Image

കുട്ടികള്‍ക്കു വേണ്ടി രക്ഷിതാക്കള്‍ മത്സരിക്കുന്നു (യേശുദാസ്‌)

Published on 22 January, 2013
കുട്ടികള്‍ക്കു വേണ്ടി രക്ഷിതാക്കള്‍ മത്സരിക്കുന്നു (യേശുദാസ്‌)
കുറച്ചുകാലമായി കേരളത്തിലെ യുവജനോത്സവങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. അതുകൊണ്ട്‌ അവിടെ എന്തൊക്കെ നടക്കുന്നു എന്ന്‌ അറിയില്ല. എങ്കിലും, കുട്ടികളിലും രക്ഷിതാക്കളിലും വിധികര്‍ത്താക്കളിലും ധര്‍മത്തിനും സംസ്‌കാരത്തിനും യോജിക്കാത്ത തരത്തിലുള്ള മത്സരബുദ്ധി വളര്‍ന്നുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്‌.

മത്സരബുദ്ധിയാണ്‌ മിക്കപ്പോഴും കുഴപ്പങ്ങള്‍ക്ക്‌ വഴിമരുന്നിടുന്നത്‌. വിജയിക്കാന്‍ ശ്രമം നടത്തുന്നതില്‍ തെറ്റില്ല. പക്ഷേ, തീവ്രമായ മത്സരബുദ്ധി വഴക്കിനും ബഹളങ്ങള്‍ക്കും വഴിയൊരുക്കുന്നു. ഇത്‌ യുവജനോത്സവത്തിന്‍െറ അന്തസ്സത്തയെ ഹനിക്കുന്നതാണ്‌. പണവും സ്വാധീനവും ഉപയോഗിച്ച്‌ ഏതുവിധേനയും ജയിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നത്‌ ഇത്തരം മത്സരബുദ്ധിയില്‍നിന്നാണ്‌.
യുവജനോത്സവങ്ങളില്‍ കലാപരമായ നിലവാരത്തേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത്‌ ധര്‍മത്തിനും സംസ്‌കാരത്തിനുമാണ്‌. രക്ഷിതാക്കളും വിധികര്‍ത്താക്കളും ധാര്‍മികനിലവാരം കാത്തുസൂക്ഷിക്കണം. കുട്ടികള്‍ക്ക്‌ സ്‌കൂളുകളില്‍തന്നെ ധാര്‍മിക വിദ്യാഭ്യാസം നല്‍കണം. എല്ലാ മേഖലകളിലും ധര്‍മം പുലര്‍ത്താന്‍ കുട്ടികളെ പരിശീലിപ്പിക്കണം.

രക്ഷിതാക്കള്‍ യുവജനോത്സവ വേദിയില്‍നിന്ന്‌ വിട്ടുനില്‍ക്കണമെന്നാണ്‌ എന്‍െറ അഭിപ്രായം. കുട്ടികള്‍ക്കു വേണ്ടി രക്ഷിതാക്കള്‍ നടത്തുന്ന മത്സരമാണ്‌ സമാധാനപരമായി നടക്കേണ്ട യുവജനോത്സവങ്ങളെ അലങ്കോലമാക്കുന്നത്‌. എല്ലാ കുട്ടികളെയും സ്വന്തം മക്കളെപ്പോലെ കാണാന്‍ രക്ഷിതാക്കള്‍ക്ക്‌ കഴിയണം. കലാമത്സരത്തില്‍ വിജയിക്കുന്നത്‌ ആരുടെ മക്കളായാലും അവരെ അനുമോദിക്കാനുള്ള മന$സ്ഥിതിയാണ്‌ യഥാര്‍ഥ കലാബോധം. ഇത്‌ എല്ലാ രക്ഷിതാക്കള്‍ക്കും ഉണ്ടായാല്‍ വഴക്കും വക്കാണവും താനേ ഇല്ലാതാവും.

എന്‍െറ കുട്ടിക്കാലത്തും യുവജനോത്സവങ്ങള്‍ നടന്നിരുന്നു. അന്നൊക്കെ കുട്ടികള്‍ മാത്രമാണ്‌ യുവജനോത്സവ വേദികളില്‍ ഉണ്ടായിരുന്നത്‌. ജയിച്ചേതീരൂവെന്ന വാശി അന്നത്തെ യുവജനോത്സവങ്ങളില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. ശ്രമിച്ചുനോക്കും. കിട്ടിയാല്‍ കിട്ടട്ടെ, ഇല്ലെങ്കില്‍ സാരമില്ല എന്നതായിരുന്നു കുട്ടികളുടെ പൊതുവേയുള്ള മാനസികാവസ്ഥ. ഇന്നത്തേതുപോലെ മത്സരാര്‍ഥികളേക്കാള്‍ വീറും വാശിയുമായി രക്ഷിതാക്കള്‍ മത്സരവേദികളില്‍ പരക്കംപായുന്ന കാഴ്‌ച അന്ന്‌ അന്യമായിരുന്നു. ഞാനും യുവജനോത്സവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌. എങ്കിലും എന്‍െറ മാതാപിതാക്കള്‍ ഒരിക്കല്‍പോലും യുവജനോത്സവ വേദിയില്‍ എത്തിയിട്ടില്ല.

സ്വന്തം മക്കളെ ഏതുവിധേനയും ജയിപ്പിച്ചേ തീരൂവെന്ന രക്ഷിതാക്കളുടെ മനോഭാവമാണ്‌ യുവജനോത്സവങ്ങളുടെ നിലവാരം തകര്‍ക്കുന്നത്‌. സാംസ്‌കാരിക നിലവാരവും ധാര്‍മികബോധവും യുവജനോത്സവങ്ങളില്‍ ഉണ്ടാവണമെങ്കില്‍ രക്ഷിതാക്കള്‍ മത്സരവേദികളില്‍നിന്ന്‌ മാറിനില്‍ക്കേണ്ടത്‌ അനിവാര്യമാണ്‌. (കടപ്പാട്‌: മാധ്യമം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക