Image

ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നത്‌ അണ്ണാ ഹസാരെയോ?

രാജന്‍ പടവത്തില്‍ Published on 07 September, 2011
ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നത്‌ അണ്ണാ ഹസാരെയോ?

ഭാരത സംസ്‌ക്കാരത്തിന്റെ പ്രതിഛായയെ തന്നെ മാറ്റിമറിച്ചുകൊണ്ട്‌ ലോക്‌പാല്‍ ബില്ലിന്റെ മറവില്‍ ചില വ്യക്തികള്‍ നടത്തുന്ന കപട നാടകങ്ങളില്‍ ബലിയാടാകുവാന്‍, ലോകരാഷ്ട്രങ്ങളില്‍ എല്ലാ മേഘലകളിലും മുന്‍പന്തിയില്‍ നില്‌ക്കുന്ന ഇന്ത്യാ മഹാരാജ്യം എന്തിനു മുട്ടുമടക്കുന്നു?

ഗാന്ധിജി ആദര്‍ശധീരനും സമാധാനപ്രിയനുമായ മഹാത്മാവായിരുന്നു. മഹാത്മാഗാന്ധിക്കു പകരം വെയ്‌ക്കാന്‍ മഹാത്മാഗാന്ധിയല്ലാതെ മറ്റാരും ഈ ഇന്ത്യാ മഹാരാജ്യത്ത്‌ ഉണ്ടായിട്ടില്ല. ലോകമെമ്പാടും ആദരിക്കുന്ന ഈ മഹാത്മാവിനെപ്പോലെ ആകുവാന്‍ ശ്രമിക്കുന്ന കപട നാടകക്കാരുടെ ഒരു പരമ്പരതന്നെ നാം ഈ അടുത്ത നാളുകളില്‍ കണ്ടുകൊണ്ടിരിക്കുന്നു. ഇതിന്റെ ഒരു മകുടോദാഹരണമല്ലേ രാംദേവ്‌ എന്ന കപട സന്യാസി.

ഞാന്‍ പറയുന്നത്‌ നിയമമാക്കിയില്ലെങ്കില്‍ മരണം വരെ നിരാഹാര സമരം ചെയ്യുമെന്ന്‌ ഭീഷണി മുഴക്കുന്ന കൂട്ടരെ എന്താണ്‌ വിളിക്കേണ്ടത്‌. ഇവരൊക്കെ കുളത്തിലെ തവളകളല്ലേ? കുളത്തിനു പുറത്ത്‌ ലോകമുണ്ടെന്ന്‌ ഇക്കൂട്ടര്‍ അറിയുന്നില്ല.

മാനവരാശിയുടെ രക്ഷയ്‌ക്കുവേണ്ടി ക്രൂശിതനായ യേശുകൃസ്‌തു തന്റെ മരണസമയത്ത്‌ പ്രാര്‍ത്ഥിച്ച ആ പ്രാര്‍ത്ഥന ഇക്കൂട്ടര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന്‌ ഇവര്‍ അറിയുന്നില്ല. ഇവരോട്‌ ക്ഷമിക്കേണമേ.

ഇന്ത്യയുടെ നിയമനിര്‍മ്മാണങ്ങള്‍ നടത്തേണ്ടത്‌ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരിക്കുന്ന ഉന്നതരാല്‍ തിരഞ്ഞെടുക്കപ്പെടുന്ന നിയമനിര്‍മ്മാതാക്കളല്ലേ. അതോ, രാംദേവിനെപ്പോലെയോ അണ്ണാ ഹസാരെയെപ്പോലുള്ള വ്യക്തികളാണോ? ഇക്കൂട്ടരുടെ മുന്നില്‍ ഇന്ത്യ മുട്ടുമടക്കിയാല്‍ നൂറ്‌ നൂറ്‌ അണ്ണാ ഹസാരെമാര്‍ പൊട്ടിമുളയ്‌ക്കും എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാല്‍ കൊള്ളാം.മഹാത്മാഗാന്ധിജിയേയും അണ്ണാ ഹസാരെയേയും ഒരു തട്ടില്‍ തൂക്കരുതേ. ഇത്‌ ഹസാരെയെ തുണയ്‌ക്കുന്ന സ്‌നേഹിതര്‍ ചിന്തിക്കേണ്ടതാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക