Image

സ്വപ്നാടനം(നോവല്‍ ഭാഗം-5)- നീന പനയ്ക്കല്‍

നീന പനയ്ക്കല്‍ Published on 11 March, 2013
സ്വപ്നാടനം(നോവല്‍ ഭാഗം-5)- നീന പനയ്ക്കല്‍
അഞ്ച്

കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞ് ജോസും മേരിക്കുട്ടിയും പുറത്തിറങ്ങിയപ്പോള്‍ ജയനും മിനിയും എയര്‍പ്പോര്‍ട്ടില്‍ വന്നു കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ജോസിന്റെ ഏറ്റവുമടുത്ത സ്‌നേഹിതനായിരുന്നു ജയന്‍.

'എന്തൊക്കെയുണ്ട് ജയാ വിശേഷങ്ങള്‍?' അയാളുടെ കൈപിടിച്ചു കുലുക്കിക്കൊണ്ട് ജോസ് ചോദിച്ചു.

'ഓ. ഇവിടെന്തു വിശേഷം അതിരാവിലെ എഴുന്നേല്‍ക്കുന്നു പാതിരാത്രിക്ക് കിടക്കുന്നു. ഇടയ്കുള്ള ഓട്ടംജോസിനറിയാവുന്നതല്ലേ?'

'വെക്കേഷന്‍ എടുത്തോ നിങ്ങള്‍?' മേരിക്കുട്ടി ചോദിച്ചു. 'ഇല്ല. കുട്ടികള്‍ക്ക് ഡിസംബറില്‍ ഫ്‌ളോറിഡയിലേക്കു പോയാല്‍ മതിയെന്ന്. അവരുടെ ആഗ്രഹം പോലെയാകട്ടെയെന്ന് ഞങ്ങളും വിചാരിച്ചു.' മിനി പറഞ്ഞു.

ജയന് ഒരു മോട്ടോര്‍ കമ്പനിയിലാണ് ജോലി സീനിയര്‍ മെക്കാനിക്ക്.

കോളിളക്കം സൃഷ്ടിച്ച ഒരു പ്രേമബന്ധവും വിവാഹവും ആയിരുന്നു ജയന്റേയും മിനിയുടേയും. ജയന്‍ നായര്‍ സമുദായാംഗം. മിനി കത്തോലിക്കാ മതവിശ്വാസി. പിറ്റ്‌സ്ബര്‍ഗിലാണ് അവര്‍ ജനിച്ചു വളര്‍ന്നത്.

ഹൈസ്‌ക്കൂളില്‍ സീനിയര്‍ ആയിരിക്കുമ്പോള്‍ ഒരു ദിവസം മിനിയെ സ്‌ക്കൂളില്‍ കൊണ്ടുവിട്ടിട്ട് അവളുടെ ഡാഡി ജോണ്‍ പോത്തന്‍ കാര്‍ തിരിക്കുന്നതിനിടയില്‍ ഒരു കാഴ്ച കണ്ടു. ഒരു പയ്യന്റെ നീട്ടിയ കരങ്ങളിലേക്ക് അവള്‍ ഓടിച്ചെല്ലുന്നു. മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അവര്‍ ആലിംഗനബദ്ധരായി നില്‍ക്കുന്നു.

പോത്തന്‍ ഭാര്യയെ ഇക്കാര്യം അറിയിച്ചു. മിറയാമ്മ മിനിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെ ചെന്നു കണ്ടു. 'ഏതാ മോളേ ആ പയ്യന്‍?'

'ഏതു പയ്യന്‍? മിനിക്ക് ഒരു ബോയ്ഫ്രണ്ടുള്ളതായി എനിക്കറിയില്ല ആന്റീ. അങ്കിള്‍ കണ്ടത് വേറെ ആരെയെങ്കിലും ആയിരിക്കും.'

അവള്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് മറിയാമ്മക്കു മനസ്സിലായി.

'മിനിയെ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചോണേ,' അവര്‍ പോത്തോനോടു പറഞ്ഞു.

രണ്ടു റഗുലര്‍ ഷിഫ്ടും വീക്കെന്‍ഡില്‍ മറ്റൊരു ജോലിയുംകൂടി ചെയ്യുന്ന മിറയാമ്മക്ക് മകളെ ശ്രദ്ധിക്കാന്‍ തീരെ സമയമില്ല.

ഷോപ്പിംഗ് മാളില്‍ വെച്ച് മിനിയെ ഒരു പയ്യന്‍ ചുംബിക്കുന്നതു കണ്ടു എന്ന് ഒരു സ്‌നേഹിതന്‍ പോത്തനെ അറിയിച്ചു. മകളോട് അക്കാര്യം  ചോദിക്കാനോ ശകാരിക്കാനോ പോത്തന് ധൈര്യം വന്നില്ല. മകള്‍ ടീനേജര്‍ ആണ്.

മക്കളെ ശിക്ഷിക്കാന്‍ ഈ നാട്ടില്‍ മാതാപിതാക്കള്‍ക്ക് അധികാരമില്ല. അവരെ സ്‌ക്കൂളില്‍ പഠിപ്പിക്കുന്ന ആദ്യത്തെ നമ്പര്‍ 9-1-1 ആണ്. പോലീസിനെ വിളിക്കാനുള്ള നമ്പര്‍, കുറ്റം ചെയ്ത കുട്ടിക്ക് മതാപിതാക്കള്‍ ഒരടിയോ പിച്ചോ കൊടുത്താല്‍, കുട്ടി ഉടനെ പോലീസിനെ വിളിച്ചാല്‍ മതി. അവര്‍ വന്ന് കേസെടുത്തോളും.

സ്‌ക്കൂളടയ്ക്കുമ്പോള്‍ മിനിയെ നാട്ടില്‍ കൊണ്ടുപോയി നല്ലൊരു പയ്യനെ കണ്ടുപിടിച്ച് കെട്ടിക്കാമെന്ന് പോത്തനും മറിയാമ്മയും രഹസ്യമായി തീരുമാനമെടുത്തു.

ഹൈസ്‌ക്കൂള്‍ ഗ്രാഡ്വേഷന്റെ തലേദിവസം, വീട്ടില്‍ മിനി മാത്രമേ ഉള്ളൂ. ഫോണ്‍ ബെല്ലടിച്ചു. ഡാഡിയുടെ കൂട്ടുകാരന്‍ ട്രാവല്‍ ഏജന്‍സിയില്‍ നിന്നും വിളിച്ചതാണ്, നാട്ടിലേക്കുള്ള മൂന്നു ടിക്കറ്റുകള്‍ റെഡിയാണ്, പ്ലീസ് ടെല്‍ യുവര്‍ ഡാഡി.

മിനിക്ക് കാര്യമൊന്നും മനസ്സിലായില്ല.

'എന്തിനാ ഇപ്പോള്‍ നാട്ടില്‍ പോകുന്നത്? ആപ്ലിക്കേഷന്‍ അയച്ച കോളേജുകള്‍ “ഓപ്പണ്‍ ഹൗസിന”് വിളിക്കത്തില്ലേ? കോള്ജ് സെലക്ട് ചെയ്യണ്ടേ? അന്നേരം നാട്ടില്‍ പോയാലെങ്ങനെ? പോത്തന്‍ വന്നപ്പോള്‍ അവള്‍ ചോദിച്ചു.

'അത്യാവശ്യമായി നാട്ടില്‍ പോകേണ്ടി വന്നു എന്ന് കോളേജധികൃതരെ വിളിച്ചറിയിക്കാം.'
'എന്തത്യാവശ്യത്തിനാ ഡാഡീ നമ്മളിപ്പോള്‍ പോകുന്നത്?' പോത്തനു ദേഷ്യം വന്നു. 'കൂടുതല്‍ ചോദ്യമൊന്നും വേണ്ട. പറയുന്നതു കേട്ടാല്‍ മതി.'

അന്നുതന്നെ അവള്‍ ജയനെ ഫോണില്‍ വിളിച്ചു.

'സ്ട്രെയിറ്റായിട്ട് ഒരു ഉത്തരം ഡാഡി തരുന്നില്ല. ഇതിലെന്തോ ഒരു ഒളിച്ചു കളിയുണ്ടെന്ന് എനിക്കു തോന്നുന്നു.'

'മിനി വിഷമിക്കേണ്ട. എന്തിനും ഞാനുണ്ട്, നമ്മുടെ കൂട്ടുകാരുണ്ട്.'

പിറ്റേന്ന് ഗ്രാഡ്വേഷന്‍ സെറിമണി കഴിഞ്ഞ് എല്ലാവരും ഇറ്റാലിയന്‍ റസ്റ്റോറന്റില്‍ ഡിന്നര്‍ കഴിക്കാന്‍ പോയി.

തിരികെ വന്ന് മറിയാമ്മ പെട്ടികള്‍ ഒരുക്കാന്‍ തുടങ്ങി. നാട്ടില്‍ പോകാന്‍ ഇനി അധികം ദിവസങ്ങളില്ല.

എന്തോ ചോദിക്കാന്‍ മിനി മമ്മിയുടെ മുറിയിലേക്കു ചെന്നു. ബാങ്ക്‌ലോക്കറില്‍ ഒരു വലിയ ബാഗു നിറയെ തനിക്കുവേണ്ടി വാങ്ങിവെച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പെട്ടിയിലെ തുണികള്‍ക്കിടയില്‍ മമ്മി തിരുകിക്കയറ്റുന്നത് അവള്‍ കണ്ടു.

എന്തിനാ എന്റെ ജുവലറി നാട്ടില്‍ കൊണ്ടുപോകുന്നത്? നാട്ടിലേക്ക് ഇത്ര ധൃതിയില്‍ പോകുന്നത് എന്റെ വിവാഹം നടത്താനാണോ? എന്തോ മണത്തറിഞ്ഞതുപോലെ മിനി ചോദിച്ചു.

അവളെ രൂക്ഷഭാവത്തില്‍ ഒന്നു നോക്കിയതല്ലാതെ മിറയാമ്മ ഒന്നും പറഞ്ഞില്ല.

പിറ്റേന്നു നേരം വെളുത്തപ്പോള്‍ മിനി വീട്ടിലില്ല. ജയന്റെ വീട്ടിലന്വേഷിച്ചപ്പോള്‍ അവനേയും കാണാനില്ല. വിവരം കാട്ടുതീ പോലെ പടര്‍ന്നു. പലരും പല അഭിപ്രായങ്ങളും പറഞ്ഞു.

'പെണ്‍കുട്ടികളെ വരുവരായ്കകള്‍ പറഞ്ഞു കൊടുത്ത് വളര്‍ത്തണം. കുട്ടികള്‍ക്കുവേണ്ടി സമയം ചെലവഴിക്കാന്‍ ഇല്ലാത്ത മാതാപിതാക്കള്‍ക്ക് ഇങ്ങനെയൊക്കെ വരും.'

'മിനി ചെയ്തതാണു ശരി. നാട്ടില്‍ കൊണ്ടുപോയി നിര്‍ബന്ധമായി കെട്ടിച്ച് ഒരു ചെറുപ്പക്കാരനെ അവതാളത്തിലാക്കിയില്ലല്ലോ.'

'അതു നേരാ. നമ്മുടെ എബ്രഹാം കോശിയുടെ മോള്‍ ചെയ്തത് ഓര്‍ക്കുന്നില്ലേ. നാട്ടില്‍ കൊണ്ടുപോയി അവളെകെട്ടിച്ചു. തിരിച്ചമേരിക്കയില്‍ വന്നിട്ട് പഴയ കാമുകന്റെ കൂടെ അവള്‍ ഒളിച്ചോടി. നാട്ടിലുള്ള അവളുടെ ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും നാണക്കേട് ഓര്‍ത്തു നോക്കിക്കേ!'

പോത്തന്‍ പോലീസില്‍ പരാതിപ്പെട്ടു. പതിനെട്ടു വയസ്സു തികയാത്ത തന്റെ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു.

പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അടുത്തൊരു കൗണ്ടിയിലെ മോട്ടലില്‍ നിന്നും അവരെ പിടിച്ചുകൊണ്ടു വന്നു.

ഒരിക്കലും കുറയാത്ത മരിച്ചാലും മാറാത്ത സ്‌നേഹം ജയനും മിനിയും കോടതിയില്‍ പ്രസ്താവിച്ചു. പതിനെട്ടു വയസ്സുവരെ മിനി മാതാപിതാക്കളോടൊപ്പം താമസിക്കണമെന്ന് വിധിയുണ്ടായി.
തല്‍ക്കാലത്തേക്ക് പ്രശ്‌നങ്ങള്‍ അവസാനിച്ചു. പക്ഷെ പെട്ടെന്ന് ഒരു ദിവസം ജയനെ കാണാതായി. മിനി അതറിഞ്ഞു. വലിയ വിഷമമൊന്നും പ്രകടിപ്പിച്ചില്ല.

മാസങ്ങള്‍ കഴിഞ്ഞു. അന്തരീക്ഷം തണുത്തു. എല്ലാവരും എല്ലാം മറന്നു. പോത്തനും മറിയാമ്മയും ആശ്വസിച്ചു. മറിയാമ്മ വീണ്ടും രണ്ടും മൂന്നും ഷിഫ്ട് ജോലി ചെയ്തു.

മിനിയുടെ പതിനെട്ടാം പിറന്നാള്‍ മനഃപൂര്‍വ്വം ആഘോഷിച്ചില്ല. ആര്‍ക്കും താല്പര്യമില്ലായിരുന്നു.
പിറ്റേന്ന് പകല്‍ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ഒരു ടാക്‌സി വന്നു വീട്ടുമുറ്റത്തു നിന്നു. മിനി ഒരു സ്യൂട്ട്‌കേയ്‌സുമായി അതില്‍ കയറി പോവുകയും ചെയ്തു.

പോത്തന്‍ വൈകീട്ടു ജോലി കഴിഞ്ഞു വന്നപ്പോള്‍ മേശപ്പുറത്തു മിനി എഴുതി വെച്ച നോട്ട് കണ്ടു. “ഞാന്‍ ജയന്റെ അടുത്തേക്കു പോകുന്നു. എനിക്കിന്നലെ പതിനെട്ടു വയസ്സായി. ഐ കാന്‍ ഡു വാട്ടെവര്‍ ഐ വാണ്ട്. എന്നെ അന്വേഷിക്കണ്ട.”

ജയന്‍ ഡിട്രോയിറ്റില്‍ ഒരു മോട്ടോര്‍ കമ്പനിയില്‍ കെക്കാനിക്കായി ജോലി നോക്കുകയായിരുന്നു. മിനിയും ജയനും കൂട്ടുകാര്‍ വഴി വിവരങ്ങള്‍ പതിവായി കൈമാറുന്നുണ്ടായിരുന്നു. അവള്‍ ചെന്നതിന്റെ പിറ്റേദിവസം സിറ്റിഹാളില്‍ പോയി അവര്‍ വിവാഹിതരായി.

പാര്‍ട്ട്‌ടൈം ജോലിയും ഫുള്‍ടൈം പഠിത്തവും. അതിനിടെ കുട്ടികള്‍ മൂന്നുണ്ടായി. മിനിയിപ്പോള്‍ മേരിക്കുട്ടിയുടെ ഒപ്പം ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നു.

ക്രിസ്തുമസ് അവധിക്കും, സ്പ്രിംങ് ബ്രേക്കിനും ജയനും മിനിയും കുട്ടികളുമായി ജോസിന്റെ വീട്ടില്‍ വരും. ചിലപ്പോള്‍ അവിടെ സ്ലീപ്പ് ഓവര്‍ ചെയ്യും.

ഈ ക്രിസ്തുമസ് അവധിക്ക് അവര്‍ കുട്ടികളേയും കൊണ്ട് ഫ്‌ളോറിഡക്കു പോകുകയാണ്. “വാള്‍ട്ട് ഡിസ്‌നിവേള്‍ഡി“ലേക്ക്.

കുഞ്ഞുങ്ങളുടെ കാര്യം കേട്ടപ്പോള്‍ ജോസും മേരിക്കുട്ടിയും പരസ്പരം നോക്കി.
'പറയട്ടേ?'

'ഉം.' അവള്‍ തലകുലുക്കി.

'ഉടനെ പറയണ്ട എന്നു വിചാരിച്ചതാണ്. പക്ഷേ തീരെ ക്ഷമ കിട്ടുന്നില്ല…ഞങ്ങളും താമസിയാതെ ഡാഡിയും മമ്മിയും ആവും.'

'കണ്‍ഗ്രാജുലേഷന്‍സ്. ഇറ്റ് ഈസ് എ വെരി വണ്ടര്‍ഫുള്‍ സര്‍പ്രൈസ്. ഇവിടെ വച്ചേ അറിയാമായിരുന്നോ അതോ നാട്ടില്‍ ചെന്നശേഷം അിറഞ്ഞതാണോ?' മിനിയുടേയും ജയന്റേയും സ്വരത്തില്‍ ആഹ്ലാദം.

അറിഞ്ഞത് നാട്ടില്‍വെച്ചാ. പക്ഷെ നിങ്ങള്‍ വിചാരിക്കുന്നതു പോലെയല്ല സംഭവം. ഞാന്‍ എന്റെ പെങ്ങള്‍ സൂസിയുടെ ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാളെ ദത്തെടുക്കാന്‍ തീരുമാനിച്ചു.

'നല്ല തീരുമാനം.'

സുഖമായി എത്തിയ വിവരം ജോസ് വീട്ടിലേക്ക് വിളിച്ചറിയിച്ചു. വെക്കേഷന്‍ രണ്ടു ദിവസം കൂടി ബാക്കിയുണ്ട്. യാത്രാക്ഷീണം മാറിയിട്ടു ജോലിക്കു പോയിത്തുടങ്ങിയാല്‍ മതി.

മേരിക്കുട്ടി കൂട്ടുകാരെ വിളിച്ചു. നാട്ടില്‍നിന്നും കൊടുത്തയച്ച സാധനങ്ങള്‍ എല്ലാവര്‍ക്കു കൊടുത്തു. ഒഴിഞ്ഞപെട്ടികള്‍ അടുക്കി വെച്ചു വീട് വൃത്തിയാക്കി.

ഇമിഗ്രേഷന്‍ ഓഫീസില്‍ പോകണം. നല്ല ഒരു അറ്റേണിയെ കാണണം. മനസ്സില്‍ വല്ലാത്ത ധൃതി രണ്ടുപേര്‍ക്കും.

അവര്‍ റീത്താന്റിയെ ചെന്നു കണ്ടു. നാട്ടിലെ വിശേഷണളെല്ലാം പറഞ്ഞു. ബീനമോളെ സൂസി തങ്ങള്‍ക്കു തന്ന കാര്യവും.

ബ്യൂട്ടിഫുള്‍ ബേബീസ് ആന്റി. മേരിക്കുട്ടിക്ക് ആഹ്ലാദവും ആനന്ദവും അടക്കാനാവുന്നില്ല. ബീനയും ബിന്ദുവും. ഐഡന്റിക്കല്‍ ട്വിന്‍സ്. ബീനയെ എത്രയും വേഗം ദത്തെടുക്കും ഞങ്ങള്‍. ആദ്യം തരില്ലെന്നു പറഞ്ഞു. പക്ഷെ, സൂസിയേയും ബിന്ദുവിനേയും കൂടി ഇങ്ങോട്ടു കൊണ്ടുവരാം എന്ന് വാഗ്ദാനം ചെയ്തപ്പോള്‍ അവളുടെ മനസ്സുമാറി.

റീത്താന്റിയുടെ കണ്ണുകള്‍ തിളങ്ങി. മേരിക്കുട്ടിക്ക് മക്കളില്ലാത്തതില്‍ റീത്താന്റിക്ക് ദുഃഖമുണ്ട്. ഒരിക്കലും പ്രസവിച്ചിട്ടില്ലാത്ത റീത്താന്റിക്ക് മേരിക്കുട്ടി മകളായിരുന്നു. അവളെ അമേരിക്കയിലേക്കു കൊണ്ടുവന്നതും അവരാണ്.

ബീന ഇങ്ങുവരട്ടെ. ഞാനവളെ വളര്‍ത്തിക്കോളാം. ജോലിക്കു പോകുമ്പോള്‍ കുഞ്ഞിനെ ആരു നോക്കും എന്ന ആശങ്ക അതോടെ മാറി ജോസിനും മേരിക്കുട്ടിക്കും.

ജീവിതത്തിന് അര്‍ത്ഥമുണ്ടാവാന്‍ പോകുന്നു. മോളേ എന്നു വിളിക്കാന്‍ ഒരു കുഞ്ഞ്. ഈ വലിയ വീട് ഇനി പൊട്ടിച്ചിരികള്‍ കൊണ്ടു നിറയും.

തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തനായ അഡ്വക്കേറ്റിനെ ജോസ് ഫോണില്‍ ബന്ധപ്പെട്ടു. അഡോപ്ഷനു വേണ്ടതെല്ലാം ശരിയാക്കാം എന്ന് അദ്ദേഹം ഏറ്റു.

കുഞ്ഞിനുവേണ്ടി ഒരു മുറി ഫര്‍ണിഷ് ചെയ്യണം. ആദ്യം അവളെ നമ്മോടൊപ്പം കിടത്തിയാല്‍ മതി. നമ്മള്‍ രണ്ടുപേരുടേയും പ്രൊട്ടക്ഷനുണ്ടെന്നു മനസ്സിലാക്കുമ്പോള്‍ അമ്മയെ പിരിഞ്ഞ അവളുടെ സങ്കടം മാറും.

മേരിക്കുട്ടിക്ക് എപ്പോഴും ബീനയെക്കുറിച്ചാണ് ചിന്ത. ചിരിക്കുടക്ക. തുടുത്ത തക്കാളിക്കവിളുകള്‍. വലിയ  കറുത്ത കണ്ണുകള്‍. ഒട്ടും ചുരുളാത്ത തഴച്ച മുടി.

അവളിങ്ങുവരട്ടെ. ഒരു രാജകുമാരിയെപ്പോലെ ഞാന്‍ വളര്‍ത്തും. എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കും. ഏറ്റവും പുതിയ ഫാഷനിലുള്ള ഉടുപ്പുകളും ചെരിപ്പുകളും ജൂവലറിയും വാങ്ങി അവളെ അണിയിക്കും. ചുറ്റുമുള്ള മലയാളിക്കുട്ടികളുടെ ഇടയില്‍ ഒരു ബ്യൂട്ടിഫുള്‍ ഇന്‍ഡ്യന്‍ പ്രിന്‍സസ് തന്നെയായിരിക്കും അവള്‍.

ജോസ് സൂസിക്കൊരു കത്തെഴുതി. ഒരു ചെക്കും വെച്ചു കത്തിനോടൊപ്പം. ആവശ്യങ്ങള്‍ നടക്കട്ടെ ഭംഗിയായി. പണത്തിന്റെ ബുദ്ധിമുട്ട് തന്റെ കുഞ്ഞനിയത്തി ഇനി അറിയണ്ട.

അതിനുശേഷം കത്തെഴുതുമ്പോഴെല്ലാം ഒരു ചെക്കുകൂടി വെക്കും.

ചെക്കു കാണുമ്പോള്‍ സൂസിക്കു പ്രയാസം തോന്നും. എന്റെ കുഞ്ഞിന്റെ വില ജോസച്ചാച്ചന്‍ തവണകളായി അയച്ചു തരികയാണോ? കുഞ്ഞിനെ കൊടുക്കാമെന്നു സമ്മതിച്ചത് തെറ്റായിപ്പോയോ?

ബീനമോളുടെ മുഖത്തേക്ക് നോക്കിയിരിക്കുമ്പോള്‍, അവളുടെ നിഷ്‌കളങ്കമായ ചിരി കാണുമ്പോള്‍ സൂസിയുടെ ഇടനെഞ്ചു തകരും. അവള്‍ പൊട്ടിക്കരയും.

കരച്ചിലടങ്ങുമ്പോള്‍ സ്വയം ആശ്വാസം കണ്ടെത്തുകയായി. ബീന അന്യരുടെ അടുത്തേക്കല്ലല്ലോ പോകുന്നത്. ജോസച്ചാച്ചനും അമ്മാമ്മയും അവളെ പൊന്നുപോലെ നോക്കും. തന്നെയുമല്ല ഏഴെട്ടു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തനിക്കവളുടെ അടുത്തേക്കു ചെല്ലാനും സാധിക്കും.
എങ്കിലും ഒരു വേര്‍പാട്…

ബീനയുമായുള്ള സഹവാസം ക്രമേണ കുറയ്ക്കുവാന്‍ അവള്‍ ശ്രമിച്ചു. ഉച്ചക്ക് ഊണു കഴിക്കാന്‍ വീട്ടില്‍ വരില്ല.

ചോറ് രാവിലെ  കൊണ്ടുപോകും. കുഞ്ഞുങ്ങളെ കുളിപ്പിക്കാനും ഉടുപ്പിടുവിക്കാനും ആഹാരം കൊടുക്കാനും മറിയച്ചേടത്തിയെ ഏല്പിച്ചു. 'കഷ്ടമാ മോള് ഇത്.' ഇടയ്ക്കിടക്ക് മറിയച്ചേടത്തി പറയും.

പിന്നെ ഞാനെന്തുചെയ്യും ചേടത്തീ? ഞാനില്ലെങ്കിലും എന്റെ കുഞ്ഞ് വഴക്കൊന്നും ഉണ്ടാക്കാതിരിക്കാന്‍ ശീലിക്കണം. ഇതല്ലാതെ വേറെന്താ മാര്‍ഗ്ഗം.

സൂസി കൂടുതല്‍ മൗനിയായി. ആരോഗ്യം കുറഞ്ഞു. അവള്‍ക്കെന്തു പറ്റിയെന്ന് ഓഫീസിലെല്ലാവര്‍ക്കും അത്ഭുതം. തല്‍ക്കാലം കാര്യമൊന്നും ആരുമറിയണ്ട എന്ന് മാലതിസ്സാര്‍ പറഞ്ഞതുകൊണ്ട് കുഞ്ഞിനെ ആങ്ങളക്കുകൊടുക്കാന്‍ പോകുന്ന കാര്യം അവള്‍ ആരോടും പറഞ്ഞില്ല.

ബര്‍ണാര്‍ഡ്‌സാറും കുഞ്ഞന്നാമ്മയും രണ്ടു പ്രാവശ്യം എറണാകുളത്തു പോയി സൂസിയോടൊപ്പം താമസിച്ച് മടങ്ങിപ്പോയി.

'അങ്ങോട്ടേക്കൊരു ട്രാന്‍സ്ഫറിന് എഴുതിക്കൊടുക്കൂ മോളെ. ബാക്കിയൊക്കെ അപ്പച്ചന്‍ ഏറ്റു.'
സൂസി ട്രാന്‍സ്ഫറിന് അപേക്ഷിച്ചു.

അഡോപ്ഷന്‍ പേപ്പേഴ്‌സ് ശരിയായി. ബര്‍ണാര്‍ഡ് സാര്‍ വന്ന് സൂസിയെ തിരുവനന്തപുരത്തേക്കു കൂട്ടുക്കൊണ്ടുപോയി. അഡ്വേക്കേറ്റ്  ചൂണ്ടിക്കാണിച്ച സ്ഥലങ്ങളില്‍ നിറകണ്ണുകളോടെ അവള്‍ ഒപ്പിട്ടു കൊടുത്തു.

ബീനയില്‍ ഇനി സൂസിക്ക് യാതൊരവകാശവും ഇല്ല. അഡോപ്റ്റഡ് പാരന്റ്‌സിന്റെ കൂടെ അമേരിക്കയില്‍ പോകുന്നവരെ ബീന നാച്വറല്‍ പാരന്റിന്റെ സംരക്ഷണയിലാരിക്കും എന്നു മാത്രം.
ഒപ്പിട്ട പേപ്പറുകള്‍ അമേരിക്കയിലേക്ക് പറന്നു.

സൂസിക്കു തിരുവന്തപുരത്തേക്കു സ്ഥലമാറ്റം കിട്ടി. അവളെ കൊണ്ടുപോകാന്‍ ബര്‍ണാര്‍ഡ് സാറും കുഞ്ഞന്നാമ്മയും വന്നു.

വീട് അടച്ചു പൂട്ടി.

ഫര്‍ണീച്ചറുകള്‍ ഒരു ലോറിയില്‍ കയറ്റി.

കാറില്‍ കയറുമ്പോള്‍ സൂസി ഒന്നു തിരിഞ്ഞു നോക്കി.

താനും മനുവും താമസിച്ച വീട്.

ഇനിയെന്നെങ്കിലും താനിവിടേക്ക് തിരിച്ചു വരുമോ?

വരണം. വന്നേതീരൂ. മനുവുണ്ട്. ഇവിടെ.

മറിയച്ചേടത്തിയേയും തിരുവനന്തപുരത്തിനു കൊണ്ടുവന്നു. പിറ്റേദിവസം തന്നെ സൂസി ഓഫീസില്‍ ജോലിക്കു ചേര്‍ന്നു.

ദിവസങ്ങള്‍ യാന്ത്രികമായി കടന്നു പോയ്‌ക്കൊണ്ടിരുന്നു. ജോസും മേരിക്കുട്ടിയും അമേരിക്കയില്‍ നിന്ന് മാറി മാറി വിളിച്ചു. ചെക്കുകളുടെ വരവിന് മുടക്കം വന്നില്ല. ഇനി അയക്കരുത് എന്ന് സൂസി വിലക്കിയിട്ടും അവര്‍ അയച്ചു. ഒഴുക്കില്ലാത്ത നദിപോലെ നിശ്ചലമായിക്കിടന്ന, ഓളങ്ങളില്ലാത്ത തടാകംപോലെ നിദ്രാലസതയിലാണ്ടു കിടന്ന അവരുടെ ജീവിതത്തിന് ഒരു ഉദ്ദേശമുണ്ടാക്കിക്കൊടുത്ത തങ്ങളുടെ കൊച്ചനുജത്തിയെ, നാത്തൂനെ, എങ്ങനെ സന്തോഷിപ്പിക്കണം എന്ന് ജോസിനും മേരിക്കുട്ടിക്കും അറിയില്ല.

ബീനയുടെ വിസ വാങ്ങാന്‍ മദ്രാസ് കൗണ്‍സുലേറ്റില്‍ സൂസിയും അവളുടെ അപ്പച്ചനും അമ്മച്ചിയും കൂടി പോയി.

ഒടുവില്‍ ബീനയെ കൊണ്ടുപോകാന്‍ ജോസും മേരിക്കുട്ടിയുംവന്നു. വെറും പത്തുദിവസത്തെ അവധിക്ക്. പത്ത് നിമിഷങ്ങള്‍ പോലെയാണ് അവ കടന്നുപോയത്.

എയര്‍പ്പോര്‍ട്ടില്‍ വെച്ച് ഉമ്മകള്‍ നല്‍കി ബീനമോളെ ജോസിന്റെ കൈകളിലേല്പിക്കുമ്പോള്‍ സൂസിയുടെ ഹൃദയം നുറുങ്ങിപ്പോയി. മേരിക്കുട്ടിയുമൊത്ത്, ബീനയേയും തോളിലേറ്റി അയാള്‍ വിമാനത്തിനടുത്തേക്ക് നടക്കുമ്പോള്‍ സൂസി അച്ഛന്റെ ദേഹത്തേക്കു ചാരി. ബിന്ദു വാവിട്ടു കരഞ്ഞു. 'ബീന പോവണ്ട… നിക്ക് ബീനയെ വേണം.'

ബീന ചിരിക്കുകയായിരുന്നു. 'പ്ലേനേക്കേറിപ്പോവാ' അവള്‍ വിളിച്ചു പറഞ്ഞു. അവളുടെ കണ്ണുകളില്‍ നിറയെ കൗതുകം. എന്താണ് സംഭവിക്കുന്നതെന്ന് അവള്‍ക്കറിയില്ലായിരുന്നു.
നിമിഷങ്ങള്‍ക്കകം, ഒരു വെള്ളിപ്പറവയെപ്പോലെ ആ കൂറ്റന്‍ വിമാനം നീലകാശത്തേക്കു പറന്നുകയറി അപ്രത്യക്ഷമായി.

Previous page link:

സ്വപ്നാടനം(നോവല്‍ ഭാഗം-5)- നീന പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക