Image

മാലിന്യ മഹാമേള (മണ്ണിക്കരോട്ട്‌)

മണ്ണിക്കരോട്ട്‌ (www.mannickarottu.net) Published on 22 February, 2013
മാലിന്യ മഹാമേള (മണ്ണിക്കരോട്ട്‌)
കേരളത്തിലെ മാലിന്യങ്ങളെക്കുറിച്ചും അതില്‍നിന്നുണ്ടാകുന്ന സാംക്രമികരോഗങ്ങളെക്കുറിച്ചുമുള്ള ചിന്തയും ആശങ്കയും മനസ്സിലൊതുക്കിയാണ്‌ അമേരിക്കയിലെ ഏറിയപങ്ക്‌ മലയാളികളും നാട്ടിലേക്ക്‌ തിരിക്കുന്നത്‌. വര്‍ഷാവര്‍ഷമായി വര്‍ഷകാലങ്ങളില്‍ കേരളത്തില്‍ പടര്‍ന്നുപിടിക്കുന്ന സാംക്രമിക രോഗങ്ങളെക്കുറിച്ചും അതില്‍നിന്നുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും ധാരാളം കേള്‍ക്കാന്‍ കഴിയും. അതോടൊപ്പം മാനിന്യങ്ങളില്‍ നിന്നുണ്ടാകുന്ന കൊതുകിന്റെയും ഈച്ചയുടെയും കടന്നാക്രമണവും സഹിക്കണം. ഓരോ അവസരത്തിലും അധികാരികളില്‍നിന്ന്‌ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ചും ശുചിത്വം പാലിക്കേണ്ടതിനെക്കുറിച്ചും ധാരാളം കേള്‍ക്കാന്‍ കഴിയും. അതുകഴിയുമ്പോള്‍ വീണ്ടും എല്ലാം പഴയപടി.

എന്നാല്‍ ഇപ്രാവശ്യം ഞാന്‍ നാട്ടിലേക്ക്‌ തിരിക്കുമ്പോള്‍ കുറച്ചെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നു. കാരണം അത്തരത്തിലുള്ള വാര്‍ത്തകളും പ്രക്ഷേപണങ്ങളും ധാരാളം കേട്ടു, കണ്ടു. കേരളത്തിലെ മാലിന്യപ്ര ശ്‌നങ്ങള്‍ക്ക്‌ എന്തൊക്കെയൊ ചെയ്യാന്‍പോകുന്നു. തിരുവനന്തപുരം ?ക്ലീന്‍ സിറ്റി, ഗ്രീന്‍ സിറ്റി? എന്നൊക്കെ മുദ്രാവാക്യങ്ങളും കേട്ടു. അപ്പോള്‍ പിന്നെ എല്ലാം ക്ലീന്‍, ക്ലീന്‍ എന്നു പ്രതീക്ഷിക്കുകയും ചെയ്‌തു.

പക്ഷെ എന്തുപറയാന്‍? എന്റെ പ്രതീക്ഷകളെല്ലാം തകിടം മറിക്കുന്ന അനുഭവമാണ്‌ നേരില്‍ കാണാ നും അനുഭവിക്കാനും ഇടയായത്‌. തിരുവനന്തപുരം വിമാനത്താവളത്തിനു പുറത്തെ അരണ്ട വെളിച്ചത്തില്‍ കണ്ണെത്തും ദൂരത്തെല്ലാം പൂരം കഴിഞ്ഞ പൂരപ്പറമ്പുപോലെ മാലിന്യം കൂട്ടമായും കൂട്ടം തെറ്റിയും ചിതറിക്കി ടക്കുന്നു. ചാറല്‍ മഴയില്‍, ചെളിനിറഞ്ഞ ഓരങ്ങളില്‍ കാടിവെള്ളംപോലെ വെള്ളക്കുഴികള്‍. അപ്പോഴും ഇരുട്ടായിരുന്നതുകൊണ്ട്‌ കൂടുതല്‍ കാണാന്‍ കഴിഞ്ഞില്ല. ഭാഗ്യം. എന്തായലും അധികമൊന്നും കാണാതെയും അധികം താമസിക്കാതെയും താമസിക്കേണ്ട ഹോട്ടലിലെത്തി. പുലര്‍കാലമായിരുന്നതിനാല്‍ ഹോട്ടലിലേക്കു ള്ള യാത്ര എങ്ങും തടസപ്പെട്ടില്ല. അല്ലെങ്കില്‍ കേരളത്തിലെ ഗതാഗതക്കുരുക്ക്‌ പ്രസിദ്ധമാണെല്ലോ. ഹോട്ടലില്‍ എത്തിയപ്പോള്‍ ആശ്വാസം തോന്നി. ചുറ്റുപാടും മനോഹരം. എങ്ങും ഒരു പൊടിയും അഴുക്കുമില്ല. തികച്ചും വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം. കൊള്ളാം.

രാവിലെ സൂര്യനുദിച്ചപ്പോള്‍ മുറിയുടെ കര്‍ട്ടന്‍ മാറ്റി പുറത്തേക്കു നോക്കി. ഹോട്ടലിന്റെ ചുറ്റുമതില്‍ കഴിഞ്ഞാല്‍ കച്ചവടസ്ഥലങ്ങള്‍ ചുറ്റുമതില്‍ കെട്ടിയ ഒരു ചെറിയ തുണ്ടുഭൂമി, ചെറിയ റോഡുകള്‍, ഇടനാഴികള്‍, റോഡു കവര്‍ന്നെടുത്തുണ്ടാക്കിയ അമ്പലം, ചെറിയ കടകള്‍ അങ്ങനെ സംഗതികള്‍ പലതാണ്‌. മനോഹരമായ ക്ലീന്‍ സിറ്റി, ഗ്രീന്‍ സിറ്റി കാണാന്‍ നോക്കിയതാണ്‌. വാസ്‌തവത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. മുന്‍വര്‍ഷംപോലും കാണാത്ത കഷ്ടം കാഴ്‌ചയാണ്‌ ഇപ്രാവശ്യം കാണാന്‍ കഴിഞ്ഞത്‌. കണ്ണെത്തും ദൂരത്തെല്ലാം അഴുക്കുകളുടെ അരങ്ങേറ്റം. ഇടറോഡുകളുടെ വശങ്ങളില്‍ ചെറുതും വലുതുമായ മാലിന്യക്കൂട്ടങ്ങള്‍. കടലാസു കഷണങ്ങള്‍, മാലിന്യക്കെട്ടുകള്‍ അങ്ങനെ ഓരോന്നും കൂട്ടമായും പരന്നും നിരന്നും കിടക്കുന്നു, പറന്നുകളിക്കുന്നു. ചുറ്റു മതില്‍ കെട്ടിയ ഭൂമിയുടെ കോണുകളിലും മറ്റു ഭാഗങ്ങലും മാലിന്യമലകള്‍. ചിലതില്‍നിന്ന്‌ ചെറുതായ പുക ഉയരുന്നുണ്ട്‌. എന്നാല്‍ ഒന്നും കത്തുന്നതുമില്ല. ഇതൊക്കെയായിരുന്നു ഹോട്ടലില്‍നിന്നുകൊണ്ട്‌ ആദ്യം കണ്ട കാഴ്‌ച.

തിരുവനന്തപുരത്ത്‌ ഇപ്പോള്‍ എങ്ങോട്ടിറങ്ങിയാലും ഞാന്‍ ആദ്യം കണ്ട അനുഭവമാണ്‌. ചില സന്ധ്യ കളില്‍ ഞാന്‍ പ്രധാന റോഡില്‍ ഇറങ്ങി വെറുതെ നില്‍ക്കുകയും ചിലപ്പോള്‍ അലസമായി നടക്കുകയും ചെയ്യാറുണ്ടായിരുന്നു. റോഡു സൈഡില്‍ നിന്നുകൊണ്ട്‌ പൊതുവെ കാര്യങ്ങള്‍ നിരീക്ഷിക്കൂന്നതില്‍ നല്ല രസമുണ്ട്‌ (നീണ്ട നിരീക്ഷണമാകെരുതെന്നു മാത്രം). സന്ധ്യയാകുമ്പോള്‍ റോഡു സൈഡില്‍ കവലകളോടു ചോരുന്ന ഭാഗങ്ങളില്‍ താല്‍ക്കാലിക തട്ടുകടകള്‍ തകൃതിയായി ഉയരുന്നതു കാണാം. തട്ടുകടയെന്നു പറഞ്ഞാ ല്‍ അക്ഷരാര്‍ത്ഥത്തില്‍ തട്ടുകടകള്‍തന്നെ. മേല്‍ത്തട്ടില്ലാത്ത ഒറ്റത്തട്ടന്‍ തട്ടുകട. ഏതാണ്ട്‌ നാലഞ്ചടി നീളത്തി ല്‍ വീതി കുറഞ്ഞ ഒരു മേശ. അതില്‍ ഒന്നൊ രണ്ടോ ഗ്യാസ്‌ അടുപ്പ്‌. വശങ്ങളില്‍ മറ്റ്‌ സാമഗ്രികള്‍. താഴെചില അലൂമിനം കലങ്ങളും കുടങ്ങളും. കട തയ്യാറായി ക്കഴിഞ്ഞു. ചുറ്റും അക്ഷമരായ കുറെ ജനങ്ങളും.

അടുപ്പു കത്തി. അതില്‍ അപ്പപ്പാളി സ്ഥാപിച്ചു. പാളി ചൂടായി. കലത്തില്‍നിന്ന്‌ തയ്യാറാക്കി വച്ചിരുന്ന മാവ്‌ അപ്പപ്പാളിയില്‍ ഓരോ തവി തൂറ്റി. അത്‌ ശ്‌ പറഞ്ഞു. പിന്നെ തിരിച്ച്‌ ഒരു ശ്‌ കൂടി. അങ്ങനെ രണ്ടു ശ്‌ ആയപ്പോള്‍ ദോശ റെഡി (ദോ (രണ്ട്‌) ശ്‌ = ദോശ, അതായത്‌ രണ്ട്‌ ശ്‌ ചേരുമ്പോള്‍ ദോശയായി). ഒപ്പം മറ്റൊ രു സ്റ്റൗവില്‍ മുട്ട ഓംലറ്റിന്റെ കൂട്ട്‌ പരക്കുന്നു. പാകം ചെയ്യുന്നവരുടെ കൈകള്‍ വൈദ്യുതി വേഗത്തിലാണ്‌ ചലിക്കുന്നത്‌. നിമിഷം മതി; ദോശ, അപ്പം ഓംലറ്റ്‌, മുമ്പെ തയ്യാറാക്കിവച്ചിരുന്ന മറ്റേതൊ കറി. എല്ലാം റെഡി. ഈ സമയം ആ തട്ടുകടയ്‌ക്കു ചുറ്റും തട്ടിയും മുട്ടിയും ഉന്തിയും തള്ളിയും ഉപഭോക്താക്കളുടെ കൂട്ടും. അവര്‍ കയ്യില്‍ നീട്ടിയ കടലാസ്‌ പാത്രവുമായി നില്‍ക്കുന്നു. അതും ഏതാണ്ട്‌ പത്തുപതിനഞ്ച്‌ പ്ലെയ്‌റ്റുകള്‍ ഒരേ സമയം നീട്ടിയിട്ടുണ്ട്‌. ആവിപറക്കുന്ന ആ ഭക്ഷണസാധനങ്ങള്‍ അകത്താക്കാന്‍ അവര്‍ അക്ഷമരാണെന്നു തോന്നുന്നു. ദോശ, അപ്പം, കറി, ഓംലറ്റ്‌ ഓരോന്നും ഓളത്തില്‍, താളത്തില്‍ ഓരോ നീട്ടിയ പ്ലെയ്‌റ്റുകളില്‍ തെറിച്ചു വീഴുന്നു. ഓരോരുത്തരം ഓരോന്നും ആര്‍ത്തിയോടെ അകത്താക്കുന്നു. തട്ടുകടക്കാരി കുട്ടിയുടെ പെട്ടിയില്‍ പണം വീഴുന്നു. ഇരുകൂട്ടര്‍ക്കും കാര്യം കുശാല്‍.

അടുത്ത ദിവസം ആ വഴി ചെന്നാല്‍ അവിടെയെല്ലാം മാലിന്യങ്ങളുടെ മഹാമേളയാണ്‌. തെരുവോര ങ്ങളിലെ കച്ചവടങ്ങളില്‍ നിന്നെല്ലാം ഇതേ രീതിയിലാണ്‌ മാലിന്യങ്ങള്‍ ഉത്‌പാദിപ്പിക്കുന്നതും തെരുവുകള്‍ നിറയ്‌ക്കുന്നതും. കുറച്ചൊക്കെ കാക്കകളും മറ്റ്‌ പറവകളും കൊത്തി വലിയ്‌ക്കും. അതുപിന്നെ പലയിടങ്ങളില്‍ കൊണ്ടുപോയി വിതറും. കുറച്ചൊക്കെ തെരുവു നായ്‌ക്കള്‍ അകത്താക്കും പിന്നെ കുറച്ചൊക്കെ കടിച്ചും പിടി ച്ചും വലിച്ചും നാലുപാടും നിരത്തും. കാല്‍നടക്കാര്‍ അതൊക്കെ ചവിട്ടിപ്പരത്തും. അല്ലെങ്കില്‍ തട്ടിത്തെറിപ്പിക്കും.

ഒരുദിവസം ജഗതിപ്പാലത്തിനടുത്ത്‌ ഒരാവശ്യത്തിനു പോകേണ്ടിയിരുന്നു. അവിടെ ഒരുവശത്ത്‌ വെറുതെ കിടക്കുന്ന കുറച്ചു സ്ഥലമുണ്ട്‌. അവിടെ ഒരു മാലിന്യമലയാണ്‌ കാണാനിടയായത്‌. മഴയായിക്കഴിഞ്ഞാല്‍ അതില്‍നിന്ന്‌ ഒലിച്ചിറങ്ങുന്ന മാലിന്യസത്തയായിരിക്കും കരമനയാറ്റില്‍ ഒഴുകുന്നത്‌. അതാണു പിന്നെ കുടിക്കാ നും കുളിക്കാനും തുണി അലക്കാനുമൊക്കെയായി ഉപയോഗിക്കുന്നത്‌. ഒരുദിവസം ഞാന്‍ ഏതൊ ആവശ്യത്തി നായി കാട്ടാക്കടയ്‌ക്കുപോയി. സിറ്റി വിട്ടുകഴിഞ്ഞാല്‍ പിന്നെ ധാരാളം തോട്ടങ്ങളും കൃഷിഭൂമികളും കാണാം. ആ തോട്ടങ്ങളുടെ ഇരുവശത്തും നിരനിരയായി ചെറുതും വലുതുമായ മാലിന്യക്കെട്ടുകള്‍ എറിഞ്ഞിരിക്കു കയാണ്‌. അതില്‍നിന്ന്‌ പലതും തോരണംപോലെ തൂങ്ങിക്കിടക്കുന്നു, പറന്നുകളിക്കുന്നു.

തിരുവനന്തപുരത്ത്‌ ഏത്‌ തെരുവില്‍ക്കൂടി നടന്നാലും മൂക്കു പൊത്തിപ്പിടിച്ചു നടക്കേണ്ട സ്ഥിതിയാണ്‌ അനുഭവപ്പെട്ടത്‌. എവിടെയും ചീഞ്ഞളിഞ്ഞ ഗന്ധം. ഒരു ദിവസം വഞ്ചിയൂരിനടുത്ത്‌ ഏതൊ ആവശ്യത്തിനു പോയി. അവിടെ റോഡിന്റെ വശത്തുകൂടി ഒരു തോടുപോകുന്നുണ്ട്‌. അവിടെ അല്‍പനേരം നില്‍ക്കേണ്ടിവന്നു. നിരീക്ഷണം പതിവായതുകൊണ്ട്‌ ആ തോട്ടിലേക്ക്‌ ഒന്നു നോക്കി. അതിന്റെ ഇരുഭാഗത്തും മാലിന്യങ്ങള്‍ എറിഞ്ഞിട്ടുണ്ട്‌. ഒന്നു കുനിഞ്ഞു നോക്കി. മൂക്കിലൂടെ ക്ലോറഫോം അടുച്ചുകയറുന്ന അനുഭവം. അത്രയ്‌ക്ക്‌ ദുര്‍ഗന്ധമാണ്‌ മൂക്കില്‍ കയറിയത്‌. ആ തോടിനടുത്ത്‌ എല്ലാത്തരം ആളുകളും വ്യവസായങ്ങളും പൊടിപൊടി ക്കുന്നുണ്ട്‌. അവിടം ജനനിബിഡം. ആര്‍ക്കും ഇതൊന്നും ഒരു പ്രശ്‌നമല്ല. അവര്‍ക്ക്‌ ആ തോട്‌ ഒരു അനുഗ്രഹമാ യിരിക്കും. കാരണം രാത്രിയില്‍ മാലിന്യം നിക്ഷേപിക്കാമല്ലൊ.

വിളപ്പില്‍ശാല അടച്ചതുകൊണ്ടാണ്‌ ഇത്രയും പ്രശ്‌നമെന്നാണ്‌ പറയുന്നത്‌. വിളപ്പില്‍ശാലയില്‍ മാലി ന്യം കൂട്ടിയിട്ടാല്‍ സ്വാഭാവികമായും അത്‌ അവിടുത്തെ ജനങ്ങളെ പലവിധത്തില്‍ ബാധിക്കും. അത്‌ അവിടെ നിന്ന്‌ ശാസ്‌ത്രീയമായി രീതിയില്‍ രൂപാന്തരപ്പെടുത്തി നിര്‍മ്മാര്‍ജ്ജനം ചെയ്യുകയൊ അല്ലെങ്കില്‍ മറ്റ്‌ ഉപയോഗമു ള്ള വസ്‌തുക്കളാക്കുകയൊ ചെയ്യേണ്ടിയിരുന്നു. അതു കഴിയാഞ്ഞതുകൊണ്ടാണെല്ലോ ജനങ്ങള്‍ സമരം ചെയ്‌ത്‌ അത്‌ മാറ്റിച്ചത്‌. അതിനുശേഷം അധികൃതര്‍ എന്തുചെയ്‌തു? ഇപ്പോള്‍ അവരവര്‍ ഉത്‌പാദിപ്പിക്കുന്ന മാലിന്യം അവരവര്‍തന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നു പറയുന്നു. എന്നാല്‍ അതിന്‌ വേണ്ടത്ര സംവിധാനമില്ലാതെ നീക്കംചെയ്യണമെന്നു പറഞ്ഞിട്ടെന്തുകാര്യം. അതാണ്‌ ഇപ്പോള്‍ തെരുവുകളില്‍ തിളങ്ങുന്നത്‌. രാത്രിയില്‍ മാലിന്യം കൊണ്ടുപോയി കളയുന്ന പലരേയും പിടിക്കുന്നതായി വാര്‍ത്തകള്‍ കാണാം. ഒരിടത്തു പിടിച്ചാല്‍ മറ്റൊരിടത്തുകൊണ്ടെറിയും. ഇതാണ്‌ നടക്കുന്നത്‌.

കേരളത്തില്‍ പടര്‍ന്നുപിടിക്കാത്ത സാംക്രമികരോഗങ്ങള്‍ ഇല്ലതന്നെ. അരിവാള്‍പനി, എലിപ്പനി (Leptospirosis), ഡങ്‌ഗെ (ഡെങ്കിപ്പനി- Dengue) ചിക്കന്‍ഗുനിയ (Chikungunya), ഇന്‍ഫുളുന്‌സ (Influenza A, H1N1) ടൈഫ്‌സ്‌, ടൈഫൊയ്‌ഡ്‌, ജപ്പാന്‍ ജ്വരം, വയറ്റിളക്കം എന്നുവേണ്ട ഏതൊക്കെ സാംക്രമികരോഗങ്ങ ളുണ്ടോ അതൊക്കെ ഓരോ അവസരങ്ങളില്‍ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതിനെല്ലാം പ്രധാന കാരണം ശുചിത്വമില്ലായ്‌മതന്നെ (ഇതൊക്കെയെങ്കിലും ഇന്‍ഡ്യയിലെ മറ്റ്‌ പല സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം പല കാര്യത്തിലും മെച്ചപ്പെട്ടതുതന്നെയെന്നു പറയേണ്ടിയിരിക്കുന്നു. ഞാന്‍ കുറച്ചു ദിവസത്തേക്ക്‌ ഡല്‍ഹിയില്‍ പോയിരുന്നു. അവിടെ ഡല്‍ഹിയുടെ പ്രധാന ഭാഗങ്ങള്‍ വിട്ട്‌ പ്രാന്തപ്രദേശങ്ങള്‍ ഇതില്‍ കഷ്ടമാ ണെന്നേ പറയാന്‍ കഴിയു. എന്നാല്‍ അതല്ലെല്ലൊ നമുക്കു വിഷയം. നമുക്ക്‌ നമ്മുടെ നാടല്ലേ പ്രധാനം.)

ഇപ്പോള്‍ തിരുവന്തപുരത്ത്‌ ഡെങ്കിപ്പനി പടര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ജനുവരി 15-വരെ (2013) 122 പേര്‍ക്ക്‌ പനിയും രണ്ടുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. എലിപ്പനിയും ചിക്കന്‍ഗുനിയയും പടരാന്‍ തുടങ്ങിയിട്ടുമുണ്ട്‌. അവിടെയുള്ള ഒരു മൊബൈല്‍ ഇന്‍സിനറേറ്റര്‍ ഒരുമാസമായി വെറുതെ കിടന്ന്‌ തുരുമ്പു പിടിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. രാഷ്ട്രീയമായ പടലപ്പിണക്കങ്ങളും വടംവലിയും മാലിന്യങ്ങള്‍ മാറ്റുന്ന തില്‍ പ്രശ്‌നം സൃഷ്ടിക്കുന്നു. ജനങ്ങളുടെ ആരോഗ്യവും ജീവനും അപകടത്തിലാക്കിക്കൊണ്ടാണ്‌ ഈ രാഷ്ട്രീയ ക്കളി. 2012-ല്‍ തിരുവനന്തപുരത്തുമാത്രം 2678 പേര്‍ക്ക്‌ പനി ബാധിച്ചിരുന്നു. റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത വേറെയും ഉണ്ടാകും രോഗങ്ങള്‍.

വര്‍ഷാവര്‍ഷങ്ങളില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ഭരണകര്‍ത്താക്കള്‍ ഉണരും. സന്ദര്‍ശനങ്ങളും പ്രസംഗങ്ങളും പ്രസ്‌താവനകളും വാര്‍ത്തകളും വാഗ്‌ദാനങ്ങളും തുടരെ നടക്കും. പല നടപടി കള്‍ സ്വീകരിച്ചതായി പ്രസ്‌താവനകള്‍ ഇറക്കും. ക്രമേണ അതെല്ലാം കടലാസില്‍ മാത്രമായി ഒതുങ്ങുകയും ചെയ്യും.

കേരളത്തിലെ എന്നല്ല ഇന്‍ഡ്യയിലെ മുഴുവന്‍ മാലിന്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരവുമായി വേള്‍ഡു മലയാളി കൗണ്‍സില്‍ 2011 ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ?ശുചിത്വ ഭാരതയാത്ര? എന്നപേരില്‍ എന്തൊ നടത്തിയെന്ന വാര്‍ത്ത ചിലരെങ്കിലും ഓര്‍ത്തേക്കും. അവരുടെ മുദ്രാവാക്യമായിരുന്നു ?ഗ്രീന്‍ ഇന്‍ഡ്യ ക്ലീന്‍ ഇന്‍ഡ്യ.? എന്നിട്ട്‌ എന്തുണ്ടായി? അതുപോലെ അമേരിക്കയിലെ ഓരോ നഗരത്തിലുമുള്ള മലയാളി സംഘടന കള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌ കേരളത്തെ ശുചിത്വ കോരളമാക്കുമെന്ന്‌. എന്നിട്ടാണ്‌ ഇപ്പോള്‍ ഒരു നഗരത്തില്‍ മാത്രം ഈ അനുഭവം. എന്തിനാണ്‌ ഇത്തരത്തിലുള്ള പൊള്ളയായ പ്രസ്‌താവനകളെന്നു മനസ്സിലാകുന്നില്ല. അതുപോലെ കേരളത്തില്‍ കാലും ഹ്വീലും (wheel Chair)കൊടുത്ത്‌ പാവപ്പെട്ടവരെ ഉദ്ധരിക്കുന്നവര്‍ക്ക്‌ സാധാ രണക്കാരുടെ അടിസ്ഥാന ആവശ്യമായ ആരോഗ്യപരിരക്ഷയ്‌ക്കും സാംക്രമികരോഗ നിവാരണത്തിനും ഒരു കയ്യെങ്കിലും കൊടുത്തുകൂടേ എന്ന്‌ ചിന്തിച്ചുപോകയാണ്‌. അല്ലെങ്കില്‍ ഒരു ചെറിയ കൈത്താങ്ങെങ്കിലും ആയിക്കൂടേ? അപ്പോള്‍ അവര്‍ക്ക്‌ കാലും ഹ്വീലും വേണ്ട വിധത്തില്‍ ഉപയോഗിക്കാനുള്ള ആരോഗ്യം ഉണ്ടാ കുമല്ലോ.

കേരളം മാലിന്യമുക്തമാകണമെങ്കില്‍ ആദ്യമായി ജനങ്ങള്‍ ബോധവത്‌ക്കരിക്കപ്പെടണം. അവനവന്റെ മാലിന്യം അന്യന്റെ സ്ഥലത്ത്‌ എന്ന രീതി മാറണം. അതുപോലെ രാഷ്ട്രീയ പിടിവലി അവസാനിപ്പിച്ച്‌ സര്‍ക്കാരി ല്‍ നിന്ന്‌ ക്രീയാത്മകമായ പദ്ധതികള്‍ ഉണ്ടാകണം. അത്‌ വേണ്ടവിധത്തില്‍ നടപ്പാക്കുകയും വേണം.
മാലിന്യ മഹാമേള (മണ്ണിക്കരോട്ട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക