Image

മലങ്കര സഭ : കോടതി വിധികളെ അനുസരിക്കുക: ജോസഫ് കുരിയപ്പുറം

ജോസഫ് കുരിയപ്പുറം Published on 15 September, 2011
മലങ്കര സഭ : കോടതി വിധികളെ അനുസരിക്കുക: ജോസഫ് കുരിയപ്പുറം

(ഇ മലയാളിയില്‍ സെപ്റ്റംബര്‍ 13-ാം തീയ്യതി ശ്രീ ചാര്‍ലി വര്‍ഗീസ് പടനിലം എഴുതിയ മലങ്കര സഭ കോടതി വിധി നടപ്പാക്കാന്‍ ഇനി വൈകരുത് എന്ന ലേഖനത്തിന് ഒരു അടിക്കുറിപ്പ്)

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന്‍ കഴിയാത്ത ഏതൊരു ഗവണ്‍മെന്റും ഭരണപരമായി പരാജയമായിരിക്കും. നീതിന്യായ കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടപ്പാക്കാനുള്ള ചുമതല എക്‌സിക്യൂട്ടീവിന്റെ ഭാഗമായ പോലീസിനുള്ളതാണ്. അതേ പോലീസിനുതന്നെയാണ് ക്രമസമാധാനത്തിന്റെ ചുമതലയും എന്നു മറക്കരുത്. മഹത്തായ ജനാധിപത്യ സംസ്‌ക്കാരത്തിന്റെ കളിത്തൊട്ടിലാണ് ഇന്‍ഡ്യാ മഹാരാജ്യം. പരസ്പര ബഹുമാനത്തോടു കൂടിയാണ് ജനാധിപത്യത്തിന്റെ രണ്ടു ശിഖരങ്ങളായ ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.

നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് പ്രതികരിയ്ക്കാനും, പ്രതിഷേധിക്കാനും ജനാധിപത്യ വ്യവസ്ഥയില്‍ അവസരമുണ്ട്. അത് സംഘര്‍ഷത്തിലേക്ക് നയിക്കാതെ നോക്കാന്‍ നിയമപാലകര്‍ക്കു കഴിയണം. ജൂഡീഷ്യറിയുടെ ന്യായവിധികള്‍ ദുര്‍വ്യാഖ്യാനം നടത്തി ആരാധനാ സ്വാതന്ത്ര്യവും നീതിയും നിഷേധിക്കുന്നതും അതിനു കൂട്ടു നില്‍ക്കുന്നതും ജനാധിപത്യ സംസ്‌ക്കാരത്തില്‍ ഒരു സര്‍ക്കാരിനും അതിന്റെ നേതാക്കള്‍ക്കും ചേര്‍ന്നതല്ല.

പുതുതായി രൂപം പ്രാപിച്ച പുത്തന്‍ കുരിശു വിഭാഗത്തിനു മലങ്കര സഭയുമായി എന്തു ബന്ധമാണുള്ളതെന്നു ലേഖകന്‍ ചോദിക്കുന്നു. പുത്തന്‍ കുരിശുകാര്‍ പുതിയതാണെന്നു എന്തു രേഖയുടെ അടിസ്ഥാനത്തിലാണ് കണക്കാക്കപ്പെടുന്നത്? ഭരണഘടന രജിസ്റ്റര്‍ ചെയ്ത സമയമാണ് കണക്കാക്കിയതെങ്കില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് 1934 തൊട്ടുള്ള ചരിത്രമേ അവകാശപ്പെടാന്‍ കഴിയൂ!

സ്വന്തം ഭരണഘടനയും ഇന്‍ഡ്യാ മഹാരാജ്യത്തിന്റെ സുപ്രീം കോടതി വിധിയും ഒരു പോലെ മാനിക്കാതെ വിഭാഗമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എന്നതാണ് ഏറെ ശരി. 1934-ലെ സഭാ ഭരണഘടനയുടെ ഒന്നാമത്തെ ആര്‍ട്ടികള്‍ തന്നെ സഭയുടെ തലവന്‍ പരിശുദ്ധ പാത്രീയര്‍ക്കീസ് ബാവായാണെന്നാണ്. 1995-ലെ സുപ്രീം കോടതിയുടെ അന്തിമ വിധിയിലും ഈ കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. അതേ വിധിന്യായത്തിലെ പ്രസ്‌ക്തമായ മറ്റൊരു ഭാഗമാണ് "ഇടവക പള്ളികള്‍ ഇടവകക്കാരുടേതാണ് "എന്ന്. മറ്റൊരര്‍ഥത്തില്‍ ഇടവക പൊതുയോഗം ചേര്‍ന്ന് ഭൂരിപക്ഷപ്രകാരം ഏതു ഭരണഘടയനുസരിച്ച് ഭരിക്കണമെന്ന് ഇടവകക്കാര്‍ക്ക് തീരുമാനിയ്ക്കാം. ഇതില്‍ ദേവലോകത്തിനോ, പുത്തന്‍ കുരിശിനോ, സര്‍ക്കാരിനോ ഒന്നു ചെയ്യാനില്ല.

കോലഞ്ചേരിയിലെ പ്രതിസന്ധി ന്യൂനപക്ഷം ഭൂരിപക്ഷത്തിനു മേല്‍ കടന്നു കയറി കോടതിയുത്തരവിന്റെ മറവില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണ്. ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പരിഗണനയിലിരിക്കുന്ന വിവരം മറച്ചു വച്ചു കൂടാ, അതിനു മുകളിലും കോടതികളുണ്ടെന്ന് വിസ്മരിക്കരുത്.

കോലഞ്ചേരി പ്രശ്‌നം ഉടനടി തീര്‍ത്തില്ലെങ്കില്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ മണര്‍കാട്, മഞ്ഞനിക്കര തുടങ്ങിയ യാക്കോബായ പക്ഷ പള്ളികളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭീക്ഷണിപ്പെടുത്തുന്നു. പ്രാര്‍ത്ഥിച്ച് അനുഗ്രഹം പ്രാപിക്കാനാണെങ്കില്‍ മാര്‍ച്ച് നടത്തണ്ട എപ്പോള്‍ വേണമെങ്കിലും വരാം അതല്ല അധികാരം സ്ഥാപിക്കാനാണെങ്കില്‍ 1934-ലെ ഭരണഘടന പോരാ! നിരാഹാരം നടത്തുന്ന ബാവാ തിരുമേനിയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി അദ്ദേഹം തന്നെയായിരിക്കും, ഉപവസിച്ചും നോമ്പു നോക്കിയും വലിയ പരിചയമില്ലാത്തവര്‍ നിരാഹാരം നടത്തിയാല്‍ ആശുപത്രിക്കിടക്ക തന്നെ ശരണം!
കോലഞ്ചേരി പള്ളി അന്യായമായി കൈയ്യേറി എന്നു പറയുന്നവര്‍ . കോടിക്കണക്കിന് ആസ്തിയുള്ള ആലുവ തൃക്കുന്നത്ത് സെമിനാരിയുടെ കാര്യത്തില്‍ എന്തു പറയുന്നു? തൃക്കുന്നത്ത് സെമിനാരി ഇടവക പള്ളിയല്ലെന്നും 1934-ലെ ഭരണഘടനയ്ക്ക് വിധേയമല്ലെന്നുമുള്ള കോടതി വിധി ലംഘിച്ചു കൊണ്ടല്ലേ ഓര്‍ത്തഡോക്‌സുകാര്‍
അവിടെ കുടിയേറിയിരിക്കുന്നത്? കോടതിവിധികളെ മാനിക്കുന്നവരാണെങ്കില്‍ എത്രയും പെട്ടെന്ന് അവിടെ നിന്നും മാറിത്തരണം. അവിടെ തല്‍സ്ഥിതി തുടരുന്നത് ഈ രാജ്യത്തെ ക്രമസമാധാന പരിപാലനത്തോട് യാക്കോബായ സഭയ്ക്ക് അത്യന്തം ബഹുമാനമുള്ളതു കൊണ്ടാണ്. മുളന്തുരുത്തി മാര്‍തോമന്‍ പള്ളിയുടെ ഭരണം യാക്കോബായ പക്ഷത്തിനാണ്. എന്നാല്‍ വളരെ ന്യൂനപക്ഷമായ ഓര്‍ത്തഡോക്‌സുകാര്‍ക്ക് മാസത്തില്‍ ഒന്നു വീതം ആരാധനയ്ക്ക് സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട്. എന്തുകൊണ്ട് ഈ സൗകര്യം കോലഞ്ചേരി പള്ളിയിലെ ഭൂരിപക്ഷ യാക്കോബായക്കാര്‍ക്ക് അനുവദിച്ചു കൂടാ?

കോടതി വിധി നടപ്പാക്കണമെന്ന് ശാഠ്യം പിടിക്കുന്നവര്‍ എന്തുകൊണ്ടാണ് ഒരു വശം മാത്രം പരിഗണിക്കുന്നത്? ഭരണഘടന ഉറപ്പു നല്കുന്ന നിയമങ്ങളിലുറച്ചു മാത്രം പ്രതിഷേധം രേഖപ്പെടുത്തുന്ന യാക്കോബായക്കാര്‍ 'അല്‍ ഖൈദ'കളാണെങ്കില്‍ ഭരണ ഘടന ലംഘിച്ച് വിശ്വാസികളുടെ പള്ളികളും സ്വത്തുക്കളും കൈവശപ്പെടുത്തുകയും അനുഭവിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഓര്‍ത്തഡോക്‌സുകാരെ എന്തു പേരായിരിക്കണം വിളിക്കുക? വിമോചനസമരത്തിന് ആഹ്വാനം നടത്തുന്നവര്‍ അത് എന്താണെന്നങ്കിലും അറിഞ്ഞിരിക്കുന്നത് നന്ന്.

എഴുതപ്പെട്ട സ്വന്തം സഭാ ഭരണഘടനയോടോ മഹത്തായ ഇന്‍ഡ്യന്‍ നീതി ന്യായവ്യവസ്ഥയോടെ അല്പമെങ്കിലും ബഹുമാനവും അതിന്റെ വിധിന്യായങ്ങളോട് ആദരവും ഉണ്ടെങ്കില്‍ ജനാധിപത്യപരമായും ദൈവീകമായും ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ, മലങ്കര സഭാകേസിന്റെ അന്തിമ വിധിയില്‍ ബഹുമാനപ്പെട്ട ഇന്‍ഡ്യന്‍ സുപ്രീം കോടതി 1995-ല്‍ പുറപ്പെടുവിച്ച ന്യായവിധി പ്രകാരം “ഇടവകപള്ളികള്‍ ഇടവകാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കുക”. അവരുടെ സ്വതന്ത്രാധികാരം ഉപയോഗിച്ച് ഭൂരിപക്ഷപ്രകാരം അതാതു പള്ളികള്‍ ഭരിക്കപ്പെടട്ടെ. ന്യൂനപക്ഷക്കാര്‍ക്ക് ആരാധന നടത്തുവാനുള്ള സൗകര്യം ഉഭയകക്ഷി സമ്മതപ്രകാരമോ, മദ്ധ്യസ്ഥശ്രമങ്ങളിലൂടെ നടത്തിക്കൊടുക്കുക. അതല്ലാതെ കാലഹരണപ്പെട്ട ഒരു ഭരണഘ്ടനയും വ്യക്തമല്ലാത്ത കോടതി വിധികളും ചൂണ്ടിക്കാണിച്ച് മണി പവറും, മസ്സില്‍ പവറും കൊണ്ട് പാവം വിശ്വാസികളെ വലയ്ക്കാനാണു ഭാവമെങ്കില്‍ ഉത്തരം പള്ളികളിലല്ല തെരുവുകളില്‍ തന്നെയായിരിക്കും.
ജോസഫ് കുരിയപ്പുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക