Image

ദൈവകരം കൂടെയുള്ളവരുടെ മക്കള്‍ വഴിപിഴക്കില്ല. (വാരാന്ത്യ ചിന്തകള്‍ ) - പ്രീയാ ജോണ്‍സണ്‍.

Published on 09 March, 2013
ദൈവകരം കൂടെയുള്ളവരുടെ മക്കള്‍ വഴിപിഴക്കില്ല. (വാരാന്ത്യ ചിന്തകള്‍ ) - പ്രീയാ ജോണ്‍സണ്‍.

നമ്മോടൊത്ത് ദു:ഖിക്കുന്നവരുടെയും സഹതപിക്കുന്നവരുടെയും എണ്ണം വളരെ ഏറെയാണ്. എന്നാലും ആ വ്യക്തിക്ക്, ഈ ഗതി വന്നല്ലോഎന്ന പരിവേദനം പലപ്പോഴും നാം കേള്‍ക്കാറുള്ളതാണ്! ചിരിക്കുമ്പോള്‍ കു‌ടെ ചിരിക്കാന്‍ ആയിരം പേര്‍ വരും; കരയുമ്പോള്‍ കു‌ടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും’  എന്ന ചലച്ചിത്ര ഗാനത്തിന്‍റെ ഈരടികള്‍ ഒരു യാഥാര്‍ത്ഥ്യം ആണെങ്കിലും നമ്മുടെ സങ്കടത്തിലും നമ്മെ ആശ്വസിപ്പിക്കാന്‍ ഒരാളെങ്കിലും കാണാതിരിക്കില്ല, അവരെ നമ്മുക്ക് ഒരുനാളും മറക്കാന്‍ സാധിക്കുകയുമില്ല.

നമ്മുടെ നേട്ടങ്ങളില്‍ നമ്മോടൊത്ത് സന്തോഷിക്കുന്നവരുടെ സന്തോഷം ആത്മാര്‍ഥതയോടുള്ളതാണോ?  ദൈവ കാരുണ്യം വര്‍ഷിക്കുന്ന നിമിഷങ്ങളായി അപരന്റെ നന്മയെ കാണുമ്പോള്‍ അസൂയപെടുന്നതിനു പകരം അവരോടൊത്തു സന്തോഷിക്കുവാന്‍ നമുക്ക് കഴിയണം.

ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചതിന്‍റെ സന്തോഷം പങ്കുവയ്ക്കാന്‍ പാര്‍ട്ടി നടത്തുകയാണ് വിനോദ്. മദ്യ സല്‍ക്കാരത്തിനിടെ ആരോ ഒരാള്‍ പറഞ്ഞു വിനോദിന്‍റെ ഭാര്യയെപ്പോലെ സുന്ദരിയായ ഒരു ഭാര്യ ഉണ്ടായിരുന്നെങ്കില്‍ നമുക്കൊക്കെ സ്ഥാനക്കയറ്റം കിട്ടിയേനെ.’’ ഇപ്രകാരം പറയുന്ന സുഹൃത്തുക്കളുമായി നിങ്ങളുടെ സന്തോഷം എന്തിനു നിങ്ങള്‍ പങ്കുവെയ്ക്കുന്നു. അവര്‍ നിങ്ങളുടെ സന്തോഷം അനുഭവിക്കുന്നതിനോടൊപ്പം നിങ്ങളുടെ ജീവിതത്തില്‍ അനിശ്ചിതത്വവും അരാജകത്വവും സൃഷ്ടിക്കുവാനും ശ്രമിക്കുന്നു. അതിലാണ് അവര്‍ സന്തോഷം കണ്ടെത്തുന്നത്, അവരെ ആണ് സാഡിസ്റ്റ് എന്ന് പറയുന്നത്. അങ്ങനെയുള്ളവരുമായുള്ള സൗഹൃദകൂട്ടായ്മകള്‍ നമ്മള്‍ക്കു വേണമോ എന്ന് പുനര്‍ വിചിന്തിനം ചെയ്യുന്നത് നല്ലതായിരിക്കും.

നമ്മുടെ നേട്ടങ്ങളില്‍ സന്തോഷം പങ്കുവയ്ക്കാന്‍ ഒത്തിരി പേര്‍ കു‌ടെയുണ്ടെങ്കിലും പലരുടെയും ഉള്ളില്‍ അസൂയ പുളിച്ചു തികട്ടി വരുന്നു. അപരന്റെ നന്മയില്‍ സന്തോഷിക്കുന്ന മനസ്സാണോ നമ്മളുടെത് എന്നുള്ള ഒരു ആത്മ പരിശോധന നല്ലതാണ്. മറ്റുള്ളവരുടെ സന്തോഷത്തിലും സന്താപത്തിലും ഒരേ മനസ്സോടെ ഒത്തുചേരുവാന്‍ നമ്മള്‍ നമ്മുടെ മനസ്സിനെ പരിശീലിപ്പിക്കണം. അതിനു ദൈവ സാന്നിധ്യം അനിവാര്യമാണ്.

വാര്‍ദ്ധക്യത്തില്‍ സെക്കരിയാവിനെയും എലിസബത്തിനെയും ദൈവം പൈതലിനെ നല്‍കി അനുഗ്രഹിച്ചപ്പോള്‍ അവരോടൊത്തു അയല്‍ക്കാരും ബന്ധുജനങ്ങളും സന്തോഷിച്ചു. അവര്‍ ഇരുവരും ദൈവ സന്നിധിയില്‍ നീതിയുള്ളവര്‍ ആയിരുന്നത് കൊണ്ടു അവരുടെ പൈതലിന്‍റെ ജനനത്തിങ്കല്‍ എല്ലാവരും സന്തോഷിക്കയും അവര്‍ക്കും സന്തോഷവും ആനന്ദവും ഉണ്ടാവുകയും ചെയ്തു. മാതാപിതാക്കള്‍ക്ക് സന്തോഷവും സമാധാനവും നല്‍ക്കുന്ന മക്കള്‍ ഉണ്ടാകണമെങ്കില്‍ മാതാപിതാക്കള്‍ നീതിയും വിശ്വസ്തതയും ഉള്ളവര്‍ ആയിരിക്കണം.

കര്‍ത്താവിന്‍റെ കരം യോഹന്നാനോട് കു‌ടി ഉണ്ടായിരുന്നു. ദൈവകരത്തിന്‍റെ തണലില്‍ പാര്‍ക്കുന്നവരുടെ കുഞ്ഞുങ്ങള്‍ ജന്മ്മമെടുക്കുന്നതും രൂപപ്പെടുന്നതും വളരുന്നതും ഏതൊക്കെ നല്ല വഴികളിലാണ് . എന്നാല്‍ വെറുമൊരു കടമ തീര്‍ക്കും വണ്ണം കൊച്ചു കുഞ്ഞുങ്ങളെ കാര്‍ട്ടൂണ്‍ ചാനലിന്‍റെ മുന്നിലേക്ക്‌ ആനയിക്കുന്ന അമ്മ, എന്താണ് കുഞ്ഞില്‍ രൂപപ്പെടുത്തുന്നത്? ആ കുഞ്ഞു എന്തായിത്തീരണം എന്നാണു ആഗ്രഹിക്കുന്നത്? സ്നേഹവും വാത്സല്യവും ഉപദേശങ്ങളും കൊടുക്കേണ്ട സമയത്ത് അവ കൊടുക്കാതെ ഉത്തരവാദിത്വങ്ങളില്‍ പിന്‍മാറിനിന്ന് കുഞ്ഞുങ്ങളെ വളര്‍ത്തുന്നവര്‍ ഓര്‍ക്കുക, ആ കുഞ്ഞുങ്ങള്‍ വഴിപിഴച്ചു പോയെങ്കില്‍ പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്ന്. നമ്മള്‍ക്കു ലഭിച്ചിരിക്കുന്ന ദൈവീക കൃപകളെ നമ്മുടെ തലമുറകളിലേക്ക് കൈമാറുവാന്‍ നമ്മള്‍ കടപ്പെട്ടവരാണ്.

തങ്ങളുടെ കുഞ്ഞുങ്ങളില്‍ ക്രിസ്തു രൂപപ്പെട്ടു കാണാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ സെഖരിയാവിനെയും എലിസബത്തിനെയും പോലെ ദൈവസന്നിധിയില്‍ കുറ്റമില്ലാത്തവര്‍ ആയിരിക്കണം. ലൌകികമായ നേട്ടങ്ങള്‍ കൊണ്ടു മാത്രം തൃപ്തമാകുന്നതല്ല ജീവിതമെന്ന് തിരിച്ചറിഞ്ഞു അതിനായി മക്കളെ ഒരുക്കുകയും ചെയ്യണം. കര്‍ത്താവിന്റെ കരം എന്‍റെ കുഞ്ഞിന്‍റെ കു‌ടെ ഉണ്ടെന്നു പറയാന്‍ കഴിയുന്ന ആത്മ വിശ്വാസം നേടിയെടുക്കണം . അതിനു ദൈവ ഹിതത്തിനനുചിതമായി കൂട്ടായ്മയോടും പരസ്പരവിശ്വാസത്തോടും സ്നേഹത്തോടും കൂടെ ജീവിക്കണം. നമ്മള്‍ക്ക് ദാനമായി ലഭിച്ചിരിക്കുന്ന ദൈവീക കൃപകളും നന്മകളും നമ്മുടെ മക്കളില്‍ കൂടി തലമുറകളിലേക്ക് കൈമാറുക. സകലതിനെയും കാത്തു പരിപാലിക്കുന്ന ദൈവ കരം എല്ലാവരുടെ മേലും എപ്പോഴും ഉണ്ടായിരിക്കട്ടെ!

ദൈവകരം കൂടെയുള്ളവരുടെ മക്കള്‍ വഴിപിഴക്കില്ല. (വാരാന്ത്യ ചിന്തകള്‍ ) - പ്രീയാ ജോണ്‍സണ്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക