Image

ലോക വനിതാദിനം; മകളെ നീ പിറക്കാതെ പോയത് നന്നായി (മീനു എലിസബത്ത്)

മീനു എലിസബത്ത് Published on 08 March, 2013
ലോക വനിതാദിനം; മകളെ നീ പിറക്കാതെ പോയത് നന്നായി (മീനു എലിസബത്ത്)
ഒരു കാലത്ത് നിന്റെ വരവിനായി ഞാന്‍ ആറ്റു നോറ്റിരുന്നിരുന്നു.
വീര്‍ത്തു വരുന്നയെന്റെ വയറിന്റെ കൂര്‍മ്മന നോക്കി…ഇതൊരു പെണ്‍കുഞ്ഞു തന്നെയന്നു പറഞ്ഞു. തലമുതിര്‍ന്ന സ്ത്രീകള്‍ എന്നെ കൊതിപ്പിച്ചു.

പച്ചമാങ്ങയും, വാളന്‍പുളിയും കറുമുറ കടിച്ചു തിന്നുന്ന എന്നെ നോക്കി വെളുത്തെടത്തിയും, മന്നാത്തിയും ഉറപ്പിച്ചു പറഞ്ഞു… ഇതൊരു കുഞ്ഞിപ്പെണ്ണു തന്നെ.

എന്റെ നിറഞ്ഞ വയറിലെ നീലഞരമ്പുകളില്‍ തലചേര്‍ത്ത്, നിന്റെയും എന്റെയും ഹൃദയമിടിപ്പുകള്‍ ഒരുമിച്ചു കേട്ട് നിന്റെയച്ഛനും പറഞ്ഞു… ഇത് എന്റെ മോള് തന്നെ…
എന്റെ വലിയ വയറില്‍ ഉമ്മ മഴ പെയ്യിച്ചു, ചെവി കൂര്‍പ്പിച്ചു വെച്ച് നിന്റെ ആങ്ങളമാരും പറഞ്ഞു… പെങ്ങളൂട്ടി” എന്നാമ്മേ വരുക?

നിന്റെ കുഞ്ഞി വിരലുകള്‍ എന്റെ മുഖം തഴുകുന്നതും, എന്റെ പാല്ക്കുടങ്ങള്‍ കൂകിയും കുറുകിയും നീ നുണയുന്നതും ഇടയ്ക്കു കള്ളച്ചിരിയോടെ എന്റെ മൂഖത്തേക്ക് നോക്കി നിലാവല പരത്തും എന്റെ നെഞ്ചിന്‍ ചൂടില്‍ നീ തലചായ്ച്ചുറങ്ങുന്നതും ഞാന്‍ ദിനവും സ്വപ്നം കണ്ടു…

നീ പിച്ച വെയ്ച്ചു നടക്കുമ്പോള്‍ കിലുകിലെ കേള്‍ക്കാന്‍, നിന്റെ അച്ഛന്‍ ചെറിയ പൊന്‍ കൊലുസുകള്‍ തീര്‍പ്പിച്ചുവെച്ചു. നിനക്കിടാന്‍ മുത്തശ്ശി പച്ചത്തതയുടെ ചിത്രത്തയ്യലുകളുള്ള കുഞ്ഞുടുപ്പുകള്‍ നെയ്തു വെച്ചു! നിന്റെ ചെറിയമ്മമാര്‍ നിനക്കായി, കാതില്‍പ്പൂക്കളും, ഘടികാരചെയിനുകളും പണിയിച്ചു വെച്ചു… നിന്റെ അച്ഛമ്മ നിനക്കായി, പൊന്നരഞ്ഞാണവും, നീക്കുവളയും കാത്തു വച്ചു. നിന്റെ പൊന്നാങ്ങളമാര്‍ നിന്നെ ചോറൂട്ടാന്‍, ഊഞ്ഞാലാട്ടാന്‍, നോക്കിയിരുന്നിരുന്നു.

മകളെ….
നീ പിറക്കാതെ പോയത് നന്നായി എന്ന് ഇന്ന് ഞാന്‍ പറയും. പൊക്കിള്‍കൊടി ഉണങ്ങും മുന്‍പ് നിന്നെ പിച്ചി ചീന്താന്‍… കാത്തിരിക്കുന്ന കാപാലികരുള്ളയീ ലോകത്തിലേക്ക് നീ വരാതിരുന്നത് നന്നായി എന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു….

പാല്‍മണം മാറാത്ത നിന്റെ കുഞ്ഞു ചുണ്ടുകള്‍ കടിച്ചുവലിക്കപ്പെട്ടെന്നിരിക്കും. ഉള്ളുരി  നീരിന്റെ ഗന്ധമുള്ള നിന്റെ ചെറു ശരീരം മരപ്പട്ടിയെപ്പോലെ മനുഷ്യരാല്‍ ആക്രമിക്കപ്പെട്ടെന്നിരിക്കും. നിന്റെ തുറന്നിട്ടില്ലാത്ത എല്ലാ വിടവുകളില്‍ കൂടിയം കാരിരുംമ്പിറക്കിയെന്നിരിക്കും. നിന്റെ വളര്‍ച്ചയെത്തിയിട്ടില്ലാത്ത ചെറിയ ഗര്‍ഭപാത്രത്തില്‍ കാമഭ്രാന്തിന്റെ വിസര്‍ജ്ജ്യങ്ങള്‍ മലിനപ്പെടുത്തിയേക്കും, മൃതപ്രായായ നിന്നെ, കൊല്ലാതെ കൊന്നൊരു കൊക്കയില്‍ തള്ളിയെന്നിരിക്കും.

അമ്മയെന്ന നിലയില്‍ നിന്നെ ഞാന്‍ തീര്‍ച്ചയായും കണ്ണിലെ കൃഷ്ണമണിപോലെ നോക്കും. ഞാനതിനും ബാധ്യസ്ത്യയാണ് താനും. പക്ഷെ എന്റെ കൃഷ്ണമണികള്‍ എന്നെ അവര്‍ ചുഴന്നെടുത്തിരിക്കുന്നു!! എന്നെ അവര്‍ ചങ്ങലക്കിട്ടിരിക്കുന്നു!
ഒരു സ്ത്രീയായി പിറന്നു എന്ന ഒറ്റ കുറ്റത്താല്‍ എന്നെ, ഞാന്‍ കെട്ടപ്പെട്ടവളായിരിക്കുന്നു! ഒരു സ്ത്രീയും ഇന്ന് ഈ ലോകത്ത് സുരക്ഷിതയല്ല.

അതുകൊണ്ട്, മകളെ..
നീ പിറക്കാതെ പോയത് നന്നായി എന്ന്, അതിവേദനയോടെ തന്നെയീ അമ്മ പറയും…


Join WhatsApp News
Ligi Abraham 2018-03-08 09:18:23
Ugran
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക