Image

മൗന നൊമ്പരം (കവിത)- ജോസന്‍ ജോര്‍ജ്ജ്

ജോസന്‍ ജോര്‍ജ്ജ്, ഡാലസ്സ് Published on 02 February, 2013
മൗന നൊമ്പരം (കവിത)-  ജോസന്‍ ജോര്‍ജ്ജ്
2003 ഫെബ്രുവരി ഒന്നാം തീയതി സംഭവിച്ച "കൊളംബിയ" ബഹിരാകാശ ദുരന്തത്തില്‍ വീരചരമം പ്രാപിച്ച കല്പനാ ചൗളയുടെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

അംബരചുംബികള്‍ അന്തിച്ചുനില്‍ക്കേ പൊന്‍ -
അംബരം പൂകിയ വീരാംഗനേ
ആയിരമായിരം ആളുകളെങ്ങുമേ
ആരാധനയോടെ നോക്കിനില്‍ക്കേ,
വീശി വലംകയ്യുയര്‍ത്തി, ചിരിതൂകി യാത്രയായി.
പൊങ്ങിപ്പറന്നു, പതിനാറുനാള്‍കളായ്
എന്നിട്ടുമെന്തേ മടങ്ങാത്തൂ നീ?
അമ്പിളിത്താലത്തില്‍ ആടിത്തിമിര്‍ക്കേ നിന്‍
അമ്മയാം ഭൂമിയെ വിസ്മരിച്ചോ?
ഇന്നീ ധരണിയില്‍ നിന്നേയും കാത്തു-
നിന് ഉറ്റവര്‍ അക്ഷമരായി നില്‍ക്കേ,
പിന്നെ, പതിനാറു നിമിഷങ്ങള്‍ മാത്രം-
എന്നു ഉള്ളില്‍ നിനച്ചങ്ങൊരുങ്ങീടുമ്പോള്‍
കൂട്ടരോടൊത്തു വന്നാകാശവീഥിയില്‍
മിന്നിത്തെളിഞ്ഞു മറഞ്ഞതെങ്ങോ?
എല്ലാം മറന്നങ്ങവിടെ വസിക്കുവാന്‍
അത്രമേല്‍ കാമ്യമോ വെണ്‍മേഘങ്ങള്‍ ?

നിന്‍ കാര്‍കൂന്തല്‍ കണ്ടു കൊതിപൂണ്ട, കള്ളനാം-
കാര്‍കൊണ്ടല്‍ നിന്നെ ഒളിപ്പിച്ചതോ?
നിന്‍ പീലിക്കണ്ണില്‍ അസൂയ പൂണ്ടച്ചെറു-
താരങ്ങള്‍ നിന്നെച്ചതിച്ചതാണോ?
നിന്‍ പാദസ്പര്‍ശമേറ്റുള്‍കുളിര്‍ കൊണ്ടിട്ടാ-
ചന്ദ്രദേവന്‍ നിന്നെവേട്ടതാണോ?
കല്പനാലോകത്തില്‍ എന്നും വിലസുവാന്‍
കല്പനേ, നിന്‍ കൊതിതീരുകില്ലേ?
അമ്പിളിത്താലത്തില്‍ മാം ഉണ്ടുറങ്ങുവാന്‍
അമ്പേ ചെറുപ്പത്തില്‍ ആശിച്ച നീ-
അമ്പിളിയോടൊത്തു ചേരുവാനങ്ങൊരു
വെള്ളിനക്ഷത്രമായി തീര്‍ന്നതാണോ?

കല്പനാവൈഭവമാര്‍ന്ന ജനങ്ങളങ്ങെത്ര-
കഥകള്‍ മെനഞ്ഞിടാമെങ്കിലും,-
ഉത്തരം കിട്ടാത്തൊരായിരം ചോദ്യങ്ങള്‍
ഉത്തരം കിട്ടാതുയര്‍ന്നിടുന്നു,
ഭാരതമക്കള്‍ക്കഭിമാനമായ നീ
പാരിലേക്കെന്തേ മടങ്ങിടാത്തൂ?
മാലോകരാകവെ കാതോര്‍ത്തിരിപ്പൂ നിന്‍
തേരിന്‍ ഇരമ്പം സ്രവിച്ചിടുവാന്‍.

മൗന നൊമ്പരം (കവിത)-  ജോസന്‍ ജോര്‍ജ്ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക