Image

മാലിനിയുടെ കഥാലോകം -കെ.കെ ജോണ്‍സണ്‍

കെ.കെ ജോണ്‍സണ്‍ Published on 04 March, 2013
മാലിനിയുടെ കഥാലോകം -കെ.കെ ജോണ്‍സണ്‍
എല്ലാ എഴുത്തുകാര്‍ക്കും എഴുതാന്‍ വേണ്ട അസംസ്‌കൃത വസ്തു മനുഷ്യജീവിതം തന്നെയാണ്. ജീവിതമെന്നത് പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥയായതിനാല്‍ ആ സ്രോതസ് ഒരിക്കലും വറ്റുന്നതുമില്ല. അതു സ്വന്തജീവിതമാകാം പരിചിതരുടെയോ അന്യരുടെയോ ആകാം അതുമല്ലെങ്കില്‍ പറഞ്ഞു കേട്ടതും വായിച്ചറിഞ്ഞവയുമാകാം.


എന്നാല്‍ അനുഭവങ്ങളെയും അറിവുകളെയും പകര്‍ത്തിയെഴുതിയതുകൊണ്ടുമാത്രം ഒരു കഥയ്ക്ക് പൂര്‍ണത വരണമെന്നില്ല. കഥ പറയുന്ന രീതിയും സന്ദര്‍ഭവും ഉപയോഗിക്കുന്ന ഭാഷയുടെ താളവും ഒഴുക്കും ഓരോ കഥയുടെ ആസ്വാദ്യതയെയും വ്യത്യസ്തമാക്കുന്നു. 'പാപനാശിനിയുടെ തീരത്ത് പ്രാര്‍ഥനയോടെ എന്ന സമാഹാരത്തിലെ കഥകളിലും മനുഷ്യ ജീവിതത്തെ തന്നെയാണ് മാലിനി എഴുതുന്നത്.

ഇരുപത്തൊന്ന് കഥകളുള്ള മാലിനിയുടെ പ്രഥമ കൃതിയില്‍ ഒന്നൊഴികെ മറ്റു കഥകളെല്ലാം തന്നെ ഗ്രാമീണാനുഭവങ്ങളുടെ ഭാവാത്മകവും ശാലീനവുമായ പശ്ചാത്തലത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.

ജീവിതയാഥാര്‍ഥ്യങ്ങളെ ചിത്രീകരിക്കുമ്പോള്‍ യുക്തിക്കു നിരക്കുന്ന രചനാരീതിയാണ് മാലിനി സ്വീകരിച്ചിരിക്കുന്നത്. വൈയക്തികമെന്നു തോന്നാമെങ്കിലും സാമൂഹ്യമാനങ്ങള്‍ ഉള്ളവ തന്നെയാണ് ഭൂരിപക്ഷം കഥകളും.

ഭാഷയുടെ ഭാരമോ ആലങ്കാരികതയുടെ ആര്‍ഭാടമോ ഇല്ലാത്തതിനാല്‍ ആസ്വാദ്യതയോടെ വായിക്കാവുന്നതും തീര്‍ന്നു കഴിയുമ്പോള്‍ വായനയുടെ അനുഭവം പ്രദാനം ചെയ്യാന്‍ കഴിയുന്നതുമായ ചില കഥകള്‍ ഈ സമാഹാരത്തിലുണ്ട്.

പുസ്തകത്തിന്റെ പേരായി സ്വീകരിച്ചിരിക്കുന്ന 'പാപനാശിനിയുടെ തീരത്ത് പ്രാര്‍ഥനയോടെ എന്ന ആദ്യകഥ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളില്‍ ഒന്നിനെ അമേരിക്കന്‍ കുടുംബപശ്ചാത്തലത്തില്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.

വിരസവും മൂകവുമായി പോകാമായിരുന്ന ജീവിതത്തിന്റെ രണ്ടാം പകുതിയില്‍ പെട്ടെന്നുദിച്ച വെള്ളിനക്ഷത്രം പോലെ കടന്നുവന്ന മകനില്‍ ജീവിതസാക്ഷാത്കാരം കണ്ടെത്തുന്ന മാതാപിതാക്കള്‍. മകനുവേണ്ടി ശിഷ്ട ജീവിതം സമര്‍പ്പിച്ച് സായൂജ്യമടയുന്നവര്‍. വളര്‍ച്ചയുടെ ഓരോ പടവിലും കണ്ണിമയ്ക്കാതെ കാവലിരുന്നവര്‍. പൂക്കളെയും പൂമ്പാറ്റകളെയും നക്ഷത്രങ്ങളെയും നിലാവിനെയും സ്‌നേഹിക്കുകയും മനസില്‍ നിറയെ പ്രണയം സൂക്ഷിക്കുകയും ചെയ്തിരുന്ന മകന്‍ ഒരു തീവ്രവാദിയാണെന്ന് അറിയുമ്പോള്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന നടുക്കം അനുവാചകരിലേക്കും പകരുവാന്‍ മാലിനിക്ക് കഴിഞ്ഞിട്ടുണ്ട്.

അമേരിക്കയിലും ഇന്ത്യയിലും മാത്രമല്ല ലോകത്തിലെ ഏതു ദേശങ്ങളിലും സംഭവിക്കാവുന്നതും, സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു യാഥാര്‍ഥ്യമാകയാല്‍ ഈ കഥയ്ക്ക് ഒരു സാര്‍വലൗകികഭാവം കൈവരുന്നു. അതുതന്നെയാണ് ഈ കഥയുടെ മേന്മയും.

പൗരോഹിത്യത്തിന്റെ കൊള്ളരുതായ്മകളോട് പ്രതികരിച്ചതിന്റെ പേരില്‍ ബഹിഷ്‌കൃതനാക്കപ്പെടുകയും ഒടുവില്‍ തെമ്മാടിക്കുഴിയില്‍ ഒടുങ്ങുകയും ചെയ്യേണ്ടിവന്ന പിതാവിന്റെ അന്ത്യം കണ്ടു നില്‍ക്കേണ്ടിവന്ന ഏഴു വയസുകാരന്റെ മനസില്‍ നാമ്പിട്ട പ്രതികാരത്തിന്റെ കഥയാണ് 'മതിലുകള്‍ പൊളിയുമ്പോള്‍ പറയുന്നത്.

പ്രതികാരത്തിന്റെ അഗ്നി കെടാതെ സൂക്ഷിക്കുകയും കഠിനാധ്വാനംകൊണ്ട് ജീവിതവിജയം നേടുമ്പോള്‍ തന്റെ മുമ്പില്‍ കൈനീട്ടിയെത്തുന്നവരെ നോക്കി മനസുകൊണ്ടു ചിരിക്കുകയും ചെയ്യുന്ന ജോസ്‌കുട്ടി, എം.ടി കഥകളിലെ ചില കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്നു.

ഈ സമാഹാരത്തിലെ പരാമര്‍ശിക്കപ്പെടേണ്ട മറ്റൊരു കഥയാണ് 'നന്മനിറഞ്ഞ രാത്രി സ്ത്രീകളുടെ കാല്‍പനിക സ്വപ്നങ്ങളെ, അഭിനിവേശങ്ങളെ അപ്രിയസത്യങ്ങള്‍ തുറന്നു പറയുന്നതിലൂടെ മാലിനി അപഗ്രഥിക്കുന്നു.

ഭൗതിക സാഹചര്യങ്ങള്‍ക്കപ്പുറം സ്‌നേഹം തേടുന്ന പെണ്‍മനസിന്റെ അശാന്തി അനുഭവിക്കുന്ന ചേതനയാണ് ഈ കഥയുടെ പ്രേരണ. മാധവിക്കുട്ടിയുടെ കഥകളില്‍ കാണാവുന്ന ആത്മാര്‍ഥതയും സത്യസന്ധതയും ഈ കഥയില്‍ കാണാം.

ആധുനിക ലോകത്ത് മനുഷ്യരും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ വേരുകള്‍ ആഴത്തില്‍ പടരാത്തതും ബലഹീനങ്ങളുമാണ്. ബന്ധങ്ങള്‍ ഇവിടെ പണത്തിനും, അതുകൊണ്ടുവരുന്ന ശരീരസുഖസൗകര്യങ്ങള്‍ക്കും വേണ്ടിയാണ്. പരസ്പരം ഒന്നും ആഗ്രഹിക്കാത്ത ബന്ധങ്ങള്‍ പോലും ചിലപ്പോ മറ്റുള്ളവരാല്‍ തെറ്റിദ്ധരിക്കപ്പെടുന്നു.

വാര്‍ധക്യത്തില്‍ ഏകാകികളായി തീരുന്ന മാതാപിതാക്കളുടെയും അയല്‍ക്കാരനായ നന്മയുള്ള ഒരു യുവാവിന്റെയും ജീവിതമാണ് 'പറയാനുള്ളതെല്ലാം പരിഭവമില്ലാതെ എന്ന കഥയിലൂടെ ഒരു മറുപടിക്കത്തായി പുതുമയോടെ മാലിനി പറയുന്നത്.

പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ സ്വയം തിരിച്ചറിയാനാവാത്ത മനുഷ്യരുടെ ലോകം ഈ കഥയില്‍ ഉണര്‍ന്നു വരുന്നു. 'അകലത്തെ ബന്ധുവിനേക്കാള്‍ അയലത്തെ ശത്രുവാണ് ആപത്ഘട്ടങ്ങളില്‍ ഉപകരിക്കുന്നത് എന്ന നാട്ടുചൊല്ല് അന്വര്‍ഥമാക്കുന്ന ഈ കഥ പ്രവാസികളായ നമുക്കു നേരെ'യു ള്ള ഒരു വിരല്‍ ചൂണ്ടല്‍കൂടിയാണ്.

മാറുന്ന മനുഷ്യബന്ധങ്ങളുടെ ഈ കാലത്ത് തിരസ്‌കരിക്കപ്പെടുന്ന ഒരു മാതാവിനെയാണ് 'അപ്രിയസത്യങ്ങളില്‍ അവതരിപ്പിക്കുന്നത്. മകനും കുടുംബത്തിനും കടന്നു പോകാന്‍ ഇടമുണ്ടാക്കാന്‍ വേണ്ടി പിന്നോട്ട് മാറി മാറി അവസാനം കാലുറപ്പിക്കാനിടമില്ലാതെ ഇരുളിലേക്കു നിപതിക്കുന്ന അമ്മയെയും കടന്നു പോകുന്ന മകന്‍ മറ്റൊരു സത്യത്തെ ഓര്‍മിപ്പിക്കുന്നു. ആ മകനും നടന്നടുക്കുന്നത് മറ്റൊരു ഗര്‍ത്തത്തിനരികിലേക്ക് തന്നെ എന്ന
യാഥാര്‍ഥ്യം.

'തെരേസയുടെ ആദ്യ കുമ്പസാരം വൈകിവന്ന ഉണ്ണിയേശു അനാഥമായ പട്ടം തുടങ്ങിയവയില്‍ കുട്ടികളിലൂടെയാണ് കഥ പറയുന്നതെങ്കിലും അവ ബാലസാഹിത്യങ്ങളല്ല. മനുഷ്യന്റെ അന്തര്‍സംഘര്‍ഷങ്ങളും ദൈന്യതയും തന്നെയാണ് ഇവിടെയും വിഷയമാക്കപ്പെടുന്നത്. കഥയുടെ രൂപഭാവങ്ങള്‍ വിട്ട് ആത്മഭാഷണങ്ങളായി മാറിപ്പോകുന്ന രചനകളും ഈ സമാഹാരത്തില്‍ കടന്നു കൂടിയിട്ടുണ്ടെന്നു പറയാതെ വയ്യ.

സ്ത്രീപക്ഷത്തു നിന്നു കഥ പറയുന്ന മാലിനി സ്‌ത്രൈണഭാവങ്ങളുടെ സത്യസന്ധമായ ആവിഷ്‌കാരമാണ് ഇവിടെ നിര്‍വഹിച്ചിട്ടുള്ളത്. തഴക്കം ചെന്ന ഒരു എഴുത്തുകാരിയുടെ രചനാപാടവം ഈ സമാഹാരത്തിലെ ഏറിയ പങ്ക് കഥകളിലും ദൃശ്യമാണ്.

പ്രസിദ്ധ അമേരിക്കന്‍ എഴുത്തുകാരിയായ ആന്‍ഡ്രിയ ഡേവിസ് പിങ്കിനി പറയുന്നത് ഒരു നല്ല ചെറുകഥയെന്നത് 'സ്വാദിഷ്ടമായ ഒരു ലഘുഭക്ഷണം പോലെയാണ്. ചെറുതെങ്കിലും അതു രുചിയ്‌ക്കൊപ്പം സംതൃപ്തിയും നല്‍കുന്നു.

മാലിനിയുടെ കഥകളും വായനക്കാരന് സംതൃപ്തി പ്രദാനം ചെയ്യുന്നവയാണ്. ഗൗരവമായ വായനകൊണ്ടും മനനം കൊണ്ടും ഇനിയും മൂര്‍ച്ച കൂട്ടാവുന്നതാണ് മാലിനിയുടെ രചനാസിദ്ധി.

(സര്‍ഗ്ഗവേദി സംഘടിപ്പിച്ച പുസ്തകപ്രകാശന ചടങ്ങില്‍ അവതരിപ്പിച്ചത്. കടപ്പാട്-മലയാളപത്രം)
മാലിനിയുടെ കഥാലോകം -കെ.കെ ജോണ്‍സണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക