Image

കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ചിന്റെ ഉദ്‌ഘാടനവും ഓണാഘോഷ പരിപാടികളും

ജോയിച്ചന്‍ പുതുക്കുളം Published on 15 September, 2011
കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ചിന്റെ ഉദ്‌ഘാടനവും ഓണാഘോഷ പരിപാടികളും
സൗത്ത്‌ ഫ്‌ളോറിഡ: സൗത്ത്‌ ഫ്‌ളോറിഡയിലെ പാംബീച്ച്‌ കൗണ്ടി ആസ്ഥാനമാക്കി ഈവര്‍ഷം ജനുവരി 9-ന്‌ സ്ഥാപിതമായി വളരെ ശക്തമായ രീതിയില്‍ വളര്‍ന്നുവരുന്ന കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ചിന്റെ ഉദ്‌ഘാടനവും പ്രവാസി മലയാളി സമൂഹത്തിന്റെ ഗൃഹാതുരത്വത്തിന്റെ ഉത്സവമായ തിരുവോണം, ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ ഓര്‍മ്മ എന്നീ മൂന്ന്‌ ആഘോഷങ്ങള്‍ വിപുലമായ കലാപരിപാടികളോടെ ലാന്റാനയിലെ ഹോളിസ്‌പിരിറ്റ്‌ കാത്തലിക്‌ ചര്‍ച്ചിന്റെ മനോഹരമായ ഓഡിറ്റോറിയത്തില്‍ വെച്ച്‌ സെപ്‌റ്റംബര്‍ മൂന്നിന്‌ ആഘോഷിച്ചു.

വൈകുന്നേരം ആറുമണിക്ക്‌ വിഭവസമൃദ്ധമായ ഓണസദ്യയെ തുടര്‍ന്ന്‌ സജി തോമസ്‌ വേഷമിട്ട മാവേലിയെ താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ സംഘടനാംഗങ്ങള്‍ വേദിയിലേക്കാനയിച്ചു. ഷെയിന്‍, ബിന്‍സി, ബിവില്‍, ഗോഡ്‌വിന്‍, ഗ്ലോറിയ & ആഷിന്‍ എന്നിവര്‍ ആലപിച്ച അമേരിക്കന്‍ ദേശീയഗാനത്തിനുശേഷം സെക്രട്ടറി ലൂക്കോസ്‌ പൈനുങ്കല്‍ വിശിഷ്‌ടാതിഥികളെ സദസിന്‌ പരിചയപ്പെടുത്തുകയും പ്രസിഡന്റ്‌ മാത്യു തോമസ്‌ സ്വാഗതം ആശംസിക്കുകയും ചെയ്‌തു.

ഭരതനാട്യശൈലിയില്‍ ഡോ. ജഗതി നായര്‍ ചിട്ടപ്പെടുത്തിയ `തോടയമംഗളം' പ്രാര്‍ത്ഥനാ നൃത്തത്തിനുശേഷം, പാംബീച്ച്‌ കൗണ്ടി കമ്മീഷണര്‍ ജെസ്സ്‌ സാന്താ മരിയ ഭദ്രദീപംകൊളുത്തി കേരളാ അസോസിയേഷന്റെ ഉദ്‌ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.

വര്‍ണ്ണസമ്മിളിതമായ പൂക്കളത്തിന്റെ നടുവില്‍ കത്തിച്ച നിറദീപത്തെ വലംവെച്ച്‌ റോസ്‌മി, ഷൈനി, ഷീബാ ശശി, ജൂലി, ജോമി, റെജിതാ, ബിനു, അനിത എന്നീ വനിതാ സംഘടനാംഗങ്ങള്‍ മനോഹരമായി അവതരിപ്പിച്ച തിരുവാതിര കളി ഏവരുടേയും ഓണസ്‌മരണകള്‍ക്ക്‌ ഹരംപകര്‍ന്നു. തുടര്‍ന്ന്‌ ഡോ. ജഗതി നായര്‍ ലളിതസുന്ദരമായ ഓണസന്ദേശം നല്‍കി.

പിന്നീട്‌ കലാപരിപാടികളുടെ ഊഴമായിരുന്നു. പ്രിയാ നാഗരാജ്‌, ഡോ. ജഗതി നായര്‍ എന്നീ നൃത്താംഗനകളുടെ ശിഷ്യഗണങ്ങള്‍ `മധുര മധുര വേണുനാദം`, `ജയതി ജയന്തി' തുടങ്ങി. ശാസ്‌ത്രീയവും അര്‍ദ്ധശാസ്‌ത്രീയവുമായ നൃത്തരീതികളും, ഷെയിന്‍, ബിന്‍സി, സ്‌തുതി, എമിലി, സ്‌നേഹ, റിയ എന്നീ യുവപ്രതിഭകളുടെ സിനിമാറ്റിക്‌ ഡാന്‍സുകളും, അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന കുരുന്നു പ്രതിഭകളുടെ ശ്രുതിശുദ്ധവും, അക്ഷരസ്‌ഫുടവുമായ മലയാളം ഗാനങ്ങളും ഒന്നിനൊന്ന്‌ മികവുറ്റതായിരുന്നു. ബിന്‍സി, ബിവില്‍, ഹാരി, ഷാന്‍, അബിന്‍, രോഹിത്‌, അമല്‍, സില്‍ജി, അന്‍ജനാ എന്നിവരെ പങ്കെടുപ്പിച്ച്‌ ഷീബാ മനോജ്‌ ഭാരത സ്വാതന്ത്ര്യലബ്‌ദിയെ ആസ്‌പദമാക്കി ചിത്രീകരിച്ച സ്‌കിറ്റ്‌ കാണികളുടെ അകമഴിഞ്ഞ പ്രശംസയും കരഘോഷവും പിടിച്ചുപറ്റി.

`ബിറ്റ്‌സ്‌ ഓഫ്‌ ഫ്‌ളോറിഡ'യിലെ ഗായകരായ ജസ്റ്റിന്‍ തോമസും, ജോമോന്‍ ജോസും അവതരിപ്പിച്ച സിനിമാറ്റിക്‌ ഗാനങ്ങള്‍ കാലാപരിപാടികളുടെ മാറ്റ്‌ വര്‍ദ്ധിപ്പിച്ചു. കേരളാ അസോസിയേഷന്റെ കമ്മിറ്റി അംഗങ്ങള്‍ ചെണ്ടമേളത്തിന്റേയും കാണികളുടെ കൈത്തുടിത്താളത്തിന്റേയും അകമ്പടിയോടെ, വള്ളംതുഴഞ്ഞുകൊണ്ട്‌ നടത്തിയ ആവേശമുയര്‍ത്തുന്ന വഞ്ചിപ്പാട്ട്‌ വേദിയെ ഓണക്കാലത്തെ വേമ്പനാട്ട്‌ കായലാക്കി മാറ്റി.

കോറല്‍സ്‌പ്രിംഗ്‌സ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ ഇടവക വികാരി ഫാ. സക്കറിയാസ്‌ തോട്ടുവേലിയും പാംബീച്ച്‌ മലയാളികള്‍ക്ക്‌ ഓണാശംസകള്‍ നേര്‍ന്നു.

കഴിഞ്ഞ മെയ്‌ 21-ന്‌ പാംബീച്ചിലെ ഓക്കിഹീലി പാര്‍ക്കില്‍ വെച്ച്‌ നടത്തിയ ഫാമിലി പിക്‌നിക്കില്‍ വിവിധ മേത്സരങ്ങളില്‍ പങ്കെടുത്ത്‌ വിജയികളായവര്‍ക്കുള്ള സമ്മാനദാനം നടത്തി.

ട്രഷറര്‍ സജി ജോണ്‍സണ്‍ സംഘടനയുടെ രണ്ടാമത്തെ ഈ സംരംഭത്തെ മികവാര്‍ന്ന വിജയമാക്കി മാറ്റിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന്‌ ഇന്ത്യന്‍ ദേശീയ ഗാനം `ജനഗണമന' എല്ലാവരും ചേര്‍ന്ന്‌ പാടിക്കൊണ്ട്‌, കേരളാ അസോസിയേഷന്റെ ഉദ്‌ഘാടനത്തിന്റേയും ഈവര്‍ഷത്തെ ഓണാഘോഷത്തിന്റേയും പരിപാടികള്‍ക്ക്‌ തിരശ്ശീല വീണു. ലൂക്കോസ്‌ പൈനുങ്കല്‍ അറിയിച്ചതാണിത്‌.
കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ചിന്റെ ഉദ്‌ഘാടനവും ഓണാഘോഷ പരിപാടികളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക