Image

കോടതിവിധി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയാറാകണം: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം Published on 16 September, 2011
കോടതിവിധി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയാറാകണം: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം
ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിയമസഭയ്‌ക്കും, എക്‌സിക്യൂട്ടീവിനും ജുഡീഷ്യറിക്കും, തുല്യപങ്കാളിത്തമാണുള്ളത്‌. തര്‍ക്കവിഷയങ്ങളില്‍ നീതി ന്യായ വ്യവസ്ഥ അനുസരിച്ചു പുറപ്പെടുവിച്ചിട്ടുള്ള കോടതിവിധി നടപ്പാക്കിത്തരേണ്ട ചുമതല എക്‌സിക്യൂട്ടീവ്‌ അധികാരമുള്ള കേരള സര്‍ക്കാരിനാണ്‌. കോലഞ്ചേരി ഇടവകയെ സംബന്ധിച്ചുണ്ടായ കോടതിവിധി നടപ്പാക്കിത്തരുന്നതിന്‌ കേരള സര്‍ക്കാര്‍ ധൈര്യം കാട്ടണം. കോടതിവിധി നടപ്പാക്കിയാല്‍ രണ്ടു മന്ത്രി മാര്‍ രാജി ഭീഷണി മുഴക്കിയിരിക്കുന്നതിനാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു അതിനു സാധിക്കാതെ വന്നിരിക്കുന്നു.

യാക്കോബായ വിഭാഗത്തിലെ ശ്രീ ടി.എം. ജേക്കബും, പി.പി. തങ്കച്ചനും ഉള്‍പെട്ട, കേവലം രണ്ടാള്‍ ഭൂരിപക്ഷമുള്ള തന്റെ മന്ത്രി സഭ സംരക്ഷിക്കാനാണ്‌ താല്‌പര്യം. ഇവിടെ നിയമ വ്യവസ്ഥിതി കാറ്റില്‍ പറത്തികൊണ്ട്‌ സത്യപ്രതിജ്ഞാ ലംഘനമാണ്‌ ഇവര്‍ ചെയ്യുന്നത്‌. കേരള സര്‍ക്കാര്‍ ഭാരത്തിന്റെ നീതിന്യായ വ്യവസ്ഥിതിക്ക്‌ മാന്യത നല്‍കാതെ സ്വാര്‍ത്ഥ താല്‌പര്യങ്ങള്‍ക്കും, ലാഭേച്ഛകള്‍ക്കും വേണ്ടി സാമൂഹിക നീതിവ്യവസ്ഥിതിയ്‌ക്ക്‌ വെല്ലുവിളി ഉയര്‍ത്തികൊണ്ട്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ മക്കളുടെ സമാധാന ജീവിതത്തിനും, സ്വാതന്ത്യ്ര സംരക്ഷണത്തിനും ഭീഷണിയായി നിലകൊള്ളുന്ന വിദേശ കുടിലശക്തികള്‍ക്കെതിരെ മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയും, കണ്ടനാട്‌ വെസ്‌റ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തായും നടത്തുന്ന നിരാഹാര സമരം ഇന്ന്‌ അഞ്ചാം ദിവസത്തിലേക്ക്‌ കടക്കുന്നു. രാഷ്ട്രീയക്കാര്‍ നടത്തുന്നതുപോലെയുള്ള കപടനിരാഹാരമല്ല പരിശുദ്ധ പിതാക്കന്മാര്‍ നടത്തുന്നത്‌ എന്ന്‌ രാഷ്ട്രീയക്കാര്‍ മനസിലാക്കണം. മറുവശത്ത്‌ പ്രാര്‍ഥനാ യക്‌ഞ്ഞമാണ്‌ നടക്കുന്നത്‌ഞങ്ങളുടെ പിതാക്കന്മാര്‍ക്കു എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ നിങ്ങള്‌ക്ക്‌ അധികാരത്തില്‍ തുടരാന്‍ കഴിയുമോ എന്ന്‌ കാത്തിരുന്നു കാണേണ്ടതാണ്‌. മലങ്കര സഭയുടെ സ്വാതന്ത്ര്യസംരക്ഷണത്തിനായി സഭാ നേതൃത്വം കൈകൊള്ളേണ്ട ധീരമായ നടപടികള്‍ക്കുള്ള ആഹ്വാനത്തിനായി ഞങ്ങള്‍ കാതോര്‍ത്തു കൊണ്ടിരിക്കുകയാണ്‌.

കഴിഞ്ഞ ദിവസം മറു വിഭാഗം പള്ളി കുത്തിപോളിച്ചു അകത്തുകടന്നു കുര്‍ബാന നടത്തിയിട്ട്‌ എന്തേ കേരള സര്‍ക്കാര്‍ അവരെ അറസ്റ്റു ചെയ്യുവാനുള്ള ധര്യം കാട്ടിയില്ല. കേവലം പേരിനുവേണ്ടി ഒരു കേസ്‌ മാത്രം ചാര്‍ജ്‌ ചെയ്‌തിരിക്കുന്നു. അധികാരം നിലനിര്‍ത്താന്‍ വേണ്ടി നിങ്ങള്‍ കളിക്കുന്ന ഈ കപട നാടകം ഇനിയും ഞങ്ങള്‍ക്ക്‌ കണ്ടു നില്‍ക്കാനാവില്ല.

എക്‌സിക്കുഷന്‍ വിധി കൊണ്ടുവന്നാല്‍ നടപ്പിലാക്കാം എന്നാണ്‌ ഇപ്പോള്‍ കേരളസര്‍ക്കാര്‍ പറയുന്നത്‌. കേരളത്തിലെ കോടതി വിധികള്‍ എല്ലാം നിങ്ങള്‍ നടപ്പിലാക്കുന്നത്‌ എക്‌സിക്കുഷന്‍ വിധി കൊണ്ടു വന്നിട്ടാണോ എന്നറിഞ്ഞാല്‍ കൊള്ളാം.നീതിയും ന്യായവും ആരുടെ ഭാഗത്താണെന്ന്‌ തീരുമാനിക്കാനാണ്‌ ഇവിടെ നീതിന്യായ കോടതി .പുതിയ സഭക്ക്‌ തല്‌സ്ഥിതി കോടതി അനുവദിച്ചിട്ടില്ല.പിന്നെ എന്തിനു സംഘര്‍ഷം ഉണ്ടാക്കുന്നു? പള്ളികോടതിയുടെ വിധി ഹൈ കോടതിയും സ്‌റ്റേ ചെയ്‌തില്ല .വിധി നടത്തി കൊടുക്കേണ്ടത്‌ നട്ടെല്ലുള്ള ജനാതിപത്യ സര്‍ക്കാരിന്റെ ചുമതലയാണ്‌ .ഇപ്പോഴത്തെ നാടകം രാഷ്ട്രീയക്കാരുടെ അറിവോടെയുള്ള ഒരു ഗൂടാലോചനയുടെ ഭാഗമാണെന്നു തീര്‍ച്ചയാണ്‌ .ഇനി വരാനിരിക്കുന്ന വിധികളും അട്ടി മറിക്കാനുള്ള ഗൂഡ തന്ത്രം.

കേരളസര്‍ക്കാരിനോട്‌ ഒന്ന്‌ രണ്ടു ചോദ്യം .ദേവപ്രശ്‌നം അനുസരിച്ച്‌ ബി നിലവറ തുറക്കാന്‍ അനുവദിക്കില്ല എന്ന്‌ വാദിച്ചു ഹിന്ദു ഭക്ത ജനങ്ങള്‍ ക്ഷേത്ര പരിസരത്ത്‌ തടിച്ചു കൂടി സങ്കര്‍ഷം ഉണ്ടാക്കിയാല്‍ സുപ്രീം കോടതി വിധി നടപ്പാക്കുമോ അതോ സമവായം ഉണ്ടാക്കാന്‍ നോക്കുമോ? ഒരു വശത്ത്‌ കോടതി വിധിയുടെ പേരില്‍ അമ്പലത്തിലെ നിലവറകള്‍ തുറന്നു പരിശോധിക്കാന്‍ നിങ്ങള്‍ കോടികള്‍ മുടക്കാന്‍ തയ്യാറാവുന്നു. മറു വശത്ത്‌ അതെ കോടതി യുടെ വിധികള്‍ കണ്ടില്ലെന്നു നടിക്കുന്നു. ഇത്‌ കാടത്ത നിയമമാണ്‌.

ഒരു എം എല്‍ എയുടെ തെരഞ്ഞെടുപ്പു അസാധുവാക്കണം എന്ന്‌ എതിരാളി കോടതിയില്‍ പോവുകയും സാധുവാണെന്ന്‌ കോടതി വിധിക്കയും ചെയ്യുമ്പോള്‍ അല്ല സുപ്രീം കോടതി വിധി വരുന്നത്‌ വരെ ഞാനും എം എല്‍ എ ആയിരിക്കും എന്ന്‌ എതിരാളിക്ക്‌ പറയുവാന്‍ കഴിയുമോ?

മറു വിഭാഗത്തിന്റെ മറ്റൊരു വാദം ഞങ്ങളാണ്‌ ഭൂരിപക്ഷം എന്ന്‌, എന്നിട്ടെന്തേ കോടതിയുടെ പിന്നാലെ പോയി. കാശ്‌മീരില്‍ ഭൂരിപക്ഷം മുസ്ലീങ്ങളും പാക്കിസ്ഥാനിലോട്ടു ചേരുവാന്‍ ആഗ്രഹിക്കുന്നവരാണ്‌. അതുകൊണ്ട്‌ കാശ്‌മീര്‍ വിട്ടുകൊടുക്കുവാന്‍ ഇന്ത്യ തയ്യാറാവുമോ? കാശ്‌മീരില്‍ ഹിതപരിശോധന നടക്കുമെങ്കില്‍ സഭയിലും നടക്കും. ഇവിടെ ഭൂരിപക്ഷവും ന്യൂനപക്ഷവും അല്ല സത്യത്തിനും നീതിക്കുമാണ്‌ പ്രസക്തി.

കോടതി വിധികള്‍ എതിരായപ്പോള്‍ ഇനി മധ്യസ്ഥാന്‍മാര്‍ പറയുന്നത്‌ ഞങ്ങള്‍ കേള്‍ക്കാം എന്ന്‌ പറയുന്നതില്‍ എന്ത്‌ ന്യായം? 1995 ല്‍ ഭാരതത്തിന്റെ പരമോന്നത നീതി പീടമായ സുപ്രീം കോടതി വിധി കാറ്റില്‍ പറത്തി 2002 ല്‍ പുതിയ ഒരു സൊസൈറ്റി ഉണ്ടാക്കി പോയവര്‍ക്ക്‌ മലങ്കര സഭയുടെ മേല്‍ ആത്മീയ മായോ ഭൌധീകമായോ യാതൊരു അധികാരവുമില്ല. മലങ്കര സഭയുടെ ചരിത്രത്തിന്റെ ഏടുകള്‍ വായിക്കുമ്പോള്‍ മുന്‍പ്‌ പല വിഭാഗങ്ങളും ഈ സഭ വിട്ടു പോയിട്ടുണ്ട്‌. അവരാരും ഇങ്ങനെ ഒരക്രമത്തിനു മുതിര്‍ന്നിട്ടില്ല. കോടതി വിധി മാനിക്കുക എന്നതാണ്‌ എല്ലാവര്‍ക്കും അഭികാമ്യം. കോടതിവിധി നടപ്പിലാക്കുവാന്‍ കേരള സര്‍ക്കാര്‍ തയാറാകണം

Fr. Johnson Punchakonam
കോടതിവിധി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയാറാകണം: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക