Image

പാട്ടിലാക്കിയ പാട്ടുകള്‍ (മീനു എലിസബത്ത്‌)

Published on 08 March, 2013
പാട്ടിലാക്കിയ പാട്ടുകള്‍ (മീനു എലിസബത്ത്‌)
`കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‌....
പാട്ടും മൂളി വന്നോ ?...
ഞാലിപൂങ്കദളി വാഴപൂക്കളില്‌
ആകെ തേന്‍ നിറഞ്ഞോ??...!!!`


ഇന്ന്‌ കൊച്ചു കേരളം തന്നെയല്ല ലോകത്തിന്റെ ഏതു കോണിലിരുന്നും ഒരിക്കലെങ്കിലും കേള്‍ക്കാനിടയായ മലയാളികളെ മുഴുവന്‍ ഈ പാട്ട്‌ പാട്ടിലാക്കിയിരിക്കുകയാണ്‌. എല്ലാവരും ഈ ലളിതമായ ഈണത്തെ, നെഞ്ചോടു ചേര്‍ത്തിരിക്കുന്നു. പടം ഇറങ്ങുന്നതിനു മുന്‍പേ ഇതിന്റെ മനോഹരമായ ദൃശ്യങ്ങളും, പ്രത്യേകിച്ച്‌ പാട്ടുകാരിയുടെ തെളിനീരരുവി പോലെയുള്ള സ്വരമാധുര്യവും ഈ പാട്ട്‌ വീണ്ടും വീണ്ടും കേള്‍ക്കുവാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു. എവിടെയോ കേട്ടു മറന്ന ഏതൊക്കെയോ പാട്ടുകളിലേക്ക്‌ ഈ പാട്ട്‌ നമ്മെ കൊണ്ടു പോകുന്നു. ഇതിന്റെ ഈണവും വരികളും, പണ്ടെങ്ങോ നഷ്‌ടടപ്പെട്ടു പോയ ഏതോ കാലഘട്ടത്തിലേക്ക്‌, നമ്മെ വലിച്ചിഴയ്‌ക്കുന്നു.

`മീനത്തീവെയിലിലെ ചൂടില്‍
തണ്  തണെ തൂവല്‍ വീശി നിന്നു!!!.മീനത്തിലെ തീവെയിലിന്റെ പൊള്ളലും, തണ്  തണെ വീശുന്ന ഇളംതെന്നലിന്റെ തൂവല്‍സ്‌പര്‍ശവും നിറഞ്ഞ ഈ വരികള്‍ നമ്മുടെ ഉള്ളില്‍ ഓര്‍മയുടെ ഒരു വേലിയേറ്റം സൃഷ്‌ടിക്കുന്നു.

കുറെ ദിവസങ്ങള്‍ ഈ പാട്ടായിരുന്നു വീട്ടില്‍. കുട്ടികള്‍ക്ക്‌ പോലും ഇതിന്റെ ഈണം ഇഷ്‌ടമായി. വണ്ടിയില്‍ കേള്‍ക്കുവാനായി, സിഡിയിലേക്ക്‌ പകര്‍ത്തി. പാടിപ്പഠിക്കുവാനായി ഷാജി പല തവണ ഇതിന്റെ കരിയോക്കി നെറ്റില്‍ പരതി. പല കൂട്ടുകാരും പിന്നിട്‌ പല ദിവസങ്ങളിലും ഫേസ്‌ബുക്കില്‍ പല പ്രാവശ്യം അപ്പ്‌ലോഡ്‌ ചെയ്‌തിരിക്കുന്നത്‌ കണ്ടു. എല്ലാവര്‍ക്കും പറയുവാന്‍ സെല്ലുലോയിഡും അതിലെ പാട്ടുകളും മാത്രം. കൂട്ടുകാര്‍ക്കെല്ലാം പറയാന്‍ ഈ പാട്ട്‌ മാത്രം.

ചാനലുകളില്‍ പാട്ട്‌ പല പ്രാവശ്യം കണ്ടു കൊതി തീരാതെ യുട്യൂബില്‍ പരതിയപ്പോഴാണ്‌, ആരാണീ പാട്ടുകാര്‍ എന്ന്‌ കാണാന്‍ കഴിഞ്ഞത്‌. ജെ. ശ്രീറാമും, വൈക്കം വിജയലക്ഷ്‌മിയുമാണ്‌ സെല്ലുലോയിഡ്‌ എന്ന കമല്‍ ചിത്രത്തിന്‌ വേണ്ടി ഇത്‌ പാടിയിരിക്കുന്നത്‌. അന്ധയായ വിജയലക്ഷ്‌മി, സ്വര്‍ഗം പിടിച്ചടക്കിയ സന്തോഷത്തോടെ, ശ്രീറാമിനോപ്പം, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്റെയും ചിത്രസംവിധായകന്‍ കമലിന്റെയും മേല്‍നോട്ടത്തില്‍ പാട്ട്‌ റെക്കോര്‍ഡ്‌ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വളരെ കൗതുകത്തോടെ ഞാന്‍ കേട്ടിരുന്നു.

വിജയലക്ഷ്‌മി ശാസ്‌ത്രീയ സംഗീതം പഠിച്ചിട്ടുള്ള പെണ്‍കുട്ടിയാണ്‌. അവരുടെ സംഗീതക്കച്ചേരികളും വളരെ ഭംഗിയായി വീണവായിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കമ്പ്യൂട്ടറില്‍ കണ്ടു. ഇത്രനാള്‍ എന്താ ഇത്ര നല്ല ഒരു പാട്ടുകാരിയെക്കുറിച്ചു ആരും കേള്‍ക്കാതെ പോയതെന്ന ഒരു സങ്കടവും മനസിലുദിച്ചു. അവരുടെ നിഷ്‌കളങ്കത നിറഞ്ഞ ആ മുഖവും, പ്രത്യേക രീതിയിലുള്ള ശബ്‌ദവും, ഹൃദയത്തിലെവിടെയോ ഒന്നു കൊളുത്തിവലിച്ചു. അവര്‍ക്ക്‌ എങ്ങനെയെങ്കിലും കാഴ്‌ച ലഭിച്ചിരുന്നെങ്കിലെന്ന്‌ പ്രാര്‍ഥിച്ചു പോകുന്നു.

വൈക്കം വിജയലക്ഷ്‌മിയെക്കുറിച്ച്‌ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അവര്‍ രണ്ടാം വയസു മുതല്‍ പാട്ട്‌ പാടിത്തുടങ്ങിയ ആളാണ്‌. വൈക്കത്തെ പാതൂര്‍ക്കര എന്ന ഗ്രാമത്തിലാണ്‌ ജനനം. അഛനും അമ്മയും, അമ്മയുടെ അഛനും നല്ല പാട്ടുകാരായിരുന്നു. യേശുദാസിന്റെ പാട്ട്‌ കച്ചേരിയുടെ കാസറ്റുകള്‍ വാങ്ങിയായിരുന്നു ആദ്യമെല്ലാം അവര്‍ വിജയലഷ്‌മിയെ പരിശീലിപ്പിച്ചിരുന്നത്‌.

സാമ്പത്തിക ബുദ്ധിമുട്ടു കാരണം ചെറുപ്പകാലത്ത്‌ പാട്ട്‌ പഠിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും അതിന്റെ കുറവ്‌, മുതിര്‍ന്നപ്പോള്‍ അവര്‍ തീര്‍ക്കുക തന്നെ ചെയ്‌തു. ഇന്ന്‌ ശാസ്‌ത്രീയസംഗീതത്തിലും രുദ്രവീണയിലും വിജയലക്ഷ്‌മി പ്രവീണയാണ്‌. ഇന്ത്യയിലെ പല പ്രമുഖ പട്ടണങ്ങളിലും ഈ വൈക്കംകാരി ഇതിനകം ധാരാളം സംഗീതകച്ചേരികള്‍ നടത്തിയിട്ടുണ്ട്‌.

എന്തായാലും, `കാറ്റേ കാറ്റേ' എന്ന ഒറ്റ പാട്ട്‌ കൊണ്ട്‌്‌ ഇന്ന്‌ ഭൂലോകം മുഴുവനുള്ള മലയാളികള്‍ വിജയലക്ഷ്‌മിയെ അറിഞ്ഞു. ഇനിയും അവര്‍ക്ക്‌ നല്ല നല്ല പാട്ടുകള്‍ കിട്ടട്ടെ.

കാറ്റേ കാറ്റേ എന്ന പാട്ട്‌ പോലെ തന്നെ, ഈണം കൊണ്ടും വരികള്‍ കൊണ്ടും, നാടന്‍ചുവ കൊണ്ടും, ശ്രദ്ധേയമായി തോന്നിയ പാട്ടാണ്‌ സിതാര പാടിയ `ഏനുണ്ടോടി, അമ്പിളിച്ചന്തം' എന്ന നാടന്‍ പാട്ട്‌. പാടവരമ്പത്ത്‌, കറ്റ കൊയ്‌തും, കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞും, കളിച്ചു ചിരിച്ചു രണ്ടു കൂട്ടുകാരികളില്‍ ഒരാള്‍ മറ്റെയാളോട്‌ ചോദിക്കുകയാണ്‌.

ഏനുണ്ടോടി അമ്പിളിച്ചന്തം, !!?
ഏനുണ്ടോടി താമരച്ചന്തം !!?
ഏനുണ്ടോടി മാരിവില്‍ ചന്തം!?
ഏനുണ്ടോടി മാമാഴച്ചന്തം!?.
ഏന്തിനാണോ, ഏതിനാണോ ,
ഈനിതൊന്നുമറിഞ്ഞതേയില്ലെ...പുന്നാരാപൂങ്കുയിലേ....

എനിക്കേറ്റവും ഇഷ്‌ട്ടമായത്‌ ഈ വരികളുടെ മോഡുലേഷനാണ്‌. സിതാര അത്‌ വളരെ ഭംഗിയായി വേണ്ട ഭാവം കൊടുത്ത്‌ പുഷ്‌പം പോലെ പാടിവെച്ചിരിക്കുന്നു. പാട്ടുപരിപാടികള്‍ കണ്ടു കണ്ട്‌, പാടാന്‍ പഠിച്ചില്ലെങ്കിലും പാട്ടിനു കുറ്റമോ കുറവോ ഉണ്ടെങ്കില്‍ അത്യാവശ്യം കണ്ട്‌ പഠിക്കാന്‍ പാട്ട്‌ ജഡ്‌ജിമാര്‍ എന്നെപ്പോലെയുള്ള അജ്ഞരെയും പഠിപ്പിച്ചിരിക്കുന്നു.

കൈരളി ടിവിയിലെ ഒരു സംഗീത പരിപാടിയില്‍ വിജയിയായി വന്ന സിതാര കോഴിക്കോട്‌ സ്വദേശിയാണ്‌. ചെറുപ്പത്തിലേ സംഗീതം അഭ്യസിച്ച ഇവര്‍ 2007 മുതല്‍ മലയാളം, തമിഴ്‌ സിനിമകളില്‍ തിരക്കുള്ള പ്ലേബാക്ക്‌ സിംഗര്‍ ആണ്‌. വിവാഹിത.

സ്റ്റേറ്റ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ചപ്പോള്‍ സെല്ലുലോയിഡിനു മികച്ച ചിത്രത്തിനുള്ള അവാര്‍ഡും , സിതാര മികച്ച പാട്ടുകാരിയായും തിരഞ്ഞെടുക്കപ്പെട്ടു. കാറ്റേ കാറ്റേ പാട്ടിനും പാട്ടുകാര്‍ക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശവും നല്‌കപ്പെട്ടു. ഈ പാട്ടിന്റെ ദൃശ്യങ്ങള്‍, വരികളും സംഗീതവും പോലെ അതിമനോഹരം തന്നെ.

ആരാണീ ഹൃദയത്തോടു ചേര്‍ന്ന്‌ നില്‌ക്കുന്ന വരികളുടെ രചയിതാക്കള്‍? മറ്റാരുമല്ല. കുറഞ്ഞ കാലം കൊണ്ട്‌, മലയാളിയുടെ ഹൃദയസ്‌പന്ദനം മനസിലാക്കി മനോഹരമായ കവിതകള്‍ നമുക്ക്‌ വേണ്ടി എഴുതുന്ന റഫീക്ക്‌ അഹമ്മദും `എന്നെക്കാണാന്‍ നിന്നെക്കാളും ചന്തം തോന്നും..' എന്ന ഗാനത്തിലൂടെ പ്രശസ്‌തനായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനുമാണ്‌.

ഇത്‌ മൂന്നാമത്തെ തവണയാണ്‌ റഫീക്ക്‌ അഹമ്മദിനു ഏറ്റവും നല്ല പാട്ടെഴുത്തുകാരാനുള്ള അവാര്‍ഡ്‌ കിട്ടുന്നത്‌. സ്‌പിരിറ്റ്‌ എന്ന മലയാളം സിനിമയില്‍ അദ്ദേഹം വരികള്‍ എഴുതിയ `മരണം എത്തുന്ന നേരത്ത്‌ എന്ന' കവിത ആര്‍ക്കു മറക്കാന്‍ കഴിയും. ഇപ്രാവശ്യം അവാര്‍ഡ്‌ കിട്ടിയതും സ്‌പിരിറ്റിലെ ആ പാട്ടിനു തന്നെ.

എന്താണ്‌..കാറ്റേ കാറ്റേ, എന്ന പാട്ടും, ഏനുണ്ടോടി അമ്പിളിചന്തമെന്ന പാട്ടും നാം അത്രയ്‌ക്ക്‌ ഇഷ്‌ട്ടപ്പെടാന്‍ കാരണം? അത്‌ നമ്മെ പല പഴയപാട്ടുകളും ഓര്‍മപ്പെടുത്തുന്നു. പണ്ടെങ്ങോ കേട്ട്‌ മറന്ന ചില പഴയകാല തമിഴ്‌ പാട്ടിന്റെ ഈണമാണ്‌ കാറ്റേകാറ്റിനുള്ളതെങ്കില്‍, മണ്ണിന്റെ മണമുള്ള, ദളിതരുടെ വിയര്‍പ്പിന്റെയും ചോരയുടെയും അധ്വാനത്തിന്റെയും മണമുള്ള കൊയ്‌ത്തുപാട്ടിന്റെ നാടന്‍ശീലുകളാണ്‌ `ഏനുണ്ടോടി അമ്പിളിച്ചന്ത'ത്തിനുള്ളത്‌. അറുപതുകളില്‍ കെ.പി ഉദയഭാനുവും, പി ലീലയും ചേര്‍ന്ന്‌ പാടിയ ഏതൊക്കെയോ പാട്ടുകളുടെ ഭാവവും താളവും ഈ കാറ്റ്‌ പാട്ട്‌ നമ്മെ ഓര്‍മപ്പെടുത്തുന്നു.

ദേവരാജന്‍ മാഷ്‌, ഒ.എന്‍.വി കുറുപ്പ്‌ കൂട്ടുകെട്ടില്‍ ഉടലെടുത്ത, നിരവധി നാടകഗാനങ്ങളുടേ ഒരു നിര തന്നെ, സിതാരയുടെ `ഏനുണ്ടോടി, കേള്‍ക്കുമ്പോള്‍ നമ്മുടെ ചെവിയില്‍ മുഴങ്ങുന്നു. അത്‌ തന്നെ ആയിരുന്നിരിക്കണം കമല്‍ എന്ന സംവിധായകന്‍ ആഗ്രഹിച്ചിരുന്നതും ഉദ്ദേശിച്ചിരുന്നതും.

പീരിയോഡിക്കല്‍ സിനിമകളില്‍ എന്തെല്ലാം ശ്രദ്ധിക്കണം ഒരു കാലം അപ്പടി പകര്‍ത്താന്‍. വര്‍ണവിവേചനം, കൊടികുത്തി വാണിരുന്ന ഒരു കാലഘട്ടത്തിന്റെ ശബ്‌ദം അത്‌ പോലെ പകര്‍ത്താന്‍, അതുപോലെ ഈണം നല്‌കാന്‍ എം. ജയചന്ദ്രന്‍ നടത്തിയ ശ്രമം വിജയപ്രദമായെന്നു തന്നെ പറയാം. പൊന്നരിവാള്‍ അമ്പിളിയും, എന്‍ നെഞ്ച്‌ തകരാന്‍, പൂനിലാവേ, ഇവയെല്ലാം ഇന്നും ഗാനമേളകളിലും, പാട്ടുക്കൂട്ടങ്ങളിലും പാടിയാസ്വദിക്കുന്ന മലയാളിക്ക്‌ ജയചന്ദ്രന്റെ ഈ ഈണങ്ങള്‍ കേട്ടാല്‍ ഗൃഹാതുരത്വം വന്നില്ലെങ്കിലേ അദ്‌ഭുതമുള്ളൂ.

സിനിമാ ഞാന്‍ കാണാത്തതിനാല്‍ അതിനെക്കുറിച്ച്‌ ഒരു അഭിപ്രായപ്രകടനം നടത്താന്‍ മുതിരുന്നില്ല. നാട്ടിലുള്ള പല സുഹൃത്തുക്കളും കണ്ടിട്ട്‌ അതെക്കുറിച്ച്‌ വളരെ നല്ല അഭിപ്രായമാണ്‌ പറഞ്ഞു കേട്ടത്‌. ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ സിനിമയെ, വളരെയേറെ പഠനങ്ങള്‍ നടത്തി സൂക്ഷ്‌മതയോടെ കമല്‍ കൈകാര്യം ചെയ്‌തിരിക്കുന്നുവെന്ന്‌ പലരും പറഞ്ഞും വായിച്ചും അറിഞ്ഞു.

മലയാള
സിനിമയുടെ പിതാവ്‌ ജെ. സി ദാനിയല്‍ എന്ന വലിയ മനുഷ്യനെക്കുറിച്ച്‌ ഒരു നല്ല സിനിമയെടുത്ത്‌, ലോകമെമ്പാടുമുള്ള മലയാളി മക്കള്‍ക്ക്‌ പരിചയപ്പെടുത്തിയ കമലിന്‌ പ്രത്യേകം നന്ദി. അദ്ദേഹത്തിന്റെ ശ്രമകരമായ ഉദ്യമത്തിന്‌ അര്‍ഹതപ്പെട്ട അംഗീകാരം ലഭിച്ചത്‌, ജെ സി ദാനിയേലിന്‌ വൈകിക്കിട്ടിയ അംഗീകാരമായി കമല്‍ എടുത്തു പറയുന്നു. ഇനിയും കമലിന്‌ ഇത്തരം സിനിമകള്‍ എടുക്കുവാന്‍ അവസരങ്ങള്‍ ഉണ്ടാവട്ടെ.

http://www.youtube.com/watch?v=IVDrj8WE3SQ

http://www.youtube.com/watch?v=iTRFcvi8nhE
പാട്ടിലാക്കിയ പാട്ടുകള്‍ (മീനു എലിസബത്ത്‌)പാട്ടിലാക്കിയ പാട്ടുകള്‍ (മീനു എലിസബത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക