Image

ആ അമ്മയുടെ രോദനം പാഴായില്ല -അനിയന്‍ ജോര്‍ജ്

അനിയന്‍ ജോര്‍ജ്, ന്യൂജേഴ്‌സി Published on 16 February, 2013
ആ അമ്മയുടെ രോദനം പാഴായില്ല -അനിയന്‍ ജോര്‍ജ്
ഫാഷന്‍ ഡിസൈന്‍ രംഗത്ത് പ്രശസ്തിയുടെ കൊടിമുടികള്‍ കയറി കൊണ്ടിരുന്ന 35കാരനായ മലയാളി യുവാവിനെ (anand john) കാലിഫോര്‍ണിയ കോടതി 2009 ആഗസ്റ്റ് 31ന് 49 കൗണ്ടുകളില്‍ 59 വര്‍ഷം തടവിന് ശിക്ഷിച്ചു. 2007 മുതല്‍ പോലീസിന്റെ പീഡനവും ജയിലറയും ഏറ്റുവാങ്ങേണ്ടി വന്ന ഹതഭാഗ്യനായ ആനന്ദ് ജോണ്‍ , തന്റെ ശത്രുക്കള്‍ ഒരുക്കിയ കെണിയിലകപ്പെട്ടു എന്ന് ഉറക്കെ കരഞ്ഞു പറഞ്ഞു. പക്ഷെ ആ മോചനവും, നൊന്തുപ്രസവിച്ച അമ്മയുടെ വേദനയും, സഹോദരിയുടെ വിലാപവും ഇന്‍ഡ്യാ ഗവണ്‍മെന്റോ, പ്രവാസികാര്യവകുപ്പോ, ഇന്‍ഡ്യന്‍ കോണ്‍സുലേറ്റുകളോ കേള്‍ക്കുകയോ അറിയുകയോ ചെയ്തില്ല. ആനന്ദിന്റെ അമ്മ സമീപിക്കാത്ത മലയാള സംഘടനാ നേതാക്കളില്ല, മുട്ടാത്ത വാതിലുകളില്ലാ. തന്റെ മകനെ രക്ഷിക്കുവാന്‍ വേണ്ടി അമേരിക്കയുടെ തെക്കു മുതല്‍ വടക്കുവരെ സഞ്ചരിച്ച് എല്ലാ ചാരിറ്റികളോടും മലയാളി സംഘടനകളോടും കരഞ്ഞപേക്ഷിച്ചു. തന്റെ മകനെ രക്ഷിക്കുവാനായി സംഘടിക്കാന്‍ ആര്‍ക്കും സമയമില്ല, സമയം ഉണ്ടെങ്കില്‍ തന്നെ മനസ്സുമില്ലായിരുന്നു. തങ്ങളുടെ നാട്ടിലെയും അമേരിക്കയിലെയും സ്വത്ത് വകകള്‍ വിറ്റും, കുറച്ച് നല്ലവരായ മലയാളി സുഹൃത്തുക്കളുടെ സഹായസഹകരണങ്ങളോടെയും ആനന്ദിന്റെ അമ്മയും സഹോദരിയും ആനന്ദിനെ ശിക്ഷയ്‌ക്കെതിരെ യുദ്ധം ചെയ്തു.

കാലിഫോര്‍ണിയായില്‍ നിന്നും ന്യൂയോര്‍ക്കിലെ ജയിലേക്ക് മാറ്റിയ ആനന്ദിന് മനോവീര്യം നല്‍കുവാനും, കോടതി കാര്യങ്ങളില്‍ അമ്മയെയും സഹോദരിയെയും സഹായിക്കുവാനും കുറെ മലയാളികള്‍ മുന്നോട്ടു വന്നു. ന്യൂയോര്‍ക്കിലെ സാമൂഹ്യപ്രവര്‍ത്തകരായ തോമസ് കൂവല്ലൂര്‍, സണ്ണി പണിക്കര്‍, ശങ്കരത്തില്‍ അച്ചന്‍, സുജിത് അച്ചന്‍, ന്യൂജേഴ്‌സിയിലെ സംഘടനാ നേതാക്കളായ അലക്‌സ് കോശി, ചെറിയാന് വര്‍ഗീസ്, ജോസ് പിറ്റോ സ്റ്റീഫന്‍, മറ്റ് സ്റ്റേറ്റുകളിലെ സാംസ്‌കാരിക നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍ ആനന്ദ് ജോണിന് വേണ്ടി രംഗത്തിറങ്ങി.

(ഇതിനിടയില്‍ ദുഃഖകരമായ ഒരു സംഭവം വിവരിക്കട്ടെ. ആനന്ദ് ജോണിന്റെ കേസിനുവേണ്ടി പണം സ്വരൂപിക്കാനായി ,ആനന്ദിന്റെ അങ്കിള്‍ പ്രശസ്ത ഗായകനായ യേശുദാസ് റോക്ക്‌ലാന്റിലെ ഒരു സ്‌ക്കൂളില്‍ ഗാനമേള അവതരിപ്പിക്കുവാനായി എത്തിയപ്പോള്‍, ആനന്ദ് റേപിസ്റ്റ് ആണ്, സ്‌ക്കൂള്‍ നല്ക്കുവാന്‍ പാടില്ല എന്ന് പറഞ്ഞ് കുറെ മലയാളി മാന്യമാര്‍ സ്‌ക്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും ഗാനമേള മുടക്കുകയും ചെയ്തു. അപമാനിതനായ ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെയും സംഘത്തെയും മണിക്കൂറുകള്‍ക്കുള്ളില്‍ മാവേലി തിയറ്ററിലെത്തിച്ച്, മുടങ്ങിപോയ ഗാനമേള നടത്തുകയായിരുന്നു. ഇത് സാധ്യമാക്കിയ മലയാളം പത്രം ജേക്കബ് റോയിയെയും റോയി ചെങ്ങമന്നൂരിനെയും അനുമോദിയ്ക്കാതിരിക്കാന്‍ തരമില്ല.)

ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോര്‍ട്ടിലെത്തിയ കേസ്, ജൂറി സെലക്ഷന് വേണ്ടി തയ്യാറെടുക്കുമ്പോള്‍ വെറു മൂന്നു ദിവസത്തിനുള്ളില്‍ 49ല്‍ 48 കൗണ്ടും തള്ളി കൊണ്ട് ജഡ്ജ് വിധി പ്രഖ്യാപിച്ചിരിക്കയാണ്. ഇത് ആനന്ദിനും കുടുംബത്തിനും അതിയായ പ്രതീക്ഷയും സന്തോഷവും നല്‍കുന്നു. ഇനി എല്ലാ കണ്ണുകളും കാലിഫോര്‍ണിയ കോര്‍ട്ടിലേക്ക്:

പ്രിയ മലയാളി സുഹൃത്തുക്കളെ, പണത്തിന്റെയും സ്വാധീനത്തിന്റെയും മികവില്‍ എത്രയോ നിരപരാധികളാണ് ലോകമെമ്പാടും ശിക്ഷിക്കപ്പെടുന്നത്. പിന്നീട് മേല്‍കോടതികള്‍ കേസ് തലനാരിഴ കീറി പരിശേധിക്കുമ്പോള്‍ അവരെ വെറുതെ വിടുന്ന കാഴ്ച സാധാരണമാണ്. ഇതാ ആനന്ദ് ജോണും ആ ഗണത്തില്‍പ്പെടുന്നു. ഇനിയും ആനന്ദിനു വേണ്ടിയോ ആ കുടുംബത്തിനു വേണ്ടിയോ എന്തെങ്കിലും ചെയ്യുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഈ നൊയമ്പ് കാലത്ത് ഒരു കാര്യം മാത്രം ചെയ്യൂ… ആനന്ദിനും കുടുംബത്തിനും നല്ലതു വരട്ടേ എന്ന് പ്രാര്‍ത്ഥിക്കുക അതോടൊപ്പം 100,000 പേര്‍ ഒപ്പിട്ട് പ്രസിഡന്റ് ഒബാമയ്ക്ക് നല്‍കുന്ന നിവേദനത്തില്‍ പങ്കുചേരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് കൂവല്ലൂര്‍-914 409 5772
അലക്‌സ് കോശി-908-461-2606
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക