Image

ഓണവിശേഷങ്ങളുമായി മൈഥിലി

Published on 16 September, 2011
ഓണവിശേഷങ്ങളുമായി മൈഥിലി
ബ്രൈറ്റി ബാലചന്ദ്രന്‍ എന്ന പേര്‌ ആര്‍ക്കും അറിയുമെന്ന്‌ തോന്നുന്നില്ല. എന്നാല്‍ മൈഥിലിയെ എല്ലാവരും അറിയും. പാലേരി മാണിക്യത്തിലൂടെ മലയാള സിനിമയിലെത്തിയ മാണിക്യം മൈഥിലി. പാലേരി മാണിക്യത്തിലൂടെയാണ്‌ മൈഥിലി മലയാള സിനിമയിലെത്തിയതെങ്കിലും സ്വന്തമായി മൈഥിലി ഒരു മേല്‍വിലാസം നേടിയെടുക്കുന്നത്‌ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ എന്ന സിനിമയിലൂടെയാണ്‌. സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറിലെ നായിക വേഷം മൈഥിലിയെ മലയാള സിനിമയിലെ മുന്‍നിര താരമാക്കിയിരിക്കുന്നു.

കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെച്ചാണ്‌ മൈഥിലിയെ അഭിമുഖത്തിനായി കണ്ടത്‌. പത്തനംതിട്ടയിലെ കോന്നിയിലാണ്‌ മൈഥിലിയുടെ സ്വദേശം. സിനിമയിലേക്ക്‌ മാറിയപ്പോള്‍ കൊച്ചിയിലേക്ക്‌ മാറുകയായിരുന്നു മൈഥിലി.

ഒരു വലിയ ഹിറ്റിനു ശേഷമുള്ള ഓണമായതിനാല്‍ ഏറെ സന്തോഷത്തിലായിരിക്കുമല്ലോ?

2009ലാണ്‌ പാലേരിമാണിക്യത്തില്‍ ഞാന്‍ അഭിനയിക്കുന്നത്‌. അതിനു ശേഷം എനിക്ക്‌ ഒരു ശക്തമായ ബ്രേയ്‌ക്ക്‌ ലഭിക്കുന്നത്‌ ഇപ്പോഴാണ്‌. എനിക്ക്‌ ഭാഗ്യം നല്‍കിയ ചിത്രമാണ്‌ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍. ഇപ്പോഴും സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ തീയേറ്ററുകളില്‍ ഹിറ്റായി തുടരുന്നു. അതിന്റെയൊരു സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്‌. അതുകൊണ്ടു തന്നെ ഈ ഓണക്കാലവും എനിക്ക്‌ വിശേഷപ്പെട്ടതാണ്‌. കാരണം എന്റെ സിനിമ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോള്‍ കുറച്ചു ദിവസങ്ങളായി ആഘോഷങ്ങള്‍ തന്നെയായിരുന്നു. ഇപ്പോള്‍ അതിന്റെ തുടര്‍ച്ചയായി ഈ ഓണക്കാലവും.

മലയാളത്തിലെ മുന്‍നിര നായിക ഇപ്പോള്‍ മൈഥിലിയാണ്‌ എന്നാണ്‌ എല്ലാവരും പറയുന്നത്‌?

അയ്യോ...ഞാനത്രവലിയ നായികയൊന്നും ആയിട്ടില്ല. ഇനിയും കുറച്ചു ഹിറ്റുകള്‍ വരട്ടെ. എന്നിട്ട്‌ പറയാം മുന്‍നിര നായികയെന്നൊക്കെ.

എങ്കിലും ഒരുപാട്‌ ആരാധകരെ തന്നിട്ടില്ലെ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍?

എന്നെ ഇഷ്‌ടപ്പെടുന്ന പ്രേക്ഷകര്‍ ഉണ്ടെന്ന്‌ മനസിലാകുന്നത്‌ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറിനു ശേഷമാണ്‌. യൂത്ത്‌ ആണ്‌ കുടുതലും എന്നെ വിളിക്കുന്നതും കത്തെഴുതുന്നതും. സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറിലെ എന്റെ കോസ്റ്റ്യൂമുകള്‍ ഏറെ നന്നായിരുന്നുവെന്ന്‌ എല്ലാവരും പറയും. എല്ലാവര്‍ക്കും ഏറെ ഇഷ്‌ടപ്പെട്ടത്‌ ഞാനും ആസിഫും ചേര്‍ന്നുള്ള ഗാനരംഗത്തിലെ കോസ്റ്റ്യൂമുകളാണ്‌.

ആരാധകര്‍ക്ക്‌ മൈഥിലിയോടുള്ള താത്‌പര്യം എങ്ങനെയാണ്‌ മനസിലാക്കുന്നത്‌?

സിനിമയില്‍ കണ്ട്‌ എന്നെ ഇഷ്‌ടപ്പെട്ടിട്ട്‌ തന്നെയാണ്‌ മിക്കവരും എന്നെ വിളിക്കുന്നത്‌ എന്ന്‌ സംസാരിക്കുമ്പോള്‍ തന്നെ അറിയാം. പിന്നെ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ കഴിഞ്ഞതോടെ പലയിടങ്ങളിലായി എത്ര ഉദ്‌ഘാടനങ്ങള്‍ക്ക്‌ വിളിച്ചു. അതെല്ലാം എന്നെ പ്രേക്ഷകര്‍ ഇഷ്‌ടപ്പെടുന്നു എന്നതുകൊണ്ടാണെന്നാണ്‌ ഞാന്‍ മനസിലാക്കുന്നത്‌.

സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ കഴിഞ്ഞ്‌ ഏതാണ്‌ സിനിമ. ഓണം സിനിമ ലൊക്കേഷനില്‍ മുങ്ങിപ്പോകുമോ?

അങ്ങനെ സംഭവിക്കും എന്നാണ്‌ ഇപ്പോള്‍ തോന്നുന്നത്‌. ഈ ഓണം നാട്ടില്‍ കുടുംബത്തോടൊപ്പം ആഘോഷിക്കണം എന്നായിരുന്നു ആഗ്രഹം. മുമ്പൊക്കെ ഓണമെത്തിയാല്‍ എത്ര ദിവസങ്ങളാണ്‌ നമ്മള്‍ അതിന്റെ ഒരു ലഹരിയില്‍ പോകുക. ഇപ്പോള്‍ ഷൂട്ടിംഗ്‌ ലൊക്കേഷനില്‍ നിന്ന്‌ ഒരു ദിവസമെങ്കിലും വീട്ടില്‍ പോകാന്‍ കഴിയണേ എന്നാണ്‌ പ്രാര്‍ഥന. ഇത്തവണ ഓണത്തിന്‌ എന്നെ എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തീര്‍ച്ചയായും വീട്ടിലെത്തണമെന്ന്‌ പ്രതീക്ഷിക്കുന്നു.

ഓണത്തിന്‌ ഏത്‌ സിനിമയുടെ ലൊക്കേഷനിലായിരിക്കും?

``ഈ അടുത്ത കാലത്ത്‌'' എന്നതാണ്‌ ഞാന്‍ നായികയാകുന്ന പുതിയ സിനിമ. സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ പോലെ ഒരു ഡിഫറന്റ്‌ മൂവിയായിരിക്കുമിതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. കോക്‌ടെയില്‍ എന്ന ചിത്രം സംവിധാനം ചെയ്‌ത അരുണ്‍കുമാറാണ്‌ ഈ ചിത്രവും ഒരുക്കുന്നത്‌. ഇന്ദ്രജിത്ത്‌, അനൂപ്‌മേനോന്‍, നിശാന്‍ എന്നിവരാണ്‌ ഇതിലെ താരങ്ങള്‍. എനിക്ക്‌ ഒരുപാട്‌ പ്രതീക്ഷയുള്ള ചിത്രമാണിത്‌. ഷൂട്ടിംഗ്‌ ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷം തന്നെ ഈ ചിത്രവും റിലീസിനെത്തും.

വേറെ ചിത്രങ്ങളൊന്നും കമിറ്റ്‌ ചെയ്‌തിട്ടില്ലേ?

ചില ചിത്രങ്ങളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്‌. ഞാനിപ്പോള്‍ തിരക്കഥ കേട്ടിട്ട്‌ നല്ല സിനിമയെന്ന്‌ തോന്നുവെങ്കില്‍ മാത്രമേ കമിറ്റ്‌ ചെയ്യാറുള്ളു. തമിഴില്‍ നിന്നും ചില സിനിമകളിലേക്ക്‌ ഓഫറുകളുണ്ട്‌. എല്ലാം പതിയെ തീരുമാനിക്കാം.

സെലക്‌ടീവാകുന്നതിന്റെ ഭാഗമാണോ. സെലക്‌ടീവായിട്ടും ശിക്കാര്‍ പോലുള്ള സിനിമകളില്‍ മൈഥിലിക്ക്‌ കാര്യമായ റോളെന്നും ലഭിച്ചിരുന്നില്ലല്ലോ?

ശിക്കാര്‍ എന്ന സിനിമയൊക്കെ ഞാന്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന്‌ പിന്നീട്‌ തോന്നി. പാലേരിമാണിക്യം പോലൊരു മികച്ച സിനിമയിലൂടെ വന്നിട്ട്‌ ശിക്കാറില്‍ അഭിനയിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പിന്നീടാണ്‌ ഞാന്‍ അത്‌ മനസിലാക്കിയത്‌. പക്ഷെ കാത്തിരുന്നതിന്റെ ഫലം എനിക്ക്‌ കിട്ടി. സോള്‍ട്ട്‌ ആന്‍ പെപ്പറിലെ മീനീക്ഷി ഹിറ്റായില്ലേ.

സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ ഭക്ഷണ പ്രീയരുടെ കഥയാണല്ലോ? മൈഥിലി എങ്ങനെയാണ്‌?

ഞാന്‍ ഭക്ഷണത്തിന്റെ പ്രധാന ആളാണ്‌. എവിടെ നല്ല ഭക്ഷണം കിട്ടുമോ അവിടെ ഞാനുണ്ടാകും. ഭക്ഷണം ഇഷ്‌ടമല്ലാത്ത ആരാണുള്ളത്‌. സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ വലിയ വിജയമായതിനു പിന്നില്‍ ഇതുമൊരു കാരണമാണ്‌. ഞാന്‍ ഭക്ഷണത്തിന്‌ പ്രത്യേകിച്ചൊരു നിയന്ത്രണം വെക്കുന്നയാളൊന്നുമല്ല.

സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ ഏറ്റവും വലിയ ഹിറ്റായല്ലോ. മൈഥിലിക്ക്‌ ഏറെ ഇഷ്‌ടപ്പെട്ട രംഗമേതാണ്‌?

സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറിലെ എല്ലാ രംഗവും എനിക്ക്‌ ഒരുപോലെ ഇഷ്‌ടമാണ്‌ എന്ന്‌ പറയാനാണ്‌ തോന്നുന്നത്‌. കാരണം ഞങ്ങള്‍ വളരെ എന്‍ജോയ്‌ ചെയ്‌ത്‌ ഒരുക്കിയ ചിത്രമാണത്‌. സംവിധായകനായ ആഷിക്‌ അബുവിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു അത്‌. എങ്കിലും ഞാന്‍ അഭിനയിച്ച ഗാനരംഗത്തോട്‌ ഒരു പ്രത്യേക ഇഷ്‌ടമുണ്ട്‌.
ഓണവിശേഷങ്ങളുമായി മൈഥിലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക