Image

ഇടിക്കുന്ന അമൃത കേസെന്നു കേട്ടാല്‍ പേടിക്കരുത്

Berly Thomas; http://berlytharangal.com/ Published on 20 February, 2013
ഇടിക്കുന്ന അമൃത കേസെന്നു കേട്ടാല്‍ പേടിക്കരുത്

തന്നെ കമന്റടിച്ച പൂവാലന്‍മാരെ തെരുവിലിട്ടു തല്ലി സാസ്‌കാരിക കേരളത്തിന്റെ ഉണ്ണിയാര്‍ച്ചയായി മാറിയ അമൃത എന്ന യുവതി കേവലം കേരള പൊലീസ് എന്നു കേട്ടാല്‍ ബോധം കെട്ടു വീഴുമെന്ന് എനിക്കു തോന്നുന്നില്ല. അമൃതയ്‌ക്കെതിരേ കേസെടുക്കാനുള്ള കോടതി ഉത്തരവിനോടുള്ള ആളുകളുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ അമൃത ഇടിക്കാന്‍ മാത്രം അറിയാവുന്ന ഒരു കൊച്ചാണെന്നു തോന്നും. കഴിഞ്ഞ ദിവസം മൂല്യബോധന അധ്യാപകന്റെ പ്രബോധനങ്ങള്‍ക്കെതിരേ കൂവി ഇറങ്ങിപ്പോയ ആര്യയും അമൃതയുമൊക്കെ അങ്ങനെ ചെയ്തതിന്റെ കാരണങ്ങള്‍ ഒന്നു തന്നെ ആണെങ്കില്‍ ഈ കേസ് അമൃതയ്ക്ക് ആവേശം പകരുകയേ ഉള്ളൂ. കാരണം, ഇടിക്കാനുള്ള അവകാശത്തിനു വേണ്ടിയല്ല, പൊതുസമൂഹത്തില്‍ അപമാനിക്കപ്പെട്ടതിന്റെ പേരിലാണ് ഇവരൊക്കെ പ്രതികരിച്ചത്. പിന്നെ കേസെടുത്തു എന്നതിന്റെ അര്‍ഥം അമൃതയെ തൂക്കിക്കൊല്ലാന്‍ പോകുന്നു എന്നല്ല. കോടതിയില്‍ തനിക്ക് ഇടിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാനും മറ്റു സ്ത്രീകള്‍ക്ക് മാതൃകയാവാനും ഈ കേസ് അമൃതയെ സഹായിക്കട്ടെ എന്നേ പറയാനുള്ളൂ.

സൂര്യനെല്ലി കേസിലെ ഇരയെ ബാലവേശ്യ എന്നു വിളിക്കാന്‍ തക്കവിധം പക്വതയുള്ള മാന്യന്‍മാരുടെ കേരളത്തില്‍ മാനം രക്ഷിക്കാന്‍ വേണ്ടി കൈയുയര്‍ത്തിയ സ്ത്രീയെയും തുറുങ്കിലടയ്ക്കണമെന്നു ചില ശുംഭന്‍മാര്‍ക്കു തോന്നിയാല്‍ അതില്‍ അതിശയിക്കാനില്ല. കെ.സുധാകരന്റെ സെപ്റ്റിക് ടാങ്ക് പ്രഭാഷണങ്ങള്‍ കേട്ടിട്ട് ഒരു കോടതിക്കും ഒരു മന്ത്രിക്കും അയാള്‍ പറയുന്നത് സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമായ കാര്യങ്ങളാണെന്ന് അഭിപ്രായമുണ്ടായില്ല എന്നിരിക്കെ അമൃതക്കെതിരേ കേസെടുക്കുക കൂടി ചെയ്യുന്നത് നമ്മുടെ യഥാര്‍ത്ഥ നിലപാട് എന്താണ് എന്നുള്ളതിന് ഒരു സ്ഥിരീകരണമാണ്. പെണ്ണുപിടിയന്‍മാരും കാമവെറിയന്‍മാരും തിങ്ങി നിറഞ്ഞിരിക്കുന്ന കേരളത്തിലെ മാന്യവേഷം കെട്ടിയ ചെറ്റകളെ നോക്കി പ്രബുദ്ധകേരളമെന്നും സാംസ്‌കാരിക കേരളമെന്നു മൊക്കെ വര്‍ണിക്കുന്നത് നികൃഷ്ടമാണ്. നമുക്കങ്ങനെ അമ്മയെന്നോ പെങ്ങളെന്നോ ഒന്നുമില്ല. തങ്ങള്‍ കാമദേവന്‍മാരാണെന്നു വിശ്വസിക്കുന്ന ശീഘ്രസ്ഖലനക്കാരായ ഞരമ്പുരോഗികള്‍ക്ക് എല്ലാ സ്ത്രീകളും വേശ്യകളാണ്. ഇതിനെയാണ് കേരള മോഡല്‍ എന്നു വിശേഷിപ്പിക്കേണ്ടത്.

ഔഗ്യോദിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് അമൃതയ്‌ക്കെതിരേ കേസ് എടുത്തത് എന്നു വാര്‍ത്തകളില്‍ കാണുന്നു. ഖദറിട്ട നേതാക്കന്‍മാര്‍ കൂട്ടത്തോടെ പി.ജെ.കുര്യനെ മഹത്വവല്‍ക്കരിക്കാനും സൂര്യനെല്ലി പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയെ വേശ്യയായി ചിത്രീകരിക്കാനും ശ്രമിക്കുന്നതിന്റെ ഒരു തുടര്‍ച്ചയായേ ഇതിനെയും കാണാനാവൂ. കെ.സുധാകരനെപ്പോലെ ഒരു പൊതുപ്രവര്‍ത്തകന്‍ നെഞ്ചുവിരിച്ചു നടക്കുമ്പോള്‍ അത് അയാളുടെ വ്യക്തിപരമായ നിലപാടാണെന്നും പി.ജെ.കുര്യനു പിന്നില്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കുമെന്നൊക്കെ പറയുന്ന നേതാക്കന്‍മാര്‍ ഭരിക്കുമ്പോള്‍ സ്ത്രീകളെ ഉപദ്രവിക്കുന്നത് ഔദ്യോഗികകൃത്യനിര്‍വഹണമായി വിശേഷിപ്പിക്കുന്നത് യാദൃച്ഛികമാവാം, പക്ഷെ സ്വാഭാവികമായേ തോന്നൂ.

മൂല്യബോധക പരിശീലകന്‍ ഡോ.രജിത് കുമാറിന്റെ വങ്കത്തരങ്ങളും അമൃതയുടെ ഇടിയും സൂര്യനെല്ലി പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായിക്കൊണ്ടിരിക്കെ ഇറങ്ങിയോടാത്തതിന്റെ കാരണങ്ങളും വിശകലനം ചെയ്യുന്ന വലിയൊരു സമൂഹം ഇവിടെയുണ്ട് എന്നത് നിരാശാജനകമാണ്. സ്‌റ്റെപ്പ് ചാടിയിറങ്ങിയാല്‍ ഗര്‍ഭപാത്രം തിരിഞ്ഞുപോകുമെന്നു പറയുന്നവന്റെ സദുദ്ദേശം ഇഴകീറി പരിശോധിക്കുന്ന കുറിപ്പുകള്‍ കഴിഞ്ഞ ദിവസം കണ്ടിരുന്നു. അതുപോലെ തന്നെ അമൃതയുടെ കേസിലും ഇടിയുടെ ആഘാതമെത്ര ? സര്‍ക്കാര്‍ വണ്ടിയില്‍ വന്നവര്‍ കമന്റടിക്കുമോ ? അമൃത ബ്ലാക്‌ബെല്‍റ്റ് ഉള്ളതിന്റെ അഹങ്കാരത്തില്‍ ഇടിച്ചതല്ലേ ? എന്നിങ്ങനെയുള്ള ചോദ്യങ്ങളും വിശകലനങ്ങളും വളരെ സജീവമാണ്. ഇവിടെ അമൃതയുടെ അഹങ്കാരമല്ല, പുരുഷകേന്ദ്രീകൃതമായ സങ്കുചിതത്വമാണ് ആ സ്റ്റണ്ട് സീനിനെ ഷോട് ബൈ ഷോട് എടുത്തു പരിശോധിക്കുന്നത്. എനിക്ക് സത്യത്തില്‍ ആ ഇടികൊണ്ട സാധുക്കളോട് സഹതാപമേയുള്ളൂ. പെണ്ണിന്റെ കയ്യില്‍ നിന്ന് ഇടിയും കൊണ്ടിട്ട് വന്നു നിന്നു മോങ്ങുന്നതിന്റെ ദൈന്യത ഹീനമായ ഒന്നാണ്.

അമൃത ഇടിച്ചവര്‍ക്ക് നീതി വേണ്ടേ എന്നാണിപ്പോള്‍ പലരും ചോദിക്കുന്നത്. കേരളത്തിലെ ഒരു പൊതുനിലവാരം അനുസരിച്ച് ഇത്തരം കേസുകളിലോ സമാനമായ കേസുകളിലോ എത്ര സ്ത്രീകള്‍ക്ക് നീതി കിട്ടിയിട്ടുണ്ട് എന്നു പരിശോധിക്കുക. നമ്മുടെ മുന്നില്‍ നീതി നേടിയവര്‍ കുറവാണ്. അല്ലെങ്കില്‍ ആരുമില്ല എന്നു തന്നെ പറയാം. കണ്ണു തുറന്നു നോക്കിയാല്‍ ഇരകള്‍ മരിച്ചതും ജീവനോടെയുള്ളതുമായി വലിയൊരു സമൂഹമാണ്. ആ സ്ഥിതിക്ക് അമൃതയുടെ ബ്ലാക്ക് ബെല്‍റ്റ് ഇടി കൊണ്ടവരോട് കണക്കായിപ്പോയി എന്നേ പറയാനുള്ളൂ. അമൃത നിയമം കയ്യിലെടുത്തു എന്നത് നിയമപരമായി തെറ്റായിരിക്കാം, പക്ഷെ അമൃതയ്ക്ക് അന്തസ്സോടെ നടക്കാന്‍ കഴിയുന്നത് രാത്രി പത്തരയ്ക്ക് നിയമം കയ്യിലെടുത്തതുകൊണ്ടാണ് എന്നത് നിഷേധിക്കാനുമാവില്ല. ഇനിയും ഇത്തരം അവസരങ്ങളില്‍ കുറച്ചുകൂടി സ്‌ട്രോങ്ങായി ഇടിക്കണം എന്നാണ് എനിക്ക് അമൃതയോട് പറയാനുള്ളത്. ഇതിന്റെ പേരില്‍ ഉണ്ടാവുന്ന കേസുകള്‍ ഓരോ അവാര്‍ഡ് ആയി കരുതാം.

ട്രെയിനില്‍ വച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യ കരാട്ടേ പഠിച്ചിരുന്നെങ്കില്‍ ഗോവിന്ദച്ചാമിയെ ട്രെയിനില്‍ നിന്നു തൊഴിച്ചു തെറിപ്പിച്ചേനെ. അങ്ങനെ ചെയ്തിരുന്നെങ്കില്‍ നാടോടിയായ വികലാംഗനെ അഹങ്കാരം കൊണ്ട് ആക്രമിച്ചതിന് സൗമ്യ ഇപ്പോള്‍ അകത്തു കിടന്നേനെ. സ്ത്രീകള്‍ കരാട്ടേ എന്നല്ല ഒരു പ്രതിരോധമാര്‍ഗങ്ങളും പഠിക്കരുത്. ഞങ്ങള്‍ ഉപദ്രവിക്കുമ്പോള്‍ അരുതേ അരുതേ എന്ന ഭാവത്തോടെ കരയുക മാത്രമേ ചെയ്യാവൂ.
ഇടിക്കുന്ന അമൃത കേസെന്നു കേട്ടാല്‍ പേടിക്കരുത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക