Image

സ്വദേശിവല്‍ക്കരണത്തിന്‌ മുന്തിയ പരിഗണന: യുഎഇ പ്രധാനമന്ത്രി

Published on 12 September, 2011
സ്വദേശിവല്‍ക്കരണത്തിന്‌ മുന്തിയ പരിഗണന: യുഎഇ പ്രധാനമന്ത്രി
അബുദാബി: വിദ്യാഭ്യാസത്തിനും സ്വദേശിവല്‍ക്കരണത്തിനുമാണ്‌ ഗവണ്‍മെന്റ്‌ മുഖ്യപരിഗണന നല്‍കുകയെന്ന്‌ യുഎഇ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂം. ദേശീയ താല്‍പര്യം സംരക്ഷിക്കുകയും ജനങ്ങളുടെയും അതുവഴി രാജ്യത്തിന്റെയും അഭിവൃദ്ധി ഉറപ്പാക്കുകയും ചെയ്യുകയെന്നതാണ്‌ ഗവണ്‍മെന്റിന്റെ കര്‍ത്തവ്യം. വിവിധ ലക്ഷ്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രിസഭായോഗത്തില്‍ അദ്ദേഹം വ്യക്‌തമാക്കി.

2020 വരെയുള്ള രാജ്യത്തിന്റെ വിദ്യാഭ്യാസ കര്‍മപരിപാടിക്കും ദേശീയ മനുഷ്യവിഭവശേഷി വികസന-തൊഴില്‍ അതോറിറ്റിയുടെ ത്രിവല്‍സര പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി.

അഞ്ച്‌ അടിസ്‌ഥാന തത്വങ്ങളെ അടിസ്‌ഥാനമാക്കിയുള്ളതാണ്‌ വിദ്യാഭ്യാസ കര്‍മപരിപാടി. മികച്ച നേട്ടം കൈവരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ അവസരമൊരുക്കുക, സ്‌കൂള്‍ അന്തരീക്ഷം നവീകരിക്കുക, എല്ലാവിഭാഗം കുട്ടികള്‍ക്കും തുല്യ അവസരം നല്‍കുക, കുട്ടികളില്‍ ദേശീയബോധം വളര്‍ത്താനുള്ള പരിപാടികള്‍ സംഘടിപ്പിക്കുക, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും ഭരണനിര്‍വഹണം കൂടുതല്‍ ശാസ്‌ത്രീയമാക്കുക എന്നിവയാണിവ. മികച്ച പദ്ധതികള്‍ ആസൂത്രണം ചെയ്‌ത്‌ സമയനിഷ്‌ഠയോടെ കൂട്ടായി യത്‌നിച്ചാല്‍ ഗവണ്‍മെന്റ്‌ വിഭാവന ചെയ്യുന്ന ഒട്ടേറെ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകും.

പൊതു-സ്വകാര്യ വിദ്യാഭ്യാസ മേഖലകള്‍ തമ്മിലുള്ള അന്തരം ഇല്ലാതാക്കണം. പ്രഫഷനലിസവും സാങ്കേതിക മികവും വളര്‍ത്തി വിദ്യാഭ്യാസമേഖല പുന:സംവിധാനം ചെയ്യണം. ബഹുമുഖ കര്‍മപദ്ധതികള്‍ സ്‌കൂളുകളുടെ സഹകരണത്തോടെ നടപ്പാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. രാജ്യത്തെ വിദ്യാലയങ്ങള്‍ക്കു ലൈസന്‍സിങ്‌ സംവിധാനം ഏര്‍പ്പെടുത്തും.

1190 വിദ്യാലയങ്ങള്‍ ഇതിന്റെ ഭാഗമാകും. ഇതില്‍ 61 ശതമാനവും സര്‍ക്കാര്‍ സ്‌കൂളുകള്‍ ആയിരിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ തൊഴില്‍മേഖലയെക്കുറിച്ച്‌ മാര്‍ഗനിര്‍ദേശം നല്‍കുകയെന്നതും പദ്ധതിയുടെ ഭാഗമാണ്‌. മനുഷ്യവിഭവശേഷി വികസനവുമായി ബന്ധപ്പെട്ട കര്‍മപരിപാടികള്‍ പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ പോസ്‌റ്റ്‌ ചെയ്‌തിരുന്നു. വിവിധ നിര്‍ദേശങ്ങളുമായി 27,000 സന്ദര്‍ശകര്‍ സൈറ്റ്‌ സന്ദര്‍ശിച്ചതായും ഷെയ്‌ഖ്‌ മുഹമ്മദ്‌ പറഞ്ഞു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്‌റ്റനന്റ്‌ ജനറല്‍ ഷെയ്‌ഖ്‌ സെയിഫ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്‌ഖ്‌ മന്‍സൂര്‍ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍ എന്നിവരും മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക