Image

ദിശതെറ്റിയ തൊഴിലുറപ്പു പദ്ധതി: ശ്രീപാര്‍വ്വതി

Published on 30 January, 2013
ദിശതെറ്റിയ തൊഴിലുറപ്പു പദ്ധതി: ശ്രീപാര്‍വ്വതി

1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ ആരംഭിച്ച കുടുംബശ്രീയുടെ വിജയത്തിന്, ഒരു ചൂണ്ടുപലകയായിരുന്നു അതിനുശേഷം കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. സ്ത്രീകളുടെ വളരെ ശക്തമായ സഹകരണത്തോടെ കുടുംബശ്രീ ആരംഭിച്ചപ്പോള്‍ നാടിന്റെ മുക്കിലും മൂലയിലുമുള്ള പല കുടുംബങ്ങളിലേയും സ്ത്രീകള്‍ ഒന്നിച്ചുകൂടി ആശയങ്ങള്‍ പങ്കുവച്ചു തുടങ്ങി. കയ്യിലുള്ള കാശ് കൂട്ടിവയ്ക്കാന്‍ പലരും പഠിച്ചു, വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞു , ഒപ്പം സൗഹാര്‍ദ്ദപരമായ ഒരു അയല്‍വക്കസമീപനവും.നിരവധി പാളിച്ചകള്‍ ഉണ്ട് എന്ന് പറയുന്നുവെങ്കില്‍പോലും ഒരു പരിധിവരെ ഗ്രാമീണ മേഖലയില്‍ കുടുംബശ്രീ വിജയം കൊയ്യുക തന്നെയായിരുന്നു. നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനംകൂടി കുടുംബശ്രീ ഏറ്റെടുത്തതോടെ അവരെ നമിക്കാതെ വയ്യെന്നായി. പക്ഷേ ഇപ്പോള്‍ സര്‍ക്കാരുകള്‍ വാനോളം കൊട്ടിപ്പാടുന്ന തൊഴിലുറപ്പു പദ്ധതി എത്രത്തോളം ഫലപ്രദമാണ്?

തൊഴിലുറപ്പുപദ്ധതി നടത്തിപ്പിനായി കേരളത്തില്‍ കഴിഞ്ഞവര്‍ഷം ആയിരത്തോളം കോടി രൂപയാണ് ചെലവിട്ടത്. എന്നാല്‍ ഇതുകൊണ്ട് അര്‍ഹതപ്പെട്ടവര്‍ക്ക് പ്രയോജനം ഉണ്ടായോ? അഴിമതിയും സ്വജനപക്ഷപാതവും തമ്മിലടിയും ഒരു പദ്ധതിയ്ക്ക് എന്തു പുരോഗതിയാണ്, ഉണ്ടാക്കുക?
കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള ഈ പദ്ധതിയെ ആത്മാര്‍ത്ഥമായി സമീപിക്കാന്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല എന്നതാണു സത്യം. ഗ്രാമീണമേഖലയിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ്, ഈ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. നമ്മുടെ നാട്ടിലെ തൊഴിലുറപ്പ് എന്നാല്‍ പറമ്പു വൃത്തിയാക്കലും റോഡ് വൃത്തിയാക്കലും മാത്രമായി ഒതുങ്ങി പോകുമ്പോള്‍ ഈ പദ്ധതിയെ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ സാധാരണക്കാര്‍ക്ക് കഴിയാതെ പോകുന്നു.

എന്താണ്, കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത തൊഴിലുറപ്പ് പരിപാടികള്‍ ? വിവിധ ജലസേചന പദ്ധതികള്‍ , വനസംരക്ഷണം ,നീര്‍ത്തടാകങ്ങളെ കൃഷിയിടമാക്കല്‍ , അഴുക്കുചാല്‍ നിര്‍മ്മാണം അങ്ങനെ പോകുന്നു. കാര്‍ഷികഗ്രാമമായാണ്, കേരളം അറിയപ്പെട്ടിരുന്നത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ . എന്നാല്‍ ഇപ്പോള്‍ നികത്തുന്ന വയലുകള്‍ക്ക് എന്‍ ഒ സി നല്‍കാന്‍ പരിസ്ഥിതി ബോര്‍ഡിനു ഒരു മടിയുമില്ല. വീടുവച്ചും വിമാനത്താവളങ്ങള്‍ പണിതും വ്യവസായ മന്ദിരങ്ങള്‍ പണിതും നമുക്ക് കൃഷിയെ നശിപ്പിക്കാം എന്നതിന്റെ ഉദാഹരണങ്ങളാണ്, ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

പലയിടങ്ങളിലും തൊഴിലുറപ്പ് വിജയമാണെന്ന് അവകാശപ്പെടുന്നുണ്ട്. പക്ഷേ റോഡിലേയ്ക്കിറങ്ങിയാല്‍ കാണാം കുനിഞ്ഞുനിന്ന് വൃത്തിയാക്കലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വളരെ കുറവ്. കയ്യിലുള്ള പിക്കാസുകൊണ്ട് വശങ്ങളൊക്കെ ആരോടൊക്കെയോഉള്ള പ്രതികാരംപോലെ ഉഴുതു മറിയ്ക്കുന്നു. ഓരോ മണിക്കൂര്‍ ഇടവിട്ട് ചായ, ലഘു ഭക്ഷണം. ഉച്ചയ്ക്ക് വീട്ടില്‍ പോകുന്നവര്‍ വേറെ. ഇത്തരം തൊഴില്‍ ചെയ്യുന്നവരെ കണ്ടപ്പോഴാണ്, അതിലും അമ്പരന്നത്, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് ചെയ്ത പരിപാടിയില്‍ പണിക്കിറങ്ങിയിരിക്കുന്നതില്‍ ദാരിദ്ര്യമനുഭവിക്കുന്നവരുടെ ശതമാനത്തിന്റെ കുറവ്. മാര്‍ജ്ജിനല്‍ രേഖയ്ക്കു മുകളിലാണ്, എല്ലാവരുടേയുംതന്നെ ജീവിതനിലവാരം. സര്‍ക്കാര്‍ അംഗീകരിച്ചതല്ലേ, പിന്നെ ഇതിന്റെ പേരില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ , കൂട്ടിയേക്കാവുന്ന തുക, ഇതൊക്കെതന്നെ സ്ത്രീകളെ ഇതില്‍ തുടരാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ . ഇപ്പോള്‍ വീടുകളിലെത്തി പറമ്പു വൃത്തിയാക്കുന്ന പണിയുമേറ്റെടുത്തിട്ടുണ്ട്. കമ്പോസ്റ്റ് കുഴിയെടുക്കാന്‍ വന്നവര്‍ കുഴിച്ച കുഴി കണ്ട് ചിരി വന്നെന്ന് ഫെയ്സ്ബുക്കില്‍ ഒരു സുഹൃത്തിന്റെ പോസ്റ്റ്.

അര്‍ഹിക്കുന്നവര്‍ക്കുവേണ്ടി നിര്‍മ്മിച്ചെടുത്ത ഒരു പരിപാടിയുടെ നടത്തിപ്പിന്റെ കാര്യക്ഷമത ഇത്ര മതിയോ? അല്ലെങ്കില്‍ ഇന്നാരാണ്, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവന്‍ ? പറമ്പില്‍ പണിയ്ക്കു പോയാലും കിട്ടുന്നുണ്ട്, 400 രൂപ മുതല്‍ . തേങ്ങ ഇടാന്‍ തെങ്ങൊന്നിനു ചിലയിടങ്ങളില്‍ രൂപ 40നു മുകളില്‍, എന്നാല്‍ കിട്ടുന്ന തേങ്ങയുടെ എണ്ണമാലോചിച്ചാല്‍ കടയില്‍പോയി തേങ്ങ വാങ്ങുകയാണ്, ലാഭം.എന്നിട്ടും കായികമായ പണിയ്ക്ക് ഇന്ന് ആളെ കിട്ടാത്ത അവസ്ഥയാണു താനും. രൂപ കൂടുതല്‍ കൊടുത്താല്‍പോലും വീട്ടുജോലികള്‍ക്ക് ആളെകിട്ടാന്‍ വിഷമം . പക്ഷേ 150 രൂപയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പോയാല്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ അവരെ ആകര്‍ഷിക്കുന്നു. ഈ സാഹചര്യം വളംവച്ചു കൊടുത്തിട്ടുള്ള മറ്റൊന്നുണ്ട് മാറുന്ന സാമൂഹിക അവസ്ഥ. പുറം നാട്ടില്‍നിന്ന് വരുന്ന കരാറു ജോലിക്കാരുടെ എണ്ണം ഇപ്പോള്‍തന്നെ പരിധിയ്ക്കപ്പുറമാണ്. വിശ്വസിച്ച് ജോലിയ്ക്ക് നിര്‍ത്താന്‍ പറ്റുന്നവരും കുറവ്. എന്താ നാം തന്നെ നമുക്ക് ശവക്കുഴി തോണ്ടുകയല്ലേ, എന്നൊരു തോന്നല്‍ .കായികാദ്ധ്വാനം ചെയ്യാന്‍ തയാറുള്ളവര്‍ക്ക് ആര്‍ക്കും തൊഴിലുറപ്പു പദ്ധതിയില്‍ അംഗമാകാം. പക്ഷേ പല പ്രദേശത്തും ഇതിന്റെ പേരില്‍ നടന്നിട്ടുള്ള ക്രമക്കേട് കണ്ണില്‍പ്പെടാതിരുന്നുകൂടാ.

കേരളം ഒരു ഗള്‍ഫായി മാറിക്കൊണ്ടിരിക്കുന്നു. ജോലിയുടെ ചാകരയുള്ള ഇടം. പക്ഷേ പ്രയോജനമില്ലാത്ത റോഡ് വൃത്തിയാക്കലും മറ്റും കൊണ്ടുനടന്ന് നമ്മുടെ തന്നെ നാട്ടുകാരുടെ കായികാദ്ധ്വാനത്തെ വെറുതേയാക്കുന്ന അതിന്റെ പേരില്‍ കാശ് കളയുന്ന തൊഴിലുറപ്പു പദ്ധതി ഒന്ന് പുനരുദ്ധരിക്കേണ്ട സമയം കഴിഞ്ഞു. പ്രയോജനമുള്ള പണികള്‍ അവര്‍ ചെയ്യട്ടെ. മാര്‍ജ്ജിനല്‍ രേഖയ്ക്ക് താഴെയുള്ളവരെ കൂടുതലും പരിപാടിയില്‍ അംഗങ്ങളാക്കട്ടെ. എന്ത് ചെയ്താലും അടിച്ചു മാറ്റുന്ന വിഭാഗം ഉണ്ടെന്നറിയാം, അടിച്ചു മാറ്റിക്കോട്ടെ, നാട്ടുകാര്‍ക്ക് പ്രയോജനമുള്ളതു വല്ലതും കൂടി ചെയ്തിട്ട് അടിച്ചു മാറ്റുക എന്നൊരു അപേക്ഷയുണ്ട്. സ്വീകരിക്കുമോ ആവോ!!!!!!

ദിശതെറ്റിയ തൊഴിലുറപ്പു പദ്ധതി: ശ്രീപാര്‍വ്വതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക