Image

കമലിന്റെ 'സെല്ലുലോയ്ഡി'ന് വിതരണക്കാരുടെ വിലക്ക്

Published on 06 February, 2013
കമലിന്റെ 'സെല്ലുലോയ്ഡി'ന് വിതരണക്കാരുടെ വിലക്ക്
കൊച്ചി: റിലീസിംഗിന് തയാറെടുക്കുന്ന കമല്‍ ചിത്രം സെല്ലുലോയ്ഡിന് വിതരണക്കാരുടെ സംഘടനയുടെ വിലക്ക്. നേരത്തെ കേരളത്തില്‍ സിനിമാ സമരം നടക്കുന്നതിനിടെ കമല്‍ സ്വപ്നസഞ്ചാരി എന്ന സിനിമ റിലീസ് ചെയ്തതും തുടര്‍ന്ന് നടത്തിയ പരാമര്‍ശങ്ങളുമാണ് വിലക്കിന് കാരണം. 

വിലക്കിനെതിരേ കമല്‍ ഫെഫ്കയ്ക്കും സംവിധായകരുടെ സംഘടനയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. വിലക്ക് നീക്കാന്‍ നിര്‍മാതാക്കളുടെ സംഘടനയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമായില്ല. താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അന്നത്തെ സാഹചര്യവുമായി ബന്ധപ്പെട്ടായിരുന്നുവെന്നും ഇന്ന് അതിന് ഒരു പ്രസക്തിയുമില്ലെന്നുമാണ് കമലിന്റെ വാദം. സ്വപ്നസഞ്ചാരിക്ക് ശേഷം കമല്‍ ഒരുക്കുന്ന ചിത്രമെന്ന നിലയിലാണ് വിതരണക്കാരുടെ സംഘടന വിലക്ക് പ്രഖ്യാപിച്ചത്. അതേസമയം ചിത്രത്തിന്റെ റിലീസിംഗിന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ എ ക്ലാസ് തീയറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് ഇവര്‍ അറിയിച്ചു.

ഈ മാസം 15 നാണ് സെല്ലുലോയ്ഡിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലിന്റെ ജീവിതം ഇതിവൃത്തമാക്കിയാണ് സെല്ലുലോയ്ഡ് ഒരുക്കിയിരിക്കുന്നത്. പഴയകാല സിനിമാ ചിത്രീകരണരീതി തിരുവനന്തപുരത്തും മൈസൂരിലും പുനരാവിഷ്‌കരിച്ചാണ് സെല്ലുലോയ്ഡ് ചിത്രീകരിച്ചിരിക്കുന്നത്. പൃഥ്വിരാജും മംമ്ത മോഹന്‍ദാസുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അഭിനയിക്കുന്നത്.

കമലിന്റെ 'സെല്ലുലോയ്ഡി'ന് വിതരണക്കാരുടെ വിലക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക