Image

മാലിനി നദിയുടെ നിര്‍മ്മല തീരങ്ങളിലൂടെ- ഡോ.നന്ദകുമാര്‍ ചാണയില്‍

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 06 March, 2013
മാലിനി നദിയുടെ നിര്‍മ്മല തീരങ്ങളിലൂടെ- ഡോ.നന്ദകുമാര്‍ ചാണയില്‍

വിദേശ മലയാളികളുടെ സാംസ്‌കാരിക മാസികയായ 'ജനനി'യുടെ താളുകളിലൂടെ നമുക്കെല്ലാം സുപരിചിതയാണല്ലോ മാലിനി എന്ന തൂലികാ നാമത്തിലെഴുതുന്ന ശ്രീമതി നിര്‍മ്മല ജോസഫ് തടം. പാപനാശിനിയുടെ തീരത്ത് പ്രാര്‍ത്ഥനയോടെ എന്ന പുസ്തകത്തിന്റെ കവര്‍ചിത്രം ദൃഷ്ടാക്കള്‍ക്കു നല്‍കുന്ന മാതൃവാത്സല്യം കരകവിഞ്ഞൊഴുകന്ന സന്ദേശ പ്രമേയമാക്കിയിട്ടുള്ള പല കഥകളും ഈ കഥാസമാഹാരത്തിലുണ്ട്. ഒരു മാതൃഹൃദയത്തിന്റെ തുടിപ്പുകളും സ്‌നേഹദുഗ്ധത്തിന്റെ നറുമണവും അനുവാചക ഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ കഥാകാരി വിജയിച്ചിട്ടുണ്ട്.

പാപനാശിനിയുടെ തീരത്തെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെയാണ്. സൃഷ്ടി കര്‍ത്താവായ ബ്രഹ്മാവ് തന്റെസഞ്ചാരത്തിനിടയ്ക്ക് പ്രകൃതി രമണീയതയാര്‍ന്ന ഒരു ഭൂപ്രദേശം കണ്ട് ആകൃഷ്ടനായി അവിടെ ഇറങ്ങിയപ്പോള്‍ ഒരു നെല്ലിമരത്തില്‍ കുടങ്ങിക്കിടക്കുന്ന ഒരു വിഷ്ണു വിഗ്രഹം കാണാനിടവരികയും അവിടെ മഹാവിഷ്ണുവിന്റെ ക്ഷേത്രപ്രതിഷ്ഠ നടത്തി. സംതൃപ്തനായ മഹാവിഷ്ണു ക്ഷേത്രപരിസരത്തുള്ള പുഴയെ പാപനാശിനി പുഴയെന്ന്  പേരിടുകയും ആ പുഴയില്‍ സ്‌നാനം ചെയ്യുന്നവര്‍ക്ക് പാപനാശം ലഭിക്കുകയും ചെയ്യുമെന്ന് അരുളിചെയ്യുകയും ചെയ്തു എന്നാണ് സങ്കല്പം. #ആ കഥ എന്തുമാകട്ടെ, എ.ഡി.96000മാണ്ടോടു കൂടി നിര്‍മ്മിക്കപ്പെട്ട വിഷ്ണുക്ഷേത്രം തിരുനെല്ലിയില്‍ ഇന്നും സ്ഥിതി ചെയ്യുന്നുണ്ട്. വിഷ്ണുദേവനാല്‍ പ്രകീര്‍ത്തിക്കപ്പെട്ട പുഴയേയും പുരാതനമായ മേല്‍പ്പറഞ്ഞ വിഷ്ണുക്ഷേത്രത്തിന്റേയും ഇന്നത്തെ സ്ഥിതി വളരെ പരിതാപകരമാണ്. പാപനാശിനി പ്പുഴയില്‍ മരിച്ചവരുടെ ചിതാഭസ്മം ഒഴുക്കിയാല്‍, പരേതരുടെ സകലപാപങ്ങള്‍ക്കും അറുതി ഉണ്ടാകുമെന്നാണ് ഒരു വിശ്വാസം. കൂടാതെ, പാപനാശിനിപ്പുഴയുടെ തീരത്ത് പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്താല്‍ പിന്നീട് ആണ്ടുതോറും ചെയ്തുവരുന്ന ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്യേണ്ടതില്ലെന്നു മറ്റൊരു വിശ്വാസവും നിലവിലുണ്ട്.

ഇനി, ഈ കഥാ സമാഹരത്തിലെ പ്രഥമകഥയും ശീര്‍ഷകഥയും ആയ പാപനാശിനിയുടെ ഉറവിടത്തിലേക്ക് നമുക്കൊന്ന് എത്തിനോക്കാം. അതേ ഞാന്‍ വിഷം പുരണ്ട ഒരു വാള്‍ത്തലപോലെ, ഒരു ഭയമായി, ഒരുറപ്പായി, നിങ്ങളുടെയൊക്കെ മനസ്സിനെ നടുക്കിയ റ്റിമ്മി എന്ന ഭീകരന്റെ അമ്മ. ഒറ്റപ്പെടലിന്റേയും പതനത്തിലെ ഇടറിയ സ്വരങ്ങളാണ്, അമിതമായി വഴിഞ്ഞൊഴുകിയിരുന്ന സ്‌നേഹത്തിന്റെ മോഹഭംഗത്തിന്റെ, കുറ്റബോധത്തിന്റെ നോവിന്റെ പാപം ചെയ്യാതെ പാപഭാരം ഏറ്റെടുക്കേണ്ടി വന്ന ഒരു മാതൃഹൃദയത്തിന്റെ പൊള്ളുന്ന അനുഭവ സ്പര്‍ശമാണ് മേലുദ്ധരിച്ച വാക്കുകളില്‍ മുഴങ്ങിക്കേട്ടത്. ദീര്‍ഘകാലത്തെ വന്ധ്യതയ്‌ക്കൊടുവില്‍ നാല്പത്തിനാലാം വയസ്സില്‍ ഒരമ്മക്ക് പിറന്ന ഭാഗ്യമായിരുന്നുറ്റിമ്മി എന്ന സന്തതി. അനന്തരാവകാശികളുണ്ടായില്ലെന്ന് ആകുലപ്പെട്ടിരുന്ന റിച്ചിയ്ക്ക്, റ്റിമ്മിയുടെ ജനനം ഈ ലോകത്തെ മഹാത്ഭുതങ്ങളിലൊന്നായിരുന്നു. അനുഭവത്തെ തൊട്ടറിഞ്ഞ ആഘോഷിക്കുകയായിരുന്നു ആ മാതാപിതാക്കള്‍ റ്റിമ്മിയോടൊത്തുള്ള ഓരോ നിമിഷവും. സന്തതി ഉണ്ടാകില്ലെന്നുനിനച്ചിരിക്കവേ, ഉണ്ടായ പുത്രന്‍ അവര്‍ക്ക് ഒരു നിധിതന്നെയായിരുന്നല്ലോ. ആനിലക്ക് കയ്യോ വളരുന്നു, കാലോ വളരുന്നു എന്ന രീതിയില്‍ വാത്സല്യം കോരിച്ചൊരിയുന്നത് സ്വാഭാവികമാണല്ലോ. അങ്ങിനെ ആര്‍ഭാടങ്ങളിലും ആഢംബരങ്ങളിലും സ്‌നേഹാധിക്യത്തിലും റ്റിമ്മി വളര്‍ന്നുവന്നു. മകന്റെ എല്ലാ ഇഷ്ടാനിഷ്ടങ്ങളും സാധിച്ചുകൊടുക്കുന്നതില്‍ ശ്രദ്ധാലുക്കളായിരുന്നു മാതാപിതാക്കള്‍. റ്റിമ്മിയും ഒരു മാതൃകാ പുത്രനായിതന്നെയാണ് വളര്‍ന്നു വന്നത്. പരീക്ഷകളിലെല്ലാം ഒന്നാമനായി വിജയിച്ചുവന്നിരുന്ന അവന് അവന്റെ അഭീഷ്ടമനുസരിച്ച് തന്നെ സുപ്രസിദ്ധിയാര്‍ന്ന വിശ്വവിദ്യാലയത്തില്‍ പ്രവേശനം ലഭിച്ചപ്പോള്‍ അമിതമായി ആഹ്ലാദിച്ചു. എന്നാല്‍ റിച്ചിയുടെ ശ്വാസകോശസംബന്ധമായ അനാരോഗ്യം വീടിന്റെ സാമ്പത്തിക ഭദ്രതയെ സാരമായി ഉലച്ചിരുന്നു. ഇത് തിരിച്ചറിഞ്ഞ റ്റിമ്മി ഒരു സാധാരണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടുകൂടി ചേരുവാന്‍ തീരുമാനിച്ച് മാതാപിതാക്കളുടെ മാനസികമായ പിരിമുറുക്കത്തിന് ഒരു അയവുവരുത്തി. എന്നാല്‍ റ്റിമ്മിക്ക് സഹിക്കാന്‍ കഴിയാതിരുന്നത് അവന്റെ മോഹങ്ങള്‍ കുടിപാര്‍ത്തിരുന്ന വിശ്വവിദ്യാലയത്തില്‍ അവന്റെ സ്‌ക്കൂളില്‍ പഠിച്ചിരുന്ന ഒരു മൂന്നാംകിട വിദ്യാര്‍ത്ഥിയായ വിന്‍സന്റ് പഠിക്കുന്നു എന്നറിഞ്ഞപ്പോഴായിരുന്നു. അസ്വസ്ഥചിത്തനായ അവന് വന്ന ക്ഷോഭവും ആഘാതവും താങ്ങാന്‍ പറ്റുന്നതിലേറെയായിരുന്നു. അവിടെ നിന്നങ്ങോട്ടുള്ള റ്റിമ്മിയുടെ മാനസാന്തരം മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്കപ്പുറം പ്രവചനാതീതമായിരുന്നു. ഒരു വൈകുന്നേരത്തെ ടി.വി. വാര്‍ത്തയില്‍ സിറ്റിയിലെ ഗവണ്‍മെന്റ് ഓഫീസിനു നേരെയുള്ള  ഭീകര ആക്രമണത്തെക്കുറിച്ച് വാര്‍ത്ത വരുന്നു. മുമ്പ് എന്നും വിളിക്കുമായിരുന്ന റ്റിമ്മിയുടെ വിളികളും ഉണ്ടാകാറില്ല. പിന്നീട് ടി.വി.യില്‍ കണ്ടത് റ്റിമിയുടെ ഫോട്ടോയും ഭീകരാക്രമണവും സ്‌ഫോടകവസ്തുക്കളും കൂട്ടക്കൊല മറ്റും. അഭിലാഷങ്ങളുടേയും മോഹങ്ങളുടേയും ആകാശക്കോട്ടകള്‍ പടുത്തുയര്‍ത്തിയിരുന്ന റ്റിമ്മിയുടെ മാതാപിതാക്കളുടെ ഈ ദൃശ്യമായ മോഹഭംഗങ്ങളുടെ കഥകള്‍ നമ്മളില്‍ പലര്‍ക്കു തന്നേയോ അല്ലെങ്കില്‍ നമ്മളുടെ സന്തുബന്ധുക്കളിലാര്‍ക്കെങ്കിലുമോ അനുഭവിക്കേണ്ടി വന്നിട്ടുള്ള അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖപര്യവസാനിയായ നിത്യസംഭവങ്ങള്‍ അന്യമല്ല. അതുകൊണ്ട് തന്നെയാണ് ശ്രീമതി നിര്‍മ്മല, ഓരോ കഥയും ഓരോ കണ്ണാടിയാണ്. അതിലൂടെ നോക്കുമ്പോള്‍ അവനവനെത്തെന്നെ കാണാം. പരിചിത മുഖങ്ങള്‍ കാണാം. നിഴലുകള്‍ കാണാം. പ്രതിഫലനങ്ങള്‍ കാണാം. എന്ന് തന്റെ ആമുഖക്കുറിപ്പില്‍ അവകാശപ്പെടുന്നത് തികച്ചും പരമാര്‍ത്ഥം തന്നെ. നമ്മള്‍, മാതാപിതാക്കള്‍ സകല ത്യാഗങ്ങളും സഹിച്ച് നമുക്ക് നല്കാവുന്നതിന്റെ പരമാവധി ആനുകൂല്യങ്ങള്‍ കൊടുത്ത് ശുഭാപ്തി വിശ്വാസത്തോടെ വിദ്യാലയങ്ങളിലേക്കയ്ക്കുന്ന നമ്മുടെ മക്കള്‍, അവരുടെ തോഴരുടെ സമ്മര്‍ദങ്ങള്‍ക്ക് വിധേയരായോ അല്ലെങ്കില്‍ ആത്മസംഘര്‍ഷങ്ങള്‍ക്ക് ഇരയായോ എങ്ങിനെയൊക്കെ തലതിരിയുന്നു എന്ന് ആര്‍ക്കും പ്രവചിക്ക വയ്യാത്ത ഒരു കാലഘട്ടത്തിലാണ് നാമെല്ലാം ജീവിച്ചുവരുന്നതെന്ന സത്യം കഥാകാരി ഹൃദയ സ്പൃക്കായരീതിയില്‍ റ്റിമ്മെന്ന ചെറുപ്പക്കാരന്റെ തൂലികാചിത്രത്തിലൂടെ നമുക്കു കാണിച്ചുതരുന്നു. കഥാകൃത്തിന്റെ തന്നെ വരികള്‍ ഞാനുദ്ധരിക്കട്ടെ. മാലാഖമാരുടെതെന്ന് ഞാനഹങ്കരിച്ച ആമുഖത്തെ പുഞ്ചിരിക്ക് മറവില്‍ അവന്റെ ബോധത്തിന്റേയും മനസ്സിന്റേയും മൗനനിമിഷങ്ങളില്‍ ആളിക്കത്തിയ ഒരു കനല്‍ത്തരി ഈ അമ്മ കണ്ടില്ലല്ലോ, എന്ന വിലക്കുമ്പോള്‍, എത്രയോ മാതൃഹൃദയങ്ങള്‍ ഈ മാനസിക സംഘര്‍ഷത്തിലൂടെ കടന്നു പോകുന്നു എന്ന് നാം അറിയുന്നു. വിലങ്ങുകള്‍ ബന്ധിച്ച കൈകാലുകളുമായി, ഭയപ്പെടുത്തുന്ന കാവല്‍ വലയത്തിനുള്ളില്‍ നടന്നകലുന്ന മകനെ നോക്കി വീര്‍പ്പുമുട്ടിക്കരയുന്ന, പിടയുന്ന മാതൃഹൃദയം, അതെ, റ്റിമ്മി, പ്രിയപ്പെട്ട മകനെ നിന്നെ ഞാനിപ്പോഴും സ്‌നേഹിക്കുന്നുകാരണം ഞാന്‍ നിന്റെ അമ്മയാണ്. തളരുന്ന നിന്റെ തോളുകള്‍ക്ക് താങ്ങാകാന്‍ എനിക്കാകുമായിരുന്നെങ്കില്‍… എന്റെ ജീവന്‍ കൊടുത്ത് നീ നഷ്ടമാകാക്കിയ ജീവിതങ്ങള്‍ക്ക് ഉയിര്‍ കൊടുക്കാനാകുമായിരുന്നെങ്കില്‍ എന്നു ഖേഴുമ്പോള്‍, കലവറിയില്ലാത്ത സര്‍വ്വംസഹയായ ഒരു അമ്മ മനസ്സിനെയല്ലേ നിര്‍മ്മല നമുക്ക് കാണിച്ചു തരുന്നത്. ആദര്‍ശത്തിന്റെ പേരിലോ മര്‍ക്കടമുഷ്ടിയുടെ പേരിലോ കൈകഴുകി ഒഴിഞ്ഞു മാറുന്ന പിതാക്കന്മരെ അനവധി കാണാമെങ്കിലും, നൊന്തുപ്രസവിച്ച അമ്മമാരെ കാണുക പ്രയാസം തന്നെ.

തപിച്ചുരുക്കിയിറങ്ങുന്ന എന്റെ മനസ്സ് കണ്ണീരായൊഴുകി ഒരു പാപനാശിനിയായെങ്കില്‍…. ഈ മനസ്സില്‍ അണയാതെ ആളുന്ന അഗ്നിയില്‍ മകനേ നിന്റെ പാപങ്ങള്‍ ശുദ്ധീകരിക്കട്ടെ… ആത്മാക്കള്‍ക്ക് കാണാനാകുന്ന നാളില്‍ പ്രിയ മകനേ നിന്നെ എനിക്ക് കാണാനാകും. ഒരു പാപനാശിനിയുടെ തീരത്തുനിന്ന്… പ്രാര്‍തഥനയോടെ, എന്ന പദ്യവസാനവും കഥാരംഭം പോലെ തന്നെ ഹൃദയത്തില്‍ തട്ടുന്നതായിട്ടുണ്ട്. കഥ പറയാനിറിയാവുന്ന, രചനാമന്ത്രം അറിയുന്ന ഒരുകഥാകൃത്തിനേ അങ്ങിനെ കഴിയൂ. കാഥിക, ബോധപൂര്‍വ്വം സ്വഭാവചിത്രണത്തില്‍ സ്വഭാവജന്യമായ വിശേഷ ഗുണങ്ങളെ ചിത്രീകരിക്കുന്നതില്‍ കാണിച്ചിരിക്കുന്ന ശ്രദ്ധ പ്രശംസനീയമാണ്. പതുക്കെപ്പതുക്കെ എന്റെ റ്റിമ്മി കരയാനറിയാത്ത ഒരു കുട്ടി ആകുകയായിരുന്നു. അവന്റെ പിഞ്ചുദേഹത്ത് ഡോക്ടര്‍മാരുടെ സൂചിമുനകള്‍ തുളഞ്ഞു കയറിയപ്പോള്‍ അത് തങ്ങളുടെ ഹൃദയത്തിലായിരുന്നു മുറിപ്പാടുകള്‍ വീഴ്ത്തിയത്. അന്നേരമൊന്നും  അവന്റെ കണ്ണുകള്‍ നിറയുകയോ പ്രതിഷേധിച്ച് കാറിക്കരയുകയോ ചെയ്തിരുന്നില്ല. എന്തും നേരിടാനുള്ള ഒരു ചങ്കൂറ്റത്തിന്റെ ഒരു ബീജം എങ്ങിനെയോ അങ്കുരിക്കുന്നത് ഈ മനസ്സിന്റെ വിശേഷതയായിരുന്നിരിക്കാം. അതേസമയം, മാതാപിതാക്കളേക്കാള്‍ പള്ളിയിലെ അള്‍ത്താരയില്‍ ശ്രദ്ധിച്ചിരുന്ന ഈ ബാലമനസ്സ് തികഞ്ഞ ദൈവവിശ്വാസിയായിരുന്നു. താന്‍ പാദങ്ങളുറപ്പിക്കുന്ന ഓരോ മണ്‍തരി കൂടി ദൈവത്തിന്റെ ദാനമാണെന്നറിഞ്ഞ കുട്ടിയേയും അവധി ദിവസങ്ങളില്‍ അച്ഛനും അമ്മയുമൊത്ത് മീന്‍ പിടിക്കാനൊരുങ്ങിയും, ചൂണ്ടയില്‍ കോര്‍ത്ത ഇരയുടെ നൊമ്പരവും താങ്ങാനാവാതെ കരയാതെ, വിതുമ്പലോടെ, അമ്മയുടെ മടിയിലോടി ഒളിക്കുന്ന ഒരു കുട്ടിയേയും നാം കാണുന്നുണ്ട്. ഇങ്ങിനെ ഒക്കെയുള്ള റ്റിമ്മിയുടെ, ഭീകരാക്രമിയിലേക്കുള്ള പരിണാമം പ്രവചിക്കാനാവാത്ത മനുഷ്യ മനസ്സിന്റെ അനാവരണമല്ലേ? കഥാരചയിലുള്ള ശിക്ഷണപാടവത്തേയും ശില്പ വൈദഗ്ദ്ധ്യത്തേയും രചനാതന്ത്രത്തേയും കുറിച്ച് വനിതയുടെ മുന്‍ എഡിറ്റര്‍ ഇന്‍ചാര്‍ജായിരുന്ന ശ്രീ.മണാര്‍ക്കാട്ട് മാത്യൂ തന്റെ അവതാരികയില്‍ പ്രതിപാദിക്കുന്നുണ്ട്. സമയപരിമിതിയാല്‍ മറ്റുകഥകളിലേക്ക് ഞാന്‍ കടക്കുന്നില്ല. എനിക്കീ അവസരം തന്ന സര്‍ഗ്ഗവേദിക്ക് എന്റെ നന്ദി. നിര്‍മ്മലയെന്ന അസ്സല്‍ പേരായാലും മാലിനി എന്ന തൂലികാനാമമായാലും പേരിനെ അന്വര്‍ത്ഥമാക്കുമാറി കളങ്കമില്ലാത്ത ഒരു മനസ്സിനുടമയായ ഒരു സ്ത്രീ രത്‌നമാണ് ഇവരെന്നും, ശക്തവും വ്യത്യസ്തവുമായ പ്രമേയങ്ങള്‍. സരളമായ ആഖ്യാനരീതിയിലൂടെ  ലളിതമായ ശൈലിയില്‍ അനുവാചകഹൃദയങ്ങളില്‍ മായാതെ പ്രതിഫലിപ്പിക്കാന്‍ പ്രാപ്തയായ ഒരു കഥാകൃത്തണെന്നും ഈ കൃതിയിലൂടെ തെളിയിച്ചിരിക്കുന്നു. ഇനിയും നിരവധി കഥകളെഴുതി ഭാവിയുടെ വാഗ്ദാനമായ ഈ സാഹിതീ പ്രതിഭക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേര്‍ന്നുകൊണ്ടും എന്റെ ഈ ചെറു ആസ്വാദനത്തിന് വിരാമമിടട്ടെ. നന്ദി. നമസ്‌ക്കാരം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക