Image

ജോസ് വടക്കേലിന്റെ(അപ്പന്‍) ഓര്‍മ്മകളില്‍ക്കൂടിയുള്ള യാത്ര

ജോസഫ് പടന്നമാക്കല്‍ Published on 01 February, 2013
ജോസ് വടക്കേലിന്റെ(അപ്പന്‍) ഓര്‍മ്മകളില്‍ക്കൂടിയുള്ള യാത്ര
ജോസ് വടക്കേലിന്റെ മരണവാര്‍ത്ത ഹൃദയവേദനയോടെയാണ് അദ്ദേഹത്തിനു ചുറ്റുമുള്ള വലിയ ഒരു മലയാളീസമൂഹം ശ്രവിച്ചത്. എനിക്ക് നഷ്ടപ്പെട്ടതു വലിയ ഒരു കുടുംബ സുഹൃത്തിനെയായിരുന്നു. ജീവിച്ചിരുന്ന ഈ മാവേലിമന്നന്‍ എല്ലാ ഓണത്തിരുന്നാളുകളിലെ ആഘോഷങ്ങളില്‍ അനുഗ്രഹങ്ങളും വര്‍ഷിച്ചു എത്തുമായിരുന്നു.

ഹലോ മഹാരാജാവേ, ദുഃഖങ്ങള്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് താങ്കള്‍ക്ക് ഞങ്ങളുടെ എന്നേക്കുമായ ഗുഡ് ബൈ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളില്‍പ്പരം ഞാനും അങ്ങയുടെ പ്രജയില്‍ ഒരു അംഗം ആയിരുന്നു. വടിയും പിടിച്ചു നഷ്ടപ്പെടാത്ത പ്രാതപത്തോടെതന്നെ മൂന്നു മാസങ്ങള്‍ക്ക് മുമ്പ് പുഞ്ചിരിയോടെ താങ്കള്‍ എനിക്ക് ഹസ്തദാനം ചെയ്തതും ഇനി ഓര്‍മ്മകളില്‍ മാത്രം.
അപ്പനെന്നു പറഞ്ഞാല്‍ എന്നും കൊച്ചുകുട്ടികളുടെ ഹരമായിരുന്നു. ഒരേ കാലത്ത് ഈ നാടിന്റെ ഹൃദയത്തുടിപ്പുകള്‍ക്കൊത്തു മരതകപച്ച തേടി വന്നവരാണ് ഞാനും നിങ്ങളില്‍ പലരും അപ്പനും. അന്ന് എല്ലാ സുഹൃത്തുക്കളുടെ കുടുംബങ്ങളും പരസ്പരം സഹോദരി സഹോദരന്മാരെ പോലെയായിരുന്നു. കാരണം, ജനിപ്പിച്ച മാതാപിതാക്കളും സ്വന്തം കുടുംബാംഗങ്ങളും ഇന്നാട്ടില്‍ അരക്കിട്ടുറപ്പിച്ചിരുന്ന സുഹൃദ്ബന്ധങ്ങളുടെ മദ്ധ്യേ വിമാനം കയറി അന്നു വരുവാന്‍ തുടങ്ങിയിരുന്നില്ല.

അക്കാലങ്ങളില്‍ വൈകുന്നേരം സമയങ്ങളില്‍ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് കുടുംബനാഥരായിരുന്നു. സ്ത്രീകള്‍ ആ സമയങ്ങളില്‍ ജോലിയിലായിരിക്കും. വീട്ടില്‍ തനിയെ ഇരിക്കുന്ന ബോറടിമൂലം കുട്ടികളെയും കൊണ്ട് തുറസ്സായ സ്ഥലങ്ങളിലോ സമീപത്തുള്ള പാര്‍ക്കിലോ പോവും. അന്നവിടം സുഹൃത്തുക്കള്‍ സമ്മേളിക്കുന്ന സ്ഥലവും ആയിരുന്നു. കുട്ടികള്‍ കളിക്കുന്ന സമയം അപ്പന്മാര്‍ക്കു തമ്മില്‍ വെടിപറയാന്‍ കിട്ടുന്ന അവസരവും. ചിലര്‍ ചീട്ടുകളി ഭ്രാന്തരും. ചീട്ടുകളിയില്‍ അപ്പനും പ്രസിദ്ധനായിരുന്നു. പിന്നീട് മലയാളി സംഘടനയായി. തിരുവോണ നാളുകളില്‍ അപ്പന്‍ വേഷഭൂഷാദികളോടെ മുടങ്ങാതെ എല്ലാ വര്‍ഷങ്ങളിലും മാവേലിയായി മലയാളികളുടെ മനസ്സില്‍ ഇടം പ്രാപിച്ചു. ഇന്ന്, ഒരിക്കലും മരിക്കാത്ത അപ്പന്‍ അമേരിക്കന്‍ മഹാബലിയായി. ആദികാല മലയാളിയുടെ കുടിയേറ്റചരിത്രമായി, മലയാളീ മനസ്സില്‍ കുടികൊള്ളുന്നു.

പ്രായ വ്യത്യാസങ്ങള്‍ ഗൗനിക്കാതെ സ്വയം അപ്പനായി ഇന്നില്ലാതായിരിക്കുന്ന അപ്പന്‍ ആരെയും മലയാളിയെങ്കില്‍ കേറിവന്നു സ്വയം പരിചയപ്പെടുമായിരുന്നു. അദ്ദേഹത്തിന്റെ ടെലിഫോണ്‍ വന്നാല്‍ ആരെന്നു ചോദിച്ചാല്‍ മറുപടി അപ്പനെന്നു കിട്ടും. പകച്ചുനിന്നാല്‍ മീശയെന്നും പറയും. ചുറ്റുമുള്ള സുഹൃത്തുക്കളെ എന്നും ആചരിക്കുന്ന ഒരു സല്‍ക്കാരപ്രിയനുമായിരുന്നു. എന്നും ഒളിഞ്ഞിരുന്ന നീണ്ട കൊമ്പന്‍മീശക്കുള്ളിലും നിഷ്‌കളങ്കത, തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുട്ടികള്‍ക്കെന്നും അദ്ദേഹം ഒരു ഹരമായിരുന്നു. ഇളംവെയിലുകള്‍ വിട്ടുമാറുമ്പോള്‍ അസ്തമയ സൂര്യന്‍ ഹഡ്‌സന്‍ പാര്‍ക്കിന്റെ പ്രാന്തപ്രദേശങ്ങളില്‍ അപ്രത്യക്ഷമാകുന്ന സമയങ്ങളില്‍ കളിച്ചുകൊണ്ടിരിക്കുന്ന മലയാളിക്കുട്ടികളുടെ മദ്ധ്യേ കൈനിറയെ മുട്ടായിയുമായി(Candy) അപ്പന്‍ എത്തുകയായി. അപ്പന്‍ വരുന്നുണ്ടോയെന്നറിയുവാന്‍ കളിസ്ഥലങ്ങളില്‍ കുട്ടികള്‍ കാത്തിരിക്കുമായിരുന്നു. പിന്നെ, കൂട്ടുകാരുമൊത്തു കുഞ്ഞുങ്ങള്‍ മീശയപ്പനു ചുറ്റും വട്ടക്കളികളായി. അപ്പനങ്ങനെ എന്നും അവരുടെ പ്രിയങ്കരനായിരുന്നു. കണ്ണുവെട്ടത്തില്‍ തന്നെ സല്ലപിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളുടെ അപ്പന്മാരുടെ അടുത്തും എത്തും. അവിടെയും അപ്പന്‍ എല്ലാവരുടെയും അപ്പനായിരുന്നു. ഓണക്കാലത്തുവന്ന മഹാബലിയെപ്പോലെ അപ്പനു ചുറ്റും അപ്പന്മാരും ആ സരസന്റെ സംഭാഷണങ്ങള്‍ രസിച്ചിരുന്നു.

എന്റെ മകള്‍ കുഞ്ഞായിരുന്നപ്പോള്‍ സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌ക്കൂള്‍ വിട്ടു ബസുകാത്തു നില്‍ക്കുന്ന സമയം എടീ വണ്ടിയില്‍ കയറടീ മോളെ എന്നു പറഞ്ഞു പല ദിവസങ്ങളിലും വീട്ടില്‍ കൊണ്ടുവന്നാക്കുമായിരുന്നു. മകള്‍ സുരക്ഷിതമായി വീട്ടില്‍ കയറുന്നതുവരെ വഴിയില്‍ കാത്തുകിടക്കുന്ന മീശയപ്പനെപ്പറ്റി ഇന്നെന്റെ മകള്‍ പറഞ്ഞപ്പോള്‍ ദുഃഖങ്ങള്‍ എനിക്ക് അമര്‍ത്തി പിടിക്കുവാനെ സാധിച്ചുള്ളൂ. ഒരിക്കലും ആ മനുഷ്യനോട് നന്ദി പറഞ്ഞില്ലല്ലോയെന്നും ഒരു നിമിഷം ചിന്തിച്ചുപോയി.
എഴുപതുകളിന്റെ അവസാനം ന്യൂറോഷല്‍ ബ്ലസഡ് സാക്രമെന്റ് സ്‌ക്കൂളിന്റെ പരിസരത്ത് സ്‌ക്കൂള്‍ വിട്ടുവരുന്ന സ്വന്തം കുട്ടികളെ കാത്തുനില്‍ക്കുന്ന അപ്പനെ ഞാന്‍ എന്നും കാണുമായിരുന്നു. കണ്ടാല്‍ എന്നും നിഷ്‌കളങ്കതയുടെ ചിരിയുമായി കൈകള്‍നീട്ടി അടുത്തത്തും. വഴിയരികില്‍ കാത്തിരിക്കുന്ന സ്‌നേഹിക്കുന്ന പിതാവിനെ കണ്ടാല്‍ ഓടിയെത്തുന്ന അദ്ദേഹത്തിന്റെ പിഞ്ചോമന കുഞ്ഞുങ്ങളെ ലാളിക്കുന്ന സുന്ദരമായ ദിനങ്ങളും എന്റെ ഓര്‍മ്മയിലുണ്ട്.

സായംകാലങ്ങളില്‍ ഞാന്‍ എന്നും ഏകനായി പട്ടണത്തില്‍കൂടി നടക്കാന്‍ ഇറങ്ങുന്ന സമയത്തെല്ലാം അപ്പന്‍ വഴിയില്‍ കണ്ടാല്‍ വണ്ടി നിറുത്തും. ഒറ്റയ്ക്ക് നടക്കാന്‍ സമ്മതിക്കാതെ വണ്ടിയില്‍ റൈഡ് തന്നു വീട്ടില്‍ ഇറക്കും. അപകടം പിടിച്ച വഴിയെ തനിയെ നടക്കരുതെന്നു ഉപദേശിക്കും. അപ്പന്‍ പറഞ്ഞത് ശരിയായിരുന്നു. ഒരിക്കല്‍ കറമ്പരുടെ പ്രഹരം കിട്ടി ഗുരുതരമായ അനുഭവം എനിക്കുണ്ടാവുകയും ചെയ്തു. അപ്പന്റെ ഉപദേശങ്ങള്‍ കേള്‍ക്കേണ്ടിയിരുന്നുവെന്നു എക്കാലവും എനിക്ക് തോന്നുമായിരുന്നു. ചിലപ്പോള്‍ സ്വന്തം ടാക്‌സിയിലെ യാത്രക്കാരെയുംകൊണ്ട് ചീറിപാഞ്ഞു പോകുന്ന സമയത്ത് കൈകള്‍ ഉയര്‍ത്തുവാനും ആ സ്‌നേഹനിധി മറക്കുമായിരുന്നില്ല.

അന്നത്തെ കുട്ടികള്‍ ഇന്നു മുതിര്‍ന്നവരെങ്കിലും മുട്ടായി കൊടുക്കുവാന്‍ അപ്പന്‍ മറക്കുകയില്ലായിരുന്നു. അവാസനമായി അപ്പനെ കണ്ടദിവസം മുതിര്‍ന്ന എന്റെ മകള്‍ക്കും എനിക്കും മുട്ടായി തരുവാന്‍ മറന്നില്ല. കുഞ്ഞയിരുന്നപ്പോള്‍ നല്‍കിയിരുന്ന സ്‌നേഹത്തിന്റെ പുഞ്ചിരിയോടെയായിരുന്നു മുട്ടായി മകളുടെ കൈകളില്‍ അപ്പന്‍ കൊടുത്തത്. മധുരിക്കുന്ന ഓര്‍മ്മകള്‍ ഇന്നും അവശേഷിക്കുന്നു. വിശ്വപ്രസിദ്ധമായ ടാഗോറിന്റെ കാബൂളിവാലായെപ്പോലെയുള്ള ഹൃദയ പരിശുദ്ധിയായിരുന്നു അപ്പനില്‍ അന്നു ഞാന്‍ കണ്ടത്.

അന്നത്തെ കൂടികാഴ്ചയില്‍ ഒരു പ്രവാചകനെപ്പോലെ മരണം തന്നെ മാടിവിളിക്കുന്നുവെന്നു അപ്പന്‍ പറഞ്ഞതും ഓര്‍ക്കുന്നു. ഞാന്‍ പറഞ്ഞു, അങ്ങനെ പറയരുത് സ്‌നേഹിതാ, വിധി നമ്മുടെ കൈകളില്‍ അല്ല. ചിലപ്പോള്‍ ഞാന്‍ ആയിരിക്കും മുമ്പില്‍ സഞ്ചരിക്കുന്നത്. ഞാനും ചുറ്റുമുള്ള പ്രിയജനങ്ങളും സഞ്ചരിക്കുന്ന ജീവന്റെ കപ്പല്‍ ഇനി കരയെത്തുവാന്‍ നെല്ലിട മാത്രമേ വ്യത്യാസമുള്ളൂ. ഒരു ദീര്‍ഘദര്‍ശിയെപ്പോലെ അപ്പന്റെ സ്വയം ഉള്‍കാഴ്ചയിലുള്ള പ്രവചനം സത്യമായി. മുമ്പില്‍തന്നെ ഓടിസഞ്ചരിച്ച് അപ്പന്‍ ഇനിമേല്‍ നിത്യതയിലും.

രാജാവിന്റെ പ്രൗഢിയോടെ പത്രത്തില്‍ വന്ന സുന്ദരമായ അങ്ങയുടെ പടം ഇമവെട്ടാതെ ഏറെനേരം ഞാന്‍ നോക്കിനിന്നു. എവിടെയോ ഒളിഞ്ഞിരിക്കുന്ന താങ്കളെ ഓര്‍മ്മിക്കുവാന്‍ ഇനി മുതല്‍ ഓരോ സുഹൃത്തുക്കളുടെയും ഹൃദയങ്ങളില്‍ മാത്രം ഒളിച്ചു വെക്കണം. ഇനി താങ്കളെ കാണുകയില്ല, കാണുമോ? വിചിത്രമായ ഏതോ വിഹായസിനുള്ളിലെ വെട്ടിതിളങ്ങുന്ന ഗ്രഹങ്ങളിലേക്ക് പാഞ്ഞുപോകുന്ന അങ്ങയുടെ ആത്മാവിനു നമോവാകം. അങ്ങയുടെ സൗന്ദര്യം എന്താണെന്നു പറയട്ടെ. ഒരിക്കലും അസ്തമിക്കാത്ത ആ പുഞ്ചിരിയായിരുന്നു. അങ്ങയുടെ നര്‍മ്മസംഭാഷണങ്ങള്‍ ഇനിമേല്‍ കാതുകള്‍ക്ക് സംഗീതം മാത്രം. ഓരോ ദിവസവും കടന്നുപോകുമ്പോഴും നമ്മില്‍ തന്നെ വിസ്മയം ഉടലെടുക്കുന്നു. പൊഴിഞ്ഞുപോവുന്ന ദിവസങ്ങളെ നോക്കി നെടുവീര്‍പ്പുകള്‍ എല്ലാ മനുഷ്യന്റെയും ജീവന്റെ തുടിപ്പിലുണ്ട്. അത് പ്രകൃതിനിയമമാണ്. സ്‌നേഹിതാ, അങ്ങ് ലോകത്ത് വന്നു. ഇനി അങ്ങേക്ക് യാത്ര. ഞാനുള്‍പ്പെടെയുള്ള ലോകം അങ്ങയെ സുഹൃത്തായി ലഭിച്ചതില്‍ അനുഗ്രഹീതമായി കരുതുന്നു. മരണം യാഥാര്‍ത്ഥ്യമാണ്. കുഴിമാടത്തിലെ ക്ഷണികങ്ങളായ കണ്ണുനീരുകള്‍ മരണമെന്ന കാലനെ കുലുക്കുകയില്ല. മരണം ചൈതന്യമായി, കൊടുങ്കാറ്റിലും ഇടിയുള്ള രാവുകളിലും മഞ്ഞുതുള്ളികളിലും മഞ്ഞുകട്ടയിലും പൊഴിഞ്ഞ ഇലകളിലും വേനല്‍ക്കാലത്തെ ചൂടിലും വിഹായസ്സിങ്കല്‍ തത്തികളിക്കുന്നുണ്ട്.

അങ്ങില്ലാത്ത കണ്ണുനീരിറ്റുറ്റു വീഴുന്ന അങ്ങയുടെ കുടുംബത്തിനു എനിക്കിന്ന് സ്വാന്തന വാക്കുകളര്‍പ്പിക്കുവാനെ സാധിക്കുന്നുള്ളൂ. അങ്ങയുടെ കുടുംബത്തിനൊത്തു കേഴുന്ന അനേക സുഹൃത്തുക്കള്‍ ഇന്ന് വെസ്റ്റ് ചെസ്റ്റര്‍ പരിസരങ്ങളില്‍ ഉണ്ട്. ഇന്നലെവരെ പരിപാരങ്ങളുമായി സഞ്ചരിച്ചിരുന്ന ഇവിടെയുണ്ടായിരുന്ന അമേരിക്കന്‍ മഹാബലി, യുഗങ്ങള്‍ക്കു മുമ്പു വാമനന്‍ തട്ടികൊണ്ടുപോ യമഹാബലിയെപ്പോലെ തിരുവോണംനാളില്‍ ഇനിയും വന്നെത്തുമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക