Image

അമേരിക്കന്‍ കല്യാണങ്ങള്‍ (മീനു എലിസബത്ത്‌)

Published on 28 February, 2013
അമേരിക്കന്‍ കല്യാണങ്ങള്‍ (മീനു എലിസബത്ത്‌)
കഴിഞ്ഞ ദിവസം ഒരു കല്യാണത്തിന്‌ പോയപ്പോഴാണ്‌ ഞാന്‍ ലിസമ്മയെ കാണുന്നത്‌. വളരെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കണ്ടുമുട്ടല്‍. ലിസമ്മ ഭര്‍ത്താവിനെയും കുട്ടികളെയും എനിക്ക്‌ പരിചയപ്പെടുത്തി. തോമസിനെ ഞാന്‍ ഇതിനു മുമ്പ്‌ കണ്ടിട്ടുണ്ട്‌. ആള്‍ക്ക്‌ ഒരല്‌പം കഷണ്ടി കയറിയെന്നല്ലാതെ വലിയ മാറ്റമില്ല.

കാലം ഞങ്ങള്‍ സ്‌ത്രീകളിക്ക്‌ കുറെയൊക്കെ മാറ്റം വരുത്തിയത്‌ ഞങ്ങള്‍ ശ്രദ്ധിച്ചു. `നീ അങ്ങ്‌ വണ്ണം വെച്ചല്ലോടി മീനക്ഷ്യേ എന്ന്‌ ലിസമ്മയും, `നീ അങ്ങ്‌ ഉണങ്ങിപ്പോയല്ലോ മോണോലിസെ' എന്ന്‌ ഞാനും പറഞ്ഞു.

ഇന്നലെ കണ്ടു പിരിഞ്ഞതുപോലെ പോലെ ഞങ്ങള്‍ വര്‍ത്തമാനം ആരംഭിച്ചു. ലിസമ്മ എന്റെ ചേച്ചിമാരുടെ കാര്യങ്ങളെല്ലാം അന്വേഷിച്ചു. എന്റെ മൂത്ത മകന്‌ ഇരുപതു വയസാകാന്‍ പോകുന്നു എന്ന്‌ പറഞ്ഞപ്പോള്‍ ലിസമ്മ ഞെട്ടിയോ?

ലിസമ്മയ്‌ക്ക്‌ വലിയ മാറ്റമൊന്നുമില്ല. വര്‍ത്തമാനവും പൊട്ടിച്ചിരിയും ഞങ്ങളുടെ കോട്ടയം ഭാഷയും എല്ലാം അതുപോലെ തന്നെ. എനിക്കല്ലെങ്കിലും എന്റെ നാട്ടുകാരോട്‌ ഒരു മമത കൂടുതലാണ്‌ . അതെല്ലാവര്‍ക്കും അങ്ങനെ തന്നെയാവുമല്ലൊ. കോട്ടയംകാരുടെ `ഓ എന്നാത്തിനാന്നെ'യും, `എന്നതാടി'യും, ഒന്നും ഞങ്ങള്‍ക്കല്ലാതെ ആര്‍ക്കു പറയാന്‍ കഴിയും ?

ലിസമ്മക്ക്‌ മൂന്നു പെണ്‍മക്കള്‍. കുട്ടികള്‍ മൂന്നും ലിസമ്മയുടെയും തോമസിന്റെയും ഒരു മിക്‌സ്‌. നാട്ടില്‍ ഞങ്ങള്‍ അയല്‍പക്കക്കാരായിരുന്നു. ഞാന്‍ ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ ലിസമ്മ ഹൈസ്‌കൂകൂളില്‍. എന്റെ കുടുബത്തിലെ ചേച്ചിമാരുടെ അടുത്ത കൂട്ടുകാരിയാണ്‌ ആള്‍.

ഞങ്ങളുടെ സ്‌കൂളിലെ സകലകലാവല്ലഭയായിരുന്ന ലിസാ ജയ്‌ക്കബ്‌ അന്നത്തെ ഒരു താരമായിരുന്നു. കണ്ടാലും മിടുക്കി. ലിസമ്മയുടെ തലമുടി നീലഭൃംഗാതിയുടെ പരസ്യത്തിലേതു പോലെ ആയിരുന്നതാണ്‌ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നത്‌.

സ്‌പോര്‍ട്‌സിനു ലിസമ്മ വാരിക്കൂട്ടുന്ന സമ്മാനങ്ങള്‍ക്ക്‌ കൈയും കണക്കുമില്ല. സംസ്ഥാന തലത്തില്‍ പാരച്യുട്ടു ചാടാന്‍ വരെ ലിസമ്മയുണ്ടായിരുന്നു. പഠിക്കാനും മിടുക്കി.

സ്‌പോര്‍ട്‌സ്‌ ക്വോട്ടയില്‍ തിരുവനന്തപുരം എഞ്ചിനീയറിംഗ്‌ കോളജില്‍ അഡ്‌മിഷന്‍ കിട്ടി. രണ്ടാം വര്‍ഷം അവസാനം ആയപ്പോള്‍ ലിസമ്മയ്‌ക്ക്‌ അമേരിക്കയില്‍ നിന്നും ഒരു പയ്യന്റെ ആലോചന വന്നു. ചെറുക്കന്‍ ജനിച്ചത്‌ നാട്ടില്‍. വളര്‍ന്നത്‌ അമേരിക്കയില്‍. കുടുംബക്കാരെല്ലാം അമേരിക്കയില്‍.

ലിസമ്മയുടെ വീട്ടുകാര്‍ അറിയാവുന്ന വഴിയിലെല്ലാം അന്വേഷിച്ചു. ചെറുക്കന്റെ വീട്ടുകാര്‍ ആയിടയ്‌ക്കു വേറെ ഏതോ സ്റ്റേറ്റില്‍ നിന്നും ചിക്കാഗോക്ക്‌ വന്നതേ ഉണ്ടായിരുന്നുള്ളതിനാല്‍ കൂടുതല്‍ ആര്‍ക്കും അവരെക്കുറിച്ച്‌ ഒന്നും അറിയിവ്വ. പയ്യന്റെ അമ്മവീട്‌ കോട്ടയത്തായതിനാല്‍ ആ വഴി വന്ന അനേഷണം വലിയ കുഴപ്പമില്ലെയിരുന്നു.

എന്തായാലും, വന്നു, കണ്ടു, കീഴടക്കി എന്നു പറയുന്നതുപോലെ, അന്നത്തെ കാലത്തെ ഹിന്ദി നടന്‍ കുമാര്‍ ഗൗരവിന്റെ മുഖഛായയുള്ള ക്ലീന്‍ഷേവ്‌ ചെയ്‌ത സുന്ദരനെ കണ്ടപ്പോള്‍ തന്നെ ലിസമ്മയ്‌ക്ക്‌ വളരെ ഇഷ്‌ടമായി. അക്കാലത്തെ ഏതു നാട്ടുമ്പുറത്തുകാരിക്കും എന്ന പോലെ ഒരു അമേരിക്കന്‍ സ്വപ്‌നം ലിസമ്മയ്‌ക്കും ഉണ്ടായിരുന്നു.

ചെറുക്കന്‌ മലയാളം അത്ര പോരാ. കൊച്ചിലേ നാട്ടില്‍ നിന്നും പോന്നതല്ലേ. തിരികെ പോയിരിക്കുന്നതു പത്തു വര്‍ഷം കഴിഞ്ഞാണ്‌. പിന്നെ വരുന്നത്‌ ഈ കല്യാണത്തിനും. അറിയാവുന്ന ഇംഗ്ലീഷില്‍ ലിസമ്മയും, ഒരു തരത്തില്‍ ഒപ്പിച്ച്‌ ചെറുക്കാനും കമ്മ്യൂണിക്കേഷന്‍ നടത്തി.

നമ്മുടെ മിമിക്രിക്കാരുടെ വാക്കുകള്‍ കടമെടുത്താല്‍ `പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു'. മനസമ്മതം ശനിയാഴ്‌ച. കല്യാണം വ്യാഴാഴ്‌ച. അതിനിടയില്‍ ഊട്ടി, കൊടൈക്കനാല്‍ ഒരു ഹണിമൂണ്‍.

ഒരാഴ്‌ച പെണ്ണിന്റെ കൂടെ നിന്നിട്ട്‌ മണവാളന്‍ ചെറുക്കന്‍ അമേരിക്കയ്‌ക്ക്‌ വിമാനം കയറി. ലിസമ്മ കണ്ണുനീരും കൈയുമായി കോളജു പഠനം തുടര്‍ന്നു. പെണ്ണല്ലേ, പോരാത്തതിന്‌, ഒരാഴ്‌ച ചെക്കന്റെ കൂടെ കഴിയുകയും ചെയ്‌തു. കണ്ണുനിറയെ കണ്ടു കൊതി പോലും തീര്‍ന്നിരുന്നില്ല. അന്നൊക്കെ ഇന്നത്തെ പോലെ, ഫോണ്‍വിളിയോ, വെബ്‌കാമോ, വയിടാരോ, സ്‌കയിപ്പോ ഒന്നും ഇല്ലല്ലോ. മുപ്പത്തിമൂന്നു പൈസ വിലയുള്ള, നീല വിമാനത്തിന്റെ പടമുള്ള എയര്‍ മെയില്‍ ബള്‍ക്കായി വാങ്ങി എഴുത്തോട്‌ എഴുത്ത്‌.

പണ്ടത്തെ ദുബായിക്കത്തു പാട്ടില്‍ പാടുന്നതു പോലെ, `മണിയറക്കട്ടിലോ മാടി വിളിക്കുന്നു..., മധുവിധു രാവുകള്‍ മനസില്‍ തെളിയുന്നു , എങ്ങിനുറക്കം വരും ചെറുക്കാ എന്നെല്ലാമുള്ള വരികള്‍ പ്രണയത്തില്‍ ചാലിച്ച്‌ അറിയാവുന്ന മുറി ഇംഗ്ലീഷില്‍ ലിസമ്മ നാല്‌ എഴുത്ത്‌ എഴുതുമ്പോള്‍ ചെറുക്കന്‍ വല്ലപ്പോഴും രണ്ടു വരിയില്‍ ഒരു മറുപടി എഴുതും. അതും അത്യാവശ്യം കാര്യം മാത്രം. ഒരു ഐ ലവ്‌ യു ഇല്ലാത്ത , പ്രേമവും പ്രണയവും മരുന്നിനു പോലും ഇല്ലാത്ത വെറും സാദ വെജിറ്റേറിയന്‍ എഴുത്തുകള്‍. ഇയാള്‍ എന്നാ ഇങ്ങനെ എന്ന്‌ ഇടയ്‌ക്കു ലിസമ്മ ഓര്‍ക്കുക കൂടി ചെയ്‌തു.

എന്തായാലും പയ്യന്‍ അമേരിക്കന്‍ സിറ്റിസന്‍ ആയിരുന്നതിനാല്‍ ഒന്നര വര്‍ഷത്തെ എഴുത്തുകുത്ത്‌ കഴിഞ്ഞ്‌ ലിസമ്മ അമേരിക്കയില്‍ വന്നു. റിസല്‍ട്ട്‌ വന്നപ്പോള്‍ നല്ല മാര്‍ക്കോടെ ആള്‍ പാസായിട്ടും ഉണ്ട്‌.

വീണ്ടും മധുവിധു. സ്ഥലം കാണാന്‍ കൊണ്ടുപോകല്‍ എന്നു വേണ്ട ആകെക്കൂടെ സന്തോഷത്തിന്റെ നാളുകള്‍. ചെറുക്കന്റെ അമ്മയും അപ്പനും പെങ്ങന്മാരും എല്ലാം അവളോട്‌ വളരെ നല്ല പെരുമാറ്റം. ഇതിനിടെ ലിസമ്മ ജോലിക്ക്‌ ശ്രമിക്കുന്നു .

കുറച്ചു നാളുകള്‍ കഴിഞ്ഞാണ്‌ അവള്‍ പലതും ശ്രദ്ധിക്കാന്‍ തുടങ്ങിയത്‌. ബന്ധുവീടുകളില്‍ വിരുന്നുണ്ടു നടക്കുമ്പോള്‍ ആളുടെ കൂടി വല്ലാതെ ഓവറാകുന്നു. കുടിച്ചു കഴിഞ്ഞാല്‍ കൂട്ടുകാരോടും വീട്ടുകാരോടും തട്ടിക്കയറല്‍, സാധനങ്ങള്‍ വലിച്ചെറിയല്‍. മിക്ക ദിവസങ്ങളിലും കുടി കഴിഞ്ഞു താമസിച്ചു വരുന്ന ആള്‍ക്ക്‌ പിറ്റേ ദിവസം ജോലിക്ക്‌ പോകാനും ബുദ്ധിമുട്ട്‌ - ഹാങ്ങ്‌ ഓവര്‍.

ചില ദിവസങ്ങളില്‍ വീട്ടില്‍ വരാതെ എവിടെയോ തങ്ങല്‍. വീട്ടിലുള്ളപ്പോള്‍ നിരന്തരമായി വരുന്ന ഒരു സ്‌ത്രീയുടെ ഫോണ്‍കോളുകള്‍. അത്‌ ചോദിച്ചാല്‍ ലിസമ്മയെ ചീത്ത പറയുക, അലറുക, തല്ലാന്‍ വരുക. ഒരിക്കല്‍ അവളുടെ നേരെ കൈ വെയ്‌ക്കാന്‍ തുടങ്ങിയതിന്‌ എതിര്‍ത്ത അപ്പനെ പൊതിരെ തല്ലുന്നതും കൂടെ കണ്ടപ്പോളാണ്‌ ലിസമ്മയ്‌ക്ക്‌ അമേരിക്കന്‍ ചെറുക്കന്റെ തനിസ്വാഭാവം മനസിലായത്‌.

അയാള്‍ക്ക്‌ കൂടെ ജോലി ചെയ്‌തിരുന്ന ഒരു പോലിസുകാരിയില്‍ ഒരു കുട്ടി ഉണ്ടെന്നും, വീട്ടുകാര്‍ ഇതുകാരണം അയാളെ നിര്‍ബന്ധിച്ചു നാട്ടില്‍കൊണ്ടു വന്നു കല്യാണം കഴിപ്പിച്ചതാണെന്നും അറിഞ്ഞപ്പോള്‍ അവള്‍ തകര്‍ന്നു പോയി.

ചെറുക്കന്‍ തീരെ വീട്ടില്‍ വരാതെയായി. കള്ള്‌ കുടിച്ചു വണ്ടി ഓടിച്ചതിന്‌, ഇടയ്‌ക്കെല്ലാം ജയില്‍ വാസവും, പിന്നെ മയക്കുമരുന്ന്‌ വിറ്റതിനു കുറെ നാള്‍ കഠിനതടവും എല്ലാമായി ആ മുടിയാനായ പുത്രന്‍ എവിടെയുണ്ടെന്നു പോലും ആര്‍ക്കും അറിയില്ല.

സ്വന്തം വീട്ടുകാരോട്‌ ഒന്നും പറയാതെ, ജീവിതത്തിനു നേരെ പകച്ചു നിന്ന ലിസമ്മയുടെ സഹായത്തിന്‌ എത്തിയത്‌, ഭര്‍ത്താവിന്റെ സ്‌നേഹധനരായ മാതാപിതാക്കള്‍ തന്നെയായിരുന്നു. ഒരു പക്ഷെ അവളുടെ ജീവിതം ഈ തരത്തില്‍ നശിപ്പിച്ചതിന്റെ കുറ്റബോധം അവരെ വേട്ടയാടിയതിനാലാവും.

എന്തായാലും, അവര്‍ തന്നെ മുന്‍കൈ എടുത്ത്‌ വിവാഹമോചനത്തിന്‌ ഫയല്‍ ചെയ്‌തു. ഈ സമയത്തെല്ലാം അവരുടെ കൂടെ തന്നെ അവളെ താമസിപ്പിച്ചു, കോളജില്‍വിട്ടു, എന്തോ ടെക്‌നിക്കല്‍ കോഴ്‌സ്‌ പഠിപ്പിച്ചു. തല്‍ക്കാലം സ്വന്തം കാലില്‍ നില്‌ക്കാന്‍ പ്രാപ്‌തയാക്കിയ ശേഷം അവര്‍ മുന്‍കൈ എടുത്ത്‌ പരസ്യം ചെയ്‌തു. തോമസിനെ കണ്ടു പിടിച്ച്‌, ലിസമ്മയുടെ വീട്ടുകാരുടെ സമ്മതത്തോടെ കല്യാണവും അവര്‍ നടത്തിക്കൊടുത്തു.

തോമസിനും ഇതുപോലെ ഒരു അക്കിടി പറ്റി അമേരിക്കയില്‍ വന്നതായിരുന്നു. ഏതോ ഒരു മദാമ്മ മലയാളി പെണ്ണ്‌ അന്ന്‌്‌ ഒരു കോളജു അധ്യാപകനായിരുന്ന തോമസിനെ ലവ്‌ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌ എന്നു പറഞ്ഞു കെട്ടിക്കൊണ്ടു അമേരിക്കയ്‌ക്ക്‌ പറക്കുകയായിരുന്നു. പെങ്ങന്മാരെ മൂന്നു പേരെ കല്യാണം കഴിപ്പിക്കാനുള്ളതിനാലും, ഇളയ സഹോദരങ്ങള്‍ പഠിക്കുന്നതിനാലും തന്റെ വീട്‌ ഒരു കര പറ്റുമല്ലോ എന്നോര്‍ത്തും നമ്മുടെ മല്ലു മദമ്മയുടെ ആലോചനയ്‌ക്ക്‌ തോമസ്‌കുട്ടി സമ്മതിച്ചു.

ഇവിടെ വന്നപ്പോള്‍ മദാമ്മയും തനിസ്വഭാവം കാണിച്ചു. ജോലിക്ക്‌ പോയ അവള്‍ ഒരു ദിവസം വന്നതേ ഇല്ല. തോമസിന്‌ ഒരു നോട്ട്‌ എഴുതി വെച്ചിട്ട്‌, അവള്‍ ആയിടെ കണ്ട പുതിയ കാമുകന്റെ കൂടെ ഒരു പോക്ക്‌. അങ്ങനെ നാണക്കേടും മാനഹാനിയും, പണനഷ്‌ടവുമായി ചത്തു ജീവിക്കുമ്പോഴാണ്‌ ലിസമ്മയുടെ ആലോചന വരുന്നത്‌.

പെണ്ണ്‌ കാണാന്‍ ലിസമ്മയുടെ ഒരു അകന്ന ബന്ധുവിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ തോമസ്‌ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. താന്‍ തിരുവനന്തപുരത്ത്‌ പഠിക്കുമ്പോള്‍ അന്നത്തെ ചെറുപ്പക്കാരുടെ ഉറക്കം കളഞ്ഞിരുന്ന സാക്ഷാല്‍ ലിസ ജേക്കബ്‌ ! അവളെ കാണാന്‍ മാത്രം എഞ്ചിനീയറിംഗ്‌ കോളജിന്റെ മുന്‍പില്‍ നാലുമണി നേരം കൂട്ടുകാരുമായി പോയിരുന്നത്‌ പെണ്ണ്‌ കാണല്‍ ദിവസം തോമസ്‌ പറഞ്ഞില്ല. കല്യാണം കഴിഞ്ഞും എന്തെങ്കിലുമൊക്കെ പറയാന്‍ വേണമല്ലൊ.

ഇതാണ്‌ ലിസമ്മയുടെയും തോമസിന്റെയും കഥ. ലിസമ്മയും തോമസും ചതിക്കപ്പെട്ട്‌ അമേരിക്കയില്‍ വരുന്നത്‌ എണ്‍പതുകളുടെ ആദ്യമാണ്‌. ഇതുപോലെ നമ്മള്‍ അമേരിക്കന്‍ മലയാളികളാല്‍ ചതി പറ്റിയ ധാരാളം ആത്മാക്കള്‍ നാട്ടില്‍ നിന്നും ഇവിടെ വന്നിട്ടുണ്ട്‌.

മക്കളുടെ ഇഷ്‌ടമില്ലാതെ അന്നൊക്കെ നമ്മള്‍ അവരെ നാട്ടില്‍ കൊണ്ടു പോയി വിവാഹം ചെയ്‌തു കൊടുത്തിരുന്നു. നമ്മളെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പ്രത്യേകിച്ചും ചിലരുടെയെങ്കിലും ആണ്‍മക്കള്‍ ഇവിടെ അനുസരണയും , ചൊല്‍വിളിയും ഇല്ലാതെ, കള്ളും കഞ്ചാവും അടിച്ചു, കൂട്ടുംകൂടി, തെക്ക്‌ വടക്ക്‌ നടക്കുമ്പോള്‍, വേദനിക്കുന്ന സാധാരണക്കാരായ മാതാപിതാക്കള്‍ സ്വാഭാവികമായും ചിന്തിച്ചു പോകും. ഇവനെ നാട്ടുകാരി ഒരു പെണ്ണിനെക്കൊണ്ട്‌ കെട്ടിച്ചാല്‍, അതും പത്തു കാശൊണ്ടാക്കുന്ന ഒരു നേഴ്‌സിനെക്കൊണ്ടോ കംപ്യൂട്ടര്‍കാരിയെക്കൊണ്ടോ കെട്ടിച്ചാല്‍ ചെറുക്കന്‍ രക്ഷപെടുമെല്ലൊ എന്ന്‌.

നാട്ടിലിരിക്കുന്നവര്‍ക്ക്‌ അമേരിക്കയിലേക്ക്‌ പോകാം എന്നുള്ള ആശ പണ്ടത്തെ അത്രയില്ലെങ്കിലും തീരെ ഇല്ലെന്നും പറഞ്ഞു കൂട. ഇന്നും പലര്‍ക്കും അമേരിക്കന്‍ കല്യാണം ഒരു ലോട്ടറി തന്നെയാണ്‌. അമേരിക്കയില്‍ ജനിച്ചതെന്നോ വ്യത്യസ്‌ത സംസ്‌കാരമാണെന്നോ ഒന്നും നോക്കാതെ ഇതുപോലത്തെ കല്യാണങ്ങള്‍ക്ക്‌ ചാടിക്കയറി പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്ന പതിവും ഉണ്ട്‌.

ഇതുപോലെ ഹൃദയഭേദകമായ കല്യാണക്കഥകള്‍ ഇടയ്‌ക്കൊക്കെ കേള്‍ക്കാമെങ്കിലും, ഇവിടെ ജനിച്ചു വളര്‍ന്ന ശേഷം കേരളത്തില്‍ നിന്നും വധുവിനെയും വരനെയും കണ്ടെത്തിയ ധാരാളം പേര്‍ നമുക്ക്‌ ചുറ്റിനും ഉണ്ടെന്നുള്ള സത്യം മറക്കുന്നില്ല. പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ വളരെ സന്തോഷമായി ജീവിക്കുന്ന പലരെയും എനിക്കറിയാം. ആദ്യമൊക്കെ ഒരു ബുദ്ധിമുട്ടുണ്ടാവുമെങ്കിലും പിന്നെ അവര്‍ പുതിയ സംസ്‌കാരവുമായി വളരെയധികം ഇഴുകിചേരുകയും, അന്യോന്യം തങ്ങളുടെ വ്യതിയാനങ്ങള്‍ മനസിലാക്കി ജീവിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഇത്തരം സംഭവങ്ങള്‍ അറിയുമ്പോള്‍ അത്‌ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നമുക്ക്‌ ചില മുന്‍കരുതലുകള്‍ എടുക്കാം

ഇതൊരു ലിസമ്മയുടെയും തോമസിന്റെയും കഥ. ഇതുപോലെ എത്ര എത്ര കഥകള്‍ എന്റെ വായനക്കാര്‍ക്ക്‌ പറയാന്‍ കാണും അല്ലെ! ഇനിയെങ്കിലും നമ്മള്‍ കേരളത്തില്‍നിന്നും കല്യാണം ആലോചിക്കുമ്പോള്‍ തീര്‍ച്ചയായും ഇതൊക്കെ ചിന്തിക്കണം. എന്റെ മകള്‍ ഒരു നാട്ടുകാരന്‍ പയ്യനുമായി ചേര്‍ന്നു പോകുമോ? മകന്‌ കേരളത്തില്‍ ജനിച്ചു വളര്‍ന്ന പെണ്ണുമായി താരതമ്യപ്പെട്ടു പോകുവാന്‍ കഴിയുമോ? സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടല്ലോ ! (മലയാളം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌)
അമേരിക്കന്‍ കല്യാണങ്ങള്‍ (മീനു എലിസബത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക