Image

കാന്‍സര്‍ പൂര്‍ണമായി നിയന്ത്രണവിധേയമാകും: ബ്രിട്ടീഷ് ഗവേഷകര്‍

Published on 29 January, 2013
കാന്‍സര്‍ പൂര്‍ണമായി നിയന്ത്രണവിധേയമാകും: ബ്രിട്ടീഷ് ഗവേഷകര്‍
ലണ്ടന്‍: ഡിഎന്‍എ മാപ്പിങ്ങിലൂടെ കാന്‍സര്‍ ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാന്‍ സാധിക്കുമെന്ന് ബ്രിട്ടീഷ് ഗവേഷകര്‍. ഇതിലൂടെ, കാന്‍സര്‍ രോഗമെന്നാല്‍ വധശിക്ഷയാണെന്ന അവസ്ഥ മാറുമെന്നും, മറ്റേതു രോഗത്തെയും പോലെ ഇതും ചികിത്സിച്ചു മാറ്റാന്‍ സാധിക്കുമെന്നാണ് അവകാശവാദം. 

കാന്‍സര്‍ ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ശേഷിയുള്ള പുതിയ ചികിത്സാരീതി അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രവൃത്തിപഥത്തിലെത്തിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

ട്യൂമറിന്റെ ഡിഎന്‍എയും ജനിറ്റിക് കോഡും സീക്വന്‍സ് ചെയ്യുന്നതാണ് ഇതിന്റെ ആദ്യ പടി. ഇത്രയും ചെയ്താല്‍ ഏറ്റവും കൃത്യമായ മരുന്നു തന്നെ ഓരോ രോഗിക്കും നിര്‍ദേശിക്കാന്‍ സാധിക്കും. ചിലതരം കാന്‍സറുകള്‍ എക്കാലവും ശരീരത്തില്‍ നിലനിന്നാലും മാരകമാകാത്ത രീതിയില്‍ നിര്‍ജീവമാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നത്. പഠനത്തിന്റെ വിശദവിവരങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ലണ്ടനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്യാന്‍സര്‍ റിസേര്‍ച്ചിലെ ചീഫ് എക്‌സിക്യുട്ടീവ് പ്രഫ. അലന്‍ ആഷ്‌വര്‍ത്ത് പറഞ്ഞു.

ഇപ്പോഴത്തെ അവസ്ഥയില്‍ മാസങ്ങള്‍ മാത്രം ആയുസ് പ്രവചിക്കപ്പെട്ടിട്ടുള്ള രോഗികള്‍ക്കും പുതിയ ചികിത്സ ഉപയോഗിച്ചാല്‍ വര്‍ഷങ്ങളോളം ആരോഗ്യകരമായ ജീവിതം ഉറപ്പു നല്‍കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. ലണ്ടനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാന്‍സര്‍ റിസേര്‍ച്ചിലാണ് സുപ്രധാന പഠനം നടത്തിയത്. കാന്‍സര്‍ പിടിപെട്ടെന്ന് കണ്‌ടെത്തിയാല്‍ മേലില്‍ ദീര്‍ഘകാലം ജീവിച്ചിരിക്കാനുള്ള ചികിത്സയാവും ഇതുവഴിയുണ്ടാവുക. ഇതിന് പ്രായഭേദം ഒരു പ്രശ്‌നമേയല്ലന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.

ഇപ്പോഴത്തെ നിലയില്‍ സ്ത്രീകളില്‍ ഉണ്ടാവുന്ന ബ്രസ്റ്റ് കാന്‍സറുകള്‍ ഹെര്‍ 2 ) എന്ന ജീനിന്റെ വേരിയന്റാണെന്ന് നേരത്തേയുള്ള പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഇതിനു നിലവില്‍ പ്രതിവിധിയായി നല്‍കുന്ന ഹെര്‍സെപ്റ്റിന്‍ എന്ന ഉഗ്രശേഷിയുള്ള മെഡിസിന്‍ നല്‍കുന്നതിനു പകരം ഓരോരുത്തരുടെയും ജീനുകള്‍ ഏതെന്നു മനസിലാക്കി അതനുസരിച്ചുള്ള മരുന്നുകള്‍ നല്‍കി ചികില്‍സിക്കുകയാണ് പുതിയ കണ്ടുപിടുത്തിന്റെ അടിസ്ഥാനം. ഹെര്‍സെപ്റ്റിന്‍ എന്ന മരുന്നിന്റെ ഉപയോഗം ആരംഭിച്ചിട്ട് കഴിഞ്ഞ പത്തുവര്‍ഷമായി. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ചികിത്സാ ചെലവു താരതമ്യേന കുറച്ചുള്ള രീതിയാണ് ഗവേഷകരുടെ ലക്ഷ്യം. ട്യൂമറും അതിന്റെ പരിണിത ഫലങ്ങളും കൊണ്ട് പെട്ടെന്നുള്ള മരണംപോലും പുതിയ കണ്ടുപിടുത്തിലൂടെ തടയാന്‍ കഴിയുമെന്നാണ് ഗവേഷക ലോകം പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക