Image

അന്യായം പറയുന്നയാള്‍ എങ്ങനെ ന്യായാധിപനാകും?

Published on 09 February, 2013
അന്യായം പറയുന്നയാള്‍  എങ്ങനെ ന്യായാധിപനാകും?
സൂര്യനെല്ലി കേസില്‍ കുരുങ്ങി നില്‍ക്കുകയാണ്‌ ഇപ്പോള്‍ കേരളീയ സമൂഹം. കഴിഞ്ഞ ഒരാഴ്‌ചക്കുള്ളില്‍ ഈ കേസുമായി ബന്ധപ്പെട്ട്‌ നിരവധി വെളിപ്പെടുത്തലുകള്‍ക്ക്‌ കേരളീയ സമൂഹം സാക്ഷ്യം വഹിച്ചു. മാത്രമല്ല സൂര്യനെല്ലിക്കേസില്‍ സുപ്രീം കോടതിയുടെ ഏറ്റവും പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ പൊടുന്നനെ രൂപപ്പെട്ട രാഷ്‌ട്രീയ അന്തരീക്ഷം അനുദിനം കേരളത്തില്‍ സമരങ്ങളും പ്രതിഷേധങ്ങളും വിവാദങ്ങളുമായി ആഞ്ഞടിക്കുകയും ചെയ്യുന്നു.

ഇതില്‍ ഏറ്റവും ഒടുവിലത്തെ വിവാദമാണ്‌ ജസ്റ്റിസ്‌ ബസന്തിന്റെ പെണ്‍കുട്ടിക്ക്‌ നേരെയുള്ള അധിക്ഷേപങ്ങള്‍. ഇന്ത്യാവിഷന്‍ പുറത്തുകൊണ്ടുവന്ന ജസ്റ്റിസ്‌ ബസന്തിന്റെ വാക്കുകള്‍ എല്ലാ പരിധികളും ലംഘിക്കുന്നതാണെന്നതില്‍ സംശയമില്ല. പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വഞ്ചിച്ചവനും, അവളെ അക്രമിച്ചവരുമെല്ലാം നിരപരാധികളും, അതേ സമയം വഞ്ചിക്കപ്പെടുയും ക്രൂരമായ അക്രമങ്ങള്‍ക്ക്‌ ഇരയാകുകയും ചെയ്‌ത പെണ്‍കുട്ടി തെറ്റുകാരിയാകുകയും ചെയ്യുന്നു എന്ന ബസന്തിന്റെ കണ്ടെത്തല്‍ തീര്‍ച്ചയായും അന്യായം തന്നെ. അന്യായം പറയുന്നവന്‌ എങ്ങനെ ന്യായാധിപനാവാന്‍ കഴിയും.

എന്നാല്‍ സൂര്യനെല്ലികേസില്‍ വിധി പ്രഖ്യാപിച്ച ജഡ്‌ജിയുടെ സ്വകാര്യ അഭിപ്രായ പ്രകടനത്തിനും അപ്പുറം ഈ വിഷയത്തിന്‌ മറ്റൊരു തലം കൂടിയുണ്ട്‌. അത്‌ നമ്മുടെ ന്യായാധിപന്‍മാരുടെ പൊതുബോധം എത്രത്തോളം ശുഷ്‌കമാണ്‌ എന്നതാണ്‌. ന്യായാധിപന്‍മാരില്‍ കുറെപ്പേര്‍ ഇങ്ങനെയുള്ളവരാണെങ്കില്‍ പിന്നെ മുന്‍വിധികളോടെയുള്ള നീതനിര്‍വഹണം എങ്ങനെ സുതാര്യമായി കരുതാനാവും.

സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിക്ക്‌ അവള്‍ നേരിട്ട അനുഭവങ്ങള്‍ സംഭവിക്കുമ്പോള്‍ വെറും പതിനാല്‌ വയസ്‌ മാത്രമായിരുന്നു എന്നോര്‍മ്മിക്കുക. ഇവിടെ നമ്മുടെ പെണ്‍കുട്ടികളെ കാത്തിരിക്കുന്ന കഴുകന്‍ കണ്ണുകള്‍ എത്ര ഭയാനകമാണെന്നറിയാന്‍ പൊതു സമൂഹത്തിലെ ഏത്‌ പെണ്‍മക്കളുടെ അച്ഛന്‍ അമ്മമാരോടും ചോദിച്ചാല്‍ മതിയാകും. പ്രണയം നടിച്ചും, ബ്ലാക്ക്‌ മെയില്‍ ചെയ്‌തും, നഗ്നചിത്രങ്ങള്‍ പകര്‍ത്തിയും, ലഹരി പദാര്‍ഥങ്ങള്‍ നല്‍കിയുമൊക്കെ പെണ്‍കുട്ടികളെ ചൂഷണം ചെയ്യാന്‍ എവിടെയും ആളുകളുണ്ടാകും. സ്‌കൂളിലും കോളജിലും ഓഫീസിലുമെല്ലാം. എന്തിന്‌ അധ്യാപകര്‍ പോലും ഇത്തരം കേസുകളില്‍ പ്രതികളാകുന്നു. ഇതിനും പുറമെ അവര്‍ക്ക്‌ നേരെയുള്ള ലൈംഗീക അതിക്രമങ്ങളും. സഞ്ചരിക്കുന്ന ബസില്‍ വരെയും അത്‌ നീളുന്നു.

എന്നാല്‍ ചൂഷണം ചെയ്യാന്‍ തക്കം പാര്‍ത്തിരിക്കുന്നവരെ പെണ്‍കുട്ടികളില്‍ നിന്നും അകറ്റിനിര്‍ത്താന്‍, ആട്ടിയോടിക്കാന്‍ എന്ത്‌ നടപടിയാണ്‌ കേരളീയ സമൂഹം ചെയ്‌തിട്ടുള്ളത്‌. വേട്ടക്കാരെ മാറ്റിനിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടികളുടെ സുരക്ഷയെക്കുറിച്ച്‌ ആകുലപ്പെടുമ്പോള്‍ ഇതും ആലോചിക്കേണ്ടതുണ്ട്‌. പെണ്‍കുട്ടി ശരീരം ആര്‍ക്കും കാണാന്‍ കഴിയാത്ത വിധം വസ്‌ത്രം ധരിച്ചതുകൊണ്ട്‌ വേട്ടക്കാര്‍ പിന്മാറുമെന്ന്‌ കരുതുന്നത്‌ എന്ത്‌ മണ്ടത്തരമാണ്‌. ഇവിടെ നമ്മുടെ പെണ്‍കുട്ടികള്‍ നേരിടുന്ന സാമൂഹിക അവസ്ഥ എന്തെന്ന്‌ വ്യക്തമാണ്‌. ഇവിടെ ഒരു പെണ്‍കുട്ടിയെയും കുറ്റപ്പെടുത്താന്‍ അധികൃതര്‍ക്ക്‌ ഒരു തരത്തിലും അര്‍ഹതയില്ല. സമൂഹത്തിന്റെ യഥാര്‍ഥ ചിത്രം അറിയുന്നവര്‍ക്ക്‌ നമ്മുടെ പെണ്‍കുട്ടികളെ സ്‌കൂളുകളിലും കോളജിലുമൊക്കെ ചൂഷണത്തിനായി തക്കം പാര്‍ത്തിരിക്കുന്ന നിരവധി ചതിക്കുഴികളെക്കുറിച്ച,്‌ അവരെ വട്ടമിട്ടു പറക്കുന്ന ട്രാപ്പുകളെക്കുറിച്ച്‌ ഊഹിക്കാവുന്നതേയുള്ളു.

എന്നിട്ടും ഒരു ന്യായാധിപന്‍ പെണ്‍കുട്ടിയെ ബാലവേശ്യാവൃത്തി ചെയ്‌തവള്‍ എന്ന്‌ അധിക്ഷേപിക്കുമ്പോള്‍ അത്‌ എങ്ങനെ കേട്ടുനില്‍ക്കാന്‍ കഴിയും. ലൈഗീക അതിക്രമത്തേക്കാള്‍ ക്രൂരമാണ്‌ ഇത്തരം മാനസിക പീഡനങ്ങള്‍. ഇവിടെ ജസ്റ്റിസ്‌ ബസന്തിന്‌ പൊതുസമൂഹത്തിലെ റിയാലിറ്റിയെക്കുറിച്ച്‌ ഒരു ബോധ്യവുമില്ല എന്നത്‌ അയാളുടെ വാക്കുകളില്‍ നിന്നു തന്നെ വ്യക്തം. അയാളുടെ പൊതുബോധം തീര്‍ത്തും ശുഷ്‌കമാണ്‌. 14 വയസുള്ള പെണ്‍കുട്ടി സ്വന്തം ഇഷ്‌ടപ്രകാരം അമ്പതോളം പേര്‍ക്കൊപ്പം ലൈഗീക വേഴ്‌ചയ്‌ക്ക്‌ സമ്മതിച്ചു എന്ന്‌ കണക്കുകൂട്ടിയ അയാളുടെ മാനസികാവസ്ഥ എത്രത്തോളം മുന്‍വിധിയോട്‌ കൂടിയതാണെന്നത്‌ നടുക്കുന്ന സത്യമാണ്‌. ഇത്തരത്തില്‍ റിയാലിറ്റിയോട്‌ യാതൊരു ബന്ധവുമില്ലാതെ മുന്‍വിധികളോടെ ന്യായം വിധിക്കുന്നവരാണ്‌ ഒട്ടുമിക്ക ന്യായാധിപന്‍മാരുമെങ്കില്‍ നമുക്ക്‌ ലഭിച്ചതും, ഇനി ലഭിക്കാനുള്ളതുമായ നീതിയില്‍ സംശയം പ്രകടിപ്പിച്ചേ മതിയാവു.

ഇനി ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ അള്‍ത്താസ്‌ കബീര്‍ എന്ന വ്യക്തിത്വത്തിലേക്ക്‌ കൂടി ഒന്നു കടന്നു പോകാം. ഡല്‍ഹി പെണ്‍കുട്ടിക്ക്‌ നേരിട്ട ക്രൂരമായ അക്രമത്തില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹിയില്‍ വലിയ ജനകീയ പ്രതിഷേധം നടന്നപ്പോള്‍ ഭരണഘടനയുടെ ഉന്നത ഉത്തരവാദിത്വമുള്ളവര്‍ മൗനം പുലര്‍ത്തിയതും, വാ തുറന്നവര്‍ പ്രതിഷേധക്കാരെ പുലഭ്യം പറഞ്ഞതും ആരും മറന്നു പോയിട്ടുണ്ടാകില്ല. പെണ്‍കുട്ടിയുടെ നീതിക്കുവേണ്ടിയും സ്‌ത്രീകളുടെ സുരക്ഷക്കുവേണ്ടിയും സമരം ചെയ്‌തവരെ മാവോയിസ്റ്റുകള്‍ എന്നാണ്‌ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ വിശേഷിപ്പിച്ചത്‌. രാഷ്‌ട്രപതിയുടെ മകനാവട്ടെ പ്രതിഷേധക്കാരെ ലിപ്‌സ്റ്റിക്ക്‌ പുരട്ടിയ സുന്ദരിമാരെന്നും നൈറ്റ്‌ക്ലബിലെ കൊച്ചമ്മമാരെന്നുമൊക്കെ വിളിച്ച്‌ കളിയാക്കി. സോണിയാ ഗാന്ധിയും രാഹൂല്‍ ഗാന്ധിയുമൊന്നും ദിവസങ്ങളോളം ഒരക്ഷരവും മിണ്ടിയില്ല. ഒരു രക്ഷയുമില്ലെന്ന്‌ കണ്ടപ്പോഴാണ്‌ പ്രധാനമന്ത്രി എന്തെങ്കിലുമൊന്ന്‌ സംസാരിച്ചത്‌.

എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക്‌ തൊട്ടടുത്ത ദിവസം തന്നെ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ അള്‍ത്താസ്‌ കബീര്‍ ഒരു പൊതുചടങ്ങില്‍ പ്രസംഗിച്ചത്‌ തനിക്കും പ്രതിഷേധക്കാര്‍ക്കൊപ്പം ഇറങ്ങി ചെല്ലാന്‍ തോന്നി എന്നാണ്‌. പ്രതിഷേധക്കാരുടെ ആവിശ്യങ്ങള്‍ ന്യായമാണെന്നും സ്‌ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ പരാജയപ്പെടുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ചീഫ്‌ ജസ്റ്റിസ്‌ പദവിയില്‍ അല്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും പ്രതിഷേധക്കാര്‍ക്കൊപ്പം ചെല്ലുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികരിക്കേണ്ട ഒരു ഭരണഘടനാ പദവിയല്ല സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്റേത്‌. പ്രധാന മന്ത്രിയുടേയോ, ആഭ്യന്തര മന്ത്രിയുടേയോ രാഷ്‌ട്രീയ നേതൃത്വത്തിന്റെയോ പോലെ ജനങ്ങളോട്‌ നേരിട്ട്‌ ഉത്തരം പറയേണ്ട ബാധ്യതയും അദ്ദേഹത്തിനില്ല. എന്നിട്ടും അള്‍ത്താസ്‌ കബീറിന്റെ പ്രതികരണം യഥാര്‍ഥത്തിന്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ന്യായാധിപന്റേതായിരുന്നു. ഒരു ന്യായാധിപന്റെ മനസും ചിന്തയും എങ്ങനെയായിരിക്കണം എന്നാണ്‌ തന്റെ തുറന്നു പറച്ചിലിലൂടെ അള്‍ത്താസ്‌ കബീര്‍ കാട്ടി തന്നത്‌. നമ്മുടെ ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ക്ക്‌ മാതൃകയാവേണ്ടത്‌ തീര്‍ച്ചയായും അള്‍ത്താസ്‌ കബീര്‍ തന്നെ.

രാഷ്‌ട്രീയക്കാരുടെ ഇരട്ടത്താപ്പ്‌


സൂര്യനെല്ലി പെണ്‍കുട്ടിക്ക്‌ വേണ്ടി പ്രതിഷേധിക്കുകയും പ്രകടനം നടത്തുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നടപടികള്‍ ഒരു മുതലെടുപ്പ്‌ രാഷ്‌ട്രീയമാണെന്ന്‌ മനസിലാക്കാന്‍ അധികം തലപുകയ്‌ക്കേണ്ട കാര്യമൊന്നുമില്ല. സൂര്യനെല്ലി പെണ്‍കുട്ടി മുമ്പ്‌ അവളുടെ ഓഫീസിലെ ചിലര്‍ ചേര്‍ന്ന്‌ തയാറാക്കിയ ഒരു പണത്തട്ടിപ്പ്‌ കേസില്‍ പെട്ട്‌ പോലീസ്‌ കസ്റ്റഡിയില്‍ പെട്ടപ്പോള്‍, അന്ന്‌ തങ്ങളാണ്‌ അവളെ പുറത്തിറങ്ങാന്‍ സഹായിച്ചതെന്ന്‌ സിപിഎമ്മിലെ ഒരു പ്രധാന നേതാവ്‌ പാര്‍ട്ടി പത്രത്തില്‍ ലേഖനം എഴുതിയിരിക്കുന്നു. എന്നാല്‍ പെണ്‍കുട്ടിയെ പുറത്തിറക്കാന്‍ പോയിട്ട്‌ വിവരം തിരക്കാന്‍ പോലും സിപിഎം ചെന്നിരുന്നില്ല എന്നതാണ്‌ സത്യം. ചില ആക്‌ടിവിസ്റ്റുകള്‍ ചേര്‍ന്നാണ്‌ അന്ന്‌ അവളുടെ സഹായത്തിനെത്തിയത്‌. അന്നൊന്നും ഇല്ലാത്ത സ്‌നേഹത്തോടെ എല്ലാവരും ഇപ്പോള്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ ഓടുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ഊഹിക്കാവുന്നതേയുള്ളു.

എന്തുകൊണ്ട്‌ ഇടതുപക്ഷം അഞ്ചു വര്‍ഷം ഭരിച്ചപ്പോള്‍ ഈ പെണ്‍കുട്ടിയുടെ നീതിക്ക്‌ വേണ്ടി ഒന്നും ചെയ്‌തില്ല എന്ന ചോദ്യത്തിന്‌ ഉത്തരം പറയാനും നമ്മുടെ സഖാക്കള്‍ക്ക്‌ കഴിയില്ല. എന്തിന്‌ അച്യുതാനന്ദന്‌ പോലും ഇവിടെ വ്യക്തമായ ഉത്തരമല്ല.

ഇതിലും കഷ്‌ടമാണ്‌ സത്യത്തില്‍ ബി.ജെ.പിയുടെ കാര്യം. സംസ്ഥാന നേതൃത്വം എങ്ങനെയും പി.ജെ കുര്യനെ രാജിവെപ്പിച്ചാല്‍ മതി എന്നു പറഞ്ഞു നില്‍ക്കുമ്പോള്‍ അങ്ങ്‌ കേന്ദ്രത്തില്‍ മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിക്ക്‌ പി.ജെ കുര്യനോട്‌ വലിയ സ്‌നേഹമാണ്‌. പി.ജെ കുര്യന്‌ വേണ്ടി മുമ്പ്‌ സുപ്രീം കോടതിയില്‍ ഹാജരായത്‌ ബി.ജെ.പിയിലെ പ്രധാന നേതാവും കുര്യന്‍ ഉപാധ്യക്ഷനായ രാജ്യസഭയുടെ പ്രതിപക്ഷ നേതാവുമായ അരുണ്‍ ജെയ്‌റ്റിലിയാണ്‌. രാജ്യസഭയിലേക്ക്‌ കുര്യന്‍ മത്സരിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയെപോലും നിര്‍ത്താതെ സ്‌നേഹം കാണിച്ചതാണ്‌ അന്ന്‌ ബി.ജെ.പി നേതൃത്വം. അരുണ്‍ ജെയ്‌റ്റിലിയുമായി ഇത്രക്ക്‌ അടുപ്പം പി.ജെ കുര്യനുള്ളപ്പോള്‍ ബി.ജെ.പി നേതൃത്വം എങ്ങനെ പി.ജെ കുര്യന്റെ രാജി ആവിശ്യപ്പെടും. ഒരു ദേശിയ പാര്‍ട്ടിയുടെ നയം മാറാന്‍ സംസ്ഥാനത്ത്‌ നിന്ന്‌ ഡല്‍ഹിയില്‍ എത്തുന്ന നേരമേ വേണ്ടു എന്നത്‌ വലിയ തമാശ തന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക