Image

അപവാദ കുതുകികള്‍ - ജോസ് തയ്യില്‍

ജോസ് തയ്യില്‍ Published on 06 March, 2013
അപവാദ കുതുകികള്‍ -  ജോസ് തയ്യില്‍

നട്ടെല്ലില്ലാത്ത ഒരു പത്രക്കാരന്‍ എന്തോ എഴുതിയതിന്റെ പേരില്‍ കോലാഹലം സൃഷ്ടിക്കുന്ന നേതാക്കളെ ആദ്യം മന്തിസഭയില്‍ നിന്നും മാറ്റണം. അല്ലെങ്കില്‍ ഭാവിയില്‍ എവനൊരു ബാധ്യതയായി മാറും. മന്ത്രി ഗണേഷ്‌കുമാര്‍ കുറ്റക്കാരനാണോ അല്ലയോ എന്നുള്ളതല്ല വിഷയം, ചീഫ് വിപ്പ് ജോര്‍ജ്ജ് മാത്രം ഈ വാര്‍ത്ത അറിഞ്ഞു എന്നുള്ളതാണ് പ്രസക്ത വിഷയം.

ഒരു മന്ത്രിയെ, മന്ത്രിയുടെ കാമുകിയുടെ ഭര്‍ത്താവ് തല്ലി, നിജസ്ഥിതിയില്ലാത്ത വാര്‍ത്ത. ഈ വാര്‍ത്തയില്‍ കഥാനായകന്‍ മന്ത്രി ഗണേഷ് കുമാറാണെന്ന് ജോര്‍ജ്ജ് അവകാശപ്പെടുന്നു. ഇത്ര കൃത്യമായി അപവാദ കുതികിയായ പി.സി.ജോര്‍ജ്ജിന് ഈ ആരോപണം ഗണേഷിനു മേല്‍ ഉന്നയിക്കാന്‍ സാധിച്ചു? ഇതില്‍ ജോര്‍ജ്ജിന്റെ പങ്കെന്താണ്? ജോര്‍ജ് തന്നെ ആളിനെ വിട്ട് തല്ലിച്ചു എന്ന് ന്യായമായും സംശയിച്ചുകൂടേ?

സിനിമാ നടന്‍ ജഗതിയുടെ മകളുടെ കാര്യത്തിലും ഈ വിടുവായന്‍ ഇടപ്പെട്ടതായി വാര്‍ത്തയുണ്ട്. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ നിയമസഭാ വിപ്പിന്റെ അധികാര പരിധിയില്‍ പെടുന്നതാണോ?

നല്ല പത്രപ്രവര്‍ത്തകര്‍ക്കും നല്ല പൊതു പ്രവര്‍ത്തകര്‍ക്കും അടികിട്ടുന്ന അവസരങ്ങള്‍ ധാരാളമുണ്ട്. അതിന്റെ വരുംവരാഴികകള്‍ തീരുമാനിക്കാന്‍ നീതിന്യായ വകുപ്പുണ്ട്. അല്ലെങ്കില്‍ യു.ഡി.എഫ്. മന്ത്രിസഭയുണ്ട്. പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്തെന്തു കാര്യം?

നെല്ലിയാംപതി വിഷയത്തില്‍ ഗണേഷിനെ എങ്ങനെയും ഒതുക്കണമെന്ന് ശഠിക്കുന്ന ജോര്‍ജ്ജിന്റെ നീക്കങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതേയുള്ളൂ.

അതു പോലെ മകന്റെ കസേര തെറിപ്പിക്കും എന്നും പറഞ്ഞു നടക്കുന്ന തന്തപ്പടിയുടെ നീക്കവും മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇവ രണ്ടും കൂടാതെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയെ വലിച്ചിടാന്‍ ആരുമായും കൂട്ടുചേരും എന്നു പറയുന്ന ഇടതുപക്ഷവും കൂടി ചേര്‍ന്നപ്പോള്‍ സംഗതിയുടെ കിടപ്പ് കേള്‍ക്കുന്നവന് ഊഹിക്കാവുന്നതേയുള്ളൂ.

ഈ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി കൂടുതല്‍ തല പുകഞ്ഞിട്ട് കാര്യമില്ല. ശശി തരൂര്‍ വീണ്ടു കല്ല്യാണം കഴിച്ചു എന്നു പറഞ്ഞ് കൊടിപിടിച്ചിട്ടെന്തു പറ്റി? മലപോലെ വന്നത് എലിപോലെ പോയി. കാരണം അത് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ കാര്യം. മന്ത്രിപ്പണിയില്‍ എന്തെങ്കിലും ദുര്‍നടപ്പ് നടന്നോ എന്നു മാത്രം അന്വേഷിച്ചാല്‍ മതി. മന്ത്രി ഗണേഷിന്റെ വിഷയവും, വ്യത്യസ്തമല്ല.

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ശ്രീ കെ.എം.മാണി പാമ്പിനാണ് പാലുകൊടുക്കുന്നതെന്ന കാര്യം ഓര്‍മ്മിക്കുന്നതും നന്ന്.

ഇത്തരത്തില്‍ ശ്രീ. ഉമ്മന്‍ചാണ്ടി കൂസാതെ ഭരണം മുമ്പോട്ടു കൊണ്ടുപോകുകയേ വേണ്ടൂ. പറ്റുമെങ്കില്‍ അപവാദ കുതുകി ജോര്‍ജ്ജിനെ ഒഴിവാക്കാന്‍ സാധിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ പതിന്‍മടങ്ങു വര്‍ദ്ധിക്കും. സങ്കോചംകൂടാതതു ചെയ്യുക.

ഈ ആരോപണത്തിന്റെ പേരില്‍ മന്ത്രി ഗണേഷ് കുമാര്‍ സ്വയം രാജിവെയ്‌ക്കേണ്ട കാര്യമില്ല. നെല്ലിയാംപതിയുടെ നെല്ലിപ്പലക കണ്ടിട്ടേ പിന്മാറൂ. ധൈര്യം പുരുഷ ലക്ഷണം.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക