Image

ഇരുപത്തിനാലു വരികള്‍ (കവിത) - കുട്ടന്‍ ഗോപുരത്തിങ്കല്‍

Published on 25 February, 2013
ഇരുപത്തിനാലു വരികള്‍ (കവിത) - കുട്ടന്‍ ഗോപുരത്തിങ്കല്‍

എന്നെയിങ്ങുപേക്ഷിക്കാന്‍ സമയമാ-
യെന്നുതോന്നിത്തുടങ്ങിയോ, ഹേ സഖീ!
മുന്നിലേയ്ക്കുള്ളയാത്രയിലെന്റെ പേര്‍
പിന്നിലേയ്ക്കു വലിച്ചിഴയ്ക്കുന്നുവോ?

ചിത്രവര്‍ണ്ണപ്പതംഗങ്ങള്‍ പോലെനാ-
മെത്രദൂരമൊന്നുച്ചുപറന്നതും,
എത്രസ്വപ്നങ്ങള്‍ എത്ര സൌഗന്ധിയാ
മെത്രപൂക്കളില്‍ നാം വിരുന്നുണ്ടതും;

പേരറിയാത്ത മിന്നുന്നൊരേകാന്ത
താരകത്തെ നാം നോക്കിച്ചിരിച്ചതും,
മാരിവില്ലിന്റെ വര്‍ണ്ണരാജിക്കുമേല്‍
ചാരിനിന്നു ചിരിച്ചു രസിച്ചതും;

നല്ലിളം മധുവാര്‍ന്നചെഞ്ചുണ്ടുകള്‍
മെല്ലെമൊത്തിക്കുടിച്ചതും, പൂനിലാ
ചില്ലയിലൊരു രാപ്പാടി കേഴവേ
യല്ലിയാമ്പല്‍ വിരലാല്‍ വിരീച്ചതും;

അന്നു, ദീപനാളത്തിന്‍ പ്രഭയതില്‍
നിന്നു നെറ്റിയില്‍ കുങ്കുമമിട്ടതും,
പൊന്നു നൂലില്‍ കൊരുത്തൊരു താലി ഞാന്‍
നിന്നെസ്നേഹാര്‍ദ്രനായണിയിച്ചതും;

നേരുചൊല്ലൂ, സഖീ! നിനക്കിന്നെന്റെ
പേരുപോലും മടുത്തുതുടങ്ങിയോ?
ദൂരെ ഞാന്‍ മാറി നില്‍ക്കാം ഇനി നിന്റെ
ചാരെയെത്തില്ല, മുന്നോട്ടു പോക നീ..

ഇരുപത്തിനാലു വരികള്‍ (കവിത) - കുട്ടന്‍ ഗോപുരത്തിങ്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക