Image

കൊടുങ്കാറ്റുകള്‍ ഇരമ്പുന്നു -ജയന്‍ വര്‍ഗീസ്

ജയന്‍ വര്‍ഗീസ് Published on 09 March, 2013
കൊടുങ്കാറ്റുകള്‍ ഇരമ്പുന്നു -ജയന്‍ വര്‍ഗീസ്
മാമലകള്‍ക്കപ്പുറത്ത്
മരതക പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്…
ഓരോ പ്രവാസികളുടെയും കരളില്‍ കുളിരു കോരിയിട്ടിരുന്ന ഈ ഗാന ശകലത്തിന്റെ പ്രസക്തി നമ്മുടെകാലഘട്ടത്തെ സംബന്ധിച്ചിടത്തോളം എന്നേ അന്യമായിക്കഴിഞ്ഞിരിക്കുന്നു.
മകരക്കുളിരും മാമ്പൂമണവും നിറഞ്ഞു നിന്ന്, മണ്ണില്‍ നിന്ന് ശുദ്ധജലവും, മനസ്സില്‍ നിന്ന് ശുദ്ധ സ്‌നേഹവും കിനിഞ്ഞിരുന്ന നമ്മുടെനാട്, പടിഞ്ഞാറന്‍ അധിനിവേശത്തിന്റെ അമൂര്‍ത്ത നുകത്തിനടിയില്‍ സ്വന്തം കഴുത്തുകള്‍ പിണച്ചുകൊടുത്ത ഭരണ വര്‍ഗ്ഗ വഞ്ചകന്മാരുടെയും, സാംസ്‌കാരിക ഷണ്ഡന്മാരുടെയും കഴിഞ്ഞകാലങ്ങളിലെ പ്രവര്‍ത്തന ഫലമായി സാമൂഹ്യ വളര്‍ച്ചയുടെ കൂമ്പുകള്‍ അടഞ്ഞ് ധാര്‍മ്മിക സാംസ്‌കാരികതലങ്ങളില്‍ നപുംസക വേഷം കെട്ടിയാടുന്ന മൂന്ന് കോടിയിലധികം വരുന്ന ജനങ്ങളുടെ നാടായിരിക്കുന്നു ഇന്ന് കേരളം.
സാമൂഹ്യ വ്യവസ്ഥയുടെ സ്വച്ഛശീതളിയിന്മേല്‍ ഇരമ്പുന്ന ഈ കൊടുങ്കാറ്റുകളെ ആരും കാണുന്നില്ല. കണ്ടവര്‍ തന്നെ കണ്ടതായി നടിക്കുന്നില്ല. കണ്ടതായി നടിച്ചുപോയാല്‍ വാടക ഗുണ്ടകളുടെ കൊലക്കത്തികളില്‍ കഴുത്ത് ചേര്‍ത്തു കൊടുക്കുവാനുള്ള മടുകൊണ്ട് ആരും പ്രതികരിക്കുന്നില്ല. ഇനി പ്രതികരിക്കുന്നവരെ കീഴ്‌പ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ പല രൂപത്തിലും ഭാവത്തിലും തേടിയെത്തുമ്പോള്‍, കൊലക്കത്തി മുതല്‍ കോഴപ്പണം വരെയുള്ള ഓഫറുകളില്‍ നിന്ന് പലരും കോഴപ്പണം തന്നെ പോക്കറ്റുകളിലൊതുക്കി മുങ്ങുന്നു.

ധാര്‍മ്മിക അപചയങ്ങളുടെ ആധുനിക് നാമമായ അടിപൊളിയുടെ ആമേന്‍ പാടലുകാരായി അധപതിച്ചുകൊണ്ട് മത രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ മഹാരഥന്മാര്‍ സ്വയം ഷണ്ഡത്വം ഏറ്റുവാങ്ങി തല്‍സ്ഥാനങ്ങളില്‍ വിലസുകയാണ്.

ജനങ്ങള്‍ക്ക് നേരിട്ടു മദ്യം വില്‍ക്കുന്ന ലോകത്തിലെ ഒരേയൊരു ഗവണ്‍മെന്റാണ് കേരളത്തിലേത്. ആളോഹരി കള്ളുകുടിയില്‍ ലോക റിക്കാര്‍ഡ് സ്ഥാപിച്ചെടുത്ത വീരന്മാരുടെ നാടാണ് കേരളം. ഈ കള്ളും, വെള്ളിത്തിരയും സ്വര്‍ണ്ണത്തിരയും പ്രദര്‍ശിപ്പിക്കുന്ന സെക്‌സ് ബോംബുകളുടെ തള്ളുകൂടിയാവുമ്പോള്‍ ആഴ്പാരി തമ്പ്രാക്കള്‍ മുതല്‍ അടിമ പ്പുലയന്‍ വരെ പീഡനക്കേസുകളില്‍ കുടങ്ങി മുഖത്ത് മുണ്ടിട്ട് നില്‍ക്കുന്നു.

അദ്ധ്വാനിക്കുവാന്‍ ആര്‍ക്കും താല്‍പര്യമില്ല. പാടത്തും പറമ്പിലും പണിയെടുക്കുന്നവനെ ജനം പുച്ഛിക്കുകയാണ്. എല്ലാവര്‍ക്കും വേണ്ടത് വൈറ്റ് കോളര്‍ ഉദ്യോഗമാണ്. അത് സാധിക്കാത്തവന്‍ എളുപ്പത്തില്‍ വൈറ്റ് കോളര്‍ അണിഞ്ഞ് സ്വയം ബ്രോക്കര്‍ ആവുകയാണ് സമൂഹത്തില്‍ ഇറങ്ങുന്ന മൊത്തം പണത്തിന്റെ പത്തില്‍ ഒന്നെങ്കിലും ഈ ബ്രോക്കര്‍മാരുടെ പോക്കററില്‍ വീഴുന്നു, പെണ്ണുകെട്ടു മുതല്‍ പേറടിയന്തിരം വരെ ബ്രോക്കര്‍മാരുടെ നിയന്ത്രണത്തില്‍ നടക്കുന്നു. രാഷ്ട്രീയത്തോടും മതത്തോടും സാംസ്‌കാരികരംഗത്തോടും ഒട്ടിനിന്നുകൊണ്ടും ചിലര്‍ ബ്രോക്കറേജ് പിരിച്ചെടുക്കുന്നു. ഈ മേഖലകളില്‍ പണമെറിഞ്ഞ് പണം കൊയ്യുന്നത് മദ്യ സ്വര്‍ണ്ണ മാഫിയകളാണ്. മദ്യമേഖല കേരളത്തിലെ കുഗ്രാമങ്ങളില്‍ പോലും തങ്ങളുടെ ബാറുകള്‍ സ്ഥാപിച്ച് കടന്നു കയറിക്കഴിഞ്ഞിരിക്കുന്നു. അവരെ അനുകരിച്ച് കേരളം കീഴടുക്കയാണ് സ്വര്‍ണ്ണ മാഫിയകള്‍. പഞ്ചായത്തുതല പട്ടണങ്ങളില്‍പ്പോലും ഇന്ന് വന്‍കിട സ്വര്‍ണ്ണ വ്യാപാരികളുടെ കൂറ്റന്‍ ഷോറൂമുകള്‍ കടന്നുകയറുകയാണ്. കുടംബനാഥയുടെ ശവം മറവു ചെയ്യാന്‍ ഇടമില്ലാതെ സ്വന്തം കുടിലിന്റെ അടുക്കളയിലൊളിച്ച് ശവമടക്കേണ്ടി വരുന്ന സാധുക്കളുടെ കൂടെ നാടായ കേരളത്തിലാണീ സ്വര്‍ണ്ണമാമാങ്കം എന്നറിയുമ്പോളാണ് സത്യത്തിന്റെ മുഖം എത്ര വികൃതമാണെന്ന് നാം തിരിച്ചറിയുന്നത്.

മദ്യമാഫിയകള്‍ രാഷ്ട്രത്തെയും മതത്തെയും നിയന്ത്രിക്കുമ്പോള്‍ സ്വര്‍ണ്ണ മാഫിയകള്‍ സാംസ്‌കാരിക രംഗത്തെ നിയന്ത്രിക്കുന്നു. പരസ്യങ്ങള്‍ക്കായി അവര്‍ വലിച്ചെറിയുന്ന കോടികള്‍ക്കായി ചാനലുകള്‍ അവരുടെ കാല്‌നക്കുകയാണ്. സിനിമ സീരിയല്‍ രംഗങ്ങളിലെ കലാകാരന്‍മാരും കലാകാരികളും സ്വര്‍ണ്ണമാഫിയകളുടെ വാലാട്ടിപ്പട്ടികളായി തരം താഴുകയാണ്. തങ്ങളുടെ വശ്യമായ പാല്‍പുഞ്ചിരിയുടെ പിന്‍ബലത്തോടെ തങ്ങളുടെ ആരാധകര്‍ക്കും സ്വര്‍ണ്ണ വ്യാപാരികള്‍ക്കുമിടയില്‍ ഇവര്‍ കൂട്ടിക്കൊടുപ്പുകാരാവുകയാണ്. അടിപൊളിയുടെ ത്രിശങ്കുസ്വര്‍ഗ്ഗത്തിലെത്തിയിരിക്കുകയാണ്- അവസാനം ആത്മഹത്യ…

സ്വാമി വിവേകനാനന്ദനെക്കൊണ്ട് ഭ്രാന്താലയം എന്നു വിളിപ്പിക്കാന്‍ പാകത്തിന് ഒരിക്കല്‍ അന്ധ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂത്തരങ്ങായിരുന്നു കേരളം. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഈ അവസ്ഥ പാടേ മാറി. പല അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നാം പടിയിറക്കിവിട്ടു. ധാര്‍മ്മികവും മാനവീകവുമായ ഒരടിത്തറയില്‍ നാം ഒരു സാമൂഹ്യക്രമം കെട്ടിപ്പൊക്കി. ഈ സാമൂഹ്യക്രമത്തില്‍ പച്ചയണിഞ്ഞു നിന്ന നമ്മുടെ നാടിനെയോര്‍ത്താണ് മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട് എന്ന് നാം അഭിമാനത്തോടെ മൂളിയിരുന്നത്. ഈ സാമൂഹ്യ ക്രമം കെട്ടിപ്പൊക്കുന്നതില്‍ ഇടപക്ഷപ്രസ്ഥാനങ്ങളും ആദര്‍ശധീരരായ സാംസ്‌കാരിക പ്രവര്‍ത്തകരും വഹിച്ച പങ്ക് ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടവയാണ്.

ഇന്ന് ഞെട്ടലേറെ നാം തിരിച്ചറിയുകയാണ്, ഇതെല്ലാം തിരിച്ചൊഴുകുകയാണ്. സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു സമൂഹത്തെ ആര്‍ക്കും ഒന്നിനും അടിമകളാക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞ മദ്യ-സ്വര്‍ണ്ണ മാഫിയകള്‍ തന്നെയാവണം ഈ തിരിച്ചൊഴുക്കലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അന്ധവിശ്വാസപരവും അബദ്ധ ജൗിലവുമായ യക്ഷിക്കഥകളില്‍ ക്രൈസ്തവ തത്വദര്‍ശനം കുത്തിത്തിരുകി പവിത്രമായ ആ തത്വദര്‍ശനത്തെവരെ ആക്ഷേപിക്കുകയാണ് ചാനലുകള്‍. കടമറ്റത്തു കത്താനാരും കള്ളിയാങ്കാട്ട് നീലിയും അരങ്ങ് നിറഞ്ഞാടുന്ന മിനിസ്‌ക്രീനുകള്‍ക്ക് കിട്ടുന്ന ജനപ്രീതി തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന സാമൂഹ്യവ്യവസ്ഥയുടെ വന്‍ ദുരന്തത്തിലേക്കുള്ള വിരല്‍ ചൂണ്ടലാണ്. സ്വപ്നങ്ങള്‍ പൂട്ടിയ അശ്വരഥങ്ങളുടെ കുളമ്പടിയില്‍ ലോകം അടുത്ത നൂറ്റാണ്ടിലേക്കു കുതിക്കുമ്പോള്‍, കള്ളിയാങ്കാട്ട് നീലിക്ക് ചുണ്ണാമ്പു ചുമക്കുന്ന കോമരങ്ങളായി തരം താഴുകയാണ് സാക്ഷര കേരളത്തിലെ പ്രതിഭകള്‍.

ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന മിക്ക സീരിയലുകളുടെയും അവസ്ഥ ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്ഥമല്ല. അവിഹിത ഗര്‍ഭത്തില്‍ അധിഷ്ഠിതമായ ഒരു കഥാതന്തുവാണ് മിക്ക സീരിയലുകളും പിന്‍തുടരുന്നത്. നിത്യഗര്‍ഭം പേറി കരഞ്ഞു തളരുന്ന ചുണ്ണാമ്പുനായികമാരോടുള്ള സഹതാപത്തില്‍ കേരളം കരഞ്ഞുറങ്ങുകയാണ്. അവിഹിത ഗര്‍ഭത്തിന്റെ ആളെ കണ്ടെത്തുമ്പോഴേയ്ക്കും എപ്പിസോഡുകള്‍ ഇരുന്നൂറും മുന്നൂറും പിന്നിട്ടു കഴിയും. ഇടക്കുള്ള കരച്ചിലിനും പിഴിച്ചിലിനും ഇടക്ക് സ്വര്‍ണ്ണ മാഫിയകള്‍ തങ്ങളുടെ കച്ചവടം പൊടിപൊടിക്കുന്നു.

അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉന്നത കലാസൃഷ്ടിയായ ചെമ്മീന്‍ രചിച്ചെടുത്ത മലയാള സിനിമയ്ക്ക് അതിന് ശേഷം എന്തു പറ്റി? ഈ പതിറ്റാണ്ടുകള്‍ക്കിടയില്‍ നല്ല ചിത്രങ്ങള്‍ ഉണ്ടായില്ല എന്ന് ഇവിടെ അര്‍ത്ഥമാക്കുന്നില്ല. എങ്കിലും ഈ കാലഘട്ടത്തില്‍ പിറന്നു വീണതിലധികവും വെറും ചാപിള്ളകളായിരുന്നു. പ്രതികൂലങ്ങളെ അതിജീവിച്ച് മുന്നേറാനുള്ള കഴിവും കരുത്തും മനുഷ്യനേകുന്നതാവണം കലയും- സാഹിത്യവും എങ്കില്‍ ആത്മഹത്യാ മുനമ്പിലേക്ക് കുതിക്കുന്ന കേരളത്തിലെ ജനങ്ങളുടെ ഒരു വലിയ പ്രചോദന കേന്ദ്രം ഈ ചാപിള്ള സിനിമകള്‍ ആയിരുന്നില്ലേ എന്നു സംശയിക്കണം.

ആദര്‍ശങ്ങളെ അപ്പത്തിനുള്ള ഉപാധഇയാക്കുകയാണ് രാഷ്ട്രീയക്കാര്‍. അവരുടെ കാലുനക്കി ആനുകൂല്യങ്ങള്‍ കൈമാറ്റിക്കൊണ്ട്  വിശ്വാസത്തെ വോട്ടാക്കി മാറ്റുകയാണ് മതങ്ങള്‍. ഒരു വലിയ കൂട്ടം കോമാളികളുടെ കുരങ്ങുകളിയാണ് ഭരണം. കുന്നുകൂടുന്ന പൊതുസ്വത്ത് തന്ത്രപൂര്‍വ്വം എങ്ങിനെ സ്വന്തം പോക്കറ്റിലാക്കാം എന്നുള്ള കസര്‍ത്തുകളി മാത്രമാണ് ഇന്‍ഡ്യയുടെ ഭരണം.

ഒരു മാറ്റം അനിവാര്യമാണെങ്കിലും അതത്ര എളുപ്പമല്ല. അനേകര്‍ അടിപൊളിയുടെ നുകത്തിനടിയില്‍ സ്വന്തം കഴുത്തുകള്‍ പിണച്ചു കഴിഞ്ഞു. അറവുശാലകളുടെഅരികിലേക്കാണ് തങ്ങള്‍ അടിത്തെളിക്കപ്പെടുന്നതെന്ന് ഇവര്‍പോലുമറിയുന്നില്ല. ഇവരുടെ തിരിച്ചറിവും തിരിച്ചുപോക്കും യജമാന വര്‍ഗ്ഗം തടയുകതന്നെ ചെയ്യും. അതിനുള്ള അവരുടെ തോക്കും ലാത്തിയും ബോംബുമല്ല. അതു ബുദ്ധിയാണ്. ബൗദ്ധികമായ അധിനിവേശമാണ്. ഇവര്‍ പൊതു സമൂഹത്തിന്മേല്‍ നടത്തുന്നത്. അതിനുള്ള ഏജന്‍സികളെ അവര്‍ വാങ്ങിക്കഴിഞ്ഞു. പത്രങ്ങളും റേഡിയോയും ടെലിവിഷനും ചാനലുകളും എല്ലാറ്റിനുമുപരി സിനിമയും. ഇവരുടെ കാലുനക്കുന്ന മാദ്ധ്യമ പ്രഭൃതികളും പേനയൂന്തുകാരും ഖലാഹാരന്മാരും ഖലാഹാരികളും അവര്‍ക്കു വേണ്ടി കുരക്കുന്നു. തങ്ങളുടെ നായകന്‍ കുരക്കുമ്പോള്‍ പൊതുജനം എങ്ങിനെ മിണ്ടാതിരിക്കും, അവരും കുരക്കുന്നു.

ഈ കുര കേരളത്തില്‍ സൃഷ്ടിച്ച സാമൂഹ്യ വിപത്തുകള്‍ വളരെയാണ്. നാടിന്റെ നായകര്‍ മുഖ്യ പ്രതികളാകുന്ന സ്ത്രീപീഢനങ്ങള്‍ സ്വയം ദൈവങ്ങളായി കോടികള്‍ കൊയ്ത് വിലസുന്ന പച്ച മനുഷ്യര്‍. കഴിഞ്ഞ നൂറ്റാണ്ട് ചവുട്ടി താഴ്ത്തിയ ഫ്യൂഡലിസം അതിശക്തമായി പുനര്‍ജനിച്ചുകഴിഞ്ഞു. ആരെക്കൊന്നും പണമുണ്ടാക്കിയാല്‍ കരഗതമാവുന്ന ഉയര്‍ന്ന സാമൂഹ്യ മാന്യത. പണം എറിഞ്ഞു പണം  കൊയ്യുന്ന ഉന്നത വിദ്യാഭ്യാസ രംഗം ഇതിനിടയില്‍ വാഗ്ദാനങ്ങളുടെ വലയില്‍ കുടുങ്ങി ശ്വാസം മുട്ടി മരിക്കുന്ന സാധാരണ ജനങ്ങള്‍.
മാറ്റം ഒരു സ്വപ്നമാണ്. മാറ്റത്തിന്റെ ഈ കാറ്റ് വിതയ്ക്കാന്‍ ആര്‍ക്കും കഴിയും. യജമാനവര്‍ഗ്ഗം ചുഴറ്റിയെറിഞ്ഞ ദാരിദ്ര്യരേഖയുടെ മിന്നല്‍പ്പിണരിന്നടിയില്‍ വരാനിരിക്കുന്ന ഈ മാറ്റം കാത്തിരിക്കുകയാണഅ ജനകോടികള്‍.

ധാര്‍മ്മിക അപജയങ്ങളുടെ പുത്തന്‍ കൊടുങ്കാറ്റുകള്‍ ഇരമ്പുന്നു. നാടോടുമ്പോള്‍ നടുവേ എന്ന് പറഞ്ഞിരുന്നാര്‍ നമ്മേളേയും ഈ കാറ്റ് ചുഴറ്റിയെറിയും, ഒറ്റയ്ക്കു നില്‍ക്കുവാനുള്ള ആത്മബലം നാം നേടിയെടുത്തേ തീരൂ… ഒഴുക്കിനെതിരെ നീന്തുവാന്‍ വലിയ പ്രയാസമാണ്. എങ്കിലും നമുക്ക് ശ്രമിക്കാം. കഠിനമായി ശ്രമിക്കാം. വെളിച്ചം നമ്മെ കാത്തിരിക്കുന്നുണ്ട്…. നാം മനസസുവച്ചാല്‍ നമുക്കും വെളിച്ചം ഏറ്റുവാങ്ങാവുന്നതേയുള്ളൂ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക