Image

പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കും: അംബാസിഡര്‍ നിരുപമ റാവു

ജോയിച്ചന്‍ പുതുക്കുളം Published on 15 September, 2011
പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കും: അംബാസിഡര്‍ നിരുപമ റാവു
വാഷിഗ്‌ടണ്‍ ഡി.സി: അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ വവിധ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം കണ്ടെത്താന്‍ താന്‍ മുന്‍കൈ എടുക്കുമെന്ന്‌ ഇന്ത്യയുടെ പുതിയ അംബാസിഡറായി ചുമതലയേറ്റ നിരുപമ റാവു, ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍ (ഫോമ) യുടെ ദേശീയ ജനറല്‍ സെക്രട്ടറി ബിനോയി തോമസിന്‌ ഉറപ്പുനല്‍കി.

പുതിയ സ്ഥാനപതിയായി ചുമതലയേറ്റ മലയാളിയായ നിരുപമ റാവുവിന്‌ അമേരിക്കന്‍ മലയാളികളുടെ പേരിലുള്ള ആശംസകള്‍ ഫോമാ സെക്രട്ടറി നേര്‍ന്നു. ആശംസകള്‍ നേരാന്‍ എത്തിയ താന്‍ പരാതികളുടെ നീണ്ട പട്ടിക നിരത്തുന്നതില്‍ ഖേദിക്കുന്നുവെന്ന്‌ ബിനോയി തോമസ്‌ അറിയിച്ചപ്പോള്‍, ഒരു കമ്യൂണിറ്റി ലീഡര്‍ എന്ന നിലയില്‍ ചുമതല നിര്‍വഹിക്കുമ്പോള്‍ ഖേദിക്കേണ്ടതില്ലെന്ന്‌ നിരുപമ റാവു പ്രതികരിച്ചു. മിനിസ്റ്റര്‍ ഓഫ്‌ കമ്യൂണിറ്റി അഫയേഴ്‌സ്‌ ദത്ത പട്‌സാല്‍ഗിക്കറും സന്നിഹിതനായിരുന്നു.

ഓഫ്‌ഷോര്‍ വോളന്ററി ഡിക്ലറേഷന്‍, ടാക്‌സ്‌ കോഡ്‌, റീ എന്‍ട്രി പെര്‍മിറ്റ്‌, പാസ്‌പോര്‍ട്ട്‌ സറണ്ടറിലെ അധിക ഫീസ്‌ എന്നീ വിഷയങ്ങളില്‍ ഇന്ത്യന്‍ അമേരിക്കക്കാരുടെ പ്രതിക്ഷേധവും, പരാതികളും അംബാസിഡര്‍ റാവുവിന്‌ കൈമാറി. എംബസിയിലേയും വിവിധ കോണ്‍സുലേറ്റുകളിലേയും പരിമിതികളും കാര്യക്ഷമതയില്ലായ്‌മയും ബിനോയി തോമസ്‌ അംബാസിഡറെ ധരിപ്പിച്ചു. ന്യൂയോര്‍ക്ക്‌, ഹൂസ്റ്റണ്‍ തുടങ്ങിയ കോണ്‍സുലേറ്റുകളുമായി കാലാകാലങ്ങളായി ഇന്ത്യന്‍ വംശജര്‍ക്കുള്ള അതൃപ്‌തിയും ഫോമ സെക്രട്ടറി, അംബാസിഡറെ ധരിപ്പിച്ചു.

ന്യൂയോര്‍ക്ക്‌, ഹൂസ്റ്റണ്‍, ഷിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവടങ്ങളിലെ കോണ്‍സുല്‍ ജനറല്‍മാരുടെ മീറ്റിംഗ്‌ താന്‍ ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും, ബിനോയി തോമസ്‌ സമര്‍പ്പിച്ച പരാതികളും, പ്രശ്‌ന പരിഹാര മാര്‍ഗ്ഗരേഖയും ചര്‍ച്ച ചെയ്യാമെന്നും നിരുപമ റാവു അറിയിച്ചു.

ഹൂസ്റ്റണ്‍ കോണ്‍സുലേറ്റിലെ ജോലിക്കാരുടെ എണ്ണത്തിലെ കുറവ്‌ ഈയിടെ പരിഹരിച്ചുവെന്നും, ഇനി ഹൂസ്റ്റണില്‍ നിന്നും മെച്ചപ്പെട്ട സേവനം പ്രതീക്ഷിക്കാമെന്നും കമ്യൂണിറ്റി അഫയേഴ്‌സ്‌ മിനിസ്റ്റര്‍ ദത്ത പട്‌സാല്‍ഗിക്കര്‍ അറിയിച്ചു.

ഫോമാ സെക്രട്ടറി ബിനോയി തോമസ്‌ നിര്‍ദേശിച്ചതുപോലെ, ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി നേതാക്കളുടെ മീറ്റിംഗ്‌ താന്‍ വാഷിംഗ്‌ടണ്‍ എംബസിയില്‍ വിളിച്ചുചേര്‍ക്കാമെന്ന്‌ നിരുപമ റാവു ഉറപ്പുനല്‍കി. എംബസിയിലെ കോണ്‍സുല്‍ അഫയേഴ്‌സ്‌ മിനിസ്റ്റര്‍ അടക്കം എല്ലാ പ്രമുഖ ഉദ്യോഗസ്ഥരുമായി ആശയവിനിമയത്തിന്‌ ഈ മീറ്റിംഗ്‌ വഴിയൊരുക്കും. ഇത്തരത്തിലുള്ള മീറ്റിംഗുകള്‍, വിവിധ കോണ്‍സുലേറ്റുകളിലും നടത്താന്‍ കോണ്‍സുല്‍ ജനറല്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കുമെന്നും അംബാസിഡര്‍ റാവു അറിയിച്ചു.
പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കും: അംബാസിഡര്‍ നിരുപമ റാവു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക