Image

ഒ.സി.ഐ. കാര്‍ഡ് വ്യവസ്ഥകള്‍ പുന:പ്പരിശോധിക്കണം; ജോര്‍ജ് മാത്യു (ഫോമാ പ്രസിഡന്റ്)

മൊയ്തീന്‍ പുത്തന്‍‌ചിറ Published on 10 March, 2013
ഒ.സി.ഐ. കാര്‍ഡ് വ്യവസ്ഥകള്‍ പുന:പ്പരിശോധിക്കണം; ജോര്‍ജ് മാത്യു (ഫോമാ പ്രസിഡന്റ്)
ന്യൂയോര്‍ക്ക്: ഇന്ത്യാ ഗവണ്മെന്റിന്റെ പാസ്പോര്‍ട്ട് റിനൗണ്‍സിയേഷന്‍ ഫീസും ഓ.സി.ഐ. കാര്‍ഡിന് ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ വ്യവസ്ഥകളും മാനദണ്ഡങ്ങളും പ്രവാസി മലയാളികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു എന്ന് ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു തന്റെ പ്രസ്താവനയില്‍ പരാതിപ്പെട്ടു.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫോമാ ഉള്‍പ്പടെയുള്ള വിവിധ സംഘടനകളുടെ ആഭിഖ്യത്തില്‍ ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുമ്പില്‍ നടന്ന സമാധാന പ്രതിഷേധ പ്രകടനം ഭാഗികമായി ഫലം കണ്ടെത്തിയിരുന്നു. എന്നാല്‍, കോണ്‍സുലേറ്റ് ജനറല്‍ നല്‍കിയ വിവിധ ഉറപ്പുകള്‍ പലതും കാറ്റില്‍ പറത്തി ഇന്ത്യന്‍ കോണ്‍സുലേറ്റ് അവരുടെ സ്വന്തം അജണ്ടയുമായി മുന്നോട്ടു പോകുകയായിരുന്നു.

പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യുമ്പോള്‍ 20 ഡോളര്‍ ഫീസ് ചുമത്തിയിരുന്നത് ഇപ്പോള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ വര്‍ദ്ധിപ്പിച്ചു. അമേരിക്കന്‍ പാസ്പോര്‍ട്ട് എടുത്തതിനു ശേഷവും ഇന്ത്യന്‍ പാസ്പോര്‍ട്ട് യാത്രയ്ക്കായി ഉപയോഗിച്ചാല്‍ പിഴ ചുമത്താവുന്നതാണ്. എന്നാല്‍, ഒരു പ്രാവശ്യം പോലും ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ചില്ലെങ്കില്‍ അഡ്‌മിനിസ്‌ട്രേഷന്‍ ഫീസായി 20 ഡോളര്‍ മാത്രമേ ചുമത്തുകയുള്ളൂ എന്നായിരുന്നു ധാരണ. ആ ധാരണയും ഉറപ്പുമെല്ലാം കാറ്റില്‍ പറത്തി ഓരോ പ്രാവശ്യവും പലവിധ ന്യായീകരണങ്ങളുമായി ഇന്ത്യന്‍ എംബസ്സിയും കോണ്‍സുലേറ്റുമെല്ലാം പ്രവാസികളെ ചൂഷണം ചെയ്യുന്ന അവസ്ഥയാണ് ഇപ്പോള്‍ നടമാടിക്കൊണ്ടിരിക്കുന്നത്. കൂടാതെ, ഔട്ട്സോഴ്സിംഗ് ഏജന്‍സിയുടെ വക വേറെയും. ഈ ചൂഷണ മനോഭാവം നിര്‍ത്തുകയും പ്രവാസികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കുകയും, പുന:പ്പരിശോധിക്കുകയും ചെയ്യണമെന്ന് ജോര്‍ജ് മാത്യു ആവശ്യപ്പെട്ടു.

പ്രവാസികളെ ഓ.സി.ഐ. കാര്‍ഡ് എടുക്കാന്‍ പ്രേരിപ്പിക്കുകയും, ഫോമയടക്കം നിരവധി സംഘടനകള്‍ ഓ.സി.ഐ. ക്യാമ്പുകള്‍ സംഘടിപ്പികയും ഭൂരിഭാഗം പേരെയും ക്യാമ്പിലെത്തിക്കുകയും ചെയ്ത് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സഹായിച്ചിട്ടുണ്ട്. അന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം തന്നെ ഖണ്ഡിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ജോര്‍ജ് മാത്യു പറഞ്ഞു. അത് വഞ്ചനയാണ്.

ആജീവനാന്ത വിസയെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി നിബന്ധനകള്‍ക്ക് വശം‌വദരാക്കി അപേക്ഷകരില്‍ നിന്ന് ഭീമമായ തുകയും ഈടാക്കി അവസാനം പറഞ്ഞ വാക്കും വ്യവസ്ഥയും തള്ളിപ്പറഞ്ഞ് വീണ്ടും വഞ്ചനാപരമായ പ്രവര്‍ത്തികളിലൂടെ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ജോര്‍ജ് മാത്യു ശക്തമായി ആവശ്യപ്പെട്ടു. ഇത്രയും ബുദ്ധിമുട്ടുകള്‍ സഹിച്ചും ഒ.സി.ഐ. ലഭ്യമാക്കിയവരാകട്ടേ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല എന്ന് വൈകിയാണ് മനസ്സിലാക്കിയത്.

അമേരിക്കന്‍ പാസ്പോര്‍ട്ടിന്റെ കാലാവധി തീരുമ്പോള്‍ ഓ.സി.ഐ. കാര്‍ഡും പുതുക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാന്‍ കഴിയില്ല. 'ആജീവനാന്ത വിസ' എന്ന പേരില്‍ ഒ.സി.ഐ. കാര്‍ഡ് നല്‍കുകയും പിന്നീട് അത് പുതുക്കാനെന്ന വ്യാജേന പുതിയ നിയമങ്ങള്‍ ഉണ്ടാക്കിയതുവഴി ചൂഷണത്തിലൂടെ ധനസമ്പാദനമാണ് ഇന്ത്യാ ഗവണ്മെന്റും കോണ്‍സുലേറ്റുകളും  ലക്ഷ്യമിടുന്നത്. ഈ അനീതി അംഗീകരിക്കാനാവില്ല എന്ന് ജോര്‍ജ് മാത്യു പ്രസ്താവിച്ചു.

ഏറെ ദുര്‍ഘടവും അശാസ്ത്രീയവുമായ കരിനിയമങ്ങള്‍ ഉടനടി പുന:പ്പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി മന്മോഹന്‍ സിംഗ്, യു.പി.എ. അദ്ധ്യക്ഷ സോണിയാ ഗാന്ധി, വിദേശകാര്യ വകുപ്പു മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, പ്രവാസികാര്യ വകുപ്പു മന്ത്രി വയലാര്‍ രവി, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് അയച്ച നിവേദനത്തില്‍ ജോര്‍ജ് മാത്യു ആവശ്യപ്പെട്ടു.

പ്രവാസികളെ ഏറെ ബുദ്ധിമുട്ടിക്കുന്ന കസ്റ്റംസ് തീരുവ, സ്വത്തുക്കളുടെ സം‌രക്ഷണം, ടാക്സേഷന്‍ എന്നീ വിഷയങ്ങളിലും അടിയന്തിരമായി ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നും ജോര്‍ജ് മാത്യു ആവശ്യപ്പെട്ടു. അതോടൊപ്പം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ പെരുമാറ്റങ്ങള്‍ അവസാനിപ്പിച്ച് അവരെ ജനങ്ങളുമായി കൂടുതല്‍ സൗഹാര്‍ദ്ദപരമായി ഇടപെടാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും, സാമുഹ്യ സംഘടനകളുമായി ആശയവിനിമയം നടത്തി പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അറുതി വരുത്താന്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും ജോര്‍ജ് മാത്യു അഭ്യര്‍ത്ഥിച്ചു.
ഒ.സി.ഐ. കാര്‍ഡ് വ്യവസ്ഥകള്‍ പുന:പ്പരിശോധിക്കണം; ജോര്‍ജ് മാത്യു (ഫോമാ പ്രസിഡന്റ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക