Image

സെല്ലുലോയിഡ്‌ - കാഴ്‌ചകളുടെ, ഓര്‍മ്മകളുടെ നൊമ്പരം

Published on 17 February, 2013
സെല്ലുലോയിഡ്‌ - കാഴ്‌ചകളുടെ, ഓര്‍മ്മകളുടെ നൊമ്പരം
സെല്ലുലോയിഡ്‌ കണ്ടിറങ്ങുമ്പോള്‍ മനസിലെന്തോ നോവായി നില്‍ക്കുന്നുണ്ടായിരുന്നു. അത്രമേല്‍ സെല്ലുലോയിഡ്‌ എവിടെയോ സ്‌പര്‍ശിച്ചിരിക്കുന്നു. അതിനു കാരണം ജെ.സി ഡാനിയല്‍ എന്ന മലയാള സിനിമയുടെ പിതാവും, പി.കെ റോസി എന്ന മലയാള സിനിമയുടെ ദുരന്ത നായികയും എവിടെയോ കാലങ്ങള്‍ക്കിപ്പുറമുള്ള ഒരു പ്രേക്ഷകന്റെ മുമ്പിലേക്ക്‌ വന്നു നിന്നതുകൊണ്ടു തന്നെയായിരിക്കും. തീര്‍ച്ചയായും മലയാള സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ്‌ സെല്ലുലോയിഡ്‌.

മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ കമല്‍ ഒരുക്കിയ ചിത്രമാണ്‌ പൃഥ്വിരാജ്‌ നായകനായി അഭിനയിച്ച സെല്ലുലോയിഡ്‌. കമല്‍ തന്നെയാണ്‌ ചിത്രത്തിന്റെ സംവിധാനവും, തിരക്കഥയും, നിര്‍മ്മാണവും. മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയല്‍ എന്ന സംവിധായകന്റെയും മലയാളത്തിലെ ആദ്യ ചലച്ചിത്ര നായിക പി.കെ റോസിയുടെയും കഥയാണ്‌ സെല്ലുലോയിഡ്‌. 1926 -28 കാലഘട്ടത്തില്‍, സിനിമയെന്നത്‌ ഒരു അത്ഭുതവും സാധാരണക്കാരന്‌ അപ്രാപ്യവുമായിരുന്ന ഒരു കാലഘട്ടത്തില്‍, മലയാളത്തില്‍ ആദ്യമായി ഒരു സിനിമ ഒരുക്കാന്‍ ഇറങ്ങിത്തിരിച്ച ധീഷണശാലിയാണ്‌ ജെ.സി ഡാനിയല്‍. 1926 മുതല്‍ 1975ല്‍ ജെ.സി ഡാനിയല്‍ മരിക്കുന്നതുവരെയുള്ള കഥ കമല്‍ സെല്ലുലോയിഡില്‍ ദൃശ്യവല്‍കരിച്ചിരിക്കുന്നു.

സെല്ലുലോയിഡ്‌ തുടങ്ങുന്നത്‌ സിനിമയെക്കുറിച്ച്‌ കൂടുതല്‍ അറിയുവാനായി പഴയകാല ബോംബെ നഗരത്തിലേക്ക്‌ എത്തുന്ന ജെ.സി ഡാനിയലില്‍ നിന്നാണ്‌. സിനിമയെക്കുറിച്ച്‌ വായിച്ചറിഞ്ഞ നല്ല വിദ്യാസമ്പന്നനായ ജെ.സി ഡാനിയലിന്‌ സിനിമയെടുക്കാന്‍ കൈമുതലായി ഉണ്ടായിരുന്നത്‌ ഉറച്ച മനസും ധൈര്യവുമായിരുന്നു.

അന്ന്‌ മുംബൈയിലും, മദ്രാസിലും മാത്രമായിരുന്നു സിനിമ നിര്‍മ്മിക്കപ്പെട്ടിരുന്നത്‌. അതും പുരാണ കഥകള്‍ മാത്രം. നിശബ്‌ദ സിനിമയുടെ കാലം. ലോകമെങ്ങും ചാര്‍ളി ചാപ്ലിന്‍ സിനിമകള്‍ക്ക്‌ വലിയ ആരാധകരുള്ള കാലം. അതുപോലെയൊന്ന്‌ മലയാളത്തിലും സാധ്യമാക്കണമെന്ന്‌ ജെ.സി ഡാനിയല്‍ എന്ന ചെറുപ്പക്കാരന്‍ തീരുമാനിച്ചു. അതും പ്രകാരമാണ്‌ അയാള്‍ മുംബൈയിലെത്തുന്നത്‌. അവിടെ നിന്നും സിനിമയെക്കുറിച്ചുള്ള സാമാന്യം വിവരം നേടിയ ഡാനിയല്‍ സ്വന്തം വസ്‌തുക്കളെല്ലാം വിറ്റും പണയപ്പെടുത്തിയും സിനിമക്ക്‌ ആവശ്യമായ മുടക്കു മുതല്‍ സമ്പാദിക്കുന്നു.

അന്ന്‌ സിനിമയെന്നത്‌ കാമറയും ആര്‍ട്ടിസ്റ്റുകളും മാത്രം. ഇന്നത്തെ ആര്‍ഭാടങ്ങളുടെ വലിയ സിനിമാ സെറ്റുകള്‍ക്ക്‌ ജെ.സി ഡാനിയലിന്റെ സിനിമയെക്കുറിച്ച്‌ ചിന്തിക്കാന്‍ തന്നെ പ്രയാസമായിരിക്കും. കാമറമാന്‍ കാമറ പ്രവര്‍ത്തിപ്പിച്ച്‌ അഭിനേതാക്കളുടെ ചലനങ്ങള്‍ ഫിലിമിലാക്കുന്നു. അഭിനേതാക്കള്‍ക്ക്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കി സംവിധായകനും ഒപ്പമുണ്ടാകും. ഇത്ര തന്നെയാണ്‌ അന്നത്തെ ചലച്ചിത്ര നിര്‍മ്മാണം. സാങ്കേതിക വിദ്യ വളര്‍ച്ചയിലേക്ക്‌ എത്തി നോക്കുക പോലും ചെയ്യാത്ത ആ കാലത്തിലും സിനിമയെ സ്‌നേഹിക്കുകയും അതിനായി ജീവിതം സമര്‍പ്പിക്കുകയും പരിമിതികളില്‍ നിന്ന്‌ സിനിമയൊരുക്കുകയും ചെയ്‌ത ആ കാലത്തെ കമല്‍ മനോഹരമായി കാണിച്ചിരിക്കുന്നു.

ബോംബെയിലും മദ്രാസിലും ഒരുങ്ങിയിരുന്ന പുരാണ സിനിമകളില്‍ നിന്നും വ്യത്യസ്‌തമായി ഒരു സാമൂഹിക ചിത്രമെടുക്കാനാണ്‌ ജെ.സി ഡാനിയല്‍ തീരുമാനിച്ചത്‌. അതു തന്നെ ധീരമായ ഒരു തീരുമാനമായിരുന്നു. അതിനുള്ള തിരക്കഥയും ജെ.സി ഡാനിയല്‍ തന്നെ രൂപപ്പെടുത്തി. അങ്ങനെ മലയാളത്തിലെ ആദ്യ നിശബ്‌ദ ചലച്ചിത്രം വിഗതകുമാരന്‍ പിറവിയെടുത്തു.

പിന്നീട്‌ ഒരു നായികയെ തേടിയുള്ള യാത്രയാണ്‌ ഡാനിയലിന്റേത്‌. ജാതി വ്യവസ്ഥ കൊടികുത്തിവാണ കേരളം. നാടകവും കലയുമൊക്കെ പിഴച്ച പെണ്ണുങ്ങളുടെ കാര്യമാണെന്ന്‌ കരുതിയിരുന്ന സമൂഹം. നാടകത്തില്‍ അഭിനയിച്ചാല്‍ ഊരുവിലക്കുകള്‍ പോലും പെണ്ണുങ്ങള്‍ നേരിടേണ്ടി വരുമായിരുന്ന കാലം. അയ്യങ്കാളിയെ പോലെയുള്ള സാമൂഹിക നായകന്‍മാര്‍ ജാതി ചിന്തക്കെതിരെ പടവെട്ടിയിരുന്ന കാലം.

ഈയൊരു കാലത്താണ്‌ ഡാനിയല്‍ തന്റെ സിനിമയില്‍ നായികയാക്കാന്‍ റോസമ്മ എന്ന ദളിത്‌ യുവതിയെ കണ്ടെത്തിയത്‌. റോസമ്മയുടെ പേര്‌ ഡാനിയല്‍ റോസി എന്ന്‌ മാറ്റുന്നു. പിന്നീട്‌ സിനിമയിലെ നായര്‍ യുവതിയുടെ കഥാപാത്രം അവള്‍ നല്‍കുന്നു. ജാതി ചിന്തക്കെതിരെ വിശാല മനസുമായി പ്രവര്‍ത്തിച്ച ഡാനിയലിന്റെ സിനിമ അങ്ങനെ കലയ്‌ക്കൊപ്പം ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനം കൂടിയായി മാറി. രണ്ടു വര്‍ഷം വേണ്ടി വന്നു ഡാനിയലിന്‌ വിഗതകുമാരന്‍ പൂര്‍ത്തിയാക്കാന്‍.

അന്ന്‌ മലയാളക്കരയില്‍ ആകെയുള്ളത്‌ നാലോ അഞ്ചോ തീയേറ്ററുകള്‍ മാത്രം. അതും ഓലമേഞ്ഞ ചെറിയ തീയേറ്ററുകള്‍. സാധാരണക്കാര്‍ക്ക്‌ സിനിമ കൊട്ടക എന്നു വിളിക്കുന്ന ആ തീയേറ്ററുകള്‍ അപ്രാപ്യമായിരുന്നു. ജന്മിമാരും അവരുടെ ആശ്രീതരുമായിരുന്നു തീയേറ്ററിലെ കാണികള്‍. വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനത്തിനെത്തിയ ജന്മിമാര്‍ ഒരു ദളിത്‌ യുവതി നായര്‍ സ്‌ത്രീയായി അഭിനയിച്ചത്‌ ഒരിക്കലും അംഗീകരിച്ചില്ല. അവര്‍ റോസിയെന്ന മലയാള സിനിമയിലെ ആദ്യ നായികയെ അവളുടെ സ്വന്തം സിനിമ പോലും കാണിക്കാന്‍ അനുവദിക്കാതെ അടിച്ചോടിച്ചു. ജന്മിമാരുടെ പീഡനത്തില്‍ നിന്നും രക്ഷപെടാന്‍ റോസി എവിടേക്കോ ഓടിപ്പോയി. പിന്നീട്‌ റോസിയെ ആരും കണ്ടിട്ടില്ല. ഇന്ന്‌ ഗ്ലാമറിന്റെ അതിപ്രസരത്തില്‍ മുങ്ങി നില്‍ക്കുന്ന സിനിമയിലെ നായികമാര്‍ക്ക്‌ സ്വന്തം സിനിമപോലും കാണാന്‍ കഴിയാതെ ആട്ടിപ്പായിക്കപ്പെട്ട റോസിയെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും കഴിയുമെന്ന്‌ തോന്നുന്നില്ല.

റോസിയെപ്പോലെ തന്നെ ജെ.സി ഡാനിയലിനും ഏല്‍ക്കേണ്ടി വന്നു ക്രൂരമായ പീഡനം. അയാളുടെ സിനിമ എവിടെയും പ്രദര്‍ശിപ്പിക്കപ്പെട്ടില്ല. അവസാനം സിനിമയുടെ റീലുകള്‍ പോലും അയാള്‍ക്ക്‌ കൈമോശം വന്നു. വിഗതകുമാരന്‍ എന്ന സിനിമയുണ്ടെന്നതിന്‌ തെളിവായി അവസാനം ശേഷിച്ചത്‌ സിനിമയുടെ പരസ്യക്കടലാസും, ചിത്രീകരണ സമയത്തെ ഒരു ഫോട്ടോഗ്രാഫും മാത്രം. തുടര്‍ന്ന്‌ സര്‍വ്വസ്വത്തുക്കളും തകര്‍ന്ന ജെ.സി ഡാനിയല്‍ എന്ന ചലച്ചിത്രകാരന്റെ തുടര്‍ന്നുള്ള ജീവിതവും കമല്‍ സെല്ലുലോയിഡില്‍ അനാവരണം ചെയ്യുന്നുണ്ട്‌.

ചേലങ്ങാട്ട്‌ ഗോപാലകൃഷ്‌ണന്‍ എന്ന പത്ര പ്രവര്‍ത്തകനിലൂടെയാണ്‌ പിന്നീടുള്ള കഥ കമല്‍ പറയുന്നത്‌. ചേലങ്ങാട്ട്‌ ഗോപാലകൃഷ്‌ണനും ഡാനിയലിനെയും റോസിയെയും പോലെ യഥാര്‍ഥ കഥാപാത്രമാണ്‌. വയലാറിനെയും സിനിമയില്‍ കമല്‍ ദൃശ്യവല്‍കരിച്ചിട്ടുണ്ട്‌. പത്രപ്രവര്‍ത്തകന്‍ പിന്നീട്‌ ചരിത്രകാരനാകുന്നു എന്നത്‌ ചേലങ്ങാട്ട്‌ ഗോപലകൃഷ്‌ണനില്‍ അക്ഷരാര്‍ഥത്തില്‍ ശരിയാണ്‌. മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തിയത്‌ ചേലങ്ങാട്ട്‌ ഗോപാലകൃഷ്‌ണനെന്ന്‌ അടൂര്‍ഗോപാലകൃഷ്‌ണന്‍ പോലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ആ ചേലങ്ങാട്ടിന്റെ ലേഖനങ്ങലും കൃതികളും തന്നെയാണ്‌ ജെ.സി ഡാനിയലിനെക്കുറിച്ചും, വിഗതകുമാരനെക്കുറിച്ചും പില്‍ക്കാല ലോകത്തിന്‌ അറിവു പകര്‍ന്നത്‌. അദ്ദേഹം ബാക്കിവെച്ച രേഖകള്‍ തന്നെയാണ്‌ സെല്ലുലോയിഡ്‌ എന്ന സിനിമക്കായി കമലും ആശ്രയിച്ചിരിക്കുന്നത്‌.

എന്തുകൊണ്ട്‌ സെല്ലുലോയിഡ്‌ എന്ന ചിത്രം പ്രസക്തമാകുന്നു എന്ന്‌ ചോദിച്ചാല്‍ മലയാള സിനിമയുടെ പിതാവ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ജെ.സി ഡാനിയല്‍ എന്ന വ്യക്തിയുടെ ജീവിത കഥ പറഞ്ഞിരിക്കുന്നു എന്നതുകൊണ്ടു തന്നെയാണ്‌. ജെ.സി ഡാനിയലിനോടുള്ള ബഹുമാന സൂചകമായി അദ്ദേഹത്തിന്‌ സമര്‍പ്പിച്ചിരിക്കുകയാണ്‌ കമല്‍ ഈ ചിത്രവും.

പ്രമേയവും അതിന്റെ തീവ്രതയും കൊണ്ട്‌ തീര്‍ത്തും ഒരു ക്ലാസിക്ക്‌ എന്നു തന്നെ പറയാം സെല്ലുലോയിഡ്‌ എന്ന ചിത്രത്തെ. മലയാള സിനിമയും, മലയാളിയും എന്നു ഓര്‍ത്തുവെക്കേണ്ട ഒരു ഏടാണ്‌ ഈ ചിത്രത്തില്‍ കമല്‍ പറഞ്ഞിരിക്കുന്നത്‌. എന്നാല്‍ അവതരണ ശൈലിയില്‍ ശരാശരിയില്‍ മാത്രമാണ്‌ സെല്ലുലോയിഡ്‌ എന്നതും പറയേണ്ടിയിരിക്കുന്നു. കൂടുതല്‍ ദീര്‍ഘമായ അണിയറ പ്രവര്‍ത്തനങ്ങള്‍ ഈ ചിത്രത്തിന്‌ ആവിശ്യമായിരുന്നു. ഒരു പീരീഡ്‌ സിനിമ ചെയ്യേണ്ട സമയ ദൈര്‍ഘ്യം ഈ ചിത്രത്തിനായി ചിലവഴിക്കാന്‍ കമലിന്‌ കഴിഞ്ഞിട്ടില്ല. മലയാള സിനിമയുടെ പരിമിതികളില്‍ നില്‍ക്കുമ്പോള്‍ നമുക്ക്‌ തത്‌കാലം അതു മറക്കാം. എങ്കിലും പഴയകാലം പുനര്‍ അവതരിപ്പിച്ചപ്പോള്‍ തോന്നുന്ന അസ്വഭാവികത മാറി സിനിമയുമായി ഇണങ്ങിച്ചേരാന്‍ പ്രേക്ഷകന്‌ അല്‌പം സമയമെടുക്കുമെന്നത്‌ യാഥാര്‍ഥ്യമാണ്‌.

റോസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചാന്ദിനിയാണ്‌ സിനിമയില്‍ ഏറ്റവും മികച്ച അഭിനയ പ്രകടനം കാഴ്‌ചവെച്ചത്‌. ഏതൊരു പ്രേക്ഷകന്റെ മനസില്‍ തങ്ങിനില്‍ക്കുന്ന പ്രകടനം ചാന്ദിനി കാഴ്‌ചവെച്ചിട്ടുണ്ട്‌. എന്നാല്‍ ഏറ്റവും മോശമാക്കിയിരിക്കുന്നത്‌ ജെ.സി ഡാനിയലിന്റെ ഭാര്യയായി എത്തുന്ന മംമ്‌തയുടെ അഭിനയമാണ്‌. സംഭാഷണത്തിലും മംമ്‌ത അമ്പേ പരാജയമായിരുന്നു. മംമ്‌തയുടെ ഇംഗ്ലീഷ്‌ ചുവയ്‌ക്കുന്ന മലയാള സംഭാഷണ ശൈലി പലപ്പോഴും കയറി വരുന്നത്‌ 1926 കാലഘട്ടത്തിലെ സിനിമയില്‍ തീര്‍ത്തും അരോചകമായി. സംഭാഷണത്തില്‍ ഇതേ പരാജയങ്ങള്‍ പലപ്പോഴും പൃഥ്വിരാജിനും സംഭവിക്കുന്നുണ്ട്‌. അഭിനയത്തിന്റെ കാര്യത്തിലും ശരീരഭാഷയിലും ഒരു പക്വത കൊണ്ടുവരാന്‍ പലപ്പോഴും പൃഥ്വിക്ക്‌ കഴിയാതെ പോകുന്നു. ഇതൊക്കെ ചിത്രത്തില്‍ മുഴച്ചു നില്‍ക്കുന്ന കാഴ്‌ചകളുമാണ്‌.

എന്നാല്‍ ഒരു പീരീഡ്‌ സിനിമ അവതരിപ്പിക്കുമ്പോള്‍ പ്രകടിപ്പിക്കേണ്ട പശ്ചാത്തല ക്രമീകരണങ്ങളും അവതര ശൈലിയും കമല്‍ വ്യക്തതയോടെ നിര്‍വഹിച്ചിരിക്കുന്നു. അതിന്‌ വേണുവിന്റെ കാമറ കമലിനെ ഏറെ സഹായിച്ചിട്ടുണ്ട്‌. അതുപോലെ തന്നെ എം.ജയചന്ദ്രന്റെ സംഗീതവും ഗാനവും മലയാളി ഏറ്റെടുത്തു കഴിഞ്ഞു.

ജെ.സി ഡാനിയലിനും ഒരുകാലത്ത്‌ മലയാള സിനിമക്ക്‌ വേണ്ടി കഷ്‌ടപ്പെട്ട എല്ലാവര്‍ക്കും വേണ്ടിയുള്ള യഥാര്‍ഥ നിവേദ്യം തന്നെയാണ്‌ ഇന്ന്‌ 2013ല്‍ ഒരുക്കിയ ഈ മലയാള ചിത്രം. തീര്‍ച്ചയായും ഇങ്ങനെയൊരു സിനിമയൊരുക്കാന്‍ തീരുമാനിച്ചതിനും സാധ്യമാക്കിയതിനും കമല്‍ എന്ന സംവിധായകനെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. മറ്റാര്‍ക്കും തോന്നാത്ത കാര്യം കമലിന്‌ ചെയ്യണമെന്ന്‌ തോന്നിയല്ലോ.

ഇന്ന്‌ കേരള സര്‍ക്കാര്‍ സിനിമയില്‍ സമഗ്ര സംഭാവന നല്‍കുന്ന പ്രതിഭകള്‍ക്ക്‌ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡായി നല്‍കുന്നത്‌ ജെ.സി ഡാനിയല്‍ പുരസ്‌കാരമാണ്‌. അതിലൂടെ ജെ.സി ഡാനിയല്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഒപ്പം ഇനി സെല്ലുലോഡിയും ആ ഓര്‍മ്മ നിലനിര്‍ത്താന്‍ എന്നും മലയാളിക്കൊപ്പമുണ്ടാകും.

എ.സിയുടെ തണുപ്പ്‌ പെയ്യുന്ന തീയേറ്ററില്‍, പുഷ്‌ബാക്ക്‌ സീറ്റിന്റെ സുഖത്തില്‍, ഡിജിറ്റല്‍ ഡോള്‍ബിയും ഒരുമിക്കുന്ന ദൃശ്യ ശബ്‌ദ സംവിധാനത്തില്‍, കോളയും ലെയ്‌സുമായി സെലുലോയിഡ്‌ കാണാനിരിക്കുമ്പോള്‍ മുമ്പില്‍ കണ്ടത്‌ , സിനിമയുണ്ടാക്കാന്‍ സര്‍വ്വവും ത്യജിച്ച ഒരു മനുഷ്യന്റെ കഥ. ആദ്യ സിനിമയില്‍ പകച്ചു പകച്ച്‌ അഭിനയിച്ച റോസിയുടെ കഥ. സ്വന്തം സിനിമ കാണാന്‍ ഓലമേഞ്ഞ തീയേറ്ററിലേക്ക്‌ ഓടിയെത്തുന്ന റോസിയെ, മലയാള സനിമയിലെ ആദ്യ നായികയെ, ആട്ടിപ്പായിക്കുന്ന കഥ. അതൊന്നും കഥകളല്ല, യഥാര്‍ഥത്തില്‍ നടന്ന സംഭവങ്ങള്‍ തന്നെ. നമ്മുടെ ചരിത്രം തന്നെ. ഒരു സിനിമക്കുമപ്പുറം മുന്നിലെ വെള്ളിത്തിരയില്‍ സെല്ലുലോയിഡ്‌ എന്ന ചിത്രം ഒരു നോവായി മാറാന്‍ ഇതില്‍ കൂടുതലൊന്നും വേണ്ടതില്ലല്ലോ.
സെല്ലുലോയിഡ്‌ - കാഴ്‌ചകളുടെ, ഓര്‍മ്മകളുടെ നൊമ്പരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക