Image

എന്റെ സഹോദരന്‍ പാപ്പ: ജ്യേഷ്‌ന്റെ പുസ്‌തകം പുറത്തിറങ്ങി

കൈപ്പുഴ ജോണ്‍ മാത്യു Published on 15 September, 2011
എന്റെ സഹോദരന്‍ പാപ്പ: ജ്യേഷ്‌ന്റെ പുസ്‌തകം പുറത്തിറങ്ങി
ബര്‍ലിന്‍: ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയെക്കുറിച്ച്‌ ജ്യേഷ്‌ഠ സഹോദരന്‍ എഴുതിയ പുസ്‌തകം കഴിഞ്ഞ ദിവസം വിപണിയിലെത്തി. മോണ്‍. ജോര്‍ജ്‌ റാറ്റ്‌സിങ്ങര്‍ എന്ന എണ്‍പത്തിയേഴുകാരന്‍ രചിച്ച `എന്റെ സഹോദരന്‍ പാപ്പ എന്ന പുസ്‌തകത്തിന്റെ പ്രകാശനം 12ന്‌ ബര്‍ലിനില്‍ നടന്നു.

പാപ്പയെക്കാള്‍ മൂന്നു വയസ്സിന്‌ മൂത്ത ജോര്‍ജ്‌ ഏകസഹോദരന്‍ ജോസഫ്‌ റാറ്റ്‌സിങ്ങറിനെക്കുറിച്ച്‌ പുറംലോകം അറിയാത്ത ഒട്ടേറെ സംഭവങ്ങള്‍ പുസ്‌തകത്തില്‍ വിവരിച്ചിട്ടുണ്ട്‌.

മാതാപിതാക്കളോടൊപ്പം ചെലവഴിച്ച കുട്ടിക്കാലം, കുരുന്നു ജോസഫിന്റെ കുസൃതികള്‍, വികൃതികള്‍ എല്ലാം ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. ചെറുപ്പത്തില്‍ മാര്‍പാപ്പയ്‌ക്ക്‌ വളര്‍ത്തുമൃഗങ്ങളോട്‌ വളരെ കാര്യമായിരുന്നുവെന്നും വീട്ടില്‍ പൂച്ചകളെ വളര്‍ത്തിയിരുന്നുവെന്നും പുസ്‌തകത്തില്‍ വിവരിക്കുന്നു.

മരിച്ചുപോയ ഏക സഹോദരിയെക്കുറിച്ചുള്ള ഓര്‍മകളും സഹോദരി മരിക്കുന്നതിന്‌ മുന്‍പ്‌ പാപ്പായ്‌ക്ക്‌ സമ്മാനിച്ച വാച്ച്‌ സഹോദരിയുടെ ഓര്‍മയ്‌ക്കായി പാപ്പ ഇപ്പോഴും കയ്യില്‍ കെട്ടുന്നുണ്ടെന്നും ഗ്രന്ഥത്തില്‍ പറയുന്നു.

രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ നാസിപ്പടയോടൊപ്പം ബാലന്മാരായ ഇവരും നിര്‍ബന്ധിത സൈനികസേവനം ചെയ്‌തതും ആ കഥ ഇന്നും വേദനയോടെ ഓര്‍ക്കുന്നുവെന്നും വിവരിക്കുന്നു.

ഇരുനൂറ്റി അന്‍പതിലധികം പേജ്‌ വരുന്ന ഗ്രന്ഥത്തിന്റെ വില ഇരുപത്‌ യൂറോ (1300 രൂപ) ആണ്‌. മാര്‍പാപ്പ അടുത്ത 22 മുതല്‍ 25 വരെ ജര്‍മനി സന്ദര്‍ശിക്കുമ്പോള്‍ ചൂടപ്പം പോലെ ഗ്രന്ഥം വിറ്റഴിക്കാനാണ്‌ പ്രസാധകരുടെ ലക്ഷ്യം.
എന്റെ സഹോദരന്‍ പാപ്പ: ജ്യേഷ്‌ന്റെ പുസ്‌തകം പുറത്തിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക