Image

മരങ്ങള്‍ക്കിടയിലൂടെ (കഥ)-രാജു ചിറമണ്ണില്‍, ന്യൂയോര്‍ക്ക്

രാജു ചിറമണ്ണില്‍, ന്യൂയോര്‍ക്ക് Published on 22 February, 2013
മരങ്ങള്‍ക്കിടയിലൂടെ (കഥ)-രാജു ചിറമണ്ണില്‍, ന്യൂയോര്‍ക്ക്

രാത്രിയില്‍ പെയ്ത മഴയില്‍ കുതിര്‍ന്ന പുല്‍ക്കൊടികളുടെ നനവും പറ്റി സെമിത്തേരിയുടെ അകത്തേയ്ക്ക് പ്രവേശിച്ചപ്പോള്‍ മുന്നില്‍ വെള്ളയില്‍ ചുവന്ന അക്ഷരത്തില്‍ എഴുതിയ ബോര്‍ഡ്- Visitors time untill 6pm

കൈത്തണ്ടയില്‍ കെട്ടിയിരുന്ന റാഡോ വാച്ചില് സമയം നോക്കിയപ്പോള്‍ അത് എപ്പോഴോ ചലനം നിലച്ചിരിക്കുതായി കണ്ടു. ഒന്നു രണ്ടു പ്രാവശ്യം കുലുക്കി നോക്കിയിട്ടും അനക്കമില്ല. ബട്ടണ്‍ സെല്‍ മാറ്റേണ്ട സമയമായിരിക്കും. അല്ലെങ്കിലും വാച്ചു കെട്ടിയിട്ടു തന്നെ കാലമെത്രയായി.

ഇലച്ചാര്‍ത്തുകളില്‍ തങ്ങി നില്‍ക്കുന്ന തണുത്ത മഴത്തുള്ളികള്‍ തണുത്ത കാറ്റില്‍ ആലിപ്പഴം പോലെ പൊഴിഞ്ഞു വീണുകൊണ്ടേ ഇരുന്നു.

നിരനിരയായി നില്‍ക്കുന്ന ഹെഡ്‌സ്റ്റോണും കടന്ന് അങ്ങിങ്ങായി പുല്ലുപിടിച്ച ചരല്‍ പാതയില്‍ കൂടി നടക്കുമ്പോള്‍ ഇന്നലെ കണ്ടുവച്ചിരുന്ന കൂറ്റന്‍ മരമായിരുന്നു അടയാളം. ദൂരെ നിന്നു തന്നെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മരം കണ്ടപ്പോള്‍ സ്ഥലം മനസ്സിലായി. ഇന്നലത്തെ തിരക്കില്‍ എന്തു മരമാണെന്നുപോലും ശ്രദ്ധിച്ചില്ല.. എന്നാല്‍ അത് ഒരു കൂറ്റന്‍ ഓക്ക് മരമായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്. പച്ചപ്പു നിറഞ്ഞ് ഇലക്കൂട്ടങ്ങളില്‍ അങ്ങിങ്ങായി പടര്‍ന്നു കയറുന്ന മഞ്ഞപ്പ് വരാന്‍ പോകുന്ന മഞ്ഞുകാലത്തിന്റെ ആഗമനം വിളിച്ചോതുന്നു.

നനഞ്ഞു കുതിര്‍ന്ന മണ്ണില്‍ അങ്ങിങ്ങായി ചിതറി കിടക്കുന്ന പൂച്ചെണ്ടുകളില്‍ തേന്‍ തിരയുന്ന ചെറുവണ്ടുകള്‍. ചെറുചില്ലകളില്‍ കുടുങ്ങിക്കിടക്കുന്ന ചെറുകാറ്റിന് നൊമ്പരത്തിന്റെ ഗന്ധം.

എത്രയെളുപ്പമായിരുന്നു. നാളുകളേറെയായി അവനെ കണ്ടിട്ടും വിളിച്ചിട്ടും അടുത്തെവിടയോ ഉണ്ടെന്നറിഞ്ഞിട്ടും പിന്നീടാകട്ടെയെന്ന മനസ്സിന്റെ മറുപടിയില്‍ ആശ്വാസം കൊണ്ടു.

പതിവില്ലാതെ വളരെ നാളുകള്‍ക്കു മുമ്പ് ഇതുപോലൊരു സന്ധ്യയില്‍ അവന്‍ തന്നെ ആദ്യമായി വിളിച്ചപ്പോള്‍ അത്ഭുതത്തേക്കാള്‍ ഏറെ കുറ്റബോധമായിരുന്നു മനസ്സില്‍ തിരിച്ചു വിളിക്കാമെന്ന് താന്‍ പറഞ്ഞപ്പോള്‍ തിരക്കില്ലെങ്കില്‍ അല്‍പം സംസാരിക്കണം എന്നുള്ള അവന്റെ മറുപടി ആയിരുന്നു അങ്ങേത്തലക്കല്‍ നിന്നു കേട്ടത്.

എത്രനേരം സംസാരിച്ചുവെന്നറിയില്ല. അവന്‍ പറഞ്ഞുകൊണ്ടേയിരുന്നു. അതൊരു സൗഹൃദം പുതുക്കലായിരുന്നില്ല. ജീവിതത്തില്‍ സംഭവിച്ച-സംഭവിച്ചുകൊണ്ടേയിരിക്കുന്ന ഉയര്‍ച്ച താഴ്ചകളേപ്പറ്റി, അര്‍ത്ഥ ശൂന്യതയെപ്പറ്റി അവന്‍ സംസാരിച്ചുകൊണ്ടിരുന്നു.ഒരു സാധാരണക്കാരന്റെ ചിന്താധാരയില്‍ നിന്നും വിഭിന്ന ചിന്താഗതികളായിരുന്നു അവനെ നയിച്ചിരുന്നത്. പണ്ടും അവന്‍ അങ്ങനെയായിരുന്നു. ഒരു പെഗ്ഗ് മുന്നില്‍ വച്ച്, അതൊന്നു തൊട്ടു നോക്കുകപോലും ചെയ്യാതെഎത്രനേരം വേണമെങ്കിലും വാചാലമായി സംസാരിക്കുമായിരുന്നു. ലഹരിയുടെ മയക്കത്തില്‍ ആണ്ടു കിടക്കുമ്പോഴും അവന്റെ അദൈ്വതം ശ്രദ്ധിക്കുന്നുവെന്ന് നടിച്ച് അവസാനം രാത്രിയുടെ ഏതൊ യാമത്തില്‍ തലങ്ങും വിലങ്ങും തങ്ങള്‍ വീണുറങ്ങുമ്പോള്‍ 'ഉറങ്ങിക്കോളൂ' എന്നും പറഞ്ഞ് മുറിയിലെ വെളിച്ചവും കെടുത്തി, പരിഭവത്തിന്റെ ലാഞ്ചനപോലും കാട്ടാതെ, സ്വന്തം മുറിയിലേക്ക് നടന്നു നീങ്ങുന്ന അവനെ ഒരു പുകമറയിലെന്നവണ്ണം ഇപ്പോഴും കാണുന്നു.

മുപ്പതു വര്‍ഷത്തെ പരിചയം. ഒന്നിച്ചു പഠിച്ച് കളിച്ചു രസിച്ച നാളുകളുടെ മധുരിക്കുന്ന ഓര്‍മ്മകളേറെയുണ്ടെങ്കിലും ആ കഴിഞ്ഞകാല സ്മരണകളുടെ ചെപ്പു തുറക്കാന്‍ അവന്‍ ശ്രമിക്കാറില്ലായിരുന്നു. ബോധപൂര്‍വ്വം എല്ലാ മറക്കാന്‍ ശ്രമിക്കുന്ന അവന്‍ തനിക്കപ്പോഴൊക്കെ അന്യനായി മാറുകയായിരുന്നു. അടുത്തടുത്ത സ്റ്റോറില്‍ ഉണ്ടായിട്ടും എന്തോ അകല്‍ച്ചയുടെ ദൂരം അവന്‍ സൂക്ഷിക്കാന്‍ ശ്രമിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തിനു വേണ്ടിയായിരുന്നു അത് എന്നുള്ളത് പൂരിപ്പിക്കാത്ത ഒരു സമസ്യയായി ഇന്നും തന്റെയുള്ളില്‍ അവശേഷിക്കുന്നു… ജീവിതം സുഖസൗകര്യങ്ങളുടെ തിളക്കത്തിനു മുമ്പെ പോകാതെ യാഥാര്‍ത്ഥ്യത്തിന്റെ പരുക്കന്‍ വശങ്ങളായിരുന്നു അവനു പഥ്യം. വല്ലപ്പോഴും തന്നെ വിളിക്കുന്നതുതന്നെ കുടുംബജീവിതത്തിലെ ഏറ്റക്കുറച്ചിലുകളെ തന്നോട് പങ്കിടുവാനായിരുന്നു. തന്നെ മനസ്സിലാക്കാന്‍ സാധിക്കാത്ത പങ്കാളിയെ ഒരിക്കലും കുറ്റപ്പെടുത്തുവാനോ മുറപ്പെടുത്തുവാനോ ശ്രമിച്ചു കണ്ടില്ല- കൈയെത്തും ദൂരത്ത് സകല സൗഭാഗ്യങ്ങള്‍ ഉണ്ടായിട്ടും അതെല്ലാം വേണ്ടെന്നു വച്ച്, ഇല്ലായ്മയെ പുല്‍കാന്‍ ആഗ്രഹിക്കുന്ന ഭര്‍ത്താവിനെ അവള്‍ മനസ്സിലാക്കത്തതിലുള്ള പരിഭവം പോലും അവന്‍ പ്രകടിപ്പിക്കാറില്ലായിരുന്നു. തന്റെ മനസ്സിന്റെ വികാരങ്ങളെ ശരികളെ, തെറ്റുകളെ, താന്‍ കേട്ടറിഞ്ഞും, അനുഭവിച്ചും വളര്‍ന്ന സംസ്‌കാരത്തെ, മുറുകെ പിടിപ്പിക്കുന്ന തന്റെ സ്വഭാവത്തെ ഒരു തരം രോഗമായി വ്യാഖ്യാനിക്കുവാന്‍ പോലും ഭാര്യ ഒരുങ്ങിയപ്പോഴും നിസ്സംഗതയുടെ വാല്‍മീകത്തില്‍ ഒളിക്കുവാനായിരുന്നു അവന്റെ ശ്രമം.

നിരാശയുടെ ആഴക്കടലില്‍ പതിക്കുന്നതിനു മുമ്പുതന്നെ അവനെ ഉപേക്ഷിച്ച് ഭാര്യയും മക്കളും പൊയ്ക്കഴിഞ്ഞിരുന്നു. അവനില്‍ വേദനയോ, വിദ്വേഷമോ, വെറുപ്പോ ഉണ്ടായില്ല. വീണ്ടും സ്‌നേഹിച്ചുകൊണ്ടേയിരുന്നു. ആരോടും പറയാതെ പുറത്തു കാട്ടാതെ.

മഞ്ഞും മഴയും വെയ്‌ലും മാറി വന്നപ്പോള്‍ അവനോ എന്നില്‍ നിന്നും പതിയെ അകലുകയായിരുന്നു.
എത്രയോ നാളുകള്‍ക്കു ശേഷമാണ് വീണ്ടും വിളിക്കുന്നത്. ദുഃഖമോ സന്തോഷമോ?

കണ്ണുകളില്‍ നീര്‍ത്തുളുമ്പി. നീ വിളിച്ചല്ലോ യെന്നും പറഞ്ഞ് കരച്ചിലിന്റെ വക്കോളമെത്തിയിട്ടും അവനില്‍ ഒരു ഭാവവും ഉണ്ടായിരുന്നില്ല. അന്നാദ്യമായി പഴയ ഞങ്ങളുടെ നാളുകളെപ്പറ്റി അവന്‍ സംസാരിച്ചു. രവിയേയും, സേതുവിനെയും, സുഗുണനെയും അന്വേഷിച്ചു. നഷ്ടപ്പെട്ട കണ്ണികളെ കൂട്ടിയിണക്കണമെന്ന് അവന്‍ പറഞ്ഞപ്പോള്‍ അവന്റെ ഒരു തിരിച്ചുവരവാണ് മനസ്സിലുദിച്ചത്.

രാത്രിയുടെ വൈകിയ യാമത്തില്‍ ഫോണ്‍ നിര്‍ത്തുമ്പോള്‍ അടുത്തു തന്നെ തമ്മില്‍ കാണാം എന്നുള്ള ഒരു സൂചന തന്നപ്പോള്‍ മനസ്സ് ആഹ്ലാദത്താല്‍ തുടികൊട്ടുകയായിരുന്നു. എല്ലാം കലങ്ങിത്തെളിയുവാന്‍ പോകുന്നു എന്നൊരാശ്വാസമായിരുന്നു ഉള്ളില്‍. പണ്ടും അവന്‍ ഞങ്ങളേക്കാളേറെ വ്യത്യസ്ഥതനായിരുന്നു. തകരുമെന്ന് എല്ലാവരും കരുതുന്ന നേരത്ത് പതര്‍ച്ചയുടെ പാതയില്‍ നിന്നും പ്രത്യാശയുടെ വഴിയിലേക്ക് കൂട്ടിക്കൊണ്ട് പോകുവാന്‍ ഒരു പ്രത്യേക കഴിവുണ്ടായിരുന്നു.

പിന്നെവിടെയാണ്. എങ്ങനെയാണ് അവന്‍ പതറിയത്. ജീവിതത്തില്‍ തകര്‍ന്നു പോയേക്കാവുന്ന നിമിഷങ്ങളില്‍ വീണു പോകാതെ പിടിച്ചു നിന്ന അവന്‍.

സ്‌നേഹം നിറയുന്ന ഒരു മനസ്സുമായി കഴിയുമ്പോഴും ഒരിറ്റു തുള്ളി തന്റെ ചുറ്റുപാടുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ സാധിച്ചിരുന്നില്ലല്ലോയെന്ന തന്റെ കുറവുകളെക്കുറിച്ച് ബോദ്ധ്യപ്പെട്ടതിന്റെ അടയാളമായിരുന്നോ അവസാനത്തെ ഫോണ്‍ വിളിയും, അതിനോടനുബന്ധിച്ചുള്ള സ്‌നേഹാന്വേഷണങ്ങളും. അവസാന നാളുകളില്‍ കുറ്റബോധത്തിന്റെ ഉമിത്തീയില്‍ വെന്തുരുകുവാനിയുന്നോ അവന്റെ ശ്രമം? അതാവുമോ ഇത്തരത്തിലേക്കുള്ള ഒരന്ത്യത്തിലേക്ക് അവനെ വഴി നടത്തിയയത്?

മനസ്സിന്റെ ഉള്‍ത്തടങ്ങളില്‍ അവന്റെ വാക്കുകള്‍ക്കായി പരതി നടന്നു. എവിടെയെങ്കിലും ഒരു തേങ്ങല്‍ കേട്ടിരുന്നുവോ? ആവോ, തനിക്ക് ഒന്നും ചോദിക്കുവാന്‍ പറ്റിയില്ലല്ലോയെന്ന്- ജീവിതത്തിലേക്ക് ഒന്ന് തിരികെ കൊണ്ടുവാരാന്‍ ഒരു ശ്രമവും തന്റെ ഭാഗത്തു നിന്നുണ്ടായില്ലല്ലോ എന്ന് മനസ്സ് കുറ്റം വിധിക്കുമ്പോള്‍, നൊമ്പരപ്പെടുന്ന ഹൃദയം വിതുമ്പലടക്കുവാന്‍ പാടുപെടുകയായിരുന്നു.

വേണ്ടിയിരുന്നില്ലല്ലോ- എവിടെയെങ്കിലും ഉണ്ടെന്നുളള വിശ്വാസത്തോടെ നമുക്ക് കഴിഞ്ഞാല്‍ മതിയായിരുന്നല്ലോ നനവുമാറാത്ത ഈ മണ്‍കൂനയ്ക്കരുകില്‍ ഞാനിരിക്കുമ്പോള്‍ തേങ്ങുന്ന എന്റെ മനസ്സിനെ ഒന്ന് സ്വാന്തനപ്പെടുത്തുവാന്‍ അങ്ങനെ കരുതിയിരുന്നെങ്കില്‍ എന്നു ഞാനാശിച്ചു പോകുന്നു.
ആകാശത്തിന്റെ കീഴില്‍ പച്ചക്കുടനിവര്‍ത്തി പടര്‍ന്നു നില്‍ക്കുന്ന ഈ ഓക്കുമരത്തിന്റെ സ്വസ്ഥതയില്‍ നിത്യമായി വീണുറങ്ങുന്ന നിന്റെ ഓര്‍മ്മകളും പേറി തണുത്ത സന്ധ്യയുടെ കരവും പിടിച്ച് ഈ മരങ്ങള്‍ക്കിടയിലൂടെ ഞാനൊന്ന നടക്കട്ടെ എന്റെ സ്വസ്ഥതയ്ക്കുവേണ്ടി…
മരങ്ങള്‍ക്കിടയിലൂടെ (കഥ)-രാജു ചിറമണ്ണില്‍, ന്യൂയോര്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക