Image

പണിമുടക്കുന്ന വൃക്ക; പഠിക്കാത്ത കേരളത്തിന് ഓര്‍മ്മപ്പെടുത്തലുമായി ഉമയും, ഫോമയും

അനില്‍ പെണ്ണുക്കര Published on 08 February, 2013
പണിമുടക്കുന്ന വൃക്ക; പഠിക്കാത്ത കേരളത്തിന് ഓര്‍മ്മപ്പെടുത്തലുമായി ഉമയും, ഫോമയും
മനുഷ്യന്റെ ജീവിതത്തിന് ഒരു പ്രത്യേകതയുണ്ടെന്ന് തോന്നുന്നത് എപ്പോഴാണ്. ശരീരം സദാപ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു യന്ത്രമാണെന്ന് തിരിച്ചറിയുമ്പോള്‍. കേരളത്തിലെ മൂന്ന് ചെറിയ നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍  നാല്‍പത് ശതമാനം ആളുകള്‍ വൃക്കരോഗത്തിന്റെ പിടിയിലാണ്.

പ്രമേഹം ഒരഹങ്കാരമായികൊണ്ടു നടന്നവര്‍ നാഴികയ്ക്ക് നാല്‍പ്പതു വട്ടം ഡയാലിസിസിന് ഓടി നടക്കുന്ന ദയനീയ കാഴ്ചയുടെ അടിസ്ഥാനപരമായ തീവ്രത മലയാളിയെ മനസിലാക്കുവാന്‍ ഫോമ വലിയൊരു ഉപകാരം കേരളത്തിനു ചെയ്തു. നല്ലത് എന്നും അംഗീകരിക്കപ്പെടണം എന്നതിന്റെ വെളിച്ചത്തിലാണിത് എഴുതുന്നതും.

കേരളത്തിലെ വൃക്ക രോഗികള്‍ക്ക് തണലായി നില്‍ക്കുന്ന ചാരിറ്റി പ്രവര്‍ത്തകരായ ഉമാ പ്രേമന്‍, ഫാ. ഡേവിസ്
ചിറമേല്‍ എന്നിവരെ ഫോമാ കൊച്ചി കണ്‍വന്‍ഷനില്‍ പ്രത്യേകയോഗത്തില്‍ ആദരിച്ചു. 25000 രൂപ വീതം രണ്ടുപേരുടേയും ചാരിറ്റി സംഘടനയ്ക്ക് പാരിതോഷികമായും നല്‍കി. ഫോമയുടെ ഏറ്റവും മികച്ച പ്രവൃത്തിയാണിത് എന്ന് ഉദ്ഘാടനത്തില്‍ മുന്‍ അംബാസിഡര്‍ ടി.പി.ശ്രീനിവാസന്‍ പറയുകയും ചെയ്തു.

ഭാവിയില്‍ വൃക്കരോഗം കാത്തുകഴിയുന്ന എനിക്ക് ഫോമയോട് പറയാനുള്ളത് ഓരോ വൃക്കവീതം ദാനം ചെയ്ത ഉമാപ്രമന്റെയും, ഫാ.ഡേവിസ് ചിറമേലിന്റേയും മുഖത്തെ ചൈതന്യം നമുക്കാര്‍ക്കും ഇല്ലാതെ പോയത് എന്താണ് എന്നാണ്. ദൈവാനുഗ്രഹം എന്ന് ഒറ്റവാക്കില്‍ പറയാം.

25000 രൂപ ഒരു ചെറിയ തുകയാണ്. ഇതിന്റെ ക്വാളിറ്റിയും, ക്വാണ്ടിറ്റിയും വര്‍ദ്ധിപ്പിക്കാന്‍ ഫോമ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്ന് ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യൂവും, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസും പറഞ്ഞത് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് കേട്ടത്.

ഇതാ ഉമാപ്രേമന്‍ പറയുന്നത് കേള്‍ക്കൂ,

വൃക്കരോഗം ചികിത്സിച്ചാല്‍ മാറുമെന്ന് ആരും ധരിക്കണ്ട. ആധുനിക സമൂഹത്തിലെ ഒരു വൃക്ക രോഗി സ്വന്തം വീടിന്റെ അടിത്തറയും തകര്‍ത്തേ മരിക്കൂ.

വൃക്ക മാറ്റി വയ്ക്കാനുള്ള സാഹചര്യമില്ലെങ്കില്‍ മരണം ഉറപ്പ്. ശസ്ത്രക്രിയ കഴിഞ്ഞാല്‍ തന്നെ മരുന്ന് അവിഭാജ്യഘടകവുമാകുന്നു. ഒരു മാസം പതിനായിരത്തിലധികം രൂപയുടെ മരുന്ന് വേണം. ശസ്ത്രക്രിയ അല്ലെങ്കില്‍ ഡയാലസിസ്. ഇതൊരു വലിയ സംഭവമാണെന്ന് നാം ആരും ചിന്തിക്കുന്നില്ല. ആരും ഇത് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനെപ്പറ്റി ആലോചിക്കുന്നില്ല. അങ്ങനെ ചിന്തിച്ചാല്‍ ഇവിടെ 'ആതുരവ്യവസായം' തകരും. നമ്മുടെ നിയമത്തിനും വലിയ ഹോപ്പ് ഇല്ല. അതുകൊണ്ട് ഒരു സമഗ്രബോധവല്‍ക്കരണം ഉണ്ടാകണം. വൃക്കരോഗം എങ്ങനെ ഉണ്ടാകുന്നു. അതിന്റെ സാമ്പത്തിക ബാധ്യതകള്‍, അത് മാറാത്ത രോഗമാണോ, ഇങ്ങനെ ശ്രദ്ധിച്ചാല്‍ നാലായുസ്സുള്ള വൃക്കയുമായി ജീവിക്കുന്ന നമ്മള്‍ ഒരിക്കലും വൃക്കരോഗിയാവില്ല. അന്യന്റേത് ഒന്നും ആഗ്രഹിക്കരുത്. വൃക്കപോലും എന്ന് തമാശയായി പറഞ്ഞ അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായാണ് ഉമാ പ്രേമന്റെ പ്രേരകശക്തിയും, വഴികാട്ടിയും ഈ സാന്നിദ്ധ്യം അമേരിക്കന്‍ മലയാളികള്‍ തിരിച്ചറിയണം.

ഇനിയും ഉമാപ്രേമനും, ഡേവിസ് ചിറമേലച്ചനും സഹായങ്ങളെത്തണം. 25000 പോരാ. അതിനായി സംഘടനകള്‍ മുന്നോട്ടു വരണം. കള്‍ച്ചറല്‍ പ്രോഗ്രാമുകളും, ബര്‍ത്ത്‌ഡേ, മരിച്ച ഡേ, കുഞ്ഞ് അപ്പിയിട്ട ഡേ വരെ ആഘോഷിക്കുവാന്‍ പണം മുടക്കുന്നവര്‍, പാര്‍ക്കിംഗ് ലോട്ടില്‍ ഡിക്കി തുറന്ന് വച്ച് കിട്ടിയ സ്വാതന്ത്ര്യത്തില്‍ അല്പം അകത്താക്കുന്നവര്‍ -ഇവരെല്ലാം അല്പം ചിന്തിക്കുക. അല്പം തുക മാറ്റി വയ്ക്കുക, ഒന്നുകില്‍ ഭാവിയില്‍ ഒരു കിഡ്‌നി
വാങ്ങാം. അല്ലെങ്കില്‍ വൃക്കരോഗത്താല്‍ വലയുന്നവരെ സഹായിക്കാം. ഉമാപ്രേമനോടൊപ്പവും, ഡേവിസ് അച്ചനോടൊപ്പവും ഒരു ചിത്രമെടുക്കാന്‍ അവസരമുണ്ടാക്കിയതിന് ഫോമയ്ക്ക് അഭിനന്ദനവും, ആശംസയും.

ഫാ. ഡേവിഡ് ചിറമേല്‍ വൃക്കദാനത്തിലൂടെ ഗോപിനാഥന്‍ എന്ന യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയും കിഡ്നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, ആക്സിഡന്റ് കെയര്‍ ട്രാന്‍സ്പോര്‍ട്ട് (ആക്ട്സ്) തുടങ്ങിയ സംഘടനകള്‍ ആരംഭിക്കുകയും ചെയ്തതു പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.
സ്വന്തം വൃക്ക മുസ്ലിം യുവാവിനു ദാനം ചെയ്തത്തിനു പുറമേ  ഒന്നര ലക്ഷം ഡയാലിസിസ്, 20,000 ഹൃദയ ശസ്ത്രക്രിയകള്‍, 640 വൃക്ക മാറ്റിവെക്കലുകള്‍ എന്നിവയ്ക്കും ഉമ പ്രേമന്‍ കാരണമായി
ശാന്തി എന്ന തന്റെ ആതുരസേവന കേന്ദ്രത്തിന്റെ സഹായത്തോടെ തൃശ്ശൂരുകാരിയായ ഉമ പ്രേമന്‍ ചെയ്തു നല്‍കിയ ചില സൗജന്യ സേവനങ്ങളാണിവ. ഉമയെ 2010 ല്‍ സി.എന്‍.എന്‍.ഐ.ബി.എന്‍ ദി റിയല്‍ഹീറോ അവാര്‍ഡ് നല്‍കി ആദരിച്ചപ്പോള്‍ രോഗ പീഡകളില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയ ലക്ഷക്കണക്കിനാളുകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു 'ഉമാ.. നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രം'.
ഉമയുടെ ജീവിതം വായിച്ചില്ലെങ്കില്‍ അതൊരു വലിയ നഷ്ടമാകും: വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പണിമുടക്കുന്ന വൃക്ക; പഠിക്കാത്ത കേരളത്തിന് ഓര്‍മ്മപ്പെടുത്തലുമായി ഉമയും, ഫോമയുംപണിമുടക്കുന്ന വൃക്ക; പഠിക്കാത്ത കേരളത്തിന് ഓര്‍മ്മപ്പെടുത്തലുമായി ഉമയും, ഫോമയുംപണിമുടക്കുന്ന വൃക്ക; പഠിക്കാത്ത കേരളത്തിന് ഓര്‍മ്മപ്പെടുത്തലുമായി ഉമയും, ഫോമയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക