Image

അങ്കിള്‍സാമിന്റെ വിശേഷങ്ങള്‍ (പുതിയ പംക്തി)

Published on 15 September, 2011
അങ്കിള്‍സാമിന്റെ വിശേഷങ്ങള്‍ (പുതിയ പംക്തി)
വാണിജ്യ വാഹനങ്ങളില്‍ സെല്‍ഫോണ്‍ ഉപയോഗം നിരോധിച്ചേക്കും

വാഷിംഗ്‌ടണ്‍: വാണിജ്യ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നത്‌ നിരോധിക്കുന്നതിനെക്കുറിച്ച്‌ നാഷണല്‍ ട്രാസ്‌പോര്‍ട്ടേഷന്‍ സേഫ്‌റ്റി ബോര്‍ഡ്‌ ആലോചിക്കുന്നു. കെന്റക്കിയില്‍ ട്രക്ക്‌ അപകടത്തില്‍ 11 പേര്‍ മരിച്ചതിനെത്തുടര്‍ന്നാണ്‌ ഇത്‌. യഎസില്‍ വാണിജ്യ വാഹനങ്ങളോടിക്കുന്ന 3.7 മില്യണ്‍ ഡ്രൈവറെ ബാധിക്കുന്നതാണ്‌ തീരുമാനം.

നേരിട്ടോ ബ്ലൂടൂത്ത്‌ പോലുള്ള മറ്റ്‌ ഉപകരണങ്ങള്‍ വഴിയോ സെല്‍ഫോണ്‍ ഉപയോഗിക്കുന്നത്‌ തടയാനാണ്‌ ആലോചിക്കുന്നത്‌. വാണിജ്യ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ വാഹമോടിക്കുമ്പോള്‍ സെല്‍ഫോണിലൂടെ മെസേജുകള്‍ അയക്കുന്നത്‌ കഴിഞ്ഞവര്‍ഷം നിരോധിച്ചിരുന്നു.

വാള്‍മാര്‍ട്ട്‌ സ്റ്റോറില്‍ ഇനി കൂടുതല്‍ സ്‌ത്രീ മുഖങ്ങള്‍

ന്യൂയോര്‍ക്ക്‌: വാള്‍മാര്‍ട്ട്‌ സ്റ്റോറുകളിലെ സ്‌ത്രീ സാന്നിധ്യം ഇരട്ടിയാക്കാന്‍ കമ്പനി ആലോചിക്കുന്നു. സ്‌ത്രീകള്‍ക്കും ന്യൂനപക്ഷത്തിനും പരിശീലനം നല്‍കി റീട്ടെയില്‍ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ തങ്ങളുടെ പ്രധാന സപ്ലെയര്‍മാര്‍ക്ക്‌ വാള്‍മാര്‍ട്ട്‌ നിര്‍ദേശം നല്‍കി. മോശമായ കോര്‍പറേറ്റ്‌ പ്രതിച്ഛായ വീണ്‌ടെടുക്കുന്നതിന്റെ ഭാഗമായാണ്‌ നടപടി.

ജോലി സ്ഥലത്തെ ലിംഗ വിവേചനത്തിനെതിരെ വാള്‍മാര്‍ട്ടിനെതിരെ സമര്‍പ്പിച്ച ഹര്‍ജി യുഎസ്‌ സുപ്രീംകോടതി കഴിഞ്ഞ ജൂണില്‍ തള്ളിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ്‌ വാള്‍മാര്‍ട്ടിന്റെ നടപടി. ലോകത്തില്‍ 2.1 മില്യണ്‍ തൊഴിലാളികളാണ്‌ വാള്‍മാര്‍ട്ട്‌ സ്റ്റോറുകളിലും അനുബന്ധമേഖലിയുമായി ജോലി ചെയ്യുന്നത്‌. ഇവരില്‍ പകുതിയിലധികം സ്‌ത്രീകളാണ്‌.

ഫ്‌ളൈറ്റ്‌ സേര്‍ച്ച്‌ ടൂളുമായി ഗൂഗിള്‍

ന്യൂയോര്‍ക്ക്‌: ഓണ്‍ ലൈന്‍ ട്രാവല്‍ സര്‍വീസുകള്‍ക്ക്‌ ഭീഷണി ഉയര്‍ത്തി ഫ്‌ളൈറ്റ്‌ സേര്‍ച്ച്‌ ടൂളുമായി ഇന്റര്‍നെറ്റ്‌ ഭീമന്‍ ഗൂഗിള്‍ രംഗത്തെത്തി. യാത്ര ചെയ്യേണ്‌ട തിയതിയും എത്തേണ്‌ട സ്ഥലവും മാത്രമല്ല ടിക്കറ്റ്‌ നിരക്കും യാത്രാസമയവും വരെ നല്‍കി ഉപയോക്താവിന്‌ ആവശ്യമുള്ള ഫ്‌ളൈറ്റുകള്‍ തെരഞ്ഞെടുക്കാന്‍ സൗകര്യമൊരുക്കുന്നതാണ്‌ ഗൂഗിളിന്റെ ഫ്‌ളൈറ്റ്‌ സേര്‍ച്ച്‌. എല്ലാ സേര്‍ച്ച്‌ റിസല്‍ട്ട്‌ പേജിന്റെയും ഇടതുവശത്തായി ഗൂഗിള്‍ ഫ്‌ളൈറ്റ്‌ സേര്‍ച്ച്‌ കാണാം.

യാത്രാ തീയതി മാറുന്നതിനനുസരിച്ച്‌ ടിക്കറ്റ്‌ നിരക്കില്‍ വരുന്ന വ്യത്യാസവും ഗൂഗിള്‍ ഫ്‌ളൈറ്റ്‌ സേര്‍ച്ചിലുണ്‌ട്‌. ഏപ്രിലില്‍ ട്രാവല്‍ സേര്‍ച്ച്‌ സോഫ്‌റ്റ്‌വെയര്‍ നിര്‍മാതാക്കളായ ഐടിഎയെ ഗൂഗിള്‍ ഏറ്റെടുത്തിരുന്നു. പ്രമുഖ ട്രാവല്‍ സേര്‍ച്ച്‌ സൈറ്റുകളായ കയാക്‌, ഓര്‍ബിറ്റ്‌സ്‌ എന്നിവയ്‌ക്ക്‌ ഭീഷണിയാകും ഗൂഗിളിന്റെ ഫ്‌ളൈറ്റ്‌ സേര്‍ച്ച്‌ എന്നാണ്‌ കരുതുന്നത്‌.

വിന്‍ഡോസ്‌ 8 പ്ലാറ്റ്‌ഫോമുമായി മൈക്രോസോഫ്‌റ്റ്‌ വരുന്നു

ന്യൂയോര്‍ക്ക്‌: ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിനും, ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനുമുള്ള മറുപടിയുമായി വിന്‍ഡോസ്‌ 8 പ്ലാറ്റ്‌ഫോമുമായി മൈക്രോസോഫ്‌റ്റ്‌ വരുന്നു. ഏറെ അംഗീകാരം ലഭിച്ച വിന്‍ഡോസ്‌ 7നെ അപേക്ഷിച്ച്‌ കാലത്തിന്റെ ചുവരെഴുത്തുകള്‍ അനുസരിച്ച്‌ രൂപപ്പെടുത്തിയതാണ്‌ വിന്‍ഡോസ്‌ 8. ഡെസ്‌ക്‌ടോപ്പുകളിലും ലാപ്‌ടോപ്പുകളിലും മാത്രമല്ല, മൊബൈല്‍ ഉപകരണങ്ങളായ ടാബ്‌ലറ്റുകളിലും വിന്‍ഡോസ്‌ 8 ഉപയോഗിക്കാനാകും.

പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക്‌ മീഡിയ ടാബ്‌ലറ്റുകളുടെ സ്വഭാവം കൂടിയാര്‍ജിക്കാന്‍ വിന്‍ഡോസ്‌ 8 സഹായിക്കും. അതായത്‌ സാധാരണ കമ്പ്യൂട്ടറുകളെ 'ഹൈബ്രിഡ്‌ പിസികള്‍' ആക്കി പുതിയ ഓപ്പറേറ്റിങ്‌ സിസ്റ്റം മാറ്റുമെന്നര്‍ഥം. ഒരേ സമയം ടച്ച്‌ സ്‌ക്രീനിനും, കീബോര്‍ഡ്‌മൗസ്‌ കൂട്ടായ്‌മയ്‌ക്കും അനുയോജ്യമായ രീതിയിലാണ്‌ വിന്‍ഡോസ്‌ 8 ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന്‌ മൈക്രോസോഫ്‌ട്‌ വിന്‍ഡോസ്‌ ഡിവിഷന്‍ പ്രസിഡന്റ്‌ സ്റ്റീവന്‍ സിനോഫ്‌സ്‌കി അറിയിക്കുന്നു.

യുഎസ്‌ കോണ്‍ഗ്രസിന്റെ നിരീക്ഷണം: ഇന്ത്യയില്‍ ചൂടേറിയ ചര്‍ച്ച

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിനായി രാഹുല്‍ ഗാന്ധി-നരേന്ദ്രമോഡി പോരാട്ടം നടന്നേക്കുമെന്ന യുഎസ്‌ കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്ത്‌#ില്‍ ചൂടേറിയ ചര്‍ച്ചയ്‌ക്ക്‌ വഴിവെയ്‌ക്കുന്നു. യുഎസ്‌ കോണ്‍ഗ്രസിന്റെ നിരീക്ഷണത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ കോണ്‍ഗ്രസ്‌ വിസമ്മതിച്ചപ്പോള്‍ പ്രധാനമന്ത്രി പദത്തിലേക്ക്‌ ആരെയും ഉയര്‍ത്തിക്കാട്ടില്ലെന്ന്‌ ബിജെപി പ്രതികരിച്ചു. അതേസമയം യുഎസ്‌ കോണ്‍ഗ്രസിന്റെ നിരീക്ഷണം ഗുജറാത്തിന്‌ ലഭിച്ച അംഗീകാരമാണെന്നായിരുന്നു ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ട്വീറ്റ്‌. എന്നാല്‍ ഒരിക്കല്‍ മോഡിക്ക്‌ വീസ നിഷേധിച്ച രാജ്യമാണ്‌ യുഎസെന്ന്‌ അദ്ദേഹം മറക്കരുതെന്നായിരുന്നു ഇതിനോടുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം. എന്തായാലും വരുംദിവസങ്ങളിലും ഈ വിഷയം ചൂടേറിയ ചര്‍ച്ചയ്‌ക്ക്‌ വഴിവെയ്‌ക്കുമെന്ന കാര്യം ഉറപ്പാണ്‌.

മൈക്കല്‍ ജാക്‌സണ്‍ കുടുംബത്തിനായി നീക്കിവെച്ചത്‌ വെറും 30 മില്യണ്‍ ഡോളര്‍

ലോസാഞ്ചല്‍സ്‌: ഒരിക്കല്‍ ലോകത്തിലെ ഏറ്റവും ധനാഢ്യനായ ഗായകനായിരുന്ന പോപ്‌ സംഗീത ചക്രവര്‍ത്തി മൈക്കല്‍ ജാക്‌സണ്‍ തന്റെ കുടുംബത്തിനായി നീക്കിവെച്ച സമ്പാദ്യം വെറും 30 മില്യണ്‍ ഡോളര്‍. ജോണ്‍സന്റെ മരണശേഷം കടങ്ങളെല്ലാം കൊടുത്തുതീര്‍ക്കുകയും വായ്‌പകള്‍ പുനസംഘടിപ്പിക്കുകയും ചെയ്‌തതിനുശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന്‌ ലഭിക്കുന്ന തുകയാണിത്‌.

ജാക്‌സന്റെ വില്‍പത്രപ്രകാരം ഈ തുക ജാക്‌സന്റെ അമ്മയ്‌ക്കും അദ്ദേഹത്തിന്റെ മൂന്ന്‌ കുട്ടികള്‍ക്കും വേണ്‌ടി ജാക്‌സണ്‍ ഫാമിലി ട്രസ്റ്റിന്‌ കൈമാറുമെന്ന്‌ അദ്ദേഹത്തിന്റെ എസ്റ്റേറ്റ്‌ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഒരു കാലത്ത്‌ സോണിയുമായി 900 മില്യണ്‍ ഡോളറിന്റെ കരാറൊപ്പിട്ട്‌ ജാക്‌സണ്‍ സൃഷ്‌ടിച്ച റെക്കോര്‍ഡ്‌ ഇപ്പോഴും തകര്‍ക്കപ്പെട്ടിട്ടില്ല. 2009 ജൂണ്‍ 25നാണ്‌ ജാക്‌സണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്‌.

ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റിന്റെ മാതൃക നാസ പുറത്തിറക്കി

ന്യൂയോര്‍ക്ക്‌: ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ചേറ്റവും ശക്തിയേറിയ റോക്കറ്റിന്റെ മാതൃക അമേരിക്കന്‍ സ്‌പേസ്‌ ഏജന്‍സിയായ നാസ പുറത്തിറക്കി. വാഷിംഗ്‌ടണ്‍ ഡിസിയില്‍ നടന്ന ചടങ്ങില്‍ ഫ്‌ളോറിഡ സെനറ്റര്‍ ബില്‍ നെല്‍സണാണ്‌ മനുഷ്യനെ ചൊവ്വയിലെത്തിക്കുമെന്ന്‌ കരുതുന്ന റോക്കറ്റിന്റെ മാതൃക പുറത്തിറക്കിയത്‌. 2017മുതല്‍ റോക്കറ്റിന്റെ പരീക്ഷണപ്പറക്കലുകള്‍ നടത്താനാവുമെന്നാണ്‌ നാസ കരുതുന്നത്‌.

62.5 ബില്യണ്‍ ഡോളറെങ്കിലും റോക്കറ്റ്‌ നിര്‍മാണത്തിന്‌ ചെലവാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളൊ 11 ദൗത്യത്തിനുശേഷം ആദ്യമായാണ്‌ മനുഷ്യനെ ശൂന്യാകാശത്തിന്റെ അറ്റത്തെത്തിക്കാന്‍ കെല്‍പ്പുള്ള ഏറ്റവും ശക്തിയേറിയ റോക്കറ്റ്‌ നാസ നിര്‍മിക്കുന്നത്‌. നാസയുടെ സ്‌പേസ്‌ ഷട്ടിലായ അറ്റ്‌ലാന്റിസ്‌ ഈ വര്‍ഷം ജൂലൈയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

യൂറോപ്പില്‍ ഒബാമ ഇപ്പോഴും ജനപ്രിയന്‍

വാഷിംഗ്‌ടണ്‍: നാട്ടിലെ ജനപ്രീതി ഇടിയുമ്പോഴും യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയ്‌ക്ക്‌ യൂറോപ്പില്‍ വന്‍ജനപ്രീതി. യൂറോപ്യന്‍ യൂണിയനിലെ 12 രാജ്യങ്ങളിലായി നടത്തിയ വോട്ടെടുപ്പില്‍ ആഗോള പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനുള്ള ഒബാമയുടെ കഴിവിനെ 75 ശതമാനം പേരും പിന്തുണച്ചു. 2008ല്‍ പ്രസിഡന്റ്‌ പദമൊഴിയുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഒബാമയുടെ മുന്‍ഗാമിയായ ജോര്‍ജ്‌ ബുഷിന്റെ ജനപ്രീതി വെറും 20 ശതമാനം മാത്രമായിരുന്നു.

അധികാരമേല്‍ക്കുമ്പോള്‍ 80 മുതല്‍ 90 ശതമാനം വരെ ജനപ്രീതിയാണ്‌ യൂറോപ്പില്‍ ഒബാമയ്‌ക്കുണ്‌ടായിരുന്നത്‌. അല്‍ക്വയ്‌ദ തലവന്‍ ഉസാമാ ബിന്‍ ലാദനെ വധിക്കാനായതാണ്‌ യൂറോപ്പില്‍ ഒബാമയുടെ ജനപ്രീതി കുത്തനെ ഉയര്‍ത്തിയതെന്നാണ്‌ കരുതുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക