Image

കോലഞ്ചേരി പള്ളിത്തര്‍ക്കം: ജില്ലാ ഭരണകൂടം ഹൈക്കോടതിയുടെ സഹായം തേടി

Published on 13 September, 2011
കോലഞ്ചേരി പള്ളിത്തര്‍ക്കം: ജില്ലാ ഭരണകൂടം ഹൈക്കോടതിയുടെ സഹായം തേടി
കൊച്ചി: കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ഹൈക്കോടതിയുടെ സഹായം തേടി. പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഹൈക്കോടതിയുടെ മീഡിയേഷന്‍ സെല്ലിനെയാണ് ജില്ലാ ഭരണകൂടം സമീപിച്ചിരിക്കുന്നത്. പള്ളിത്തര്‍ക്കം ഒരു ക്രമസമാധാന പ്രശ്‌നമായി മാറിക്കഴിഞ്ഞതായി ജില്ലാ കലക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു.

യാക്കോബായ വിഭാഗം ചൊവ്വാഴ്ച വൈകീട്ട് രണ്ട് പ്രകടനങ്ങള്‍ നടത്താന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ കോടിതയെ സമീപിച്ചത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ മാനേജിങ് കമ്മറ്റി ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ വച്ചായിരിക്കും ഭാവി നപടികള്‍ തീരുമാനിക്കുക. ഇരുവിഭാഗവും ഇത്തരത്തില്‍ വിട്ടുവീഴ്ചകളില്ലാതെ മുന്നോട്ടുപോകുന്നത് വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നാണ് ജില്ലാ കലക്ടറുടെ വിലയിരുത്തല്‍.

ഇരു വിഭാഗങ്ങളുമായി ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം നടത്തിയ സമവായ ചര്‍ച്ച ഫലം കണ്ടിരുന്നില്ല. ഇരു വിഭാഗത്തിന്റെയും കാതോലിക്ക ബാവമാര്‍ നടത്തുന്ന ഉപവാസം അവസാനിപ്പിക്കണമെന്നും കോലഞ്ചേരി പള്ളി ആരാധനയ്ക്ക് തുറന്നുകൊടുക്കണമെന്നുമാണ് ജില്ലാ ഭരണകൂടം മുന്നോട്ടു വച്ച ഒത്തുതീര്‍പ്പ് ഫോര്‍മുല. എന്നാല്‍, ഇത് രണ്ടു വിഭാഗങ്ങളും അംഗീകരിച്ചിട്ടില്ല. ബാവമാരുടെ ഉപവാസം ഇപ്പോഴും തുടരുകയാണ്. ഒരു വിഭാഗം കാലത്ത് കോലഞ്ചേരിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തിരുന്നു. ഇരു വിഭാഗങ്ങളിലും പെട്ട കൂടുതല്‍ വിശ്വാസികള്‍ ഇപ്പോള്‍ കോലഞ്ചേരിയിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് പ്രദേശത്തെ പോലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക