Image

ഹെലികോപ്‌റ്റര്‍ അഴിമതി: വീണ്ടും `പ്രതിരോധ'ത്തിലാകുന്ന പ്രതിഛായ (ഷോളി കുമ്പിളുവേലി)

Published on 16 February, 2013
ഹെലികോപ്‌റ്റര്‍ അഴിമതി: വീണ്ടും `പ്രതിരോധ'ത്തിലാകുന്ന പ്രതിഛായ (ഷോളി കുമ്പിളുവേലി)
ശ്രീ എ.കെ. ആന്റണിയുടെ അഴിമതി രഹിത പ്രതിഛായ, ശത്രുക്കള്‍ പോലും ബഹുമാനിക്കുന്നതാണ്‌. പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന സംശുദ്ധമായ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലൂടെ നേടിയതാണ്‌ ഈ ആദരവ്‌. ഇനിയും പുഴുക്കുത്ത്‌ വീഴാത്ത ആദര്‍ശ രാഷ്‌ട്രീയത്തിന്റെ ഉത്തുംഗശൃഗത്തില്‍ വിരാജിക്കുമ്പോഴും, അടിക്കടി തന്റെ വകുപ്പില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഴിമതി കഥകള്‍ തീര്‍ച്ചയായും എ.കെ ആന്റണിയെ കുറച്ചൊന്നുമല്ലായിരിക്കും അലോരസപ്പെടുത്തുന്നത്‌.

മുംബൈയിലെ ഫ്‌ളാറ്റ്‌ വിവാദം, ഇസ്രയേലില്‍ നിന്ന്‌ മിസൈല്‍ വാങ്ങിയത്‌, ആയുധ ഉപകരണ അഴിമതി, ഇപ്പോള്‍ 3,600 കോടി രൂപയുടെ ഹെലികോപ്‌റ്റര്‍ ഇറ്റലിയില്‍ നിന്നും വാങ്ങിയതിന്‌, പത്തുശതമാനം കമ്മീഷനായ 360 കോടി രൂപ കൊടുത്തെന്ന ഇറ്റലിയുടെ വെളിപ്പെടുത്തല്‍, ഇതെല്ലാം പ്രതിരോധ വകുപ്പിന്റെ പ്രതിഛായയ്‌ക്കു മങ്ങലേല്‍പിക്കുന്നതാണ്‌.

അഴിമതിക്കതീതനായി നിലനില്‍ക്കുമ്പോള്‍ തന്നെ, തന്റെ വകുപ്പിലും, കേന്ദ്ര സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനത്തിലും സദാ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഴിമതികള്‍ക്കെതിരെ ശബ്‌ദിക്കാതിരിക്കുന്നതും അഴിമതിക്കു കൂട്ടുനില്‍ക്കുന്നതിനു തുല്യമല്ലേ?

ആയുധ ഉപകരണ അഴിമതിക്കേസില്‍ സി.ബി.ഐ അറസ്റ്റ്‌ ചെയ്‌ത സുബി മല്ലി, വെറും രണ്ടു ലക്ഷം രൂപ കെട്ടിവെച്ച്‌ ജാമ്യത്തിലിറങ്ങി, പാട്ടുംപാടി നടക്കുന്നത്‌ എന്തേ ആരും കാണാത്തത്‌. ശ്രീ ആന്റണിയുടെ പരിമിതി എന്നു പറയുന്നത്‌, ഭരണം മുഴുവന്‍ ഉദ്യോഗസ്ഥരെ ഏല്‍പിച്ച്‌ കൈയ്യും കെട്ടി മാറി നില്‍ക്കുന്നതാണ്‌. കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍, ആഭ്യന്തര വകുപ്പ്‌ ഭരിച്ചിരുന്നത്‌ പോലീസിലെ ഉന്നതര്‍ ആയിരുന്നു. ഇപ്പോള്‍ പ്രതിരോധ വകുപ്പിലും നടക്കുന്നത്‌ അതു തന്നെയാണ്‌. പട്ടാള തലവന്മാരും, കുറെ ഗവണ്‍മെന്റ്‌ സെക്രട്ടറിമാരും ചേര്‍ന്ന ഒരു കൂട്ടുകെട്ടാണ്‌ പ്രതിരോധ വകുപ്പിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌. ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഭരണത്തിനു നേതൃത്വം കൊടുക്കുവാനും വകുപ്പിന്റെ ദൈനംദിന കാര്യങ്ങളില്‍ നേരിട്ട്‌ ഇടപെടാനുമുള്ള ഉത്തരവാദിത്വത്തില്‍ നിന്ന്‌ ആന്റണിയെ പലപ്പോഴും മാറ്റിനിര്‍ത്തുന്നത്‌ സ്വന്തം പ്രതിഛായയിലുള്ള അമിത താത്‌പര്യം കൊണ്ടാണ്‌.

ആന്റണിയുടെ ഈ പ്രതിഛായയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ്‌ നടത്തുന്ന `കൊള്ള'യാണ്‌ ഈ അഴിമതികള്‍ക്കെല്ലാം പിന്നിലെന്നും പറയപ്പെടുന്നു. ആന്റണിയുടെ സ്ഥാനത്ത്‌ മറ്റാരെങ്കിലുമായിരുന്നു പ്രതിരോധ മന്ത്രിയെങ്കില്‍ എത്ര വലിയ പ്രക്ഷോഭങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം നേരിടേണ്ടിവരുമായിരുന്നു. ആന്റണിയുടെ സത്യസന്ധത എന്ന `പരിച'യുടെ മറവില്‍ കോണ്‍ഗ്രസിന്‌ എത്രനാള്‍ ഒളിക്കാന്‍ കഴിയും?

താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിലെ 140 നിയോജകമണ്‌ഡലങ്ങളില്‍, ഇലക്ഷന്‍ കമ്മീഷണര്‍ക്ക്‌ കോണ്‍ഗ്രസ്‌ നല്‍കിയ കണക്ക്‌ പ്രകാരം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചത്‌ പതിനാലു കോടി രൂപ (ശരിക്കും ചെലവായത്‌ ഇതിന്റെ മൂന്നിരട്ടിയെങ്കിലും വരും). അപ്പോള്‍ 403 മണ്‌ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ചെലവഴിച്ചത്‌ നാല്‍പ്പത്‌ കോടി രൂപ. 230 മണ്‌ഡലങ്ങളുള്ള മധ്യപ്രദേശ്‌, 200 സീറ്റുകളുള്ള രാജസ്ഥാന്‍ തുടങ്ങി ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും, ഏഴു കേന്ദ്രഭരണപ്രദേശങ്ങളിലുമായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇലക്ഷനു മാത്രമായി കോണ്‍ഗ്രസ്‌ ചെലവഴിച്ചത്‌ എത്രകോടി രൂപയായിരിക്കും? പണം കായ്‌ക്കുന്ന മരമോ, പണമടിക്കുന്ന അച്ചുകൂടമോ സ്വന്തമായി ഇല്ലാത്ത കോണ്‍ഗ്രസ്‌, ഈ പണമെല്ലാം സമ്പാദിച്ചത്‌ പ്രതിരോധ വകുപ്പിലെ കാപട്യത്തിന്റെ കമ്മീഷനിലൂടെയും, സ്‌പെക്‌ട്രത്തിലെ അഴിമതിയിലൂടെയും തന്നെയല്ലേ?

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുപ്പ്‌ വരികയാണ്‌. ഇതിനോടകം ജനങ്ങളില്‍ നിന്ന്‌ ഏറെ അകന്നിരിക്കുന്ന കോണ്‍ഗ്രസ്‌, 550 പാര്‍ലമെന്റ്‌ മണ്‌ഡലങ്ങളിലായി ഇനിയും എത്ര കോടികള്‍ മുടക്കിയാലായിരിക്കും ഒന്നു പിടിച്ചുനില്‍ക്കാനെങ്കിലും സാധിക്കുക? അപ്പോള്‍ ഇനിയും സ്‌പെക്‌ട്രങ്ങള്‍ വില്‍ക്കും; ഹെലികോപ്‌റ്ററുകള്‍ വാങ്ങുകയും ചെയ്യും. കൂടാതെ അംബാനിക്കു `തികയുന്നതു'വരെ പെട്രോളിന്റേയും ഡീസലിന്റേയും മണ്ണെണ്ണയുടേയും ഗ്യാസിന്റേയും വില ദിവസവും കൂട്ടി പാവപ്പെട്ടവന്റേയും, സാധാരണക്കാരന്റേയും നടുവൊടിക്കും. എന്നിട്ട്‌ അംബാനി നല്‍കുന്ന `ഭിക്ഷ'കൂടി വാങ്ങി, യാതൊരു ഉളുപ്പുമില്ലാതെ ഇളിച്ചുകൊണ്ട്‌ തെരഞ്ഞടുപ്പിനെ നേരിടും.

കോട്ടയംകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസ്‌ നടത്തുന്നത്‌ `കടുംവെട്ടാണ്‌്‌'. ഭരണത്തില്‍ നിന്ന്‌ ഇറങ്ങുന്നതിനു മുമ്പ്‌ മുഴുവനും `ഊറ്റി'ക്കൊണ്ട്‌ ഇറങ്ങാനുള്ള ശ്രമം. പാവം ആന്റണിക്ക്‌ ഇതൊക്കെ കണ്ടോണ്ട്‌ നില്‍ക്കാനല്ലേ സാധിക്കൂ!.
ഹെലികോപ്‌റ്റര്‍ അഴിമതി: വീണ്ടും `പ്രതിരോധ'ത്തിലാകുന്ന പ്രതിഛായ (ഷോളി കുമ്പിളുവേലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക