Image

സ്വപ്നാടനം(നോവല്‍ ഭാഗം-6)- നീന പനയ്ക്കല്‍

നീന പനയ്ക്കല്‍ Published on 18 March, 2013
സ്വപ്നാടനം(നോവല്‍ ഭാഗം-6)- നീന പനയ്ക്കല്‍
ആറ്

വര്‍ഷം ഒന്നു കഴിഞ്ഞു.

ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ജോസ് വീട്ടിലേക്കു വിളിക്കും. സൂസിയോടു സംസാരിക്കും. ബീനയുടെ വിശേഷങ്ങളെല്ലാം പറയും.

ബീന പുതിയ വീടുമായി എളുപ്പം ഇണങ്ങി. ജോസും മേരിക്കുട്ടിയും ജോലിക്കുപോകുമ്പോള്‍ റീത്താന്റി ബീനയോടൊപ്പമുണ്ടാവും.

ജോസച്ചാച്ചാ, എനിക്ക് ബീനമോളെ കാണണം. എന്നാ നിങ്ങള്‍ വരുന്നത്? ഫോണ്‍ ചെയ്യുമ്പോഴൊക്കെ സൂസി ചോദിക്കാന്‍ തുടങ്ങി. 'വെക്കേഷനടുക്കുമ്പോള്‍ വരാം…' അയാള്‍ പറയും.

പക്ഷെ നാട്ടില്‍ പോകുന്ന കാര്യത്തില്‍ മേരിക്കുട്ടി ഒരു താല്പര്യവും കാട്ടിയില്ല. ബീനമോള്‍ ഇന്ന് അവളുടെ പൊന്നോമനയാണ്. അവളാണ് ഇന്ന് ബീനയുടെ മമ്മി. സൂസിയാണ് അവളുടെ പെറ്റമ്മയെന്ന് ബീനമോള്‍ അറിയുന്നത് അവള്‍ക്ക് സഹിക്കാനാവില്ല.

“നമുക്കൊന്നു പോകണം. എന്തായാലും അവള്‍ പെറ്റമ്മയാണ്. അവള്‍ ബീനമോളെ നമുക്കുതന്നു. എല്ലാക്കൊല്ലവും ബീനയെ കൊണ്ടുചെന്നു കാണിക്കാമെന്ന് ഞാന്‍ വാക്കുകൊടുത്തതാ. അത് ഞാന്‍ മറക്കില്ല.”

നിര്‍ബന്ധമാണെങ്കില്‍ ഒന്നു പോയിട്ടുവരാം. പക്ഷേ എല്ലാക്കൊല്ലവും പോകുന്ന പതിവൊന്നും നടക്കുമെന്നു വിചാരിക്കണ്ട.

നാട്ടിലേക്കു ടിക്കറ്റ് ബുക്കുചെയ്തു. വരുന്ന കാര്യം ജോസ് വീട്ടിലറിയിച്ചു. സൂസി പിന്നെ നിലത്തൊന്നുമായിരുന്നില്ല. എന്റെ പൊന്നു മോള്‍ വരുന്നു!!

ബീനയേയും കൊണ്ട് ജോസും മേരിക്കുട്ടിയും വന്നപ്പോള്‍ വീട്ടില്‍ നിന്ന് എല്ലാവരും എയര്‍പ്പോര്‍ട്ടില്‍ ചെന്ന് കാത്തു നിന്നിരുന്നു. ലൗഞ്ചില്‍ അക്ഷമയോടെ കാത്തുനിന്ന സൂസി ബീനയെ കണ്ടപ്പോള്‍ ഓടിച്ചെന്നു വാരിയെടുത്തു. പക്ഷേ, അവള്‍ അപ്പോള്‍ത്തന്നെ ഊര്‍ന്നിറങ്ങി മേരിക്കുട്ടിയുടെ കാലുകളില്‍ കെട്ടിപ്പിടിച്ച് അപരിചിതഭാവത്തില്‍ സൂസിയെ നോക്കി.

സൂസിയുടെ മനസ്സു തളര്‍ന്നുപോയി. ബിന്ദുവിനേയും സൂസിയേയും മറിയച്ചേടത്തിയേയും ബീന മറന്നു കഴിഞ്ഞിരുന്നു.

നാട്ടില്‍ കാലുകുത്തിയപ്പോള്‍ മുതല്‍ അവള്‍ക്ക് അസുഖമായി. ആഹാരം ഒന്നു കഴിക്കില്ല. ശാഠ്യം പിടിച്ചുള്ള കരച്ചില്‍. സൂസിയോ ബര്‍ണാര്‍ഡ് സാറോ കുഞ്ഞന്നാമ്മയോ ഒന്നു തൊടാന്‍ അവള്‍ സമ്മതിക്കില്ല. ബിന്ദു അടുത്തു ചെന്നാലുടനെ അവള്‍ അലറിക്കരയാന്‍ തുടങ്ങും. കൈയില്‍ കിട്ടുന്നതെടുത്ത് ബിന്ദുവിനെ എറിയും.

എനിക്കു വീട്ടില്‍ പോകണം… ബീന നിലവിളിച്ചുകൊണ്ടിരുന്നു.

ബീന തന്നെ മറന്നു എന്നു മനസ്സിലാക്കാന്‍ സൂസിക്ക് അധികം സമയം വേണ്ടിവന്നില്ല. പക്ഷേ അവള്‍ക്കു തന്നെ വേണ്ടെങ്കിലും തനിക്ക് അവളെ വേണമല്ലോ.

അവധി റദ്ദാക്കി ബീനയേയും കൊണ്ട് ജോസും മേരിക്കുട്ടിയും തിരികെപോയി.

മേരിക്കുട്ടിക്കാണ് ഏറ്റവും വലിയ ആശ്വാസം തോന്നിയത്. എന്തായാലും അനിഷ്ടകരമായത് ഒന്നും സംഭവിച്ചില്ല. സൂസിയെ ബീന തിരിച്ചറിഞ്ഞില്ല. സൂസി അവളെ അവകാശപ്പെട്ടുമില്ല.

ബീനയെ ഒരു കാതതലിക് പ്രീസ്‌ക്കൂളില്‍ ചേര്‍ത്തു. ജോസും മേരിക്കുട്ടിയും ബീനയോട് ഇംഗ്ലീഷിലേ സംസാരിക്കുമായിരുന്നുള്ളൂ. മലയാളം വേഗമവള്‍ മറന്നു.

ബീനയുടെ പിറന്നാളിന് എല്ലാവര്‍ഷവും ജോസ് പാര്‍ട്ടി നടത്തും. അവളുടെ കൂട്ടുകാരെ മുഴുവന്‍ വിളിച്ച്. ഫോട്ടോ എടുത്ത് സൂസിക്ക് അയച്ചു കൊടുക്കും.

വര്‍ഷങ്ങള്‍ ഒന്നൊന്നായി കടന്നുപോയി. നാട്ടിലേക്കു പോകാന്‍ മേരിക്കുട്ടി മടിച്ചു. ഇന്‍ഡ്യയില്‍ റിലേറ്റീവ്‌സ് ഉണ്ടെന്ന് ബീനക്കറിയാം പക്ഷേ അവിടേക്കു പോകാന്‍ അവള്‍ക്കും താല്പര്യമുണ്ടായിരുന്നില്ല.

ഓരോ തവണയും പിറന്നാളിനെടുത്ത ഫോട്ടോ കാണുമ്പോള്‍ സൂസി എഴുതും. ബീനമോളെ ഒന്നു കൊണ്ടുവാ ജോസച്ചാച്ചാ. ഫോണിലും പറയും.

പക്ഷേ അവര്‍ നാട്ടില്‍ പോയില്ല.

ഏഴാം പിറന്നാളിന് എടുത്ത ഫോട്ടോ കണ്ടപ്പോള്‍ കണ്ണീരില്‍ കുതിര്‍ന്ന ഒരു കത്ത് ജോസിന് സൂസി അയച്ചു.

'ബീനമോള്‍ നിങ്ങളുടേതാണ്. ഞാന്‍ അവളുടെ ആരുമല്ല. എങ്കിലും കാലുപിടിച്ചപേക്ഷിക്കയാണ് ജോസച്ചാച്ചാ. അവളെ കൊണ്ടുവന്ന് എന്നെ ഒന്നു കാണിക്കൂ.'

ആ അപേക്ഷ ജോസിന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. മേരിക്കുട്ടിയുടെ എതിര്‍പ്പിനെ അവഗണിച്ച്, ആ സമ്മറില്‍ ബീനയേയും കൊണ്ട് അവര്‍ നാട്ടില്‍പോയി.

ഗ്രാന്‍ഡ്പായേയും ഗ്രാന്‍ഡ്മായേയും ബീനക്ക് ഇഷ്ടമായി. പക്ഷേ അവരോട് അടുക്കാന്‍ അവള്‍ മടിച്ചു.

'ദെ സ്‌മെല്‍ ഫണി മമ്മീ'. രഹസ്യമായി അവള്‍ മേരിക്കുട്ടിയോടു പറഞ്ഞു.

ധന്വന്തരം കുഴമ്പിന്റെ മണം ഇഷ്ടപ്പെടാന്‍ അമേരിക്കയില്‍ വളരുന്ന കുട്ടിക്ക് എങ്ങനെ സാധിക്കും.

'ഐ അണ്ടര്‍സ്റ്റാന്‍ഡ് യൂ ബേബീ'. സഹാനുഭൂതിയോടെ മേരിക്കുട്ടി അവളെ ആശ്വസിപ്പിച്ചു.

ബീനമോളെ ഒന്നാശ്ലേഷിക്കാന്‍ ഒരുമ്മ കൊടുക്കാന്‍ സൂസി കൊതിച്ചു.

'ഐ ഡോണ്‍ട് ലൈക്ക് ഹെര്‍. അവര്‍ എന്നെ എപ്പോഴും തുറിച്ചു നോക്കും' ബീന പരാതി പറഞ്ഞു. അവളെ കണ്ണിമയ്ക്കാതെ നോക്കി നില്‍ക്കാനല്ലാതെ സൂസിക്ക് ഒന്നിനുമാവുമായിരുന്നില്ല.

ബീന ഏറ്റവും അധികം വെറുത്തത് ബിന്ദുവിനെയാണ്. ഹൗ കം ഷീ ലുക്‌സ് എക്‌സാറ്റ്‌ലി ലൈക്ക് മീ? ബിന്ദുവിനെ കണ്ടിട്ട് അവളെപ്പോലെ തന്നെയിരിക്കുന്നു. അതേ പ്രായം, അതേ മുഖം, അതേ ശരീരം. ബീനക്ക് അതാണ് തീരെ സഹിക്കാനാവാത്തത്.

'ബിന്ദു നിന്റെ കസിനല്ലേ. മുഖച്ഛായയുണ്ടാവും. ദാറ്റീസ് നാച്വറല്‍.' ജോസ് അവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

'ഐ ഹേറ്റ് ഇറ്റ്. ഐ ഹേറ്റ് ഹെര്‍.'

കോണ്‍വെന്റ് സ്‌ക്കൂളില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചിരുന്ന ബിന്ദുവിന് ബീന പറയുന്നതെല്ലാം മനസ്സിലായി.

'എന്താ അമ്മേ ബീന എന്നെ വെറുക്കുന്നത്? ഞാന്‍ അവളുടെ സിസ്റ്ററല്ലേ. അവള്‍ വരാന്‍ നോക്കിയിരിക്കയായിരുന്നില്ലേ ഞാന്‍? എന്തു തെറ്റാ ഞാന്‍ ചെയ്തത്? സങ്കടത്തോടെ ബിന്ദു അമ്മയോടു ചോദിച്ചു.

സൂസി അവളെ ആശ്ലേഷിച്ചു. 'മോള്‍ക്ക് അമ്മയില്ലേ. വല്യപ്പച്ചനും വല്യമ്മച്ചിയുമില്ലേ? പിന്നെന്തിനാ വിഷമിക്കുന്നത്?'

അവധികഴിഞ്ഞ ജോസും മേരിക്കുട്ടിയും ബീനയും തിരിച്ചുപോയി. ഇനി അടുത്തെങ്ങും അവര്‍ നാട്ടിലേക്കു വരില്ല. സൂസിയും ബിന്ദുവും വിസകിട്ടി അങ്ങോട്ടു ചെല്ലുകയേയുള്ളൂ.

ബീനക്ക് ഒന്നിലും ഒരു കുറവും അനുഭവപ്പെടരുത് എന്ന് മേരിക്കുട്ടിക്ക് നിര്‍ബന്ധമായിരുന്നു. അവളുടെ ആഗ്രഹങ്ങളെല്ലാം അവര്‍ സാധിച്ചു കൊടുത്തു.

കാത്തലിക് സ്‌ക്കൂളിലെ കര്‍ശന നിയമങ്ങള്‍ ബീന വെറുത്തു.

എന്നെ ഏതെങ്കിലും നല്ല പബ്ലിക്ക് സ്‌ക്കൂളില്‍ ചേര്‍ത്താല്‍ മതി. അവള്‍ വാശിപിടിച്ചു. ജോസും മേരിക്കുട്ടിയും അവളുടെ ശാഠ്യത്തിന് വഴങ്ങിക്കൊടുത്തു.

സ്‌ക്കൂളില്‍ മലയാളിക്കുട്ടികളെ കാണുന്നതുതന്നെ അവള്‍ക്ക് വെറുപ്പാണ്. പ്രത്യേകിച്ചും പുതിയതായി വരുന്നവരോട്, സംസാരിക്കാന്‍ ഭാഷയറിയില്ല, മാനേഴ്‌സ് അറിയില്ല, ടിഷ്യൂ ഉപയോഗിക്കാനറിയില്ല. പുറം കൈകൊണ്ടും ഷര്‍ട്ടിന്റെ സ്ലീവിലും മൂക്കു തുടയ്ക്കുന്ന സ്റ്റുപിഡ് ഇഡിയറ്റ്‌സ്.

പള്ളിയിലും സ്‌ക്കൂളിലും ധനികരുടെ കുട്ടികളോടു മാത്രമേ അവള്‍ കൂടാറുള്ളൂ. അവരെക്കാളൊക്കെ ഒരു പടി മുന്നില്‍ നില്ക്കണം അവള്‍ക്ക്. ജോസും മേരിക്കുട്ടിയും അവളെ അഭിനന്ദിച്ചു. പ്രോത്സാഹിപ്പിച്ചു. ഒരു മിടുക്കിപ്പെണ്ണിന്റെ ക്വാളിറ്റികളില്‍ ഒന്നാണ് എന്തിനും എവിടേയും മുന്നേറുകയെന്നത്.

ബീനയുടെ ഒരു കൂട്ടുകാരി പുതിയ വീടു വാങ്ങിയതിന്റെ ഹൗസ് വാമിംഗ് പാര്‍ട്ടിക്ക് ബീനയെ പ്രത്യേകം ക്ഷണിച്ചിരുന്നു. അതുകഴിഞ്ഞു തിരികെ വന്ന ബീന വിഷാദമഗ്നയായിരുന്നു.
എന്തു പറ്റി ബീനാ? മേരിക്കുട്ടി ചോദിച്ചു.

നമുക്കൊരു പുതിയ വീടുവാങ്ങണം മമ്മീ. അവളുടെ വീടുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വീട് ഒരു വെറും കുടിലാണ്.

മേരിക്കുട്ടിയും വളരെ നാളായി ആഗ്രഹിക്കുന്ന കാര്യമാണ്. പുതിയ ഒരു വീട് വാങ്ങുക എന്നത്. അധികം വൈകാതെ സൂസിയും ബിന്ദുവും അമേരിക്കയിലെത്തും. ആ ദിവസത്തെ പേടിച്ചിരിക്കയാണവള്‍. രണ്ടു കുട്ടികളേയും ഒരുമിച്ചു കാണുമ്പോള്‍ ആളുകള്‍ സംസാരിക്കും. ചിലപ്പോള്‍ രഹസ്യം ബീനയറിയും.

മേരിക്കുട്ടി ജോസിനോട് ഒരു പുതിയ വീടു വാങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. അവളുടെ ആശങ്കയില്‍ കഴമ്പുണ്ടെന്ന് അയാള്‍ക്കും തോന്നി.

മേരിക്കുട്ടി ഒരു പോംവഴി കണ്ടെത്തി. മറ്റേതെങ്കിലും സ്റ്റേറ്റില്‍ ജോലി സമ്പാദിക്കുക. അവിടെ ഒരു നല്ല വീടു വാങ്ങുക. ബീനയെ ദത്തെടുത്തതാണെന്ന് ഡിട്രോയിറ്റിലുള്ള സ്‌നേഹിതര്‍ക്കല്ലേ അറിയൂ. പുതിയ സ്ഥലത്ത് എല്ലാം സുരക്ഷിതമായിരിക്കും.

മാസങ്ങള്‍ശേഷം മെരിലാന്റിലെ നല്ല രണ്ടു കമ്പനികളില്‍ ജോസിനും മേരിക്കുട്ടിക്കും ജോലികിട്ടി. ബീനക്ക് ഇഷ്ടപ്പെട്ട ഒരു വീട് ഡേവിഡ്‌സണിലെ സബര്‍ബില്‍ വാങ്ങി. ഒരു മാന്‍ഷന്‍. സ്വിമ്മിംഗ്പൂളും ചെറിയ ഒരു ടെന്നീസ് കോര്‍ട്ടും ഉള്ളത്.

അവര്‍ അവിടേക്ക് താമസം മാറി. മേരിക്കുട്ടിക്ക് ആശ്വാസമായി. ബീനക്ക് സന്തോഷവുമായി. ഡിട്രോയിറ്റിലെ കൂട്ടുകാരെ പുതിയ വീടു കാണിക്കാന്‍ പറ്റിയില്ലല്ലോ എന്ന നിരാശ മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ.

പുതിയ അഡ്രസ്സും ഫോണ്‍നമ്പരും അറിയിക്കാന്‍ ജോസ് വീട്ടിലേക്കു വിളിച്ചു. ബിന്ദുവിനെയാണ് കിട്ടിയത്. രണ്ടും അവള്‍ കുറിച്ചെടുത്തു.

ബീനയെ ജോസങ്കിള്‍ ദത്തെടുത്തതാണെന്ന് ബിന്ദുവിനറിയാം. ബീനക്ക് അമ്മേയും തന്നേയും ഇഷ്ടമല്ലെന്ന് അവള്‍ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ അവള്‍ക്ക് ബീനയോടു സ്‌നേഹം മാത്രമേയുളളൂ.
ബിന്ദു ഇടയ്ക്കിടെ വലിയ ആല്‍ബമെടുത്തു നോക്കാറുണ്ട്. കുഞ്ഞഉങ്ങളായിരുന്നപ്പോള്‍ എടുത്ത ഫോട്ടോകള്‍. ഒന്നാം പിറന്നാളിനെടുത്ത ഫോട്ടോകള്‍.എല്ലാറ്റിലും ബീന ചിരിക്കുന്നു. ഇവിടെ വന്നപ്പോള്‍ ഒരു തവണ പോലും ചിരിക്കുന്നതു കണ്ടില്ല.

സൂസി വന്നപ്പോള്‍ ജോസങ്കിള്‍ വിളിച്ച കാര്യം അവള്‍ അമ്മയോടു പറഞ്ഞു. അവള്‍ക്ക് വലിയ സന്തോഷമായി.

തിരുവനന്തപുരത്തു വന്നശേഷം അവള്‍ക്കു ചില കല്യാണാലോചനകള്‍ വന്നു.സൂസി ചെറുപ്പമാണ്. സുന്ദരിയാണ്. അവള്‍ക്കൊരു കൂട്ടുണ്ടാവുന്നതു നല്ലതാണെന്ന് ബര്‍ണാര്‍ഡ് സാറും കുഞ്ഞന്നാമ്മയും ആഗ്രഹിക്കയും ചെയ്തു. പക്ഷേ സൂസി വഴങ്ങിയില്ല.

സൂസിക്കും ബിന്ദുവിനും 'ടിക്‌ഫോം' കിട്ടിയെന്നറിഞഞപ്പോഴേ മേരിക്കുട്ടിക്കു വേവാലതി തുടങ്ങിയിരുന്നു. ഇനിയിപ്പോള്‍ വിസ വേഗം ശരിയാവും. അവരിങ്ങുവരും. വന്നു കഴിഞ്ഞാലുള്ള കാര്യങ്ങള്‍?

സൂസിയും, ബിന്ദുവുമായി ബീന ഒരു തരത്തിലും അടുക്കാന്‍ പാടില്ല. നാട്ടില്‍ വെച്ച് അവള്‍ അവരോട് വെറുപ്പു കാണിച്ചെങ്കിലും, ഇവിടെ വന്നു കഴിഞ്ഞാല്‍ അങ്ങനെയാവണമെന്നില്ല. എന്തൊക്കൊയായാലും രക്തബന്ധത്തിനു ശക്തിയില്ലാതെ വരുമോ?

ബീനയെ ദത്തെടുത്തതാണെന്നോ, അവള്‍ സൂസിയുടെ മകളാണെന്നോ ഇതുവരെയവള്‍ അറിഞ്ഞിട്ടില്ല.ഇനി അറിയാനും പാടില്ല.


സൂസി വന്നാലുടനെ അവള്‍ക്ക് ഒരു ജോലി വാങ്ങിക്കൊടുക്കണം. ഒരുഅപ്പാര്‍ട്ട്‌മെന്റ് എടുത്ത് മാറ്റിത്താമസിപ്പിക്കണം. ഏറിയാല്‍ മൂന്നുമാസം അതിനപ്പുറം ഈ വീട്ടില്‍ താമസിപ്പിക്കയില്ല.
എന്താ മേരീ… നിനക്കു വല്ല അസുഖവുമാണോ? അവളുടെ മുഖത്തെ മ്ലാനത കണ്ട് ഒരു ദിവസം റീത്താന്റി ചോദിച്ചു.

-എനിക്കു പേടിയാണ്.

-എന്തു പേടി?

-സൂസിയോ ബിന്ദുവോ പറഞ്ഞ് ബീന എന്തെങ്കിലും അറിഞ്ഞാല്‍ ആകെ കുഴപ്പമാവും.
-നീ വെറുതെ പേടിക്കണ്ട. അങ്ങനെയൊന്നും സംഭവിക്കില്ല.

ഒരു കൂടപ്പിറപ്പിനെ കിട്ടാന്‍ ബീനക്ക് ആഗ്രഹമുണ്ടെന്ന കാര്യം തീര്‍ച്ചയാണ്. അവര്‍ അതേക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

എന്താ മമ്മീ എനിക്കൊരു ബ്രദറോ സിസ്റ്ററോ ഇല്ലാത്തത്.

എന്തിനാ ബ്രദറും സിസ്റ്റരും? 'ഒണ്‍ലി ചൈല്‍ഡ്' ആയിരിക്കുന്നതല്ലേ നല്ലത്. ഡാഡിയുടേയും മമ്മിയുടേയും സ്‌നേഹവും ശ്രദ്ധുയം മുഴുവന്‍ കിട്ടില്ലേ. ബ്രദറും സിസ്റ്ററുമൊക്കെയുണ്ടെങ്കില്‍ മോളെ ശല്യം ചെയ്യും. നിന്റെ സാധനങ്ങളും കളിപ്പാട്ടങ്ങളും എല്ലാം എടുത്തു നശിപ്പിക്കും. നിന്നോടു വഴക്കിടും. ദെ വില്‍ നവര്‍ ലീവ് യു എലോണ്‍. ബീനക്ക് മമ്മി പറഞ്ഞത് അത്ര ബോധ്യമായില്ല. അവള്‍ നെറ്റിച്ചുളിച്ചു.

സൂസിക്കും ബിന്ദുവിനും വിസ കിട്ടി. അന്നു രാത്രി മേരിക്കുട്ടി ഉറങ്ങിയില്ല.

പിറ്റേദിവസം അവള്‍ ബീനയെ വിളിച്ചടുത്തിരുത്തി ചില മുന്നറിയിപ്പുകള്‍ കൊടുത്തു.

'ഡാഡിയുടെ സിസ്റ്ററും അവളുടെ മകളും വരുന്ന കാര്യം നിനക്കറിയാമല്ലോ കുറച്ചു ദിവസങ്ങള്‍ അവരവിടെ കാണും. നീ അവരുമായി കൂടുതല്‍ അടുക്കാതിരിക്കയാണ് നല്ലത്.'

'വൈ മമ്മീ?'

'അവര്‍ക്ക് കേരളത്തിലെ രീതികളല്ലേ. എല്ലാ കാര്യങ്ങളിലും കേറി ഇടപെടും.'

'യു ആര്‍ റൈറ്റ് മമ്മീ.' വെറുപ്പോടെ ബീന പറഞ്ഞു. ഞാന്‍ ആവശ്യപ്പെടാതെ ആരും എന്റെ കാര്യങ്ങളില്‍ ഇടപെടുന്നത് എനിക്കിഷ്ടമല്ല. ഐ ഹേറ്റിറ്റ്. എപ്പോഴും തുറിച്ചു നോക്കുന്ന മര്യാദയില്ലാത്ത അമ്മയും മകളും! ഞാന്‍ അവരേയും വെറുക്കുന്നു!

മേരിക്കുട്ടിക്ക് സമാധാനമായി.

അവളുടെ മനസ്സ് പിന്നേയും പ്രവര്‍ത്തിച്ചു. സൂസിയും ബിന്ദുവും വന്നുകഴിഞ്ഞ് ബീനയേയും കൂട്ടി നാട്ടിലേക്കു പോയാലോ. ജോസ് ഇവിടെ കാണുമല്ലോ. ജൂണില്‍ സ്‌ക്കൂളച്ചാല്‍ സെപ്റ്റംബറിലേ തുറക്കൂ. തിരികെ വരുമ്പോഴേക്കും സൂസിക്ക് എവിടെയെങ്കിലും ഒരു ജോലി കിട്ടിയിരിക്കും. അപ്പാര്‍ട്ട്‌മെന്റ് എടുത്ത് അവര്‍ മാറിക്കഴിഞ്ഞിരിക്കും.

ജോസിനോട് ഇക്കാര്യം അവള്‍ വളരെ മയത്തില്‍ അവതരിപ്പിച്ചു.

'നോ…' ഉച്ചത്തില്‍ പറഞ്ഞുകൊണഅട് ജോസ് അവളെ കോപത്തോടെ നോക്കി.
'ഞാന്‍ പറഞ്ഞത് ജോസിന് മനസ്സിലാകാഞ്ഞിട്ടാ.'

'സൂസിയും കുഞ്ഞും വന്നയുടനെ നീയും ബീനയും ഇവിടെ നിന്നിറങ്ങിപ്പോകുന്നത് മര്യാദയില്ലായ്മയാണ്. ഞാനത് സമ്മതിക്കത്തില്ല. ഇക്കാര്യം ഇനിയെന്നോടു പറഞ്ഞു പോകരുത്.'
മേരിക്കുട്ടിക്ക് ജോസിനോട് കഠിനമായ ദേഷ്യം തോന്നി.

ബര്‍ണാര്‍ഡ് സാര്‍ വിളിച്ചു. ബോംബെയില്‍ നിന്നും സൂസിയും ബിന്ദുവും പുറപ്പെടുന്ന സമയവും അമേരിക്കയില്‍ എത്തിച്ചേരുന്ന സമയവും അറിയിക്കാന്‍.

പിറ്റേദിവസം അവര്‍ അമേരിക്കയിലെത്തുന്നു.

'നമുക്കു മൂന്നുപേര്‍ക്കും കൂടെ എയര്‍പ്പോട്ടില്‍ പോകാം.'
ഞാന്‍ വരുന്നില്ല. വല്ലതും കുക്ക് ചെയ്യണ്ടേ?

'നമുക്ക് പിസാ വാങ്ങാം.എന്തിനാകുക്കു ചെയ്യുന്നത്? നിങ്ങള്‍ രണ്ടുപേരും കൂടിയുണ്ടെങ്കിലേ ഡ്രൈവ് ചെയ്യാന്‍ രസമുള്ളൂ.'

'ഞാന്‍ വരുന്നില്ല. എനിക്ക് ഗിറ്റാര്‍ ലസ്സണ്‍ ഉണ്ട്.'
ബീന മമ്മിയുടെ ഭാഗം ചേര്‍ന്നു.

'ഒരു ദിവസം ഗിറ്റാര്‍ ലസ്സണ്‍ വേണ്ടന്നു വെയ്ക്ക്. ടീച്ചറോട് വിളിച്ചു പറഞ്ഞാല്‍ മതിയല്ലോ.'

'അവര്‍ രണ്ടുപേരും ഇങ്ങോട്ടല്ലേ ഡാഡീ വരുന്നത്. വൈ ഷുഡ് ഐ സ്‌കിപ് എ ലസ്സണ്‍?'

നിങ്ങളെക്കൊണ്ട് ഞാന്‍ തോറ്റു. ജോസ് നിരാശനായി പറഞ്ഞു. അന്നു രാത്രി അയാള്‍ മേരിക്കുട്ടിയോടു വീണ്ടും സംസാരിച്ചു. 'നീ വിദ്യാഭ്യാസമുളളവളാണ്. ബുദ്ധിമതിയാണ്. നീയെന്തിന് സൂസിയെ പേടിക്കുന്നു.'

'എനിക്ക് സൂസിയെ പേടിയില്ല. ബീനയെ ഞാന്‍ പ്രസവിച്ചതല്ലെന്ന് അവളറിഞ്ഞാലുള്ള അവസ്ഥയെക്കുറിച്ചു മാത്രമാണ് എന്റെ പേടി.'

'സൂസിയുടേയോ ബിന്ദുവിന്റേയോ നാവില്‍ നിന്ന് ആ രഹസ്യം പുറത്തു വരില്ല. പോരേ?'
ബീനയേയും ബിന്ദുവിനേയും ഒന്നിച്ചു കാണുന്നവര്‍ മനസ്സിലാക്കില്ലേ. ഇങ്ങനെയൊരു കുരുക്കുണ്ടാവുമെന്ന് അന്ന് വിചാരിച്ചതേയില്ല. നല്ല സാദൃശ്യം രണ്ടു പേര്‍ക്കുമുണ്ടെങ്കിലും ആരും സംശയിക്കാന്‍ പോകുന്നില്ലെന്നാണ് ജോസിന്റെ അഭിപ്രായം. ആങ്ങളയുടേയും പെങ്ങളുടേയും മക്കള്‍ക്ക് സാദൃശ്യം കാണുന്നത് വെറും സ്വാഭാവികം മാത്രമാണ് പോലും.

'സൂസി പാവമാണ് മേരിക്കുട്ടി.' ജോസ് പറഞ്ഞു. ഇളംപ്രായത്തില്‍ വിധവയായവളാണ്. ഒരു ജന്മം മുഴുവന്‍ കുടിക്കേണ്ട കണ്ണുനീര്‍ അവള്‍ ഇപ്പോള്‍തന്നെ കുടിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മളവളെ വേദനിപ്പിക്കരുത്. നമ്മുടെ സന്തോഷത്തിനു വേണ്ടി സ്വന്തം കുഞ്ഞിനെ തന്നവളാണവള്‍.'

മേരിക്കുട്ടി എപ്പോഴോ ഉറങ്ങി.

ജോസിന് ഉറക്കം വന്നതേയില്ല.

പിറ്റേദിവസം എയര്‍പ്പോര്‍ട്ടിലേക്ക് അയാള്‍ തനിയേ പോയി. കൃത്യസമയത്തുതന്നെ സൂസിയും ബിന്ദുവും വന്ന വിമാനം നിലത്തിറങ്ങി.

Previous page Link:http://emalayalee.com/varthaFull.php?newsId=45915



സ്വപ്നാടനം(നോവല്‍ ഭാഗം-6)- നീന പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക