Image

ഒലേലെഴുത്തു മുതല്‍ കിരിതിമതിയിലെ ഉദയം വരെ (ജോണ്‍മാത്യു)

Published on 27 January, 2013
ഒലേലെഴുത്തു മുതല്‍ കിരിതിമതിയിലെ ഉദയം വരെ (ജോണ്‍മാത്യു)
ഞാനൊരു പഴഞ്ചനെന്നാണ്‌ മക്കളും അവരുടെ തരപ്പടിക്കാരും പിന്നെ പേരക്കിടാങ്ങളും പറയുന്നത്‌. ആ പഴഞ്ചന്‍ രീതിയില്‍നിന്ന്‌ എന്നെ മോചിപ്പിക്കേണ്ടത്‌ തങ്ങളുടെ കടമയും കര്‍ത്തവ്യവുമായി അവര്‍ കരുതുന്നു. കാരണം, എനിക്ക്‌ വേണ്ടത്ര പ്രായോഗിക കംപ്യൂട്ടര്‍ വിജ്‌ഞാനമില്ലത്രേ.

അതിന്റെ ആദ്യത്തെ പടിയായിരുന്നു ഇക്കഴിഞ്ഞ ക്രിസ്‌മസ്‌ കാലത്ത്‌ സംഭവിച്ച (ഐഫോണ്‍ഫൈവ്‌) സമ്മാനം.

ഈ ആധുനിക ഹൈടെക്കിനോട്‌ എനിക്ക്‌ പിണക്കമൊന്നുമില്ല, എന്നാല്‍ തുടക്കത്തിലെതന്നെ എന്റെ പ്രിയപ്പെട്ട സെല്‍ഫോണ്‍ ട്രാഷില്‍ വീണു. പിന്നീടാണ്‌ ഐഫോണ്‍ പ്രത്യക്ഷപ്പെട്ടത്‌.

എന്തോ, ഈ പുതിയ (യന്ത്രം) എന്റെ വിരലുകള്‍ക്ക്‌ വഴങ്ങാതായി.

തോന്നുമ്പോഴൊക്കെ വലിയ നമ്പര്‍കുത്തി ഒന്നരമണിക്കൂര്‍നേരം സമാജം പള്ളി മുതലായ പൊളിറ്റിക്ക്‌സ്‌വാചകമടിക്കുന്ന എനിക്ക്‌ ആധുനിക (ആപ്പ്‌ ലോകത്തില്‍(ക്കൂടി പരതി വേണ്ടതും വേണ്ടാത്തതുമായ പേരുകള്‍ തപ്പി നടക്കുന്ന ഗതികേട്‌ എന്തിന്‌. മക്കളെല്ലാം പറയുന്നത്‌ (ടെക്‌സും ട്വിറ്ററും( ചെയ്യാന്‍ ഞാന്‍ പഠിക്കണമത്രേ. ഇനിയുമുള്ള കാലത്തെ കൊച്ചുവര്‍ത്തമാനം മാത്രമല്ല വലിയവര്‍ത്തമാനംപോലും ഇങ്ങനെയൊക്കെയായിരിക്കുംപോലും.

അപ്പോള്‍പ്പിന്നെ എന്റെ ഗവേഷണം മുഴുവന്‍ ഈ സാങ്കേതികതകളെപ്പറ്റിയായി. അപ്പോഴാണ്‌ അറിയുന്നത്‌ ഇത്‌ നമ്മുടെ പഴയ കമ്പിഭാഷതന്നെയെന്ന്‌. കമ്പിഭാഷ രസകരമാണ്‌. ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലെ ഒരു നര്‍മ്മം ഓര്‍മ്മയിലെത്തുന്നു. പണം ലാഭിക്കാന്‍ കമ്പിസന്ദേശങ്ങളില്‍ വാക്കുകള്‍ ചുരുക്കണമെന്നാണല്ലോ പ്രമാണം. കൊച്ചൊണ്ടായത്‌ അറിയിക്കാന്‍ അടിച്ച കമ്പി ഇങ്ങനെ, (മ പെ കൊ പെ ഘ മറിയാമ്മ പെറ്റു കൊച്ച്‌ പെണ്ണ്‌(. ഇപ്പോള്‍ത്തന്നെ (ടു, ഫോര്‍#ഃ മുതലായ വാക്കുകള്‍ക്ക്‌ അക്കങ്ങള്‍ക്കൊണ്ട്‌ അംഗീകരിക്കപ്പെട്ട പ്രായോഗിക അര്‍ത്ഥം കൊടുത്തുകഴിഞ്ഞു.

പണ്ടുകാലത്ത്‌ ടൈപ്പ്‌റൈറ്റിംഗും ചുരുക്കെഴുത്തും ലോവറും ഹയ്യറും ജയിച്ച്‌ എം. ഒ. മത്തായിയുടെയും വി.പി. മോനോന്റെയും പാത പിന്‍തുടര്‍ന്ന്‌ ആഗ്ലേയത്തിന്റെ എക്കാലത്തെയും പാണ്‌ഡിത്യ മാതൃകയായിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഓഫീസിലെ ചുരുക്കെഴുത്തുദ്യോഗം സ്വപ്‌നം കണ്ട്‌ ഡല്‍ഹിക്കു വണ്ടി കയറിയ എന്നോടാണ്‌ ഇന്ന്‌ പേരക്കിടാങ്ങള്‍ പറയുന്നത്‌ അപ്പപ്പക്ക്‌ കീബോഡ്‌ ഉപയോഗിക്കാന്‍ അറിയില്ലെന്ന്‌.

അറിയാമെങ്കില്‍പ്പിന്നെങ്ങനാ ഒരക്ഷരം കുത്തിയാല്‍ പന്ത്രണ്ടെണ്ണം ഒരുമിച്ച്‌ കേറിവരുന്നത്‌.

അവസാനം ഞാന്‍ വിജയിച്ചെന്ന്‌ തോന്നി. ഐഫോണ്‍ അപ്പപ്പക്ക്‌ പറ്റില്ലെന്ന്‌ കിടാങ്ങള്‍ വിധി എഴുതി. പക്ഷേ, വിട്ടുകളയാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. ഐഫോണ്‍ വേണ്ടന്നല്ലേയുള്ളൂ. ഐപാഡായാലോ. ഒപ്പം കൊണ്ടു നടന്ന്‌ വേണ്ട വാര്‍ത്തകളെല്ലാം വായിചുയകൊണ്ടിരിക്കാം, കൂടെ സ്‌റ്റാക്ക്‌ കച്ചോടേം നടത്താം, പിന്നെ മലയാളം പാട്ടും കേള്‍ക്കാം, വേണേല്‍ മലയാളംവേദപുസ്‌തകോം വായിക്കാം. അങ്ങനെയാണ്‌ കറുത്ത പ്രതലവും വെള്ള ഫ്രെയ്‌മുമുള്ള ഒരു ഫലകം പാഴ്‌സല്‍ ആയി വന്നത്‌. പക്ഷേ, .അത്‌ കണ്ട്‌ ഞാന്‍ ഞെട്ടിപ്പോയി രാഷ്‌ട്രീയക്കാരുടെ ഭാഷയില്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ.


ഇവിടെയാണ്‌ ഓലേലെഴുത്തിലേക്ക്‌ ഞാന്‍ മടങ്ങിപ്പോയത്‌. പനയോലപ്പാളികളുടെ തുമ്പില്‍ തലപ്പാവുണ്ടാക്കന്നത്‌ ശങ്കരപ്പിള്ളയാശാനായിരുന്നു എന്നിട്ട്‌ ഓലയില്‍ നാരായംകൊണ്ട്‌ ആശാന്‍ അക്ഷരങ്ങള്‍ എഴുതും ഞങ്ങള്‍ കുട്ടികള്‍ കുഞ്ഞുവിരലുകള്‍ക്കൊണ്ട്‌ അത്‌്‌ മണലില്‍ ആവര്‍ത്തിച്ച്‌ എഴുതും.

പനയോലപ്പാളിയുടെ തലപ്പാവിന്‌ പാമ്പിന്‍ തലയുടെരൂപമയിരുന്നു. അത്‌ ഞങ്ങളുടെ കൊച്ചുമനസുകളില്‍ ബിംബങ്ങള്‍ സൃഷ്‌ടിച്ചു. വിഷവൈദ്യനുംകൂടിയായിരുന്ന ആശാന്‍ തന്റെ ദിവ്യശക്‌തികൊണ്ട്‌ വിളിച്ചുവരുത്തി വിഷംഎടുപ്പിച്ചവഴി ആത്‌മഹൂതി ചെയ്യപ്പെട്ട പാമ്പുകളുടെ പ്രേതമാണത്രേ ഞങ്ങളുടെ പനയോല. സര്‍പ്പങ്ങളെ വിളിച്ചുവരുത്തുന്ന ആശാനെപ്പറ്റി അക്കാലത്ത്‌ ഞങ്ങള്‍ക്ക്‌ എത്ര അഭിമാനമയിരുന്നെന്നോ.

അങ്ങനെ ഓലയും മണലും കളിക്കൂട്ടുകാര്‍, അക്ഷരങ്ങളെ ഒരുതൊള്ളിപ്പേടിമാത്രം, പിന്നെയുള്ളത്‌ പാണല്‍വടി, അത്‌ ഇന്നും ഓര്‍ക്കാന്‍കൂടി കഴിയുന്നില്ല. ഇനിയും പാമ്പ്‌, അത്‌ ആശാന്റെ നിയന്ത്രണത്തിലായിരുന്നതുകൊണ്ട്‌ ഞങ്ങളെന്തിന്‌ പേടിക്കണം.


നാളുകള്‍ നീങ്ങിയതോടെ എനിക്കൊരു സ്‌ഥാനക്കയറ്റംകിട്ടി. സ്ലേറ്റും കല്ലുപെന്‍സിലും ഉപയോഗിക്കാനുള്ള അനുവാദം. സ്ലേറ്റ്‌ അന്ന്‌ ഒരത്‌ഭുതമായിരുന്നു. ഇച്ചിര വളര്‍ന്നെന്ന തോന്നല്‍. ഇനിയും ഓലയുമായി നടക്കേണ്ട, എഴുതിയത്‌ മായിക്കാം. ഇനിയും നന്നായി മായിക്കണമെങ്കില്‍ പാണല്‍ച്ചെടിയുടെ മൂട്ടില്‍ കട്ടപിടിച്ചിരിക്കുന്ന കറുത്ത പൊങ്ങും ഉപയോഗിക്കാം.

ഇതാ, ഇപ്പോള്‍ (അതേ സ്ലേറ്റ്‌) എന്റെ മുന്നിലെത്തിയിരിക്കുന്നു. അക്ഷരങ്ങള്‍കുത്താന്‍ കല്ലുപെന്‍സിലിന്റെ രൂപത്തില്‍ത്തന്നെയുള്ള ഒരു പെന്‍സിലും. ഇനിയും പ്രതലം മായിക്കണമെങ്കില്‍ കയ്യൊന്നോടിച്ചാല്‍ പോരെ.

ഐഫോണ്‍ വേണ്ടങ്കില്‍ വേണ്ട,ഐപാഡെങ്കിലും പഠിച്ചിരിക്കണംപോലും. പഞ്ചനക്ഷത്ര ഹോട്ടല്‍ ലോബിയില്‍ വലിയ ഗമയിലങ്ങനെ ഇരിക്കുമ്പോള്‍ ഒരു ബുദ്ധിജീവി ചമയാന്‍ മനോഹരമായ ഉറയില്‍നിന്ന്‌ തുറന്നുവെച്ചൊരു ഐപാഡ്‌ തുണയാകും.

ഈ പുതിയ സംവിധാനത്തിന്റെ ഗുണഗണങ്ങള്‍ കേട്ടുകേട്ട്‌ മടുത്തു. ഡയറിഎഴുതാം, ബൈബിള്‍ ഏതുഭാഷയിലും വായിക്കാം. ആരെങ്കിലും ഒന്നുറക്കെ വായിച്ചയാട്ടെ എന്ന്‌ ഉപദേശി പറയുതിനുമുന്‍പുതന്നെ പുസതകവും അദ്ധ്യായവും വാക്യവുമെല്ലാം എന്റെ മുന്നില്‍ മിടുക്കു പറഞ്ഞുകൊണ്ട്‌ പ്രത്യക്ഷപ്പെടും.

ഇതൊന്നും എനിക്കത്ര താല്‍പര്യമില്ലായിരുന്നു. എന്നാല്‍ ഐപാഡിലെ നാഴികമണികള്‍ എന്നെ ആകര്‍ഷിച്ചു കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള പ്രധാന നഗരങ്ങളിലെ രാത്രിയും പകലും അടയാളപ്പെടുത്തിയ സമയംവെച്ചുള്ള ഒരു നേരംപോക്കുകളി ഞാന്‍ കണ്ടുപിടിച്ചു. ഉദയം മുതല്‍ അസ്‌തമനംവരെ ഭൂമിക്കുചുറ്റും ഒരു കറക്കം. (ഉലകംചുറ്റം വാലിബനായി).

എന്റെ പുതിയ സ്ലേറ്റ്‌ എന്ന മാന്ത്രിക പ്രതലത്തില്‍ സൂര്യനുദിക്കുന്നത്‌ കിരിതിമതി ദ്വീപിലാണ്‌, ദിവസത്തിന്റെ ആദ്യരശ്‌മികള്‍. ഏതായാലും ഒലേലെഴുത്തില്‍നിന്ന്‌ ഞാന്‍ ഇപ്പോള്‍ കിരിതിമതിയിലെത്തിയിരിക്കുന്നു. യാത്ര തുടരുകയാണ്‌.
ഒലേലെഴുത്തു മുതല്‍ കിരിതിമതിയിലെ ഉദയം വരെ (ജോണ്‍മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക