Image

രാഹുല്‍, 39 വയസ്സ് - ഡി. ബാബുപോള്‍

ഡി. ബാബുപോള്‍ Published on 13 February, 2013
രാഹുല്‍, 39 വയസ്സ് - ഡി. ബാബുപോള്‍
തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍നിന്ന് 1962ല്‍ ബിരുദമെടുത്ത കിളവക്കൂട്ടം സൊറപറയാന്‍ ഒത്തുകൂടുന്ന ഒരു ആല്‍മരച്ചോടുണ്ട് സൈബര്‍ലോകത്ത്. കമ്പ്യൂട്ടറുകളുടെയും ഇന്‍റര്‍നെറ്റിന്‍െറയും കൈക്കാരന്മാര്‍ അതിനെ സൈറ്റ് എന്നു വിളിക്കും. ചെറുപ്പക്കാലത്ത് സൈറ്റടിക്കാത്തവരും ഈ സൈറ്റിലുണ്ട്. അവിടെ വലുപ്പച്ചെറുപ്പമില്ല. ഞങ്ങള്‍ വാര്‍ധക്യത്തിന് കീഴടങ്ങാത്തതിന്‍െറ ഒരു കാരണം ഈ ആല്‍മരച്ചോടാണ്.
ഇന്നലെ ഞാന്‍ അവിടെക്കുറിച്ച മൂന്ന് വാക്യങ്ങളില്‍ രണ്ടെണ്ണം തെറ്റും മൂന്നാമത്തേത് ഭംഗിയുള്ളതെങ്കിലും അപൂര്‍ണ ചൂര്‍ണികയും ആയിപ്പോയി. ഹൈസ്കൂളില്‍ കയറിയ 1953നുശേഷം എന്‍െറ കോംപസിഷന്‍ പുസ്തകത്തില്‍ തെറ്റ് അടയാളപ്പെടുത്തുന്ന ചുമന്നമഷി പുരണ്ടിട്ടില്ല എന്നൊരഹങ്കാരം കൊണ്ടുനടക്കുന്നവനാണ് ഞാന്‍. എന്നിട്ടും ഇന്നലെ തെറ്റി.
ആ സ്ഖലിതത്തില്‍ ഒരുതരം കാവ്യനീതി കാണുന്നു ഞാന്‍. തെറ്റിയ അക്ഷരങ്ങള്‍കൊണ്ട് ജീവിതമാകെ  അടയാളപ്പെടുത്തപ്പെട്ടിട്ടും കീഴടങ്ങാതെ പുഞ്ചിരിച്ചുനിന്ന ഊനചത്വാരിംശതനായ ഒരു യുവാവിനെക്കുറിച്ചായിരുന്നു എന്‍െറ കുറിപ്പ്.
രാഹുല്‍ ചെറിയാന്‍ ജേക്കബ് എന്നായിരുന്നു ആ ചെറുപ്പക്കാരന്‍െറ പേര്. പഴയ ഇംഗ്ളീഷ് മുന്‍ഷിമാരുടെ ചേലില്‍ പറഞ്ഞാല്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ആഢ്യകുലത്തില്‍ പിറന്ന പ്രതിഭാശാലിയായിരുന്നു രാഹുല്‍. പഴയകാലത്തെ കോണ്‍ഗ്രസുകാര്‍ തിരിച്ചറിയുന്ന പി.സി. ചെറിയാന്‍ എന്ന ഗാന്ധിയന്‍െറ ചെറുമകന്‍. ഈ ചെറിയാന്‍ പി.ടി. ചാക്കോയെ വെല്ലുവിളിച്ച സി.കെ ഗ്രൂപ്പുകാരനായിരുന്നു. ഇന്ദിരക്കും മൊറാര്‍ജിക്കും ആതിഥ്യമരുളിയതായിരുന്നു അദ്ദേഹത്തിന്‍െറ വീട്. അടിയന്തരാവസ്ഥയോടെ സംഘടനാ കോണ്‍ഗ്രസ് എന്ന യതീംഖാനയില്‍ പെട്ടുപോയി. വ്യക്തിജീവിതത്തിലെ ലാളിത്യവും നമ്പ്യാരെയും ഇ.വിയെയും ഓര്‍മിപ്പിക്കുന്ന നര്‍മബോധവും ബിരുദാനന്തരബിരുദങ്ങളുടെ അകമ്പടിയെ അഗണ്യമാക്കിക്കൊണ്ടും അതേസമയം ഗുരുവായൂര്‍ കേശവനെ അനുസ്മരിപ്പിച്ചുകൊണ്ടും മധ്യകേരളത്തിലെ രാഷ്ട്രീയത്തില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന സാന്നിധ്യവുമായിരുന്നു കോട്ടയത്തുകാരുടെ പ്രിയപ്പെട്ട കുട്ടിച്ചായന്‍.
രാഹുലിന്‍െറ മാതാമഹന്‍ കെ.ടി. ചാണ്ടി ഡോക്ടര്‍ ജോണ്‍മത്തായിക്കുശേഷം ആ ഇനത്തില്‍ മലയാളി പേരെഴുതിയ അതിപ്രഗല്ഭനായിരുന്നു. കൊല്‍ക്കത്തയിലെ ഐ.ഐ.എം സ്ഥാപിച്ച് വളര്‍ത്തിയെടുത്ത ആദ്യത്തെ ഡയറക്ടര്‍, ഹിന്ദുസ്ഥാന്‍ സ്റ്റീലിന്‍െറയും ഫുഡ് കോര്‍പറേഷന്‍െറയും അധ്യക്ഷനായി ഇന്ദിരഗാന്ധി നിയമിച്ച പ്രതിഭാശാലി, അച്യുതമേനോന്‍െറ മസ്തിഷ്കപര്യവേക്ഷണത്തിന്‍െറ ഭാഗമായി കെ.എന്‍. രാജിനൊപ്പം കേരളത്തില്‍ മടങ്ങിയെത്തിയ ആസൂത്രണ വിദഗ്ധന്‍. സിരകളില്‍ നീലരക്തം ഒഴുകിയിരുന്ന സുറിയാനി ക്രിസ്ത്യാനി.
ജനിതകമായി രാഹുലിനേക്കാള്‍ നല്ല ‘ബില്‍റ്റിന്‍ ബയോഡാറ്റ’ അധികം പേര്‍ക്ക് നല്‍കിയിട്ടില്ല സര്‍വശക്തന്‍. മറ്റൊന്നും സംഭവിക്കാതിരുന്നെങ്കില്‍ രാഹുല്‍ കോട്ടയത്ത് മേരിറോയിയുടെ പള്ളിക്കൂടത്തിലും പിന്നെ ദല്‍ഹിയില്‍ സെന്‍റ് സ്റ്റീഫന്‍സിലും റോഡ്സ് സ്കോളര്‍ഷിപ്പോടെ ഓക്സ്ഫെഡിലും പഠിച്ച് ഐ.ടി.സിയുടെ മാനേജ്മെന്‍റ് കേഡറിലോ ടാറ്റാ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസിലോ ഔത്യങ്ങള്‍ താണ്ടി, സിങ്കിള്‍മാള്‍ട്ട് വിസ്കിയും അപ്പൂപ്പന്‍െറ ഇഷ്ടവിനോദമായിരുന്ന ബ്രിഡ്ജ്കളിയിലും തന്‍െറ അലസസായാഹ്നങ്ങളെ അടയാളപ്പെടുത്തി അങ്ങനെയങ്ങനെ ജീവിക്കുകയും ഒടുവില്‍ വാര്‍ധക്യസഹജമായ രോഗംകൊണ്ട് മരിക്കുകയും ഏതെങ്കിലും സെമിത്തേരിയില്‍ ‘ജനനം 1973, മരണം....’ എന്നിത്രയും എഴുതി ഒടുങ്ങുന്ന ഒരു കഥയിലെ നായകനായി, മക്കളല്ലാതെ മറ്റേറെ പേര്‍ ഓര്‍ക്കാത്ത അവസ്ഥയില്‍, പത്മപാദം പൂകുകയും ചെയ്യുമായിരുന്നു. ഈശ്വരന്‍ നിശ്ചയിച്ചത് അങ്ങനെയല്ല.
മിടുക്കനായി കളിച്ചുതിമിര്‍ത്ത് നടക്കുന്നതിനിടയില്‍ നടുവിന് ഒരു  അസ്ക്യതം. നട്ടെല്ലില്‍ ഒരു മുഴ. ആമലകീഫലംപോലെ ചെറുത്. കാന്‍സര്‍ എന്ന ശബ്ദം ഉച്ചരിക്കാന്‍ വീട്ടുകാര്‍ ഭയപ്പെട്ടു. ഇന്ത്യയിലെ ഏറ്റവുംവലിയ ആശുപത്രികള്‍ക്ക് നട്ടെല്ലിന്‍െറ വളവ് ഒഴിവാക്കാനായില്ല. ആരുടെയും മുന്നില്‍ നട്ടെല്ല് കുനിച്ചിട്ടില്ലാത്തവരായിരുന്നു പി.സി. ചെറിയാനും കെ.ടി. ചാണ്ടിയും. അവരുടെ പേരക്കിടാവിന്‍െറ നട്ടെല്ല് ദൈവം വികൃതമാക്കി മാറ്റിവരച്ചു. ലണ്ടനിലെ ശസ്ത്രക്രിയയുടെ വിവരത്തിനായി എറണാകുളത്തെ ഗെസ്റ്റ്ഹൗസില്‍ കെ.ടി. ചാണ്ടിയോടൊപ്പം കാത്തിരുന്ന ആ സായാഹ്നം മനസ്സില്‍ തെളിയുന്നത് ഇപ്പോള്‍. ഒരപ്പൂപ്പന്‍െറ മനസ്സ് പിടക്കുന്നതെങ്ങനെ എന്ന് ഞാന്‍ തിരിച്ചറിഞ്ഞു, ആ സായാഹ്ന ത്തില്‍.
രാഹുല്‍ പിന്നെ ഊന്നുവടികളില്‍ ഊന്നിജീവിച്ചു. സ്വന്തം ജീവിതത്തെ ഒരു ഊന്നുവടിയിലും തളച്ചിട്ടതുമില്ല. ആ കുടുംബത്തെ അറിയുന്ന അസ്മാദൃശന്മാര്‍ക്കൊക്കെ രാഹുല്‍ ഒടുങ്ങാത്ത വേദനയും അടക്കിനിര്‍ത്തിയ നെടുവീര്‍പ്പുമായിരുന്നു. രാഹുലാകട്ടെ, രോഗത്തെ അവഗണിച്ച് പഠിച്ചു. നാഷനല്‍ ലോ സ്കൂളിലെ ആരും കൊതിക്കുന്ന അഡ്മിഷന്‍ നേടി. ബൗദ്ധികസ്വത്തവകാശത്തില്‍ പ്രാഗല്ഭ്യം തെളിയിച്ചു. അവന്‍െറ ദൗര്‍ബല്യങ്ങള്‍ അംഗീകരിച്ച് അവനോടൊപ്പം ജീവിതം പങ്കിടാന്‍ അഞ്ജന എന്ന ബാല്യകാലസഖി വന്നതോടെ എല്ലാവരും ഒരു ആശ്വാസസമ്മാനം കിട്ടിയ കുട്ടിയുടെ മാനസികാവസ്ഥയിലായി. ക്രച്ചസില്‍ ഭാരം അര്‍പ്പിച്ച് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍ ഈ അതുല്യപ്രതിഭ എത്തിച്ചേരും എന്ന് കിനാവ് കണ്ടു ഞാന്‍.
ആ വഴിക്കല്ല രാഹുല്‍ പോയത്. പകരം അന്ധന്മാര്‍ക്ക് പുസ്തകം വായിക്കാന്‍ തടസ്സംനില്‍ക്കുന്ന പകര്‍പ്പവകാശനിയമങ്ങള്‍ക്കെതിരെ പൊരുതി. യുക്രെയ്നിലും ബുര്‍കിനഫാസോയിലും- എന്നുവെച്ചാല്‍ നമ്മളാരും ഒന്നിലധികം തവണ കേട്ടിട്ടില്ലാത്ത ഏതൊക്കെയോ വിദേശരാജ്യങ്ങളില്‍- അംഗവൈകല്യമുള്ളവരുടെയും  ആന്ധ്യം ജീവിതത്തില്‍ ഇരുട്ടുപരത്തിയവരുടെയും അവകാശങ്ങള്‍ക്കായി തന്‍െറ ഊന്നുവടികളില്‍ ഒക്കിച്ചാടി അവന്‍ ലോകമൊട്ടാകെ പറന്നു. ഇപ്പോള്‍ ജനീവയില്‍ ഐക്യരാഷ്ട്രാസ്ഥാനത്ത് ചര്‍ച്ച നടക്കുന്നത് രാഹുല്‍ തയാറാക്കിയ ഒരു കരടുരേഖയെ അടിസ്ഥാനമാക്കിയാണ്. രാഹുലിന്‍െറ പ്രതിഭ മാനവരാശിക്ക് പ്രയോജനപ്പെടുത്താന്‍ ദൈവം കണ്ട ഉപാധിയായിരുന്നു അവന്‍െറ രോഗം.  രാഹുല്‍ ബാക്കിവെച്ച രണ്ടു സമസ്യകള്‍ പൂരിപ്പിക്കാവതല്ല. എന്തുകൊണ്ടാണ് ഈശ്വരന്‍ വേദനകള്‍ അനുവദിക്കുന്നതെന്ന ചോദ്യത്തിന് ഇയ്യോബ് -അയൂബ്- മുതല്‍ സി.എസ്. ലൂയിസ് വരെ തേടിയിട്ടും കിട്ടിയിട്ടില്ല ഉത്തരം. 72 തികയാന്‍ 72 ദിവസംപോലും ബാക്കി ഇല്ലാതിരിക്കെ ഞാന്‍ പുത്രതുല്യനായ രാഹുലിന് ഈ ചരമക്കുറിപ്പ് എഴുതേണ്ടിവരുന്നതിനും ഇല്ല വിശദീകരണം. കാന്‍സറിനെ കീഴ്പ്പെടുത്തിയ വിജിഗീഷു വെറും ഒരു സെപ്റ്റിസീമിയക്ക് കീഴ്പ്പെട്ടതും സ്വര്‍ഗത്തിലെ ആ അപ്പച്ചന്‍െറ തമാശ.
അഞ്ജന എന്ന പെണ്‍കുട്ടിയെ ഞാന്‍ കാണുന്നു. ശിലാരൂപം കണക്കെ നിര്‍വികാരയായിരുന്നില്ല അവള്‍ രാഹുലിന് വിടചൊല്ലിയപ്പോള്‍. പ്രപഞ്ചവേദനകളെ ഉള്ളിലൊതുക്കിയ ദിവ്യമാതാവായിരുന്നു ആ നിമിഷങ്ങളില്‍ അവള്‍. രാഹുലിനെ പ്രസവിക്കാത്ത രാഹുലിന്‍െറ വ്യാകുലമാതാവായി അഞ്ജന അപ്പോള്‍. രാമായണത്തിലെ അഞ്ജന ഹനുമാന്‍െറ അമ്മയാണ്. ശാപമേറ്റ് മനുഷ്യജന്മം പൂണ്ടെങ്കിലും ഹനുമാന് ജന്മം നല്‍കിയതോടെ ശാപമുക്തി നേടി വീണ്ടും ദേവസ്ത്രീ ആയവള്‍. വാല്മീകിയുടെ അഞ്ജന സ്വര്‍ഗത്തിലേക്ക് മടങ്ങി. ഈ അഞ്ജനക്ക് മടങ്ങാനാവുകയില്ല. രാഹുല്‍ തുടങ്ങിവെച്ച ദൗത്യം പൂര്‍ത്തീകരിക്കുന്നതിനുള്ള ധര്‍മയുദ്ധം ഇനി ആ കുട്ടിയാണ് മുന്നോട്ടുകൊണ്ടുപോകേണ്ടത്. അവള്‍ക്ക് വിജയം ആശംസിക്കുക നാം.
http://www.madhyamam.com/news/213231/130214
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക