നാട്ടില്‍ നിന്ന്‌ കലാകാരന്മാരെ കൊണ്ടു വരുന്നത്‌. അവരുടെ പ്രദര്‍ശനം നടത്താന്‍ മിക്ക സ്‌ഥലങ്ങളിലും കാലേക്കൂട്ടി ഏതെങ്കിലും സംഘടനക്കോ പളളിക്കോ ബുക്കിംഗ്‌ നല്‍കി സംഘാടകര്‍ പണം വാങ്ങിയിരിക്കും.

പിന്നീട്‌ ഒരു കൂട്ടപ്പൊരിച്ചിലാണ്‌. മുഖ്യ സംഘാടകന്‍ വക, വരുന്ന കലാകാരന്മാരുടെ അപദാനങ്ങളുമായി ആദ്യത്തെ പ്രചാരണം. പിന്നീട്‌ അതു നടത്തുന്ന ഓരോ സ്‌ഥാപനങ്ങളുടെയും പ്രചാരണം. കലാപരിപാടി നടന്ന്‌ കലാകാരനും സംഘാടകനും പളളിക്കാരുമൊക്കെ കാശുണ്ടാക്കുന്നതു വരെ ഇതു തുടരും. ഇതിനിടയിലാണ്‌ മാധ്യമങ്ങള്‍ ഞെരുങ്ങുന്നത്‌. ജനം വായിക്കാനിഷ്‌ടപ്പെടാത്ത പരസ്യം വാര്‍ത്തയായി നിരന്തരം കൊടുക്കണം. കാല്‍ക്കാശിന്‌ പ്രയോജനമില്ലതാനും. മാധ്യമങ്ങളൊക്കെ ചിലവില്ലാതെയാണ്‌ പുറത്തിറങ്ങുന്നതെന്ന ഒരു ധാരണ അമേരിക്കയിലെങ്കിലും ഉണ്ട്‌.

കഴിഞ്ഞവര്‍ഷം ഒട്ടേറെ സ്‌റ്റേജ്‌ ഷോക്കാര്‍ വരികയുണ്ടായി. എല്ലാം തന്നെ പരാജയപ്പെട്ടു. കാരണം സംഘാടകര്‍ അന്വേഷിക്കുന്നത്‌ നന്നായിരിക്കും. വേണ്ടത്ര മാര്‍ക്കറ്റിംഗ്‌ ഒന്നിനും ഉണ്ടായില്ല എന്നതു തന്നെ കാരണം. ആരെക്കൊണ്ടെങ്കിലും എന്തെങ്കിലും എഴുതിച്ച്‌ നാലു ഫോട്ടോ സഹിതം ഇന്റര്‍നെറ്റില്‍ കൊടുത്താല്‍ ജനം എല്ലാം അറിയുമെന്ന അബദ്‌ധ ധാരണയായിരുന്നു അതിനു പിന്നില്‍. ഇത്തരം വാര്‍ത്തകള്‍ കണ്ടാല്‍ ജനം പലപ്പോഴും തുറന്നു പോലും നോക്കില്ല എന്ന ദുഖസത്യം അവര്‍ മറന്നു.

മനോരമയടക്കം ഇന്റര്‍നെറ്റ്‌ മാധ്യമങ്ങള്‍ ധാരാളമുണ്ടെങ്കിലും അമേരിക്കയില്‍ ഏറ്റവും ശക്‌തമായതും കൂടുതല്‍ പേര്‍ വായിക്കുന്നതും എല്ലായിടത്തും എത്തുന്നതും ഇവിടത്തെ പത്രങ്ങള്‍ തന്നെയാണ്‌. അതങ്ങനെയല്ല എന്നു പറഞ്ഞു പരത്തുന്നവര്‍ ദോഷൈകദൃക്കുകള്‍ മാത്രം. ഇന്റര്‍നെറ്റിലുണ്ട്‌ അതിനാല്‍ പത്രം വായിക്കില്ല എന്നു ചിലര്‍ പൊങ്ങച്ചം പറയാറുണ്ടെന്നു മാത്രം.

മിന്നിമറയുന്ന വാര്‍ത്തകളിലൂടെ ലഭിക്കുന്ന പരസ്യം ഒരു ഉല്‍പ്പന്നത്തിനും നേട്ടമുണ്ടാക്കില്ല.എന്തായാലും മാധ്യമങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും മത്സരത്തിന്റെ മറവില്‍ മൊത്തം മാധ്യമങ്ങളെ ചൂഷണം ചെയ്യുന്ന അവസ്‌ഥ അനുവദിക്കാനാവില്ല. അതിനാല്‍ കച്ചവട താല്‍പ്പര്യമുളള വിവരങ്ങള്‍ വാര്‍ത്തയായി ഇനി മുതല്‍ നല്‍കില്ല. നോണ്‍പ്രോഫിറ്റ്‌ സ്‌ഥാപനങ്ങള്‍ ഇവിടത്തെ കലാകാരന്മാരെ മാത്രം വച്ചു നടത്തുന്ന ചെറുകിട ഷോകള്‍ക്ക്‌ ഇതു ബാധകവുമല്ല.

ഇവിടത്തെ മാധ്യമങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ട മറ്റൊരു വിഭാഗമാണ്‌ ഇവിടത്തെ സംഘടനകള്‍. അവര്‍ക്കെല്ലാം വാര്‍ത്തകളും പടങ്ങളും നിരന്തരം വരണം. പകരം ഈ മാധ്യമങ്ങള്‍ക്ക്‌ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നു മിക്കവരും ചിന്തിക്കാറില്ല.

പ്രാദേശിക സംഘടനകളുടെ എട്ടും പത്തും പടങ്ങള്‍ പലപ്പോഴും കൊടുക്കേണ്ട സ്‌ഥിതി വരുന്നു. അതു തുടരാനാവില്ല. പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ പടങ്ങള്‍ മാത്രമേ മേലില്‍ കൊടുക്കൂ. കൂടുതല്‍ പേരുടെ പടങ്ങള്‍ കൊടുക്കണമെങ്കില്‍ അതിന്‌ പരസ്യ നിരക്ക്‌ നല്‍കണം. ഒരോ ഭാരവാഹികളുടെയും പടവും അവരുടെ തസ്‌തികയും വിശദീകരിക്കുന്ന വിവരങ്ങള്‍ പലപ്പോഴായി അയച്ചു തരുന്ന ഒരു പതിവും സംഘടനകള്‍ക്കുണ്ട്‌. ഇത്‌ ഒരു കാരണവശാലും പത്രങ്ങള്‍ പ്രസിദ്‌ധീകരിക്കുന്നതല്ല.

ദേശീയ സംഘടനകളുടെ അഞ്ചു ഭാരവാഹികളുടെ പടം പ്രസിദ്‌ധീകരിക്കും.

മുമ്പൊക്കെ ദേശീയ സംഘടനകള്‍ ഇവിടത്തെ മാധ്യമങ്ങള്‍ക്ക്‌ പരസ്യങ്ങള്‍ നല്‍കുന്ന പതിവുണ്ടായിരുന്നു. വലിയ ചിലവില്‍ കണ്‍വന്‍ഷനുകളും മറ്റും നടത്തുമ്പോള്‍ അതു സംബന്‌ധിച്ച വിവരം ജനങ്ങളിലെത്തിക്കുന്ന മാധ്യമങ്ങള്‍ വിസ്‌മരിക്കപ്പെടുന്നു. ബാക്കിയെല്ലാറ്റിനും പണമുണ്ട്‌. മാധ്യമങ്ങള്‍ക്ക്‌ പരസ്യം നല്‍കാന്‍ മാത്രമില്ല എന്ന ചിന്താഗതിയും അംഗീകരിക്കാനാവില്ല.

മതസംഘടനകള്‍ക്കും ഈ നിബന്‌ധനകള്‍ ബാധകമാണ്‌.

ഒരു വാര്‍ത്ത പലവട്ടം പ്രസിദ്‌ധീകരിക്കുന്ന പ്രവണതയും നിര്‍ത്തേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌ ഒരു സംഘടന ക്രിസ്‌മസ്‌ ആഘോഷം നടത്തുന്നുവെങ്കില്‍ ആദ്യമതൊരു വാര്‍ത്തയായി വരും. പിന്നെ ഫ്‌ളൈയര്‍ സഹിതം വരും. പിന്നീട്‌ പരിപാടി നടക്കുന്നതു വരെ ഇടക്കിടക്ക്‌ വാര്‍ത്തകള്‍! ഈമെയിലില്‍ കിടക്കുന്ന വാര്‍ത്ത ലേഖകന്‍ ഇടക്കിടെ ഫോര്‍വേര്‍ഡ്‌ ചെയ്യേണ്ട പണി മാത്രമേയുളളൂ.

പക്ഷേ പത്രങ്ങളും വായനക്കാരുമാണ്‌ സഹികെടുന്നത്‌. ഒരു വാര്‍ത്ത എത്ര തവണ കാണണം? വായിക്കണം? അതിനാല്‍ നടക്കാന്‍ പോകുന്ന പരിപാടിയെപ്പറ്റി ഒരു വാര്‍ത്ത മാത്രമേ കൊടുക്കൂ.

അതുപോലെ തന്നെ നടക്കാന്‍ പോകുന്ന വാര്‍ത്തക്കൊപ്പം ഭാരവാഹികളുടെ പടങ്ങളും കൊടുക്കുന്നതല്ല.

ഞങ്ങള്‍ മുന്നോട്ടു വയ്‌ക്കുന്ന നിര്‍ദ്ദേശങ്ങള്‍;

1. ദേശീയ സംഘടനകളുടെ അഞ്ചു ഭാരവാഹികളുടെ മാത്രം ഫോട്ടോ

2. പ്രാദേശിക സംഘടനകളുടെ മൂന്ന്‌ ഭാരവാഹികളുടെ ഫോട്ടോ

3. സ്‌റ്റേജ്‌ ഷോകള്‍, കലാപരിപാടികള്‍ തുടങ്ങി കച്ചവട ലക്ഷ്യത്തോടെയുളള വാര്‍ത്തകള്‍ പ്രസിദ്‌ധീകരിക്കുന്നതല്ല. അവ പരസ്യമായി തന്നെ നല്‍കണം.

അത്തരം വാര്‍ത്തകള്‍ പ്രസിദ്‌ധീകരിക്കും മുമ്പ്‌ മാധ്യമങ്ങള്‍ പരസ്‌പരം കൂടി യാലോചന നടത്തിയേ തീരുമാനമെടുക്കൂ.

4. ഒരു വാര്‍ത്ത ഒരു തവണ മാത്രം. ഇടക്കിടെ കൊടുക്കില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക