Image

നീന പനക്കലിന്റെ നോവല്‍ സ്വപ്നാടനം Eമലയാളിയില്‍ ഉടന്‍

Published on 04 February, 2013
നീന പനക്കലിന്റെ നോവല്‍ സ്വപ്നാടനം Eമലയാളിയില്‍ ഉടന്‍
(നീന പനക്കലിന്റെ നോവല്‍ "സ്വപ്നാടനം" Eമലയാളിയില്‍ ഉടന്‍ തുടങ്ങുന്നു)

നിവൃതിയുടെ ചിറകുകളില്‍ ഏഴാം കടലിനക്കരെ

വിലാസിനിയുടെ 'നിറമുള്ള നിഴലുകള്‍' ആണെന്നു തോന്നുന്നു വിദേശ മലയാളികളുടെ കഥ പറയുന്ന ആദ്യത്തെ മലയാളനോവല്‍ . പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന്റെ തട്ടകം സിംഗപ്പൂരായിരുന്നല്ലോ. മലേഷ്യന്‍ ജീവിതത്തെ അടുത്തറിയാന്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ മിക്ക നോവലുകളും ആ നാടിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടവയാണ്. മലയാളത്തിന്റെ മഹാസഞ്ചാരിയായിരുന്ന എസ്.കെ പൊറ്റക്കാടിന്റെ ചില കഥകളിലും നോവലുകളിലും വിദേശരാജ്യങ്ങളിലെ മലയാളി ജീവിതം കടന്നുവന്നിട്ടുണ്ട്. പക്ഷേ, അമേരിക്കന്‍ മലയാളികളെ കഥാപാത്രങ്ങളാക്കി മലയാളത്തിലെഴുതപ്പെട്ടിട്ടുള്ള ആദ്യത്തെ നോവലാണ് നീനാ പനയ്ക്കലിന്റെ 'സ്വപ്നാടനം'.

അമേരിക്ക എന്നും ഒരു വാഗ്ദത്ത ഭൂമിയായിരുന്നു. കുടിയേറ്റക്കാരുടെ സ്വര്‍ഗ്ഗരാജ്യം. ഗള്‍ഫ് നാടുകള്‍ കഴിഞ്ഞാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ മലയാളികള്‍ തൊഴിലന്വേഷിച്ചു പോകുന്നത് അമേരിക്കന്‍ ഐക്യനാടുകളിലേക്കാണ്. പുറമെ നിന്ന് കാണുന്നവര്‍ക്ക് സ്വപ്നസമാനമായ ജീവിതമാണിവിടെ. അദ്ധ്വാനിയാണ് പൊതുവെ മലയാളികള്‍. ഏത് നാട്ടില്‍ ചെന്നാലും അവസരങ്ങള്‍ക്കൊത്ത് ഉയരാനും നേട്ടങ്ങള്‍ കൊയ്‌തെടുക്കാനും സമര്‍ത്ഥരാണവര്‍. താമസിക്കാന്‍ ആധുനികവില്ലകളും സഞ്ചരിക്കാന്‍ ആഡംബരകാറുകളും ചെലവഴിക്കാന്‍ കൈനിറയെ ഡോളറും സമ്പാദിച്ചു കഴിയുമ്പോഴേക്കും അമേരിക്കന്‍ മലയാളി മാതാപിതാക്കളുടെ മനസ്സില്‍ ചില ഉത്കണ്ഠകള്‍ ഉടലെടുക്കാന്‍ തുടങ്ങും. അത്തരം ചില ഉത്കണ്ഠകളിലേക്കുള്ള ഒരന്വേഷണം കൂടിയാണ് ഈ നോവല്‍.

പെണ്‍മക്കള്‍ ഡേറ്റിങ്ങിനു പോയിത്തുടങ്ങുമ്പോഴാണ് യാഥാസ്ഥിതിക കേരളീയ കുടുംബങ്ങളില്‍ നിന്നു വന്ന് അമേരിക്കയില്‍ താമസമാക്കിയ മാതാപിതാക്കളുടെ മനസില്‍ ആധി കയറുന്നത്. മകള്‍ ബീന ആണ്‍കുട്ടികളുമായി കൂട്ടുകൂടാന്‍ തുടങ്ങിയപ്പോള്‍ ജോസും മേരിക്കുട്ടിയും ഭയന്നു. പക്ഷെ, പുരോഗമവാദികളായ പല മലയാളികളും അവരുടെ പെണ്‍മക്കളെ ഡേറ്റ് ചെയ്യാന്‍ അനുവദിച്ചപ്പോള്‍ ജോസിനും അങ്ങനെ ചെയ്യേണ്ടിവന്നു. ഒരാണും ഒരു പെണ്ണും കൂടി തിയേറ്ററില്‍ പോയി സിനിമ കണ്ടാല്‍, റസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിച്ചാല്‍, ആകാശം ഇടിഞ്ഞുവീഴുമോ? പലരും ചോദിക്കുന്നതു കേട്ടപ്പോള്‍ ജോസിനും അത് ശരിവയ്‌ക്കേണ്ടിവന്നു. അതേ അയാള്‍ക്ക് സാധിക്കുമായിരുന്നുള്ളൂ. കേരളമല്ലല്ലോ അമേരിക്ക, കുട്ടികളുടെ മേല്‍ കണക്കിലധികം നിയന്ത്രണമേര്‍പ്പെടുത്തുവാന്‍ അമേരിക്കയില്‍ മാതാപിതാക്കള്‍ക്ക് കഴിയില്ല.
പഠനകാര്യങ്ങളില്‍ അതിസമര്‍ത്ഥയാണ് ബീനയെങ്കിലും ലാളിച്ചു വഷളാക്കപ്പെട്ട കുട്ടിയാണവള്‍. മക്കളുണ്ടാവുകയില്ലെന്ന് ബോദ്ധ്യമായപ്പോള്‍ ദത്തെടുത്തു വളര്‍ത്തിയതാണ് ജോസും മേരിക്കുട്ടിയും അവളെ. പക്ഷേ, അവള്‍ക്ക് അതറിയില്ല. അവളുടെ യഥാര്‍ത്ഥ അമ്മ ജോസിന്റെ അനുജത്തി സുമിയാണ്. ചെറുപ്പത്തിലേ വിധവയായ സുമിയുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് ബീന. അവളുടെ സഹോദരി ബിന്ദു ബാല്യകാലം കേരളത്തില്‍ ജീവിച്ചശേഷം സുമിയോടൊപ്പം അമേരിക്കയില്‍ എത്തിയിട്ടുണ്ട്. രണ്ട് വിഭിന്ന സംസ്‌കാരങ്ങളുടെ പ്രതിനിധികളാണ് ബീനയും ബിന്ദുവും.

അമേരിക്കന്‍ സംസ്‌കാരത്തിന്റെ പ്രലോഭനങ്ങളിലേക്ക് നീന്തിത്തുടിച്ച് ചെല്ലാന്‍ ബീനയ്ക്ക് ഒരു പ്രയാസവും നേരിട്ടില്ല. അതിന് അവളെ സഹായിക്കാന്‍ ക്ലാസ്സില്‍ പുതിയതായി എത്തിയ ഷാനന്‍ ബേക്കര്‍ എന്ന സുന്ദരിപ്പെണ്‍കുട്ടിയുമുണ്ടായിരുന്നു. ഷാന്റെ അമ്മയാണെങ്കില്‍ ചെറുപ്പക്കാരിയും വിവാഹമോചിതയുമായ ടെലിവിഷന്‍ താരം. ഷാനനോ അമ്മയെ വെല്ലുന്ന ഗ്ലാമര്‍ മോഡലാകാന്‍ ആഗ്രഹിക്കുന്നവള്‍. ആണ്‍കുട്ടികളുമായി പരിധിയില്ലാതെ ഇടപഴകുന്നതും സിഗരറ്റുവലിക്കുന്നതും വൈന്‍ കുടിക്കുന്നതും അല്പവസ്ത്രം ധരിക്കുന്നതും ഷാനനെ സംബന്ധിച്ചിടത്തോളം തികച്ചും സ്വാഭാവികമായ കാര്യങ്ങളാണ്. കാരണം അവള്‍ അമേരിക്കക്കാരിയാണ്. അതവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. പക്ഷേ, ബീനയോ?

പക്ഷേ, അമേരിക്കന്‍ സംസ്‌കാരത്തിന് നല്ല വശങ്ങളില്ലെ? ഉണ്ട്. അതിലൊന്നാണ് മി.ഹ്യൂസിന്റെയും കുടുംബത്തിന്റെയും ചിത്രീകരണത്തിലൂടെ നീനാ പനയ്ക്കല്‍ വെളിപ്പെടുത്തുന്നത്. ബീനയുടെ മറ്റൊരു കൂട്ടുകാരിയുടെ പിതാവാണ് ഹ്യൂ സ്. സൂസന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാനായി അവളുടെ വീട്ടില്‍ ഏതാനും ദിവസത്തെ താമസത്തിനായി എത്തുന്ന ബീനയെ സൂസന്റെ സഹോദരന്‍ ശാരീരികമായി കീഴ്‌പ്പെടുത്തുന്നു. ഇക്കാര്യം അറിയാനിടവരുന്ന സംസ്‌കാര സമ്പന്നനായ ഹ്യൂസും കുടുംബവും ഞെട്ടിത്തെറിക്കുന്നു. ബോബിയെ മാതൃകാപരമായി ശിക്ഷിക്കുക മാത്രമല്ല ബീനയോട് മാപ്പപേക്ഷിക്കുകയും ചെയ്യുന്നു.

ജോസിന്റെയും മേരിക്കുട്ടിയുടെയും ബീനയുടെയും മാത്രം കഥയല്ല സ്വപ്നാടനം. അത് പ്രധാനമായും സുമിയുടെയും കൂടി കഥയാണ്. സമ്പന്നകുടുംബത്തില്‍ ജനിച്ചെങ്കിലും വീട്ടുപരിചാരകന്റെ മകനില്‍ അനുരക്തയാവുകയും എല്ലാവരുടെയും എതിര്‍പ്പിനെ അവഗണിച്ച് സ്‌നേഹിച്ച പുരുഷന്റെയടുത്തേക്ക് പടിയിറങ്ങിപ്പോയവളാണ് അവള്‍. വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിക്കുമ്പോള്‍ അവള്‍ പൂര്‍ണ്ണ ഗര്‍ഭിണി. ജന്മം നല്‍കുന്നത് ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്കും. കുഞ്ഞുങ്ങളില്ലാത്ത സഹോദരന്‍ ബീനയെ ദത്തെടുക്കാന്‍ ചോദിച്ചപ്പോള്‍ കരള്‍ പറിച്ചെടുത്തുകൊടുക്കുന്ന വേദനയോടെയാണ് അവള്‍ കൊടുത്തത്. ഒരിക്കലും ബീന ഇക്കാര്യം അറിയാന്‍ പാടില്ല എന്ന മേരിക്കുട്ടിയുടെ നിബന്ധന സമ്മതിക്കേണ്ടിയും വന്നു. മകളെ എന്നും കണ്ടുകൊണ്ടിരിക്കാന്‍ സുമിയെ അമേരിക്കയിലേക്കു കൊണ്ടുപോകാം എന്ന് ജോസ് വാഗ്ദാനവും നല്‍കി. പക്ഷേ, കൊണ്ടുപോയതോ എട്ടുപത്തു വര്‍ഷം കഴിഞ്ഞും. വീട്ടീലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെ എത്തിയ സുമി എന്ന സ്ത്രീയെയും ബിന്ദു എന്ന പെണ്ണിനെയും ബീന എതിര്‍ത്തു. മനുഷ്യര്‍ക്ക് സിക്‌സ്ത് സെന്‍സ് എന്നൊന്നുണ്ടല്ലോ. പിഞ്ചുകുഞ്ഞായിരിക്കുമ്പോള്‍ തന്നെ ഉപേക്ഷിച്ചുകളഞ്ഞ പെറ്റമ്മയോട്, എനിക്കവകാശപ്പെട്ട സ്‌നേഹം കൂടി അമ്മയില്‍ നിന്ന് കവര്‍ന്നെടുത്ത സഹോദരിയോട്, വെറുപ്പുണ്ടായത് ആ ആറാം ഇന്ദ്രിയം കാരണമല്ലെ? നോവലിസ്റ്റിന് ന്യായീകരണമുണ്ട്.

ഹൃദയസ്പര്‍ശിയായ ഒരു കഥയാണ് സ്വപനാടത്തിലൂടെ നീനാ പനയ്ക്കല്‍ പറയുന്നത്. ദീര്‍ഘകാലത്തെ അമേരിക്കന്‍ വാസത്തിനിടയില്‍ അടുത്തറിയാന്‍ കഴിയുന്ന, മലയാളികള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളും പ്രതിസന്ധികളും അവര്‍ അനുഭവിക്കേണ്ടിവരുന്ന വിഹ്വലതകളും അവര്‍ നേരിടുന്ന ജീവിതവിജയങ്ങളും നോവലിസ്റ്റ് ഓജസ്സുള്ള ഭാഷയില്‍ കോറിയിട്ടിരിക്കുന്നു. വായിക്കുന്നതെല്ലാം നേരില്‍ കാണുന്ന പ്രതീതിയുണ്ടാക്കാന്‍ നീനാ പനയ്ക്കലിന് കഴിഞ്ഞിട്ടുണ്ട്. സ്വപ്നാടനം എന്ന ഈ നോവല്‍ മനോഹരമായ ഒരു അമേരിക്കന്‍ വായനയാണെന്ന് നിസ്സംശയം പറയാം.
കെ.കെ. സുധാകരന്‍
ഒരു നിമിഷം..
1981- ല്‍ അമേരിക്കയില്‍ എത്തിയപ്പോള്‍ ഒരു അത്ഭുതലോകത്തിലേക്കു കടന്ന പ്രതീതിയാണ് എനിക്കുണ്ടായത്. നിശ്ചയമായും അമേരിക്ക ഒരു അത്ഭുതലോകം തന്നെ.

വിവിധ രാജ്യങ്ങളില്‍ നിന്നും കുടിയേറിയവര്‍, വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍, വിവിധ സംസ്‌കാരങ്ങള്‍ കാത്തുസൂക്ഷിക്കുന്നവര്‍. അവരുടെ നാടാണ് അമേരിക്ക.The Land of the brave, The land of opportunity, The land of freedom.

God bless America.

ഇവിടെ മലയാളികള്‍ സ്‌നേഹത്തോടും സൗഹൃദത്തോടും വസിക്കുന്നു. അവരിലൊരാളാവാന്‍ എനിക്കും ഭാഗ്യമുണ്ടായി. കൃതാര്‍ത്ഥയാണ് ഞാന്‍.

ചെറുകഥകള്‍ എഴുതി അയച്ചപ്പോള്‍, പത്രങ്ങളും മാസികകളും അവ സസന്തോഷം പ്രസിദ്ധീകരിച്ചപ്പോള്‍ തോന്നി ഒരു കൊച്ചു നോവല്‍ എഴുതിയാലോ എന്ന്.

'സ്വപ്നാടനം' എന്ന ഈ നോവല്‍ വെറും സങ്കല്പം മാത്രമാണ്. 'Fiction' . ഇതിലുള്ള കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമല്ല. ആരെങ്കിലുമായി എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ അത് യാദൃച്ഛികം മാത്രമാണ്.

വനിത ദൈ്വവാരികയില്‍ ഈ നോവല്‍ പ്രസിദ്ധീകരിക്കാന്‍ സന്മസ്സു കാട്ടിയ മണര്‍കാട് മാത്യുസാറിനും രാജന്‍ മാത്യൂസാറിനും നന്ദി.

അല്പം ചില മാറ്റങ്ങള്‍ നോവലില്‍ വരുത്തിയിട്ടുണ്ട്.

ധാരാളം സ്‌നേഹിതര്‍ എന്നെ വിളിക്കയും നോവലിനെക്കുറിച്ച് സംസാരിക്കയും എന്നെ അഭിനന്ദിക്കയും ചെയ്തു. അതില്‍ പ്രഥമസ്ഥാനം പ്രശസ്ത സാഹിത്യകാരനും കുടുംബസുഹൃത്തുമായ ശ്രീ. ജോയന്‍ കുമരത്തിനാണ്. ആ സേന്ഹത്തിനു മുമ്പില്‍ നമിക്കട്ടെ.

ഈ നോവല്‍ ഓരോ അദ്ധ്യായവും വായിച്ചുനോക്കി, തെറ്റുകള്‍ കണ്ടുപിടിച്ച് എന്നെക്കൊണ്ട് തിരുത്തിയഴുതിച്ച എന്റെ ഭര്‍ത്താവ് ശ്രീ ജേക്കബ് പനയ്ക്കലിനും ആരേയും എഴുതി നോവിക്കല്ലേ അമ്മേ എന്ന് എന്നോട് എപ്പോഴും അപക്ഷിക്കുന്ന എന്റെ മൂത്ത മകള്‍ അബു പനയ്ക്കലിനും എന്റെ സ്‌നേഹചുംബനങ്ങള്‍.
ഈ നോവലിന് അവതാരിക എഴുതിത്തന്ന ശ്രീ.കെ.കെ. സുധാകരനോടും പുസ്തകമാക്കിത്തന്ന കറന്റ് ബുക്‌സിനോടും അകൈതവമായ നന്ദി രേഖപ്പെടുത്തട്ടെ.
നീനാ പനയ്ക്കല്‍
നീന പനക്കലിന്റെ നോവല്‍ സ്വപ്നാടനം Eമലയാളിയില്‍ ഉടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക