Image

മതത്തേക്കാള്‍ വലുത് ദൈവം: ഡി. ബാബുപോള്‍

Published on 05 March, 2013
മതത്തേക്കാള്‍ വലുത് ദൈവം: ഡി. ബാബുപോള്‍
മനുഷ്യന്‍ ദൈവത്തെ തേടാന്‍ തുടങ്ങിയത് എന്നുമുതല്‍ ആയിരിക്കാം? അബ്രഹാം-ഇബ്രാഹീംവിശ്വാസികളുടെ പിതാവാണെന്ന് കരുതുന്ന മൂന്നു മതങ്ങളും ഏക ദൈവ വിശ്വാസം ഉറപ്പിച്ചത് ആ പൂര്‍വപിതാവാണെന്ന് പറഞ്ഞുവരുന്നു. സത്യത്തില്‍ ആദ്യം ഉണ്ടായത് ഏക ദൈവ വിശ്വാസമാണ്. അവരവരുടെ ദൈവത്തെ മാത്രം അറിഞ്ഞിരുന്ന കാലത്ത് മറ്റ് ദൈവങ്ങളില്ലല്ലോ. ദൈവവിശ്വാസികള്‍ വേറെയും ഉണ്ടെന്നും അവരുടെ ആരാധനാമൂര്‍ത്തി തന്‍േറതു പോലെ അല്ലെന്നും തിരിച്ചറിയുന്നിടത്താണ് ബഹുദൈവ വിശ്വാസം ആദ്യമായി ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്. അടുത്തഘട്ടത്തില്‍ ഈ ദൈവങ്ങളില്‍ ചിലത് തങ്ങള്‍ക്കും സ്വീകാര്യമാണെന്ന് ചിലര്‍ ചിന്തിക്കുകയും അവിടെ ദൈവങ്ങളുടെ സഹവര്‍ത്തിത്വം ഉണ്ടാവുകയും ചെയ്യുമ്പോള്‍ ബഹുദൈവ വിശ്വാസം അവരുടെ മതത്തെ അടയാളപ്പെടുത്തുകയായി. ഗ്രീസ്, പശ്ചിമേഷ്യ, ഭാരതം എല്ലാം ഉദാഹരണങ്ങള്‍.
ഇങ്ങനെ പല ദൈവങ്ങള്‍ ആകാശഗംഗയില്‍ നിറഞ്ഞപ്പോഴാണ് ഹെനോത്തെയിസം ഉണ്ടായത്: 'നിങ്ങളുടെ ദൈവം കള്ളനാണയമാണ്, എന്റെ ദൈവമാണ് ദൈവം' അബ്രഹാമിന്റെ ഏകദൈവ വിശ്വാസം ഈ ഹെനോത്തെയിസ്റ്റ് ലോകത്തിലെ സ്വമത പ്രഖ്യാപനമായിരുന്നെന്ന് കരുതുന്നതാണ് യുക്തി. നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഇസബേല രാജ്ഞിയുടെ സ്വാധീനത്തില്‍ ഇസ്രായേല്‍ ബാലിനെ ആരാധിക്കാന്‍ പ്രേരിപ്പിക്കപ്പെട്ട കഥ നമുക്കറിയാം. അന്ന് ഏലിയാ പ്രവാചകന്‍ ആകാശത്തില്‍നിന്ന് അഗ്‌നിയെ ആവാഹിച്ചത് ബാലിന്റെ പ്രവാചകന്മാരുമായുള്ള മത്സരത്തിലാണ്. ആ മത്സരം സംഘടിപ്പിച്ചതാകട്ടെ തുല്യര്‍ തമ്മിലുള്ള ബലപരീക്ഷണം എന്ന നിലയില്‍ ആയിരുന്നു താനും.
ബാലിന്റെ പ്രവാചകന്മാര്‍ തോറ്റു. ഏലിയാ വിളിച്ച ദൈവം വിളികേട്ടു. ഇത് ബാലിന്റെ അസ്തിത്വമാണോ താരതമ്യബലമാണോ തെളിയിച്ചതെന്ന ചോദ്യം ഐകകണ്‌ഠ്യേന ഉത്തരം ലഭിക്കാത്തതാണ്.
വില്യം ഷ്മിഡ്റ്റ് 'ദ ഒറിജിന്‍ ഓഫ് ദ ഐഡിയ ഓഫ് ഗോഡ്' എന്ന കൃതിയില്‍ സൂചിപ്പിക്കുന്ന ഒരു സംഗതി ആദ്യം സകലത്തിന്റെയും സ്രഷ്ടാവായ, ആകാശത്തെയും ഭൂമിയെയും ഭരിക്കുന്ന ഒരു ദൈവത്തെയാണ് മനുഷ്യന്‍ തിരിച്ചറിഞ്ഞത് എന്നത്രെ. ആ ദൈവത്തിന് രൂപമോ പ്രതിരൂപമോ ഉണ്ടായിരുന്നില്ല. ദേവാലയങ്ങളോ പൂജാരികളോ ആവശ്യമായിരുന്നുമില്ല. പിന്നെപ്പിന്നെ ആ ദൈവത്തെ ജനം മറന്നു. ആ ആകാശദേവത സ്‌കൈ ഗോഡ്‌വിദൂരസ്ഥനായി.
ഇന്നും ആഫ്രിക്കയിലെ പല ഗോത്രവര്‍ഗങ്ങളും ഈ ദൈവത്തെയാണ് ആരാധിക്കുന്നതെന്ന് കാരന്‍ ആംസ്‌ട്രോങ് പറയുന്നുണ്ട്. ആ ദൈവം പ്രാര്‍ഥന കേള്‍ക്കുന്നുണ്ട്, പരിപാലകനാണ്, ശിക്ഷിക്കുന്നവനാണ്; എന്നാല്‍, ദൈനംദിനം കാണാന്‍ ഒരു വിഗ്രഹം ഇല്ല. ഈ അവസ്ഥയിലാണ് വിദൂരത്തെ ദൈവത്തിന് പകരം ശ്രേണികളിലായി (
Hierarchy of Emanations) മനുഷ്യനോളം എത്തുന്ന ദൈവങ്ങളെയാണ് മനുഷ്യന്‍ കണ്ടെത്തിയതെന്ന് ചില നരവംശ ശാസ്ത്രജ്ഞര്‍ പറയുന്നു.
ഇന്നത്തെ ക്രിസ്ത്യാനികള്‍ യേശു എന്ന ഗുരുവിനെയാണ് യേശു അറിയിച്ച ദൈവത്തേക്കാള്‍ കൂടുതല്‍ അറിയുന്നതും ഫലത്തില്‍ മാനിക്കുന്നതും. മുസ്ലിംകളും നബിത്തിരുമേനിയെ ആണ് ഏറെ അറിയുന്നത്. ഹിന്ദുമതം ഏകശിലാഭാവമുള്ള ഒരു മതമല്ലെങ്കിലും ബ്രഹ്മനെയും ആത്മനെയുമൊക്കെ ചിന്മയാനന്ദന്മാര്‍ക്ക് വിട്ടുകൊടുത്തിട്ട് സാധാരണക്കാര്‍ ശിവലിംഗം പൂജിക്കുകയും എലിക്ക് പാലു കൊടുക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ഈശ്വരനെ അറിയുന്നത്.
നമുക്ക് ചുറ്റും അദൃശ്യവും അവാച്യവും ആയ ഒരവസ്ഥയുണ്ടെന്ന് തിരിച്ചറിയാത്തതിനാല്‍ ഇപ്പറഞ്ഞ തരത്തിലുള്ള മതം സ്ഥായിയായ ഈശ്വരാനുഭൂതി നല്‍കാന്‍ അപര്യാപ്തമാണ്. പാശ്ചാത്യലോകത്തില്‍ ക്രിസ്തുമതത്തിന് സംഭവിച്ചത് അതാണ്. സഭയുടെ ഘടനയും അധികാരവും ആയി മതത്തിന്റെ സാരാംശം. സ്വാഭാവികമായും അതിന്റെ അപചയം മതത്തിന് വിനാശകരമായി. രാഷ്ട്രീയമുക്തമായാല്‍ ഇസ്ലാമിനും ഇതുതന്നെ സംഭവിക്കും, ഇപ്പോള്‍ ഇസ്ലാമിക രാഷ്ട്രങ്ങളും പോര്‍വിളികളുമൊക്കെയുള്ളതു കൊണ്ട് നല്ല കെട്ടുറപ്പുണ്ടെന്ന് തോന്നുമെങ്കിലും.
രാഷ്ട്രീയ ഇസ്ലാം നിലനില്‍ക്കുമ്പോഴും പ്രവാചകന്‍ വെളിപ്പെടുത്തിയ അല്ലാഹുവില്‍നിന്ന് മനുഷ്യരാശി അകന്നുപോവുന്നു. ഭാരതത്തിലാകട്ടെ ഹിന്ദുമതം അധ$പതിക്കുകയും ഹിന്ദുത്വമതം ശക്തിപ്പെടുകയും ചെയ്യുന്നതിനാല്‍ രാഷ്ട്രീയമതം പൊളിറ്റിക്കല്‍ ഹിന്ദൂയിസം സജീവമായി തുടര്‍ന്നാലും ഈശ്വരന്‍ പ്രളയജലത്തിലെ ആലിലയില്‍ ഏകാകിയും പ്രഥമദൃഷ്ട്യാ നിസ്സഹായനും ആകുന്നതാണ് നാം വൈകാതെ കാണാന്‍ പോകുന്നത്. മതത്തെ ദൈവത്തിന് മുകളില്‍ പ്രതിഷ്ഠിക്കുന്നതിന്റെ അനിവാര്യഫലമാണ് ഇതൊക്കെ.
ഈ സാഹചര്യത്തില്‍ ദൈവത്തിന് വല്ല ഭാവിയും ഉണ്ടോ? ദൈവം മരിച്ച വിവരം തോമസ് അള്‍ട്ടീസര്‍ പ്രഖ്യാപിച്ചിട്ട് അരനൂറ്റാണ്ടായി. 'െ്രെകസ്തവ നാസ്തികതയുടെ സുവിശേഷം' എന്ന കൃതിയില്‍ ദൈവത്തിന്റെ മരണം വഴി അതീന്ദ്രിയ മാനങ്ങളുള്ള ഒരു ക്രൂരമൂര്‍ത്തിയുടെ അന്ത്യം സംഭവിച്ചു എന്നാണ് അള്‍ട്ടീസര്‍ പറയുന്നത്. നസറായനായ യേശു എന്ന മനുഷ്യന്‍ സാധ്യമാക്കുന്ന മോചനമാണ് യാഥാര്‍ഥ്യം, അതറിയാന്‍ ദൈവം വേണ്ടെന്ന് പറഞ്ഞത് അള്‍ട്ടീസര്‍ അല്ലെങ്കിലും (അത് പോള്‍ വാന്‍ ബ്യൂറേണ്‍; 'സുവിശേഷത്തിന്റെ മതനിരപേക്ഷ സാരാംശം' എന്ന കൃതിയുടെ രചയിതാവ്) ആ ആശയത്തില്‍നിന്ന് അള്‍ട്ടീസറിലേക്ക് വലിയ ദൂരം കാണുന്നില്ല.
ഓഷ്വിറ്റ്‌സിനുശേഷം ഒരു സര്‍വശക്തനായ ദൈവത്തില്‍ എങ്ങനെ വിശ്വസിക്കുമെന്ന് ചോദിച്ച യഹൂദ മതപണ്ഡിതന്മാരെയും ഇവിടെ ഓര്‍ക്കാവുന്നതാണ്. ദൈവത്തെക്കുറിച്ചുള്ള ഈ അന്വേഷണം അബുല്‍ കലാം ആസാദ്, ഫ്രിത്യോഫ് ഷുവോണ്‍, ഇബ്ന്‍ അല്‍ അറബി തുടങ്ങിയവര്‍ ഇസ്ലാമിന്റെ പശ്ചാത്തലത്തിലും നടത്തിയിട്ടുണ്ട്. ഈ അന്വേഷണങ്ങള്‍ക്കൊന്നും അവഗണിക്കാനാവാത്ത ഒരു സംഗതി ആധുനികശാസ്ത്രം ആകുന്നു. 1921ല്‍ ഐന്‍സ്‌റ്റൈന്‍ ഇംഗ്‌ളണ്ട് സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ കാന്റര്‍ബറി ആര്‍ച്ച്ബിഷപ് അദ്ദേഹത്തോട് ആപേക്ഷികസിദ്ധാന്തം വേദശാസ്ത്രത്തെ എങ്ങനെ ബാധിക്കുമെന്ന് ചോദിച്ച കഥ ഫിലിപ് ഫ്രാങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്. 'ബാധിക്കയേ ഇല്ല. ആപേക്ഷികത തീര്‍ത്തും ശാസ്ത്രീയമായ ഒരു സംഗതി. അതിന് മതവുമായി ഒരു ബന്ധവുമില്ല' എന്നാണ് ഐന്‍സ്‌റ്റൈന്‍ പറഞ്ഞത്.
മനുഷ്യനെ പോലെ ദൈവത്തെ കാണുന്ന അവസ്ഥ സംതൃപ്തിദായകമാകണമെങ്കില്‍ അതിരുകളില്ലാത്ത വിശ്വാസം അവിശ്വാസികള്‍ അതിനെ അന്ധവിശ്വാസം എന്ന് വിളിക്കും, ഉണ്ടാകണം. അവിടെയും പ്രശ്‌നങ്ങള്‍ ബാക്കിയാവും. ഞാന്‍ ചെയ്യുന്ന നന്മകള്‍ ദൈവകൃപ കൊണ്ട് എനിക്ക് ചെയ്യാന്‍ കഴിയുന്നതാണ്; എന്നാല്‍, എന്റെ തിന്മകള്‍ക്ക് ഞാന്‍ മാത്രം ആണ് ഉത്തരവാദി എന്ന് പറയുന്നതില്‍ യുക്തിയില്ല.
സര്‍വശക്തനായ ദൈവം എന്റെ അപ്പനാണെങ്കില്‍ ഞാന്‍ തെറ്റ് ചെയ്യാനായുമ്പോള്‍ എന്നെ സ്‌നേഹപൂര്‍വം തടയേണ്ടതല്ലേ? എന്റെ അപ്പന്‍ പൗലോസ് കോറെപ്പിസ്‌ക്കോപ്പക്ക് എന്നെ എപ്പോഴും തടയാന്‍ കഴിയുമായിരുന്നില്ല. കാരണം ഞങ്ങള്‍ രണ്ടുപേരും മനുഷ്യരാണ്. എന്നാല്‍, സ്ഥലകാലാതിശായിയായ സര്‍വശക്തനായിരുന്നു അദ്ദേഹമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ തെറ്റുകള്‍ ഒന്നും ചെയ്യാതെ അദ്ദേഹം എന്നെ സംരക്ഷിക്കുമായിരുന്നു.
സെന്റ് പോള്‍ പറയുന്നുണ്ടല്ലോ, ഇച്ഛിക്കുന്ന നന്മ ചെയ്യാതെ ഇച്ഛിക്കാത്ത തിന്മ ചെയ്യുന്നതിനെപ്പറ്റി. ഭാരതീയ പാരമ്പര്യത്തിലും പറയുന്നുണ്ട്, ജാനാമിധര്‍മം നചമേ പ്രവൃത്തി, ജാനാമ്യധര്‍മം നചമേ നിവൃത്തി.
അറിയുന്ന ധര്‍മത്തെ അവഗണിച്ച് വിപരീതമായി പ്രവര്‍ത്തിക്കാന്‍ പറയുന്ന മനസ്സിനെ ആരാണ് നിയന്ത്രിക്കുക? അത് സര്‍വശക്തന്‍ തന്നെ എനിക്ക് ചെയ്തു തരേണ്ട ഉപകാരമല്ലേ? ഇങ്ങനെ അന്തമില്ലാതെ ചിന്തിക്കുമ്പോള്‍ ഒരു പ്രാര്‍ഥന അനിവാര്യമാവുന്നു. ഈശ്വര വിശ്വാസം നഷ്ടപ്പെടാതിരിക്കണം. ശരണാഗതി മതി. സര്‍വശക്തനില്‍ ശരണപ്പെടുക. മന$സാക്ഷിക്കുത്ത് കൂടാതെ ജീവിക്കുക. അതാണ് മതത്തിന്റെ സാരാംശം; ഏത് മതത്തിന്റെയും.
http://www.madhyamam.com/news/216089/130305
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക