Image

നീനാ പനയ്‌ക്കലിന്റെ നോവല്‍ `മല്ലിക' പ്രകാശനം ചെയ്‌തു

ജോര്‍ജ്‌ നടവയല്‍ Published on 24 February, 2013
നീനാ പനയ്‌ക്കലിന്റെ നോവല്‍ `മല്ലിക' പ്രകാശനം ചെയ്‌തു
ഫിലഡല്‍ഫിയ: വായനാനുഭവത്തിന്റെ സുന്ദര താളത്തിലേക്ക്‌ പ്രശസ്‌ത അമേരിക്കന്‍ മലയാള നോവലിസ്റ്റ്‌ നീനാ പനയ്‌ക്കലിന്റെ പുതിയ നോവല്‍ `മല്ലിക'; മലയാള വായനക്കരെ ആനയിക്കാന്‍ വരവായി. നീനാ പനയ്‌ക്കലിന്റെ `മല്ലിക' ഫിലഡല്‍ഫിയയില്‍ പ്രകാശനം ചെയ്‌തു. പലതരത്തിലുള്ള വിഷമ സാഹചര്യങ്ങളെയും അതിജീവിച്ച്‌, ക്ഷമയും സഹനവും ആയുധമാക്കി ജീവിതത്തെ മുന്നോട്ടു നയിച്ച ഒരുകൂട്ടം മനുഷ്യരുടെ- പ്രത്യേകിച്ചും സ്‌ത്രീകളുടെ- കഥ. ലളിതമായി വായിച്ചു പോകാവുന്ന നോവല്‍.

നാട്ടുക്കൂട്ടംചര്‍ച്ചാ വേദിയില്‍ അതിന്റെ അധികാരി ഫാ. എം കെ കുര്യാക്കോസിന്‌ ആദ്യ പ്രതി സമ്മാനിച്ച്‌ സാഹിത്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അശോകന്‍ വേങ്ങശ്ശേരിയാണ്‌ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്‌. ജേക്കബ്‌ പനയ്‌ക്കല്‍, ജോര്‍ജ്‌ പുളിമല, ഐസക്‌ പുല്ലാടില്‍, ജോര്‍ജ്‌ നടവയല്‍, കോര ഏബ്രാഹം, ലീലാമ്മ ഏബ്രാഹം, സാന്ദ്രാ തെക്കുംതല, ഡോ. ആനീ ഏബ്രാഹം, ഇ. വി പൗലോസ്‌, അലക്‌സ്‌ ജോണ്‍, റവ.ഡോ. സന്തോഷ്‌ മാത്യു, ഡോ. ജയിംസ്‌ കുറിച്ചി, ഡോ. കുര്യന്‍ മത്തായി എന്നിവരുള്‍പ്പെടുന്ന നാട്ടുക്കൂട്ടം അംഗങ്ങളും സാഹിത്യ പ്രേമികളും സന്നിഹിതരായിരുന്നു.

അവതാരികയില്‍ പ്രശസ്‌ത നിരൂപക ഡോ എന്‍. പി. ഷീല പറഞ്ഞു: `കഥകളും നോവലുകളും എഴുതി കൈത്തഴക്കം വന്ന നീനയ്‌ക്ക്‌ എഴുത്തുകാരുടെയും വായനക്കാരുടെയും അംഗീകാരം മാത്രമല്ല ലഭിച്ചിട്ടുള്ളത്‌; നീനയ്‌ക്ക്‌ കഥയെഴുതാനറിയാം എന്നൊരഭിനന്ദന വചസ്സ്‌ വിമര്‍ശന കേസരി എം. കൃഷ്‌ണന്‍ നായരില്‍ നിന്നും ലഭിച്ചത്‌ അവാര്‍ഡുകളുടെ അവാര്‍ഡായി വേണം കരുതാന്‍. ഭാഷയുടെ അന്തസാര്‍ന്ന ലാളിത്യം, ഋജുത്വം, ഓജസ്സ്‌ എന്നിവ ചേര്‍ന്ന ശൈലിയും സ്‌പഷ്ട കഥനവും `മല്ലിക' എന്ന നോവലിനെ ഏറെ ആകര്‍ഷകമാക്കുന്നു.'

നൂറ്റമ്പതിലധികം കഥാപാത്രങ്ങള്‍, പ്രതിശ്രുത വരന്‌ നായിക അയയ്‌ക്കുന്ന കത്തുകളിലൂടെ കഥ പറയുന്ന കഥന രീതി, നേരും നെറിയും മന:ശുദ്ധിയുമുള്ള ചുരുക്കം പേരായി ത്രേസ്യാകുട്ടി, മകള്‍ ഫിലോമിന, ദുര്‍ഗ്ഗ, ലക്ഷ്‌മിയമ്മ, ശങ്കരമ്മാവന്‍, ദേവിയമ്മ, കുണുക്കമ്മച്ചി എന്നിവര്‍ ഒരുപക്ഷത്ത്‌. മറുഭാഗത്ത്‌ മനസ്സിന്റെ `മാര്‍ഗങ്ങളും വളവും തിരിവും കള്ളക്കൊടു'കളുമുള്ളവരായി സുന്ദരമുഖനെങ്കിലും പൊയ്‌മുഖനായ ശ്രീനിവാസ വര്‍മ്മയെപ്പോലുള്ളവര്‍ നിരനിരന്ന്‌.

ഡി. സി. ബുക്‌സ്‌ പ്രസാധകര്‍, കവര്‍ ഡിസൈന്‍: സിബിച്ചന്‍ ചെമ്പ്‌ളായില്‍, ഫിലഡല്‍ഫിയ. വില 240 രൂപ, 422 പേജുകള്‍.
നീനാ പനയ്‌ക്കലിന്റെ നോവല്‍ `മല്ലിക' പ്രകാശനം ചെയ്‌തുനീനാ പനയ്‌ക്കലിന്റെ നോവല്‍ `മല്ലിക' പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക