Image

ഓര്‍മ്മയിലൊരു റേഷന്‍ കട - ജെയ്ന്‍ ജോസഫ്‌

ജെയ്ന്‍ ജോസഫ്‌ Published on 25 January, 2013
ഓര്‍മ്മയിലൊരു റേഷന്‍ കട - ജെയ്ന്‍ ജോസഫ്‌
ജന്മനാടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ നിങ്ങളേവരേയും പോലെ എന്നിലേക്കുമോടിവരുന്ന ചില ഓര്‍മ്മകളുണ്ട്… എന്റെ വീട്, പിന്നാമ്പുറത്തു കൂടി ഒഴുകുന്ന അരുവി, പറമ്പിലെ മരങ്ങള്‍, അയലത്തെ വീടുകള്‍, കളിക്കൂട്ടുകാര്‍ അങ്ങിനെ... അങ്ങിനെയൊരു ഓര്‍മ്മയിലേക്കാണ് ഞാന്‍ ഇന്നു നിങ്ങളെ കൂട്ടിക്കൊണ്ടുപോവുന്നത്… എന്റെ നാട്ടിലെ റേഷന്‍ കട.

സോഷ്യലിസത്തിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ടു തുടങ്ങിയ ഒരു സംരംഭം. ജാതി, മത, സാമ്പത്തിക ഭേദമെന്യേ ഏതു ഇന്ത്യാക്കാരന്റേയും ദൈനംദിനജീവിത്തിന്റെ ഭാഗമാണു റേഷന്‍കട. ലൈബ്രറി, പോസ്റ്റോഫീസ് ഒക്കെപ്പോലെ തന്നെ ഒരു നാടിന്റെ സോഷ്യല്‍ ഹബ് കൂടിയാണ് ഈ കട. ഏതു സ്ഥലത്തേയും പോലെ എന്റെ നാട്ടിലേയും ഏറ്റം പഴയ ഒരു കെട്ടിടത്തിലാണു റേഷന്‍ കട സ്ഥിതി ചെയ്യുന്നത്… തട്ടിട്ട, തടി ഭിത്തിയുള്ള, പലക വാതിലുള്ള കട.

സൂര്യന്‍ അസ്തമിച്ച് കുറച്ചു വെളിച്ചം മാത്രം ബാക്കി നില്‍ക്കുകയും, സ്ട്രീറ്റ്‌ലയിറ്റുകള്‍(Street lights) മടിച്ച് മടിച്ച് തെളിഞ്ഞു തുടങ്ങുകയും ചെയ്യുന്ന സായാഹ്നസമയത്താണു അപ്പച്ചയോടൊപ്പം റേഷന്‍ കടയിലേക്കുള്ള സവാരി. അപ്പച്ച വൈകീട്ടു പുറത്തേക്കിറങ്ങിയാല്‍ പശപോലെ ഈയുള്ളവളും കൂടെകൂടിയിരുന്നു.
അപ്പച്ചയോടൊപ്പമുള്ള ഈവനിംഗ് വോക്കുകളിലാണു എന്റെ പൊതുവിജ്ഞാനത്തിന്റെ ഡേറ്റാബേസുകള്‍ കെട്ടിപ്പടുക്കപ്പെട്ടിരുന്നത്. ആഗോളപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു നടന്നു പോവുന്ന ഒരു അപ്പനും പത്തുവയസുകാരിയും-ഇന്നും എന്റെ ഓര്‍മ്മകളില്‍ ആ ചിത്രം നിറഞ്ഞു നില്‍ക്കുന്നു. സാധനം വാങ്ങാനില്ലാത്തപ്പോഴും നടത്തത്തിനിടയിലെ ഒരു ഇടത്താവളമായിരുന്നു റേഷന്‍ കട. കാരണം റേഷന്‍ കടയിലെ തൊമ്മച്ചായന്‍ അപ്പച്ചയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു.

കയറ്റം കയറി ചെല്ലുമ്പോള്‍ പള്ളി, പോസ്റ്റോഫീസ്… അതുകഴിഞ്ഞ് റോഡില്‍ നിന്നും സ്വല്പം ഉയര്‍ന്നാണു റേഷന്‍ കട. തീരെ മങ്ങിയ വെളിച്ചമാണു കടയില്‍ എപ്പോഴും. അരണ്ടവെളിച്ചത്തില്‍ പറന്നു നടന്ന് അലോസരപ്പെടുത്തുന്ന ഈയലുകള്‍. വോള്‍ട്ടേജ് കുറഞ്ഞ, മുകളില്‍ നിന്നും തൂങ്ങിക്കിടക്കുന്ന ബള്‍ബിന്റെ കീഴിലിരുന്ന് പഴകി ദ്രവിച്ചു പോവാറായ ഒരു കണക്കു പുസ്തകത്തില്‍ തൊമ്മച്ചായന്‍ തങ്ങളുടെ റേഷന്‍ കാര്‍ഡില്‍ നിന്ന് എന്തൊക്കെയോ പകര്‍ത്തി എഴുതും. ആ റേഷന്‍ കാര്‍ഡ് ഇപ്പോഴും ഓര്‍ക്കുന്നു, മഞ്ഞ നിറമുള്ള തുണിയുടെ പുറംചട്ട, അകത്തു കുനുകുനാ എഴുത്തുകള്‍. ഏതൊരു മലയാളിയുടേയും മുഖ്യ ഐഡിന്റിറ്റി കാര്‍ഡാണിതെന്ന വിവരം അന്നെനിക്കറിയില്ലായിരുന്നു. ഏതായാലും വളരെ വിലപ്പെട്ട ഒന്നാണെന്ന്, വീട്ടിലെ ഷോകേസില്‍ ബൈബിളിന്റെ അടുത്തുള്ള റേഷന്‍ കാര്‍ഡിന്റെ സ്ഥാനത്തില്‍ നിന്നും മനസിലായിരുന്നു. ഓരോ തവണയും റേഷന്‍ കടയില്‍ നില്‍ക്കുമ്പോള്‍ അതിലെ കുടുംബാംഗങ്ങളുടെ പേരു പല ആവര്‍ത്തി വായിക്കുമായിരുന്നു. കാരണം അവിടെ കാത്തു നില്‍ക്കുമ്പോള്‍ വേറൊന്നും ചെയ്യാനില്ലായിരുന്നു. തൊമ്മച്ചായനും അപ്പച്ചയും ആഗോളപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കടയില്‍ എടുത്തു കൊടുക്കാന്‍ നില്‍ക്കുന്ന ചേട്ടന്‍ സ്ലോമോഷനില്‍ മണ്ണെണ്ണ അളെന്നെടുക്കുകയായിരിക്കും. സാധനം റെഡിയായിക്കഴിഞ്ഞാലും സംസാരം നീണ്ടു പോവും. ചായക്കടയിലെ പോലെ ഉറക്കെയല്ല സംസാരം. വരുന്നവരും പോകുന്നവരും ഒക്കെ വളരെ പതുക്കെയാണു സംസാരിക്കുന്നത്. കടയില്‍ നിന്നും റോഡിലേക്കു നോക്കിയാല്‍ നടന്നു പോകുന്നവരുടെ മുഖം വ്യക്തമാവില്ല. എങ്കിലും അവരുടെ നടപ്പിന്റെ ശൈലിയില്‍ക്കൂടി ആള്‍ക്കാരെ ഊഹിച്ചു കണ്ടുപിടിക്കുകയായിരുന്നു എന്റെ മറ്റൊരു വിനോദം. പോകാന്‍ നേരം തൊമ്മച്ചായന്‍ എന്നെ നോക്കി “ങാ മോളെ” എന്നു മാത്രം പറയും. ഞാന്‍ ചിരിക്കും. അതിലടങ്ങിയിരുന്ന വാത്സല്യം ഇന്നെനിക്കു മനസിലാവുന്നു.

പിന്നെ നക്ഷത്രങ്ങള്‍ കണ്ടുകൊണ്ട്, അപ്പച്ചയോട് ലോകകാര്യങ്ങള്‍ സംസാരിച്ചു കൊണ്ട് മടക്കയാത്ര. അപ്പോള്‍ വഴിയിലെ കടകളിലെ റേഡിയോകളില്‍ നിന്നും കേള്‍ക്കുന്ന കമ്പോള നിലവാരം-കൊച്ചി ഇമി ക്വിന്റലിനു എണ്ണൂറു രൂപ, വെളിച്ചെണ്ണ… അതുകേട്ടു സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ നടന്നു നീങ്ങുന്ന ഒരു അപ്പനും മോളും. കാലത്തിന്റെ പുരോഗതിയില്‍ മാവേലി സ്റ്റോറുകള്‍ തൊട്ട് ഇന്നത്തെ മാര്‍ജിന്‍ ഫ്രീ കടകള്‍ വരെ, കാപ്പിറ്റലിസത്തിന്റെ മുഖമുദ്രയായി ഉടലെടുത്തു. എന്നാലും ഇന്നും ആ റേഷന്‍ കട, പരിഷ്‌ക്കാരത്തിന്റെ പരിവേഷമണിയാതെ ഇപ്പോഴും അവിടെയുണ്ട്.

ഇന്നു അപ്പച്ചയില്ല, തോമ്മച്ചായനുമില്ല. പക്ഷെ എന്റെ ബാല്യകാല സ്മരണകളില്‍ ലാളിത്യത്തിന്റെ പ്രതീകമായി ആ റേഷന്‍ കടയും, അരണ്ട വെളിച്ചത്തിലെ ആ സൗഹൃദ സംഭാഷണങ്ങളും ഒരു സാന്ത്വനമായി ഇന്നും ജീവിക്കുന്നു.

ഓര്‍മ്മയിലൊരു റേഷന്‍ കട - ജെയ്ന്‍ ജോസഫ്‌
Join WhatsApp News
Gigy Thomas 2014-06-07 04:39:17
Nostalgic memories of a glorious past beautifully narrated. Villages are the birthplace of culture. I remember, in the 1970-1980's of soviet era, life in our villages (esp. Kottayam, Palai side) were very simple, sincere, human hearts were a lot affectionate and cordial. My only prayer is let this be a guiding light for our present and future generations who live in a changed society.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക