Image

തിന്മയുടെ തീക്കനല്‍ (മണ്ണിക്കരോട്ട്‌)

മണ്ണിക്കരോട്ട്‌ (www.mannickarottu.net) Published on 25 January, 2013
തിന്മയുടെ തീക്കനല്‍ (മണ്ണിക്കരോട്ട്‌)
സാങ്കേതിക ശാസ്‌ത്രത്തിന്റെ കുതിപ്പും വിവരസാങ്കേതവിദ്യയുടെ പടര്‍പ്പും ലോകത്ത്‌ ഒരു സാങ്കേതിക വിപ്ലവംതന്നെ സൃഷ്ടിച്ചിരിക്കുകയാണ്‌. ഈ അത്ഭുതകരമായ മാറ്റത്തിന്റെ തേരോട്ടം മനുഷ്യജീവിതത്തിന്റെ നാനാ തുറകളിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണെല്ലോ. ഓരോ നാടിനെയും ഓരോ ജീവിതത്തെയും വ്യത്യസ്ഥ മായി സ്വാധീനിക്കുന്ന ഈ തേരോട്ടം എവിടെ ചെന്ന്‌ അവസാനിക്കുമെന്ന്‌ ആര്‍ക്കും നിശ്ചയമില്ലെന്നു മാത്രമല്ല, യാതൊരു രൂപവുമില്ല.

ശാസ്‌ത്രം, സാധാരണക്കാരുടെ ജീവിതത്തില്‍തന്നെ എന്തെല്ലാം മാറ്റങ്ങളാണ്‌ വരുത്തിവച്ചിരിക്കുന്നത്‌. ഇന്ന്‌ മനുഷ്യന്‌ കംപ്യുട്ടറും മൊബൈല്‍ ഫോണും അതുപോലെ മറ്റോരൊ ആധുനികവും അത്യാധുനികവുമായ സാങ്കേതിക മികവില്‍ നിര്‍മ്മിച്ചിട്ടുള്ള ഉപകരണങ്ങളില്ലാതെ ജീവിക്കാന്‍ കഴിയാതായി. ഈ ലോകമെല്ലാം ഒരു വിരല്‍തുമ്പില്‍ അവന്‍ ഒതുക്കിക്കഴിഞ്ഞു. എന്നാല്‍ മനുഷ്യജീവിതത്തിനു പ്രയോജനപ്പെടേണ്ട ഈ മികവ്‌ ദുരുപ യോഗപ്പെടുത്തി, സാധാരണ മനുഷ്യമനസിനെപ്പോലും തിന്മയിലേക്കും അധര്‍മ്മത്തിലേക്കും വലിച്ചിഴയ്‌ക്കുന്ന പ്രതിഭാസം ഒരു പ്രഹേളികയായി പരക്കെ പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്‌. ഇതേക്കുറിച്ച്‌ ഒരു ഗഹനമായ പഠനമല്ല ഇവിടെ ഉദ്ദ്യേശിക്കുന്നത്‌. ഈ പ്രതിഭാസം കേരളത്തിലെ ജനതകളില്‍ വരുത്തിവയ്‌ക്കുന്ന ചില മാനസിക വിഭ്രാന്തികളിലേക്കും മാറ്റങ്ങളിലേക്കും വിരല്‍ ചൂണ്ടുകമാത്രമാണിവിടെ.

ഇന്ന്‌ കേരളത്തില്‍ ചാനല്‍ വിപ്ലവത്തിന്റെ ഒരു കാലഘട്ടമാണെല്ലോ. ഇപ്പോള്‍ ഏതാണ്ട്‌ ഇരുപത്തഞ്ചോളം ചാനലുകളുണ്ട്‌. അടുത്തുതന്നെ പത്തോളം ചാനലുകള്‍കൂടി തുടങ്ങാന്‍ പോകുന്നുവെന്നാണ്‌ അറിയാന്‍ കഴിയുന്നത്‌. ഒരു കൊച്ചു സംസ്ഥാനമായ കേരളത്തില്‍, മലയാളത്തിനു മാത്രമാണ്‌ ഇത്രയും ചാനലുകള്‍. അതില്‍ രാഷ്ട്രീയപ്പാര്‍ട്ടിയ്‌ക്കും മതങ്ങള്‍ക്കും ചാനലുകള്‍. പ്രസിദ്ധീകരണങ്ങളുടെ പേരില്‍ വേറെ. ദേശിയ ചാനലുകള്‍ പിന്നെയും. ഇതൊക്കെ കഴിഞ്ഞ്‌ അന്യസംസ്ഥാന ചാനലുകള്‍ കാണുന്ന മലയാളികളുമുണ്ട്‌.

ഇത്രയേറെ ചാനലുകള്‍ക്ക്‌ പ്രേക്ഷകരെ കണ്ടെത്താനുള്ള മത്സരത്തിലാണ്‌ ജീവനക്കാര്‍. അതിന്‌ പ്രേക്ഷ കരെ ആകര്‍ഷിക്കുന്ന പുതിയ പുതിയ പരിപാടികള്‍ കണ്ടെത്തണം. അതിനുള്ള ഏറ്റവും വലിയ ഉപാധിയായി രിക്കുകയാണ്‌ സീരിയലുകള്‍ അഥവാ പരമ്പരകള്‍. മൂന്നോ നാലോ ചാനലുകള്‍ ഉണ്ടായിരുന്നപ്പോള്‍ സാധാരണ ജനജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളും കുടുംബ പ്രശ്‌നങ്ങളുമൊക്കെയായിരുന്നു കൂടുതലും വിഷയങ്ങള്‍. അത്‌ പണ്ടൊക്കെ നിര്‍മ്മിച്ച ചലച്ചിത്രങ്ങള്‍പോലെ കുറച്ചെങ്കിലും മൂല്യാധിഷ്ടിതവും, കുടുംബം ഒന്നായി കണ്ട്‌ ചിരിക്കാനും ചിന്തിക്കാനും സന്തോഷിക്കാനും അവസരമൊരുക്കുന്നതുമായിരുന്നു.

എന്നാല്‍ ഇന്ന്‌ ചാനുകളുടെ വളര്‍ച്ച മാനുഷിക മൂല്യങ്ങളുടെ തകര്‍ച്ചയിലേക്ക്‌ നയിക്കുകയാണ്‌. സന്ധ്യാ സമയങ്ങളിലും അതിനുശേഷവും പ്രക്ഷേപണം ചെയ്യുന്ന സീരിയലുകളാണ്‌ ഇതില്‍ പ്രധാനം. അതിക്രമങ്ങളും അധാര്‍മ്മികതകളും കുത്തിത്തിരുകി ഉദ്വേഗം വര്‍ദ്ധിപ്പിച്ച്‌ പ്രേക്ഷകരുടെ മനസ്സിളക്കുന്ന സീരിയലുകളാണ്‌ മിക്കതും. പ്രേക്ഷകരെ ആകര്‍ഷിക്കാനും റെയിറ്റിംഗ്‌ ഉയര്‍ത്താനും ഇതൊക്കെ ആവശ്യമാണെന്നാണ്‌ ചാനല്‍ പ്രവര്‍ത്തകരുടെ ഭാഷ്യം. നല്ല റെയിറ്റിംഗ്‌ ഉണ്ടെങ്കിലെ ചാനലുകള്‍ക്ക്‌ അവശ്യംവേണ്ട സ്‌പോണ്‍സേഴ്‌സിനെ ലഭിക്കുകയുള്ളത്രെ. അതില്ലാതെ നിലനില്‍പ്പില്ല. അതുകൊണ്ട്‌ ആ വിധത്തില്‍ പരിപാടികള്‍ തയ്യാറാക്കിയെ മതിയാവു. അവിടെ മൂല്യവും ധാര്‍മ്മികതയും നഷ്ടപ്പെടുന്നു, മൂല്യച്ച്യുതിയും അധാര്‍മ്മികതയും അനിയന്ത്രിതമായി കുതിച്ചുയരുകയും ചെയ്യുന്നു.

ഇപ്പോഴത്തെ പരമ്പരകള്‍ പലതും അപസര്‍പ്പക നോവലുകള്‍പോലെയൊ ഭ്രമകല്‍പ്പനപോലെയൊ ഒക്കെയാണ്‌. വിചിത്രവും സാമാന്യബുദ്ധിയ്‌ക്ക്‌ അതീതവും അസംഭവ്യവുമായ കാര്യങ്ങളാണ്‌ മിക്ക പരമ്പരകളിലും പ്രദര്‍ശിപ്പിക്കുന്നത്‌. പലതിലും രഹസ്യമായും പരസ്യമായും ഭാര്യമാരുള്ള ഭര്‍ത്താക്കന്മാര്‍. ചിലപ്പോള്‍ ഭാര്യമാരും കാമുകികളും കണ്ടേക്കും. അതുപോലെ മറിച്ചും. പിന്നെ അവരെല്ലാംകൂടിയുള്ള സംഘട്ടനങ്ങള്‍. സ്വത്തുക്കള്‍ പിടിച്ചുപറിച്ചെടുക്കാനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും കൊലപാതകങ്ങളും. സ്‌ത്രീപീഡനം, പിടിച്ചുപറി, തട്ടി ക്കൊണ്ടുപോകല്‍, കൊള്ള, കൊലപാതകം, പെണ്‍കുട്ടികളെ വഴിപിഴപ്പിച്ച്‌ പണംകൊയ്യാനുള്ള ശ്രമം, എന്നുവേണ്ട മനുഷ്യമനസിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങള്‍. അങ്ങനെ എല്ലാ വേണ്ടായ്‌മകളും അതിക്രമങ്ങളും ഇന്ന്‌ സീരിയിലുകളിലൂടെ മനുഷ്യമനസുകളില്‍ കുത്തിനിറയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌.

പ്രൊഫസേഴ്‌സ്‌, ലോയേഴ്‌സ്‌, എന്‍ഞ്ചിനിയേഴ്‌സ്‌ എന്നുവേണ്ട ഉന്നത നിലവാരം പുലര്‍ത്തേണ്ടവരും മറ്റുള്ളവര്‍ക്കു മാതൃകയാകേണ്ടവരും ഇവിടെ തെരുവുഗുണ്ടകളായും ചതിയന്മാരായും, അസാന്മാര്‍ഗ്ഗികളായും കൂട്ടിക്കൊടുപ്പുകാരുമൊക്കെയായി തരംതാഴുകയാണ്‌. ഇവിടെ സാമാന്യ ജനങ്ങളുടെ വൈകാരിക മനോഭാവങ്ങള്‍ ഇളക്കിവിട്ട്‌ അനീതിയും അക്രമവും നിറഞ്ഞ ഒരു സൂഹം സൃഷ്ടിക്കപ്പെടുന്നു. അതോടൊപ്പം മനുഷ്യരുടെ പണ ത്തോടുള്ള ആര്‍ത്തിയും ഒരു വടവൃക്ഷംപോലെ വളരുകയാണ്‌. ഇന്ന്‌ എത്രകോടി കിട്ടിയാലും മതിയാകാത്ത മനോഭാവം. ഇതെല്ലാം കണ്ടും കേട്ടുമാണ്‌ അടുത്ത തലമുറ വളരുന്നത്‌.

അത്തരം സീരിയലുകള്‍ തിന്മയുടെ തീക്കനലും അധാര്‍മ്മികതയുടെ അഗ്നിനാളങ്ങളുമാണ്‌. ഈ തീക്കനലിന്റെ ജ്വാല കേരളത്തിന്റെ മൗലികവും സാത്ത്വികവുമായ മൂല്യങ്ങളെ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്‌. അതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒന്നാണ്‌ കേരളത്തിലെ അക്രമരാഷ്ട്രീയം. എതിരാളിയെ ഏതുവിധവും നശിപ്പിച്ച്‌ സ്വയം മുന്നേറാനുള്ള പ്രവണത. എല്ലാംകൂടിയാകുമ്പോള്‍ ഇളം പ്രായത്തിലേ കുട്ടികള്‍ക്ക്‌ മൂല്യങ്ങളെ തകര്‍ത്ത്‌ നശീകരണപ്രവണതിയിലേക്കു വളരാനുള്ള വളവും വെള്ളവുമായി. അങ്ങനെ ഇന്ന്‌ കേരളത്തിലെ ജനങ്ങളുടെ ചിന്താഗതിയും ജീവിത രീതിയും തകിടം മറിഞ്ഞിരിക്കുന്നു. കുട്ടികള്‍ വ്യാപകമായി ദുര്‍വിനയോഗം ചെയ്‌തുകൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയകളും ഈ പ്രവണതയ്‌ക്ക്‌ കൂടുതല്‍ സഹായകമാകുകയും ചെയ്യുന്നു.

ഈ മാറ്റം രാഷ്ട്രീയത്തില്‍ തുടങ്ങിയതാണ്‌. ഇന്ന്‌ കേരള രാഷ്ട്രീയം കൂടുതലും അക്രമരാഷ്ട്രീയമായി മാറിയിരിക്കുകയാണ്‌. ഇത്‌ കലാലയങ്ങളില്‍പോലും കത്തിപ്പടര്‍ന്ന്‌ കലാലയങ്ങളെ കലാപശാലകളാക്കി മാറ്റുന്നു. ഇന്ന്‌ കലാലയങ്ങളില്‍ അരങ്ങേറാത്ത ഏതെങ്കിലും അധാര്‍മ്മികത ബാക്കി ഉണ്ടാകില്ല. ഇപ്പോഴത്‌ ഹൈസ്‌ക്കൂ ളുകളിലേക്കും അതിനും താഴേക്കും പടര്‍ന്നെത്തിക്കഴിഞ്ഞിരിക്കുന്നു. ഒരുകാലത്ത്‌ ചട്ടമ്പികളെന്നോ ഗുണ്ടാക ളെന്നോ ഒക്കെ പറയുന്നവര്‍ക്കുപോലും അന്യമായിരുന്ന അതിക്രമങ്ങളാണ്‌ ഇന്ന്‌ കുട്ടികളിലും ചെറുപ്പക്കാരിലും വ്യാപിച്ചിരിക്കുന്നത്‌. അവര്‍ക്ക്‌ ഒറ്റയ്‌ക്കൊ സംഘമായൊ കഴിയാത്തതിനും വഴിയുണ്ട്‌. ക്വട്ടേഷന്‍ സംഘം. കേരളത്തില്‍ അതിന്ന്‌ കുടില്‍വ്യവസായംപോലെയാണെല്ലോ. കൈകാലുകള്‍ വെട്ടിയൊ കൊന്നോ എന്തിനും അക്കൂട്ടര്‍ തീര്‍പ്പുകല്‍പ്പിച്ചുകൊള്ളും. ഇന്ന്‌ കുട്ടികള്‍ സ്‌ക്കൂളില്‍ പോയിക്കഴിഞ്ഞാല്‍ തിരിച്ചെത്തുമൊയെന്ന്‌ മാതാപിതാക്കള്‍ ഭയന്നു കഴിയേണ്ടിയിരിക്കുന്നു.

അധികം നാളായിട്ടില്ല ഇടുക്കി ജില്ലയിലെ ചെറുതോണി എന്ന സ്ഥലത്ത്‌ ഒരു പട്ടാപ്പകല്‍ നടന്ന സംഭവം ഓര്‍ക്കുകയാണ്‌. വീടിനു സമീപം പുല്‍മേട്ടില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ അഴിച്ചുകൊണ്ടുവരാന്‍ പോയതാണ്‌ ഗര്‍ഭിണിയായ 25-കാരി സജീന എന്ന വീട്ടമ്മ. മലമേടായ സ്ഥലം. അവിടേക്കു പോകുന്നതു കണ്ട സജനിയെ അയല്‍പക്കത്തെ കേവലം പതിമൂന്നുവയസുമാത്രം പ്രായമുള്ള ഒരു ബാലന്‍ പിന്തുടര്‍ന്നു. കാരണമില്ലാതെ അവന്‍ അവളോട്‌ ലൈംഗീകച്ചുവയുള്ള അസഭ്യവര്‍ഷങ്ങള്‍ തുടങ്ങി. വിവരം വീട്ടില്‍ അറിയുക്കുമെന്ന്‌ പറഞ്ഞ സജീനയെ അവന്‍ തള്ളിവീഴ്‌ത്തി കത്തികൊണ്ട്‌ കഴുത്തിനുതന്നെ വെട്ടുകയായിരുന്നു. അവിടെനിന്ന്‌ വല്ലവിധേനയും എഴുന്നേറ്റ്‌ ജീവനുംകൊണ്ട്‌ രക്ഷപെടാന്‍ ശ്രമിച്ച സജീനയെ ഈ ബാലന്‍ കല്ലെറിഞ്ഞു വീഴ്‌ത്തി. അതോടെ ചോരവാര്‍ന്ന്‌ അവളുടെ ശരീരം നിശ്ചലമാകുകയും ചെയ്‌തു. ഗര്‍ഭിണിയായ അവളുടെ ശരീരം അവന്‍ വലിച്ചിഴച്ചു കൊണ്ടുപോയി മലയിടുക്കില്‍ തള്ളിയിടുകയായിരുന്നു. നാടിനെ നുക്കിയ ഈ അതിക്രമത്തിന്‌ അവന്‌ എങ്ങനെ പ്രചോദനമുണ്ടായി?

പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന, ഉണ്ടായിക്കൊണ്ടിരിക്കുന്ന വിപത്തുകള്‍ എല്ലാവര്‍ക്കും പരക്കെ അറിവു ള്ളതുതന്നെ. യൗവനത്തിലേക്കു കടക്കുന്ന പ്രായത്തില്‍ ശരീരത്തോളം മനസ്സ്‌ വളര്‍ന്ന്‌ പക്വത നേടാത്ത കുട്ടികളെ പ്രലോഭിപ്പിക്കാന്‍ വളരെ എളുപ്പമാണ്‌. സിനിമയിലും സീരിയലിലും ഒക്കെ കാണുന്ന പെണ്‍കുട്ടികളെപ്പോലെ അണിഞ്ഞൊരുങ്ങി പ്രശസ്‌തിയിലെത്താന്‍ മോഹം. സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയാത്ത അവര്‍ പ്രലോഭ നങ്ങളുടെ ഇരകളായി ചതിക്കുഴിയില്‍ പതിയുന്നു. അതോടെ അവരും അവരുടെയും കുടുംബവും നിത്യദുരിതത്തി ല്‍ ചെന്നു പതിക്കുകയും ചെയ്യുന്നു.

കഠിനഹൃദയരെപ്പോലും കണ്ണീരണിയിക്കുന്ന, സാംസ്‌ക്കാരിക കേരളത്തിനു കളങ്കം ചാര്‍ത്തിയ പല സ്‌ത്രീപീഡന കേസുകളാണ്‌ തൊണ്ണൂറുകളുടെ ഉത്തരാര്‍ദ്ധം മുതല്‍ കേരളത്തില്‍ ഉണ്ടായിട്ടുള്ളത്‌. 1996-ല്‍ നാടിനെ നടുക്കിയ സൂര്യനെല്ലി പീഡനക്കേസുണ്ടായി. അവിടെ 16 വയസുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയെ ഒരു ബ സ്‌ കണ്‍ടക്ടര്‍ പ്രലോഭിപ്പിച്ചും ഭീഷണപ്പെടുത്തിയും തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു. തുടര്‍ന്ന്‌ അതൊരു പരമ്പരപോലെ നീണ്ടു. 40 ദിവസത്തില്‍ പതിനാറുകാരിയായ ആ ബാലികയെ 48-പേര്‍ ലൈംഗീകമായി പീഡിപ്പിച്ചെന്നായിരുന്നു വാര്‍ത്ത. അതില്‍ സമൂഹത്തിലെ ഉന്നതരും മാന്യരും വി.ഐ.പി.കളും ഉള്‍പ്പെട്ടിരുന്നു വെന്നും വാര്‍ത്തയുണ്ടായി. പന്തളത്ത്‌ മൂന്ന്‌ അധ്യാപകരും മറ്റു പലരൂം ചേര്‍ന്നാണ്‌ ഒരു വിദ്യാര്‍ത്ഥിനിയെ പീഡിപ്പി ച്ചത്‌. ഒരു സമയത്ത്‌ ദൈവതുല്യം കണക്കാക്കപ്പെട്ടിരുന്ന ഗൂരുക്കന്മാരാണ്‌ ഇവിടെ കാമവെറിയന്മാരായി മാറിയത്‌.

കവിയൂരില്‍ കേവലം പതിനഞ്ചുവയസു മാത്രം പ്രായമുള്ള അനഘ എന്ന പെണ്‍കുട്ടിയുടെ പീഡനപര്‍വ്വം ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചു. അഭിമാനം നഷ്ടപ്പെട്ട അവളുടെ മാതാപിതാക്കളും സഹോദരങ്ങളും അത്മഹത്യ ചെയ്‌തു. കിളിരൂരിര്‍ ശാരി എന്ന പെണ്‍കുട്ടി ഒരു പെണ്‍കുഞ്ഞിന്‌ ജന്മംനല്‍കിയശേഷം ദുരൂഹത ബാക്കിനിര്‍ത്തിക്കൊണ്ട്‌ മരണത്തിനു കീഴടങ്ങി. ഇതില്‍നിന്നെല്ലാം കേരളത്തിന്റെ മാറുന്ന മുഖമാണ്‌ നാം മനസ്സിലാക്കേണ്ടത്‌. ഇതിലെല്ലാം എന്നെന്നേക്കുമായി ജീവിതം തകര്‍ക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക്‌ അര്‍ഹിക്കുന്ന നീതി ലഭിക്കുന്നില്ലെന്നുള്ളതാണ്‌ ബൗദ്ധിക കേരളത്തിന്റെ മറ്റൊരു മുഖം. എന്നുമാത്രമല്ല സമ്പത്തും സ്വാധീനവു മുള്ള പ്രതികള്‍ മാന്യന്മാരായി സമൂഹത്തില്‍ യഥേഷ്ടം വിഹരിക്കുകയും ഈ കുട്ടികളെ കേസുകളില്‍നിന്ന്‌ കേസുകളിലേക്ക്‌ വളിച്ചിഴച്ച്‌ നിത്യനരകത്തിലൊ അകാലമരണത്തിലൊ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.

മുമ്പൊക്കെ ചുരുക്കമായിട്ടെങ്കിലും ബലാല്‍സംഗം ഉണ്ടായിട്ടുണ്ടെങ്കില്‍ അത്‌ യുവതികളോടും പ്രായപൂര്‍ ത്തിയായ പെണ്‍കുട്ടികളോടുമായിരുന്നു. ഇന്ന്‌ ബലാല്‍സംഗം പീഡനമായി മാറി. അതിന്‌ പ്രായപരിധിയില്ല. പിച്ചവയ്‌ക്കുന്നതൊ ജനിച്ചുവീഴുന്നതൊ ആയ കുഞ്ഞുങ്ങള്‍ മുതല്‍ പിച്ചവയ്‌ക്കാന്‍പോലും കഴിയാത്ത വൃദ്ധകളോ ടുപോലും ഈ കടുംകൈ സാധാരണ വാര്‍ത്തപോലെ പത്രങ്ങളില്‍ വായിക്കാം. പ്രായപൂര്‍ത്തിപോലും ആകാത്ത പെണ്‍കുട്ടികളെ പണത്തിനുവേണ്ടി വില്‍ക്കുന്ന മാതാപിതാക്കള്‍. രണ്ടാനച്ചനും സ്വന്തം പിതാവും മറ്റ്‌ ബന്ധുക്കളും പെണ്‍മക്കളെ പിഡിപ്പിക്കുന്ന സംഭവപരമ്പരകള്‍.

ഇന്ന്‌ സ്‌ത്രീപിഡനം ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു. ഇന്‍ഡ്യയില്‍ സ്‌ത്രീപീഡനത്തിന്‌ കേരളം ഒന്നാം സ്ഥാനത്താണ്‌. 2011-ല്‍ സ്‌ത്രീകള്‍ക്കുനേരെ നടന്ന അക്രമണങ്ങളില്‍ 5736 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തി ട്ടുള്ളത്‌. സൈബര്‍ സെല്‍ കേസുകള്‍ 80,000-ത്തില്‍ ഏറെ. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത കേസുകള്‍ എത്രമാത്രമെന്ന്‌ ആരറിഞ്ഞു? മൂന്നു നാല്‌ ദശാബ്‌ദത്തിനു മുമ്പ്‌ സ്വപ്‌നത്തില്‍പോലും ചിന്തിക്കാന്‍ കഴിയാഞ്ഞതാണ്‌ ഇന്ന്‌ കണ്‍മുമ്പില്‍ നടക്കുന്നത്‌. പണ്ട്‌ പാതിരാത്രിയില്‍ സംഭവിക്കാത്തത്‌ ഇന്ന്‌ പട്ടാപ്പകല്‍ സംഭവിക്കുന്നു.

എന്റെ ചെറുപ്പകാലത്തെ കേരളത്തെക്കുറിച്ച്‌ ഓര്‍ക്കുകയായിരുന്നു. എന്തു മനോഹരമായിരുന്നു നമ്മുടെ നാട്‌. ഒരിക്കല്‍ നമ്മുടെ നാടിനെക്കുറിച്ചും അതിലെ ഗ്രാമങ്ങളെക്കുറിച്ചും പാടി പുകഴ്‌ത്താത്ത കവികളില്ലായിരുന്നു. അന്നത്തെ കേരളം ഇന്നെവിടെ? ദൈവത്തിന്റെ ആ സ്വന്തം നാട്‌ ഇന്നെവിടെ?

പണ്ടൊക്കെ വൈകുന്നേരമാകുമ്പോള്‍ ഹൈന്ദവ കുടുംബങ്ങളില്‍ ദീപംതെളിയിച്ച്‌ രാമനാമം ചൊല്ലുന്നതു പതിവായിരുന്നു. ക്രിസ്‌തീയ കുടുംബങ്ങളില്‍ മെഴുകുതിരി കൊളുത്തി പാട്ടുപാടി കുടുംബപ്രാര്‍ത്ഥനയും പതിവാ യിരുന്നു. ഇന്ന്‌ സമ്പത്തു വര്‍ദ്ധിച്ചു. കുടുംബത്തില്‍ അച്ഛന്‍ ഒരു ടിവിയുടെ മുമ്പില്‍. അല്ലെങ്കില്‍ മറ്റെവിടെയൊ മദ്യസേവ. അമ്മ മറ്റൊരു ടിവിയുടെ മുമ്പില്‍. മക്കള്‍ ഇനിയുമൊരിടത്ത്‌. പണ്ടത്തെ ഈശ്വരനാമം ഇന്ന്‌ സീരിയല്‍ നാമത്തിനും അതുപോലെ മറ്റ്‌ വേണ്ടായ്‌മകള്‍ക്കും വഴിമാറി. അതോടൊപ്പം വാര്‍ത്തകളിലെല്ലാം നിറഞ്ഞുനി ല്‍ക്കുന്ന സ്‌ത്രീപീഠനം, പൂവാലശല്യം, എസ്‌.എം.സ്‌., ചാറ്റിംഗ്‌, ചീറ്റിംഗ്‌, അഴിമതി, കൊലപാതകം, പിടിച്ചുപറി അങ്ങനെ ഓരോന്നും. രാഷ്ട്രീയരംഗത്തായാലൊ അടിച്ചു തകര്‍ക്കല്‍, അരിഞ്ഞുവീഴ്‌ത്തല്‍, എറിഞ്ഞു പൊട്ടിക്കല്‍, തീവയ്‌ക്കല്‍, നിയമം ലംഘിക്കല്‍, വെട്ടും കുത്തും, കൊലപാതകം, അങ്ങനെ അവിടെയും കുട്ടികളുടെ ഇളം മനസിനെ ഇളക്കിമറിയ്‌ക്കുന്ന രാഷ്ട്രീയപരമ്പരകളാണ്‌.

തിന്മയുടെ തീക്കനലുകളാകുന്ന ഈ വിഷാഗ്നി കേരളത്തിലെങ്ങും കത്തിപ്പടരുകയാണ്‌. അത്‌ കേരളത്തെ ഗ്രസിച്ചുകൊണ്ട്‌ നമ്മുടെ മൂല്യങ്ങളും പൗരാണികതയും പാരമ്പര്യവും നശിപ്പിക്കുന്നു. അത്‌ പിഞ്ചുകുട്ടികളിലേക്കും പകരുകയാണ്‌. ഇവിടെ നമ്മുടെ നാടിന്റെ നല്ല നാളെയെക്കുറിച്ചുള്ള ചോദ്യങ്ങളാണ്‌ ഉയരുന്നത്‌. ഈ പോക്ക്‌ എങ്ങോട്ടാണ്‌? ഇത്‌ കേരളത്തെ ഏതറ്റംവരെ കൊണ്ടെത്തിയ്‌ക്കും? ജനങ്ങള്‍ ചിന്തിക്കേണ്ടതാണ്‌. ഈ വിഷാഗ്നി യില്‍നിന്ന്‌ ഫീനിക്‌സ്‌ പക്ഷിയെപ്പോലെ പൂര്‍വ്വാധികം ശക്തിയോടെ കേരളം വീണ്ടും ജനിക്കാന്‍ ജനങ്ങള്‍ മുമ്പോട്ടു വരേണ്ടിയിരിക്കുന്നു.
തിന്മയുടെ തീക്കനല്‍ (മണ്ണിക്കരോട്ട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക