Image

വസന്തത്തിലെ വാഴച്ചെടികളും ഏദനിലേക്കുള്ള മടങ്ങിപ്പോക്കും (ജോണ്‍ മാത്യു)

Published on 11 March, 2013
വസന്തത്തിലെ വാഴച്ചെടികളും ഏദനിലേക്കുള്ള മടങ്ങിപ്പോക്കും (ജോണ്‍ മാത്യു)
ഇന്ന്‌ എല്ലാവരും ഒരു വസന്തത്തിനുവേണ്ടി കാത്തിരിക്കുന്നു. ഫെബ്രുവരി പകുതിയോടുകൂടി, ഇവിടെ, ഹൂസ്റ്റനില്‍, ശീതകാലം കഴിഞ്ഞ്‌ പൂക്കള്‍ വിടരാന്‍ തുടങ്ങിയതിന്റെ സൂചന. പിന്നീട്‌ തിരിച്ചറിഞ്ഞു അതൊരു കള്ളക്കാലാവസ്ഥയായിരുന്നെന്ന്‌. കൃഷിക്കുള്ള ആര്‍ത്തിയോടെ മുളപ്പിച്ചതെല്ലാം തലകുനിച്ച്‌ വാടി. ഈ `ആയിപ്പിക്കല്‍' കൊല്ലംതോറും നടക്കുന്നതാണ്‌. പക്ഷേ, നമ്മള്‍ വീണ്ടും വീണ്ടും അത്‌ മറക്കുന്നു. ഓ, ആയിപ്പിക്കലോ, അത്‌ ആശിപ്പിക്കല്‍ എന്നതിന്റെ മനോഹരമായ നാടന്‍ രൂപമാണ്‌. ഈ വാക്ക്‌ മറ്റെവിടെയാണ്‌ ഞാന്‍ ഉപയോഗിക്കേണ്ടത്‌?

ശരത്‌ക്കാലത്ത്‌ തുടങ്ങിയ ദീര്‍ഘനിദ്രയില്‍നിന്ന്‌ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ നിഷ്‌ക്കളങ്കമായി ശ്രമിച്ച ചെടികള്‍ക്കുകിട്ടുന്ന പ്രഹരമാണ്‌ വീണ്ടും മഞ്ഞുകാറ്റ്‌ വീശിയെത്തുന്നത്‌.

ഹൂസ്റ്റനില്‍ ശീതം മൃദുവാണ്‌. വടക്കന്‍ സംസ്ഥാനങ്ങളിലുള്ളതുപോലെ മരങ്ങള്‍ ഇലകൊഴിക്കുന്നില്ല. ഫ്‌ളവര്‍ബെഡില്‍ ചുരുക്കമായി റോസും മറ്റും പൂക്കള്‍ തന്നുകൊണ്ടേയിരിക്കും. ചെമ്പരത്തിയും വാഴച്ചെടിയും ശീതത്തോട്‌ പടപൊരുതി കുറെയൊക്കെ പിടിച്ചുനില്‍ക്കും.

ശീതകാലത്തിന്റെ ദൈര്‍ഘ്യമേറുന്നിടത്തെല്ലാം വസന്തവും ഏറെ മനോഹരമായിത്തീരുന്നു. ഒരുപക്ഷേ, വസന്തത്തില്‍ ഞാന്‍ ഏറ്റവും അധികം പൂക്കള്‍ കണ്ടത്‌ മിഷിഗന്‍ സംസ്ഥാനത്തെ ഹോളണ്ടിലായിരുന്നു. തണുപ്പുകാലം മുഴുവന്‍ മണ്ണില്‍ ഒളിഞ്ഞുകിടന്ന തുലിപ്പുകള്‍ മേയ്‌മാസം തുടക്കത്തോടെ പൂമൊട്ടുകളുമായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ഇതും ഒരു വാഴച്ചെടിതന്നെ.

ഈ തുലിപ്പിനും യഥാര്‍ത്ഥ വാഴയുടെ സ്വഭാവമൊക്കെയുണ്ട്‌. ഒളിച്ചിരിക്കാനുള്ള കഴിവ്‌, അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തുകയും ചെയ്യും.

ഇവിടെ വാഴച്ചെടിയെപ്പറ്റി കൂടുതല്‍ ചിന്തിച്ചുപോയി. യാഥാര്‍ത്ഥ്യബോധവും ഭാവനയും ചേര്‍ത്താണ്‌ വാഴയോട്‌ വളരെ ബന്ധമുള്ള ഇതിന്‌ വാഴച്ചെടി എന്ന്‌ പേരുകൊടുത്തതുതന്നെ. വാഴ ഒരു മരമായി തെറ്റിദ്ധരിക്കപ്പെടുംപോലെ വളരുന്നതുകൊണ്ടായിരിക്കാം ഇംഗ്ലീഷില്‍ ബനാനാട്രി എന്ന്‌ പറയുന്നത്‌. അതിന്റെ ഒരു മിനിയേച്ചര്‍ അല്ലെങ്കില്‍ ബോണ്‍സായ്‌ പതിപ്പിനെ നമ്മുടെ ഭാഷയുടെ സാദ്ധ്യതകള്‍ ഉപയോഗിച്ച്‌ പ്രയോഗിക്കുന്ന `വാഴച്ചെടി' എന്ന വാക്ക്‌ തീര്‍ച്ചയായും ചേരും.

കേരളം കാട്ടുചെടികളുടെ നാടായിരുന്നു. ഇന്ന്‌ കാട്‌ നാടായിത്തീരുന്നു. അതൊരു കാലഘട്ടത്തിന്റെ ചരിത്രം. കാട്ടില്‍നിന്ന്‌ നാട്ടിലേക്കുവരാന്‍ നിഷിദ്ധമാക്കപ്പെട്ടിരുന്ന പല ചെടികളും ഇന്ന്‌ വിദേശരാജ്യങ്ങളില്‍ അലങ്കാരവസ്‌തുവാണ്‌. അവരത്‌ ശ്രദ്ധാപൂര്‍വ്വം നട്ടുവളര്‍ത്തുന്നുമുണ്ട്‌, ഇത്തിള്‍ക്കണ്ണികള്‍വരെ.

അത്ര ശാസ്‌ത്രീയമൊന്നുമല്ലാത്ത ഒരു ഗവേഷണത്തിലേക്ക്‌ നമുക്ക്‌ പോകാം. ഈ വാഴ എന്താണ്‌. ഇത്‌ തമിഴ്‌ വാക്കാണോ? ജീവന്റെ പ്രതീകംതന്നെയാണോ? അതോ ജീവന്‍ തന്നെയോ?

വാഴ്‌വ്‌, ജീവിക്കുക എന്നുതന്നെയാണ്‌ അര്‍ഥമാക്കുന്നത്‌. രാജാവിനെ വാഴ്‌ത്തുക എന്നുപറയുമ്പോള്‍ രാജാവ്‌ ജീവിക്കട്ടെ എന്നുതന്നെ. `ലോഗ്‌ലിവ്‌ദകിംഗ്‌'. അതുമല്ലെങ്കില്‍ ജിന്ദാബാദ്‌ അഥവാ നമ്മളറിയുന്ന സിന്ദാബാദ്‌ എന്ന ഉറുദുവാക്ക്‌.

ഇങ്കിലാബ്‌ സിന്ദാബാദ്‌ എന്ന്‌ പറഞ്ഞുപഠിച്ചുപോയി. അര്‍ത്ഥമറിഞ്ഞില്ലെങ്കിലും അതെന്താണെന്നറിയാം. എങ്കിലും വിപ്ലവം ജീവിക്കട്ടെയെന്ന്‌ മലയാളികളാരും മുദ്രാവാക്യം മുഴക്കാറില്ല. തമിഴിന്‌ വാഴ്‌ക പ്രിയപ്പെട്ട വാക്കാണ്‌, എങ്കിലും വിപ്ലവം വാഴ്‌ക എന്ന്‌ അവരും പറയാറുണ്ടോ എന്തോ?

ഒരു വാഴചെടിയില്‍നിന്ന്‌ പോയപോക്കേ. ഏതായാലും ശരത്‌ക്കാലവും കഴിഞ്ഞ്‌ ശിശിരഹേമന്തങ്ങള്‍ പിന്നിടുമ്പോഴേക്കും വീണ്ടും എന്റെ വാഴച്ചെടിക്കും ഒരു വാഴ്‌വ്‌ മുദ്രാവാക്യം വിളിക്കാം. എന്തായാലും തുലിപ്പും വാഴയും വാഴച്ചെടിയുമെല്ലാം ഒളിപ്പോരാളികളെപ്പോലെ പതുങ്ങിയിരിക്കുന്നു, തക്കംനോക്കി. അങ്ങനെ വസന്തം വാഴ്‌ക!

ഹൂസ്റ്റനില്‍ ജീവിക്കുന്നവര്‍ എന്ത്‌ ഭാഗ്യവാന്മാരാണ്‌. പ്രത്യേകിച്ച്‌ മലയാളികള്‍ ഒന്നുമനസ്സുവെച്ചാല്‍ ഒരു കേരളം മുഴുവന്‍ ഇവിടെ സൃഷ്‌ടിച്ചെടുക്കാം. അതിന്‌ കാലങ്ങളുടെ വിലക്കുകളൊന്നും കാര്യമായിട്ടില്ലതന്നെ. ഒരു പത്തുഡിഗ്രി ചൂടു കുറഞ്ഞെന്നുകരുതി കൃഷിപ്പണികള്‍ മുടക്കാതിരുന്നാല്‍മതി. ഒന്ന്‌ കണ്ണടച്ചുതുറക്കുന്നതിനുമുന്‍പ്‌ ഉത്തരധ്രുവത്തില്‍നിന്നുവരുന്ന വരള്‍ച്ചയെ തടഞ്ഞുനിര്‍ത്താന്‍ പാകത്തിന്‌ ശക്തിയുള്ള നീരാവിയുമായിട്ടെത്തുന്ന ഗള്‍ഫ്‌ കാറ്റടിച്ചുതുടങ്ങും.

ഇവിടെയാണ്‌ നഷ്‌ടപ്പെട്ട, നഷ്‌ടപ്പെടുത്തിയ ഏദന്‍തോട്ടത്തിന്റെ ഒരു ബോണ്‍സായ്‌ തിരിച്ചറിവ്‌. പണ്ടുപണ്ടൊരുകാലത്ത്‌ ദൈവം കിഴക്കുകിഴക്കൊരു തോട്ടമുണ്ടാക്കി. അവിടെ വറ്റാത്ത നീര്‍ചാലുകളുണ്ടായിരുന്നു. ഫലവൃക്ഷങ്ങള്‍ നിലത്തുനിന്നും മുളച്ചുവന്നു. മാവും പ്ലാവും ആഞ്ഞിലിയും പേരയും ചാമ്പയും എല്ലാമെല്ലാം.

തോട്ടം നനപ്പാന്‍ നദികള്‍ സഹ്യനില്‍നിന്ന്‌ പുറപ്പെട്ടു, അത്‌ ശാപോപശാഖകളായി പിരിഞ്ഞു.

ദൈവം മനുഷ്യനോട്‌ കല്‌പിച്ചതെന്തെന്നാല്‍: തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക്‌ ഇഷ്‌ടംപോലെ തിന്നാം. പക്ഷേ, നീരുറവകളെ മലിനമാക്കാതെ സംരക്ഷിക്കുക, അത്‌ ജീവനാണ്‌. അതിനെ മലിനമാക്കുന്ന നാളില്‍ നീ മരിക്കും.

എന്നാല്‍, സാത്താന്‍ മനുഷ്യനെ വഴിതെറ്റിച്ചുകൊണ്ട്‌ പറഞ്ഞു: നദിയിലെ മണല്‍വാരി നീ രമ്യഹര്‍മ്മ്യങ്ങള്‍ പണിയുക, അവ കാണ്‍മാന്‍ ഭംഗിയുള്ളതും ജീവിക്കാന്‍ സുഖപ്രദവും ആയിരിക്കും.

മണല്‍മാഫിയയുടെ രൂപത്തില്‍ വേഷംമാറിവന്ന സാത്താനെ മനുഷ്യന്‍ അനുസരിച്ചു. അങ്ങനെ നദികളെല്ലാം വറ്റിവരണ്ടു. അപ്പോള്‍ മനുഷ്യന്‍ മറുദേശങ്ങളിലേക്ക്‌ ഓടിപ്പോയി.

ഇനിയും നമുക്ക്‌ പ്രിയപ്പെട്ട കേരളത്തിന്റെ ഓര്‍മ്മ പുതുക്കുന്ന സൂക്ഷ്‌മാകാരങ്ങള്‍, കപ്പയും ചേനയും ചേമ്പും വാഴയും മുരിങ്ങയുമൊക്കെ വളര്‍ന്നുനില്‌ക്കുന്ന ചെറുപതിപ്പ്‌ സൃഷ്‌ടിക്കാം. നമുക്കൊരു ഏദനുണ്ടായിരുന്നെന്ന്‌ തിരിച്ചറിയാം, മനസ്സുകൊണ്ടെങ്കിലും മടങ്ങിപ്പോകാം.
വസന്തത്തിലെ വാഴച്ചെടികളും ഏദനിലേക്കുള്ള മടങ്ങിപ്പോക്കും (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക