Image

കുരുതി (കവിത)- ജോസന്‍ ജോര്‍ജ്ജ്, ഡാലസ്

ജോസന്‍ ജോര്‍ജ്ജ് Published on 23 January, 2013
കുരുതി (കവിത)- ജോസന്‍ ജോര്‍ജ്ജ്, ഡാലസ്
2012 ഡിസംബര്‍ 14, വെള്ളിയാഴ്ച ലോക മനഃസ്സാക്ഷിയെ ഞെട്ടിക്കുന്ന ആ സംഭവം അരങ്ങേറിയത്, നോര്‍ത്ത് അമേരിക്കയില്‍, കണക്ടികട്ടിലുള്ള ന്യൂടൗണ്‍ സിറ്റിയില്‍, മനസ്സിന്റെ സമനില തെറ്റിയ ആഡം ലാന്‍സാ എന്ന ഇരുപതു വയസ്സുകാരന്റെ വെടിയുണ്ടകളേറ്റ് ഒന്നാം ക്ലാസ്സുകളില്‍ (Sandyhook Elementary School) പഠിച്ചിരുന്ന ഇരുപതു കുട്ടികളും അവരുടെപ്രിയപ്പെട്ട ഏഴ് അദ്ധ്യാപകരും മരണത്തിന്റെ ചിറകിലേറി മറഞ്ഞു. ഒപ്പം ആഡം ലാന്‍ഡാ എന്ന മരദൂതനും സ്വയം മരണം വരിച്ചു. അകാലത്തില്‍ പൊലിഞ്ഞുപോയ ഈ കുരുന്നു ജീവിതങ്ങള്‍ക്കായി എന്റെഈ ഭാഷ്പാജ്ഞലി.

നാടകമേ ഈയുലകമെന്നാരോ
പറഞ്ഞതു വാസ്തവമെന്നറിഞ്ഞീടുക.
നാടകമാണീയുലകിലെ ജീവിതം
ആടുന്നു നാം കഥയെന്തെന്നറിയാതെ.

ഞാനോ? വിദൂഷകനാണെന്റെ വേഷ-
മിന്നൊക്കെയരംഗത്തു ചൊല്ലുവാന്‍ വന്നവന്‍.
കഥയും, തിരക്കഥയൊക്കെയും അജ്ഞാത-
മേതോ കരങ്ങളാല്‍ പണ്ടേ വിരചിതം.

കാണികള്‍ നിങ്ങളൊരുവേളയിലീ ലോക-
നാടകത്തില്‍ കഥാപാത്രങ്ങളായിടാം.
കരുതിയിരിക്ക നാം, കണ്ണൊന്നു ചിമ്മിയാല്‍
കളിയരങ്ങും, കഥയൊക്കെയും മാറിടാം.

ഒന്നാം രംഗം
ബാലാര്‍ക്കബിംബം ചിരിച്ചുണര്‍ന്നീടുന്നു
പൂര്‍വ്വാംബരത്തില്‍ പുലര്‍ക്കാലമായിതാ.
ബാലന്‍ ഞെട്ടിയുണര്‍ന്നു, തിടക്കത്തി-
ലൊക്കെയൊരുക്കി ഒരുങ്ങിയിറങ്ങുന്നു.

പള്ളിക്കൂടത്തിലേക്കോടുന്നതിന്നിട-
ക്കെന്നുമൊരുമ്മ അമ്മയ്ക്കവനേകിടും.
“ഇന്നവനെന്തേ മറന്നതെന്നുമ്മ”-
എന്നമ്മ പരിഭവം അച്ഛനോടൊതുന്നു.

അച്ഛന്‍ ചിരിച്ചു, “മോന്‍, വീട്ടിലെത്തുമ്പോള്‍
ഒരായിരം പൊന്നുമ്മ നീയവനേകണം”.
പെട്ടന്നൊരാള്‍ വിളിച്ചേകിയ വാര്‍ത്തയാല്‍
ഞെട്ടിത്തെറിച്ചു, ഇരുള്‍ മൂടി കണ്‍കളില്‍

രണ്ടാം രംഗം
കുരുതി, കുരുതി, കിരാതമാകും ബാല-
ക്കുരുതി കഴിഞ്ഞു, കരാള ഹസ്തങ്ങളാല്‍.
തറയില്‍ ഈ ചോരപ്പുഴയില്‍ കുരുന്നിളം-
പൂക്കള്‍ കൊഴിഞ്ഞു, കുരുതി കഴിഞ്ഞു.

എങ്ങും ഒരജ്ഞാതഭീതി, ഭയാനക-
നൃത്തം ചവിട്ടിത്തിമിര്‍ത്തു കാപാലികന്‍.
എന്തിനി,യെന്തെന്നറിയാതെ കാണികള്‍
സ്തംഭിച്ചു നിന്നിതു, സത്യമോ, മിഥ്യയോ?

എന്നുമീ നേരത്തു കൊച്ചുസംഘങ്ങളായ്
സന്തോഷ ശബ്ദകോലാഹലമൊക്കെയായ്
വിദ്യാലയത്തിന്‍ വിളക്കായ് വിളങ്ങിയോര്‍
വീണൊടുങ്ങി, വിധിയിത്ര കഠോരമോ?

കണ്ണില്‍ കുസൃതി നിറച്ചു, കുറുമ്പുമായ്
മണ്ണില്‍ കളിച്ചും, ആ മൈതാനമാകെ
പറന്നുനടന്നതാം വര്‍ണ്ണച്ചിറകുകള്‍
കീറിയെറിഞ്ഞു, നിലതെറ്റിയോരാസുരന്‍.

ഇല്ലിനി പാറിപ്പറക്കില്ലീ തുമ്പികള്‍
ഇല്ലിനി പാടുകില്ലീ കൊച്ചുഗായകര്‍
ഇല്ലിവര്‍ വയ്ക്കില്ല നൃത്തച്ചുവടുകള്‍
ഇല്ല, തുറക്കില്ലീ നക്ഷത്രക്കണ്ണുകള്‍.

മൂന്നാം രംഗം
എത്തുന്നു മാതാപിതാ, ബന്ധുസംഘങ്ങള്‍.
എങ്ങുമൊരസ്വസ്തമായ നിശബ്ദത,
അഗ്നിശമന സേനാംഗങ്ങള്‍ ആ വഴി-
യൊക്കെ തലങ്ങുംവിലങ്ങുമായോടുന്നു.

എന്താണവിടെ? എന്നൊന്നുമറിയാതെ
ചിന്തിച്ചു കാണികള്‍ അക്ഷരമാകുന്നു.
ആരോ പറഞ്ഞവര്‍ “കേട്ടു വെടിയൊച്ച
യാര്‍ത്തനാദങ്ങളും തേങ്ങലും ഉച്ചത്തില്‍”.

ആരോ മരിച്ചു, മരിച്ചവരെത്ര,യെ-
ന്നന്യോന്യം ചോദിച്ചറിയുന്നു ഭീതിയാല്‍.
മാതാപിതാക്കള്‍ അലമുറയിട്ടു, പേര്‍-
ചൊല്ലി വിളിച്ചുകൊണ്ടോടിനടക്കുന്നു.

നാലാം രംഗം
കുഞ്ഞുടുപ്പിട്ട കുരുന്നു മാലാഖമാര്‍
ഒന്നുമറിയാതുറങ്ങിക്കിടക്കുന്നു.
കുഞ്ഞുടുപ്പാകെ, കുസൃതിയാല്‍ കുങ്കുമ-
ചെപ്പു മറിച്ചിട്ടപോലെയാ ചെന്നിണം.

കൂട്ടത്തിലൊന്നു തന്‍ പൊന്നുണ്ണിയെന്നൊരു-
ഞെട്ടലോടങ്ങു തിരിച്ചറിയുന്നമ്മ.
പൊട്ടിയൊലിക്കും ഒരഗ്നിപ്രവാഹമായ്-
ഹൃത്തടം പൊട്ടി പറഞ്ഞു കരയുന്നു.

“ഒന്നു പരിഭവിച്ചേന്നോടു നീ-
യന്നുറക്കം നടിച്ചു കിടന്നതുപോല്‍, ഇന്നു-
മൊന്നുമറിയാതുറക്കം നടിക്കയോ?, കുഞ്ഞേ
ഉണരൂ, നിന്നമ്മ കെഞ്ചുന്നിതാ”.

“മഞ്ഞുപെയ്യുന്നു, മകനേ, പുറത്തൊരു-
മഞ്ഞുമനുഷ്യനെ ഉണ്ടാക്കിടുന്നച്ഛന്‍.
പള്ളിക്കൂടം വിട്ടു നീയോടിയെത്തുമ്പോള്‍
നിന്നെ, ചിരിച്ചുകൊണ്ടിന്നെതിരേല്‍ക്കുവാന്‍”

“ക്രിസ്തുമസ്സും, പുതുവര്‍ഷവുമൊക്കെയി-
ങ്ങെത്തിയതോര്‍ക്കാതെ പോയതെന്തിങ്ങനെ?
പുത്തനുടുപ്പും, കളിക്കോപ്പുകളും പൊതി-
പൊട്ടിച്ചു തുള്ളിക്കളിക്കേണ്ടതല്ലേ നീ”,
…………………………………………..
…………………………………………..
ആരവം ഏറുന്നലമുറയും, നമ്മള്‍-
കാണികള്‍ ഈ അന്ത്യരംഗത്തിന്‍ സാക്ഷികള്‍.
കേഴുക നാം, കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിക്കുക,
ഈയിളംപൂക്കള്‍ കൊഴിഞ്ഞ പൂമുറ്റത്തു.
കുരുതി (കവിത)- ജോസന്‍ ജോര്‍ജ്ജ്, ഡാലസ്
ജോസന്‍ ജോര്‍ജ്ജ്, ഡാലസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക