Image

കേരളത്തിലും വളരുന്ന സാംസ്‌കാരിക ഫാസിസം

Published on 29 January, 2013
കേരളത്തിലും വളരുന്ന സാംസ്‌കാരിക ഫാസിസം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും സാംസ്‌കാരിക ഫാസിസത്തിന്‌ ഇരയായി നഷ്‌ടം വരുത്തി വെച്ച കഥയാണ്‌ കമലിന്റെ വിശ്വരൂപത്തിന്‌ പറയാനുള്ളത്‌. മുസ്ലിം വിരുദ്ധ രംഗങ്ങള്‍ ഉണ്ടെന്ന്‌ ആരോപിച്ചാണ്‌ വിശ്വരൂപത്തിനെതിരെ ഉപരോധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നത്‌. കമല്‍ തന്നെ വെളിപ്പെടുത്തിയ കണക്ക്‌ പ്രകാരം ഏകദേശം അറുപത്‌ കോടിയോളം രൂപയുടെ നഷ്‌ടം വിശ്വരൂപത്തിന്‌ റിലീസുകള്‍ വൈകിയത്‌ കാരണം നേരിട്ടിരിക്കുന്നു.

തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും കമലഹാസന്റെ വിശ്വരൂപത്തോട്‌ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ആവിഷ്‌കാര സ്വാതന്ത്രത്തിന്‌ അതിന്റേതായ മൂല്യം നല്‍കിയിരുന്ന നാടായിരുന്നു കേരളം. എന്നാല്‍ ഇന്ന്‌ സിനിമയോട്‌ തുടങ്ങിയിരിക്കുന്ന സാംസ്‌കാരിക ഫാസിസം എത്രയോ കടന്ന കൈയ്യാണ്‌ എന്ന്‌ പൊതു സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഹൈന്ദവ ദൈവങ്ങളുടെ നഗ്നചിത്രങ്ങള്‍ വരച്ചു എന്ന കാരണത്താല്‍ എം.എഫ്‌ ഹുസൈന്‌ ഊരുവിലക്ക്‌ പ്രഖ്യാപിച്ച നാടാണ്‌ ഇന്ത്യ. സമാനമായ സംഭവങ്ങള്‍ കലാലോകത്ത്‌ പലപ്പോഴും ഇന്ത്യയുടെ പലഭാഗത്തും സംഭവിച്ചിട്ടുണ്ട്‌. പക്ഷെ കേരളം ഇവിടെയെല്ലാം വ്യത്യസ്‌തമായിരുന്നു. പക്ഷെ കമലഹാസന്റെ വിശ്വരൂപമെന്ന ചിത്രത്തെ എതിര്‍ത്തുകൊണ്ട്‌ ചില സംഘടനകള്‍ രംഗത്ത്‌ വന്നപ്പോള്‍, അത്‌ ആവിഷ്‌കാര സ്വാതന്ത്രത്തിനെതിരെയുള്ള സമാനതകളില്ലാത്ത കടന്നു കയറ്റമാണ്‌ വെളിപ്പെടുത്തിയത്‌.

കമലഹാസന്റെ വിശ്വരൂപം എന്ന ചിത്രത്തില്‍ മുസ്ലിം വിരുദ്ധമായ രംഗങ്ങളുണ്ടെന്ന്‌ ആദ്യം മുതല്‍ തന്നെ വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ കമലഹാസന്‍ ഇത്‌ നിഷേധിക്കുകയും മുസ്ലിം വിരുദ്ധമായിട്ടൊന്നുമില്ല തന്റെ സിനിമയില്‍ എന്ന്‌ തുറന്നു വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ സിനിമ ആരംഭിച്ച നാള്‍ മുതല്‍ കമലഹാസന്‌ കാലക്കേടിന്റെ സമയമായിരുന്നു. ചിത്രത്തില്‍ ആദ്യം സംവിധായകനായി തീരുമാനിച്ച സെല്‍വരാഘവന്‍ പിന്മാറിയതാണ്‌ ആദ്യ സംഭവം. തുടര്‍ന്ന്‌ കമല്‍ തന്നെ സംവിധായകന്റെ റോളും ഏറ്റെടുത്തു. കമല്‍ തന്നെയാണ്‌ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും. തുടര്‍ന്ന്‌ ഒരു വര്‍ഷം നീണ്ടു നിന്ന ചിത്രീകരണത്തിനു ശേഷം വിശ്വരൂപം പൂര്‍ത്തിയായി. നൂറു കോടി രൂപയുടെ മുതല്‍മുടക്കിലാണ്‌ വിദേശത്ത്‌ ചിത്രീകരിച്ച ചിത്രം പൂര്‍ത്തിയായത്‌.

ചിത്രം പൂര്‍ത്തിയായതിനു ശേഷം കമലഹാസന്‍ ചിത്രത്തിന്റെ റിലീസിംഗിനായി ഡിടിഎച്ച്‌ പ്ലാറ്റ്‌ ഫോം കൂടി തിരഞ്ഞെടുത്തു എന്നിടത്താണ്‌ വിശ്വരൂപത്തിന്റെ ശനിദിശ തുടങ്ങുന്നത്‌. ഡയറക്‌ട്‌ ടു ഹോം റിലീസ്‌ എന്നതാണ്‌ കമല്‍ ഇതിലൂടെ ഉദ്ദേശിച്ചത്‌. ഡിടിഎച്ച്‌ ചാനല്‍ പ്രൊവഡര്‍മാര്‍ വഴി ചിത്രത്തെ നേരിട്ട്‌ പ്രേക്ഷകരുടെ വീടുകളില്‍ എത്തിക്കുക എന്നതായിരുന്നു കമലഹാസന്റെ ആശയം. വീടുകളില്‍ ചിത്രം ആദ്യം തന്നെ നേരിട്ടെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ കൂടുതല്‍ ആസ്വാദനത്തിനായി ഓറോ ത്രീഡി ശബ്‌ദ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ ചിത്രം നിര്‍മ്മിച്ചത്‌. ഡയറക്‌ട്‌ ഹോം റിലീസിനു ശേഷം ചിത്രം സാധാരണ പോലെ തന്നെ തീയേറ്ററുകളിലും റിലീസിനെത്തിക്കാം എന്നതായിരുന്നു കമലഹാസന്റെ തീരുമാനം. എന്നാല്‍ തമിഴ്‌നാട്ടിലെ തീയേറ്റര്‍ സംഘടനകള്‍ ഈ തീരുമാനത്തെ എതിര്‍ക്കുകയും കമലഹാസന്റെ ചിത്രം ഉപരോധിക്കുമെന്ന്‌ അറിയിക്കുകയും ചെയ്‌തു. തമിഴ്‌നാട്ടിലെ വിതരണക്കാരുടെ സംഘടനയും കമലിനെ പ്രതിഷേധമറിയിച്ചു. സാങ്കേതിക വിദ്യയുടെ മുന്നേറ്റ ചിന്തയില്‍ തമിഴിലെ ഒട്ടുമിക്ക ചലച്ചിത്രസംഘടനകളും വ്യക്തികളും കമലിനെതിരെ തിരിഞ്ഞു എന്നതാണ്‌ സത്യം.

തീയേറ്ററുകളുടെ അന്ത്യം കുറിക്കും കമലിന്റെ ഡയറക്‌ട്‌ ടു ഹോം റിലീസ്‌ സംവിധാനം എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ സാങ്കേതിക വിദ്യയുടെ ഈ വളര്‍ച്ചയെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും നാളെക്കുറിച്ച്‌ മാത്രമാണ്‌ താന്‍ ചിന്തിക്കുന്നതെന്നും പറഞ്ഞ്‌ കമല്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. പക്ഷെ തീയേറ്ററുകാരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന്‌ ചിത്രം ഡയറക്‌ട്‌ ടു ഹോം റിലീസ്‌ എന്ന തീരുമാനം കമല്‍ നീട്ടിവെച്ചു. തീയേറ്റര്‍ റിലീസിനും ഒരാഴ്‌ചക്കു ശേഷം ഡയറക്‌ട്‌ ടു ഹോം റിലീസ്‌ എന്നായി കമലിന്റെ തീരുമാനം. അങ്ങനെ ചിത്രം ജനുവരി 25ന്‌ റിലീസ്‌ തീരുമാനിച്ചപ്പോഴാണ്‌ തമിഴ്‌നാട്ടില്‍ ചിത്രത്തിന്റെ റിലീസ്‌ സര്‍ക്കാര്‍ ഇടപെട്ട്‌ 15 ദിവസത്തേക്ക്‌ നീട്ടി വെച്ചത്‌. തമിഴ്‌നാട്‌ മുസ്ലിം മുന്നേറ്റ കഴകം അടക്കമുള്ള മുസ്ലിം സംഘടനകള്‍ നല്‍കിയ പരാതിയിലാണ്‌ സര്‍ക്കാര്‍ ചിത്രം റിലീസ്‌ ചെയ്യുന്നത്‌ തടഞ്ഞത്‌.

ചിത്രത്തില്‍ മുസ്ലിം വിരുദ്ധമായ രംഗങ്ങള്‍ ഉണ്ടെന്നും ഇത്‌ സാമുദായിക സൗഹൃദ അന്തരീക്ഷം തകര്‍ക്കുമെന്നും ആരോപിച്ചായിരുന്നു മുസ്ലിം സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്‌. ഇതിനെ തുടര്‍ന്ന്‌ 25നുള്ള റിലീസ്‌ ആന്ധ്രയിലും കര്‍ണ്ണാടകയിലും പോലീസ്‌ തടഞ്ഞു. തമിഴ്‌ സിനിമകള്‍ ഏറെ പ്രേക്ഷകരുള്ള ശ്രീലങ്കിയിലും, മലേഷ്യയിലും ചിത്രം തീയേറ്ററുകളില്‍ റിലീസ്‌ ചെയ്യുന്നത്‌ വിലക്കി.

എന്നാല്‍ കേരളത്തില്‍ 25ന്‌ തന്നെ ചിത്രം റിലീസിനെത്തി. പക്ഷെ കേരളത്തില്‍ ചിത്രം വൈഡ്‌ റിലീസിന്‌ ശ്രമിച്ചതില്‍ പ്രതിഷേധിച്ച്‌ എ ക്ലാസ്‌ തീയേറ്ററുകള്‍ ചിത്രം റിലീസിനെടുത്തില്ല. ബിക്ലാസില്‍ മാത്രമാണ്‌ ചിത്രം റിലീസിനെത്തിയത്‌. ഇവിടെയും കമലിന്‌ വലിയ നഷ്‌ടം തന്നെയാണ്‌ നേരിടേണ്ടി വന്നത്‌.

എന്നാല്‍ ആദ്യ ദിവസത്തിനു ശേഷം ആന്ധ്രയിലും കര്‍ണ്ണാടകയിലും പോലീസ്‌ നിരോധനം നീക്കുകയും പോലീസ്‌ സംരക്ഷണത്തില്‍ പ്രദര്‍ശനം ആരംഭിക്കുകയു ചെയ്‌തു. എന്നാല്‍ റിലീസ്‌ ദിവസം തന്നെ കേരളത്തില്‍ വിശ്വരൂപത്തിന്‌ നേരെ കടുത്ത പ്രതിഷേധങ്ങളാണ്‌ ഉയര്‍ന്നു വന്നത്‌. ചിത്രം കാണുക പോലും ചെയ്യാതെയാണ്‌ ചിത്രത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി സംഘടനകള്‍ രംഗത്ത്‌ വന്നത്‌ എന്നതാണ്‌ ഏറ്റവും വലിയ വിരോധാഭാസം. ആദ്യ ദിവസം ചിത്രത്തിന്റെ പ്രദര്‍ശനം മിക്ക സെന്ററുകളിലും തടയുകയും ചെയ്‌തു. ഇതിനെതിരെ ഡി.വൈ.എഫ്‌.ഐ രംഗത്തെത്തി. ഇത്‌ സാംസ്‌കാരിക ഫാസിസം തന്നെയെന്ന്‌ പത്രസമ്മേളനം നടത്തി പറഞ്ഞത്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്‌. കേരള സര്‍ക്കാര്‍ വിശ്വരൂപം നടക്കുന്ന തീയേറ്ററുകള്‍ക്ക്‌ പോലീസ്‌ സംരംക്ഷണം നല്‍കിയതോടെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രദര്‍ശനം തടസങ്ങളില്ലാതെ നടക്കുകയും ചെയ്‌തു.

യഥാര്‍ഥത്തില്‍ വിശ്വരൂപത്തിനെതിരെ പ്രതിധേഷവുമായി എത്തിയവര്‍ ചിത്രം കണ്ടിരുന്നില്ല എന്നതാണ്‌ വാസ്‌തവം. അവിടെയാണ്‌ ഇത്‌ സാംസ്‌കാരിക ഫാസിസമാകുന്നത്‌. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും പ്രധാന വ്യക്തിത്വമായ കമലഹാസന്‍ എന്നും മതേതര ജനാധിപത്യത്തിനു വേണ്ടി കലാകാരന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്‌. അത്തരത്തിലൊരാള്‍ ഒരിക്കലും ഒരു സമൂഹത്തെ മോശമായി ചിത്രീകരിക്കില്ല എന്ന വിശ്വാസം പ്രേക്ഷക ലോകം കമലഹാസന്‌ നല്‍കേണ്ടിയിരുന്നു. അമ്പത്‌ വര്‍ഷം നീണ്ടു നിന്ന ചലച്ചിത്ര ജീവിതത്തിലെ സമര്‍പ്പണം തീര്‍ച്ചയായും കമലഹാസനെ ഈ പ്രേക്ഷക വിശ്വാസത്തിന്‌ അര്‍ഹനാക്കുന്നുണ്ട്‌. മാത്രമല്ല വിമര്‍ശനവും പ്രതിഷേധവും ചിത്രം റിലീസ്‌ ചെയ്‌ത്‌ നിരൂപണങ്ങള്‍ എത്തിയതിനു ശേഷമാകാമായിരുന്നു എന്നതാണ്‌ യഥാര്‍ഥ്യം. എന്നാല്‍ ഇതെല്ലാം നിരാകരിച്ചു കൊണ്ട്‌ കമലഹാസന്റെ ചിത്രത്തെ ഉപരോധിക്കാന്‍ ശ്രമിച്ചവര്‍ യഥാര്‍ഥത്തില്‍ കലാ ലോകത്തിന്റെ ആവിഷ്‌കാര സ്വാതന്ത്രത്തെ തന്നെയാണ്‌ ഉപരോധിച്ചത്‌.

ആവിഷ്‌കാര സ്വാതന്ത്രത്തോടുള്ള ഈ അസഹിഷ്‌ണുത കേരളത്തില്‍ ഉടലെടുത്തിട്ട്‌ ഏറെ നാളായിരിക്കുന്നു എന്നു വേണം മനസിലാക്കാന്‍. കുറച്ച്‌ നാള്‍ മുമ്പ്‌ ഉയര്‍ന്നു വന്ന ശ്വേതാ മേനോന്റെ പ്രസവ വിവാദം ഇത്തരത്തിലൊന്നായിരുന്നു. ബ്ലസിയുടെ കളിമണ്ണ്‌ എന്ന ചിത്രത്തില്‍ ശ്വേതാ മേനോന്റെ പ്രസവം യഥാര്‍ഥ്യമായി ചിത്രീകരിച്ചതിനെതിരെ വിവിധ രാഷ്‌ട്രീയ സാമുദായിക സംഘടനകള്‍ രംഗത്തെത്തിയത്‌ കേരളം മറന്നിട്ടില്ല. ശ്വേതാ മേനോന്റെ പ്രസവരംഗം ഉള്‍പ്പെട്ട ബ്ലസിയുടെ കളിമണ്ണ്‌ എന്ന ചിത്രം പ്രദര്‍ശിപ്പിക്കില്ല എന്ന ഭീഷിണി ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്‌.

ബ്ലസിയെന്ന തിരക്കഥാകൃത്ത്‌ എന്താണ്‌ സിനിമയിലുടെ സംവദിക്കുന്നതെന്നോ, ബ്ലസിയെന്ന സംവിധായകന്‍ പ്രസവം എങ്ങനെയാണ്‌ ചിത്രീകരിച്ചതെന്നോ ഒരു തരത്തിലുള്ള അറിവും മറ്റാര്‍ക്കുമില്ല. എന്നാല്‍ അതില്‍ തെറ്റായ കാര്യങ്ങളുണ്ടെന്ന മുന്‍വിധിയോടെ പ്രതിഷേധവുമായി എത്തിയതും ഭീഷിണി മുഴക്കിയതും ഫാസിസം തന്നെ.

വിശ്വരൂപത്തിന്റെ കാര്യത്തില്‍ സെന്‍സര്‍ബോര്‍ഡ്‌ അംഗീകരിച്ച സിനിമയെയാണ്‌ തടയാന്‍ ശ്രമിക്കുന്നതെന്നത്‌ നിമയവാഴ്‌ചയോടുള്ള വെല്ലുവിളി കൂടിയാണ്‌. ഇനി പ്രശ്‌നമുണ്ടെങ്കില്‍ തന്നെ അത്‌ നേരിടേണ്ടത്‌ നിയമപരമായിട്ടാണ്‌. അതില്‍ ശക്തി ഉപയോഗിക്കുന്നത്‌ തികച്ചും ഫാസിസ്റ്റ്‌ നടപടി തന്നെ. ആവിഷ്‌കാര സ്വാതന്ത്രം ആഗ്രഹിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു പൊതുസമൂഹം ഇത്തരം ഉപരോധങ്ങളെ തള്ളിക്കളയുക തന്നെ ചെയ്യും. ഇവിടെ ആത്യന്തികമായി പുറംതള്ളപ്പെടുക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയവരുടെ ന്യായവാദങ്ങളുമായിരിക്കും.

കേരളത്തിന്റെ കലാലോകത്തിന്‌ രാഷ്‌ട്രീയവും സാംസ്‌കാരികവുമായ നവീകരണത്തിന്റെയും ചരിത്രമാണ്‌ എന്നും പറയാനുണ്ടായിരുന്നത്‌. നാടകവും സിനിമയും സംഗീതവുമൊക്കെ രാഷ്‌ട്രീയമായി കേരളത്തെ മുന്നോട്ടു നയിച്ച ചരിത്രമേയുള്ളു. അവിടേക്കാണ്‌ ഇന്ന്‌ സാംസ്‌കാരിക ഫാസിസം കടന്നു കയറുന്നത്‌. എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നു എന്നത്‌ കലാലോകവും ആലോചിക്കേണ്ട വിഷയമാണ്‌. രാഷ്‌ട്രീയമായി പ്രബുദ്ധമായ, ബുദ്ധിപരമായ നിലവാരം അവകാശപ്പെടാനില്ലാത്ത വെറും ഡപ്പാകൂത്ത്‌ മിമിക്രിയായി മലയാള സിനിമ അധപതിച്ചു പോയതു വഴി സിനിമക്കാരും ഇത്തരം സാംസ്‌കാരിക ഫാസിസത്തിന്റെ കടന്നു കയറ്റത്തിന്‌ ഉത്തരവാദികളാണ്‌. സമൂഹത്തിലെ പുരോഗമനപരമായ കാര്യങ്ങളെ ഉയര്‍ത്തികാട്ടുന്നതിലും തെറ്റുകളെയും മോശം പ്രവണതകളെയും ഉയര്‍ത്തിക്കാട്ടുന്നതിലും നമ്മുടെ പോപ്പുലര്‍ സിനിമ ഏതാണ്ട്‌ പരാജയപ്പെട്ടിരിക്കുന്നു. നമ്മുടെ സിനിമ കേരളത്തിന്റെ യഥാര്‍ഥ രാഷ്‌ട്രീയം സംസാരിച്ചിട്ട്‌ ഏറെക്കാലമായിരിക്കുന്നു. ഇവിടെയാണ്‌ സാംസ്‌കരിക ഫാസിസംപോലുയുള്ള കടന്നു കയറ്റങ്ങളെ ചെറുക്കാനുള്ള ശക്തി സിനിമക്ക്‌ സ്വയമില്ലാതെ പോകുന്നത്‌.

എന്തായിരുന്നു യഥാര്‍ഥത്തില്‍ വിശ്വരൂപം

വിമര്‍ശകരും ഉപരോധക്കാരും പറയുന്നത്‌ പോലെ ഒരു പ്രശ്‌നവും വിശ്വരൂപം എന്ന സിനിമയിലല്ല എന്നതാണ്‌ യഥാര്‍ഥ്യം. സിനിമ നടക്കുന്നത്‌ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പോലുമല്ല. അഫ്‌ഗാനിലെ അല്‍ഖ്വയ്‌ദ തീവ്രവാദികളെയാണ്‌ ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. ചിത്രത്തില്‍ കമലഹാസന്‍ അഭിനയിക്കുന്നത്‌ ഇന്ത്യന്‍ ചാര സംഘടനയുടെ വിദേശത്ത്‌ പ്രവര്‍ത്തിക്കുന്ന ഏജന്റായാട്ടാണ്‌. അതായത്‌ തീവ്രവാദത്തിനെതിരെ പടനയിക്കുന്ന നായകനാണ്‌ കമലഹാസന്‍. ഈ കഥാപാത്രം മുസ്ലിമാണ്‌. അതായത്‌ ചിത്രത്തിലെ നായക കഥാപാത്രം തന്നെ മുസ്ലിമാണ്‌. അങ്ങനെ വരുമ്പോള്‍ ഒരു തരത്തിലും ഒരു മുസ്ലിമിന്റെയും വികാരത്തെ ഹനിക്കുന്നതല്ല വിശ്വരൂപം എന്നതാണ്‌ യഥാര്‍ഥ്യം.

മാത്രമല്ല സാങ്കേതിക വിദ്യയിലും ദൃശ്യപരിചരണത്തിലും ഹോളിവുഡ്‌ സിനിമയോട്‌ കിടപിടിക്കുന്ന തരത്തിലാണ്‌ ഈ സ്‌പൈ ത്രില്ലര്‍ കമലഹാസന്‍ ഒരുക്കിയിരിക്കുന്നത്‌. എന്തായാലും ചിത്രം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാമെന്ന്‌ തമിഴ്‌നാട്‌ ഹൈക്കോടതി തീരുമാനിച്ചതോടെ ചിത്രത്തിനെതിരെയുള്ള ശ്രമങ്ങള്‍ ഒരുപരിധി വരെ അവസാനിച്ചിരിക്കുന്നു എന്നു വേണം മനസിലാക്കാന്‍. സാംസ്‌കാരിക ഫാസിസത്തെ എതിര്‍ത്തു തോല്‍പ്പിക്കുമെന്ന കമലഹാസന്റെ നിലപാട്‌ എന്തായാലും പുരോഗമന കലാലോകത്തിന്‌ ഒരു ധീരമായ മാതൃകയാകും എന്നതില്‍ സംശയവുമില്ല.
കേരളത്തിലും വളരുന്ന സാംസ്‌കാരിക ഫാസിസം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക